logo

Latest News യൂത്ത് ഫോറം ഇന്റര്‍ സ്‌കൂള്‍ കോമ്പറ്റീഷന്‍സ്: എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍   *    എ.പി അസ്‌ലം അവാര്‍ഡ്‌സ് - 2017 നോമിനേഷനുകള്‍ ക്ഷണിക്കുന്നു   *    പ്രതിഭകളെ യൂത്ത്‌ഫോറം ആദരിച്ചു.   *    വണ്‍ ഇന്ത്യ അസോസിയേഷന്‍ പ്രവാസി ക്ഷേമ പദ്ധതി സെമിനാര്‍ സംഘടിപ്പിച്ചു.   *    കഴിഞ്ഞ വര്‍ഷം ഖത്തറില്‍ പുകവലി നിര്‍ത്തിയത് 30% പേര്‍   *    ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് രണ്ടാം സ്ഥാനം   *    എസ്‌.ഐ.ഒ സ്ഥാപക ദിനം: ദഅവത്ത് നഗർ ഏരിയ ആചരിച്ചു   *    മംവാഖ് വനിതാ വേദി കവിതാ രചന വിജയികളെ പ്രഖ്യാപിച്ചു   *    ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ വിതരണം ചെയ്തു.   *    ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം   *    ഖത്തര്‍ -യുഎസ് ഉഭയകക്ഷി സാധ്യതകള്‍ ദോഹ ബാങ്ക് സെമിനാര്‍ സംഘടിപ്പിച്ചു.   *    ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മ 'നടുമുറ്റം'   *    ഗീത വിജയകുമാര്‍ അന്തരിച്ചു   *    ദോഹ മദ്‌റസ പഠനസഹവാസം സംഘടിപ്പിച്ചു   *    കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം. ഐ.സി.സി പ്രസിഡന്റ്   *    അക്രമവും നാടുകടത്തലും ഫാഷിസ്റ്റ് ശൈലി: ഷാനവാസ് ഖാലിദ്   *    വേങ്ങര മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു   *    ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി   *    ലുലുവില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന്‍   *    എം എ ബേബിക്ക് സംസ്കൃതി സ്വീകരണം നൽകി   *    ഈദ് - ഓണം പരിപാടി സംഘടിപ്പിച്ചു   *   

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ലഹരി തകര്‍ക്കുന്ന ജീവിതങ്ങള്‍ ( 2)

img

അമാനുല്ല വടക്കാങ്ങര

21-ാം നൂറ്റാണ്ടിലെ പരിഷ്‌കൃത സമൂഹം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ആരോഗ്യ പ്രശ്‌നം മദ്യവും മാദകദ്രവ്യങ്ങളും മയക്കുമരുന്നുകളും ഉയര്‍ത്തുന്ന ഭീഷണിയാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ലഹരിയുടെ അഭിശപ്ത താഴ്‌വരകളില്‍ ജീവന്‍ ഹോമിക്കപ്പെടുന്ന യൗവ്വനങ്ങളുടെ ദീനരോദനങ്ങളും കൂട്ടമരണങ്ങളുമൊക്കെ നൈരന്തര്യം മൂലം വാര്‍ത്താപ്രാധാന്യംപോലും നഷ്ടപ്പെട്ടവയായിരിക്കുന്നു. വര്‍ഷംതോറും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മദ്യദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതായി നാം അറിയുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പരിപൂര്‍ണ്ണ മദ്യനിരോധനം നടപ്പിലാക്കുവാന്‍ ബാദ്ധ്യസ്ഥരാണെന്ന് ഗാന്ധിജി പിറന്ന ഭാരതത്തില്‍ ഭരണഘടന അനുശാസിക്കുന്നു. സ്വാതന്ത്ര്യം നേടി 66 വര്‍ഷവും ഭരണഘടനയുണ്ടാക്കി 63 വര്‍ഷവും കഴിഞ്ഞെങ്കിലും ഈ അനുശാസനം കാര്യക്ഷമമായി നടപ്പിലാക്കുവാന്‍ ഒരു ഗവണ്മെന്റിനും കഴിഞ്ഞിട്ടില്ലെന്ന ഭരണഘടനാവിരുദ്ധ നടപടി നമുക്ക് ഇവിടെ അനുസ്മരിക്കാം. മദ്യനിരോധനം നടപ്പിലാക്കുവാന്‍ ബാദ്ധ്യസ്ഥരായ സര്‍ക്കാറുകളെ നിയന്ത്രിക്കുന്ന രാഷ്ട്രീയക്കാരും മദ്യവ്യവസായികളും വേര്‍തിരിച്ചറിയാന്‍ കഴിയാത്ത വിധം കെട്ടുപിണഞ്ഞ് കിടക്കുന്നതും, അബ്കാരി കോണ്‍ട്രാക്ടര്‍മാരും അവര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന രാഷ്ട്രീയക്കാരുമെല്ലാം കോടീശ്വരരായതും മദ്യാധിപത്യത്തിന്‍കീഴില്‍ നിരന്തരം അനുവര്‍ത്തിക്കുന്ന ജനാധിപത്യവേദിയായ തെരഞ്ഞെടുപ്പു മേളകളും വിവേകികള്‍ക്ക് മറക്കാനാവില്ല.

ലോകത്ത് വന്ന മതങ്ങളൊക്കെത്തന്നെയും മദ്യം വെറുക്കുകയും നിരോധിക്കുകയും ചെയ്യുന്നുണ്ട്. മദ്യത്തില്‍ മുങ്ങിക്കുളിച്ച ജാഹിലിയ്യാ അറബികളെ ധാര്‍മ്മികാദ്ധ്യാപനങ്ങളിലൂടെ സംസ്‌കരണത്തിന്റെ ഉന്നത ശ്രേണിയിലേക്ക് വഴികാട്ടിയ ഇസ്‌ലാമിന് ഇത് സംബന്ധിച്ച വ്യക്തമായ കാഴ്ചപ്പാടുണ്ട്. വിശുദ്ധ ഖുര്‍ആന്‍ 5-ാം അദ്ധ്യായം 93-ാം വാക്യത്തില്‍ ഇങ്ങനെ കാണുന്നു: ''സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രശ്‌നം വെക്കലും (എല്ലാം തന്നെ) പൈശാചിക പ്രേരണകളാല്‍ ഉണ്ടാകുന്ന മ്ലേച്ഛമായ പ്രവര്‍ത്തനങ്ങളാണ്. അതുകൊണ്ട് നിങ്ങളുടെ വിജയത്തിനായി അവയെല്ലാം വര്‍ജ്ജിക്കുക.'' മനുഷ്യന്റെ ബുദ്ധിയേയും ചിന്തയേയും തൊട്ടുണര്‍ത്തുന്ന, ഗുണദോഷങ്ങളെ പരാമര്‍ശിക്കുന്ന സമീപനമാണ് ഇവിടെ എടുത്ത് പറയേണ്ടത്. അതുപോലെ തന്നെ മദ്യപാനവും മറ്റു തിന്മകളും മ്ലേച്ഛമായ പ്രവര്‍ത്തനങ്ങളാണെന്ന ഉദ്‌ബോധനം ലഹരി പദാര്‍ഥങ്ങളോട് സ്വീകരിക്കേണ്ട നിലപാടാണ് വ്യക്തമാക്കുന്നത്. ലഹരി പദാര്‍ഥങ്ങള്‍ മനുഷ്യരാശിയുടെ ക്ഷേമൈശ്വര്യപൂര്‍ണമായ നിലനില്‍പിന് തന്നെ ഭീഷണിയാണെന്നതിനാല്‍ മാനവരാശിയുടെ നന്മയിലും പുരോഗതിയിലും താല്‍പര്യമുള്ളവരെല്ലാം ലഹരി ഉപഭോഗത്തിന്നെതിരെ അണിനിരക്കേണ്ടിയിരിക്കുന്നു. 

അറബി ഭാഷയില്‍ 'ഖംറ്' എന്ന പദം വാച്യമായി മദ്യം എന്ന അര്‍ത്ഥത്തിലാണ് ഉപയോഗിച്ചു വരുന്നതെങ്കിലും ബുദ്ധിയെ മൂടിക്കളയുന്നതിനാണ് മദ്യം എന്നു പറയുന്നതെന്നും ലഹരിയുണ്ടാക്കുന്നവയെല്ലാം മദ്യമാണെന്നുമുള്ള ഇസ്‌ലാമിക സങ്കല്‍പമനുസരിച്ച് മനുഷ്യ മസ്തിഷ്‌കത്തെ ലഹരി പിടിപ്പിക്കുന്നവയും മനുഷ്യ ബുദ്ധിയെ മൂടിക്കളയുന്നതുമായ എല്ലാ പദാര്‍ത്ഥങ്ങളും 'ഖംറ്' എന്ന അറബി പദത്തിന്റെ അര്‍ത്ഥ വ്യാപ്തിയില്‍ ഉള്‍പ്പെടുകയും അതേ കാരണത്താല്‍ തന്നെ ഖുര്‍ആന്‍ നിരോധിച്ച പദാര്‍ത്ഥമായി പരിഗണിക്കപ്പെടുകയും ചെയ്യുന്നു. 
ഖുര്‍ാന്‍ കണിശമായ ഭാഷയില്‍ നിരോധിച്ച ലഹരി പദാര്‍ഥങ്ങള്‍ നുരയുന്നവരില്‍ മുസ് ലിംകളും കുറവല്ല എന്ന കാര്യം ഗൗരവമേറിയതാണ്. പെരുന്നാളുകളിലും കല്യാണത്തലേന്നുമൊക്കെ എല്ലാം സാംസ്‌കാരിക സീമകളും ലംഘിച്ച് മുസ് ലിം സമുദായത്തിലെ ചെറുപ്പക്കാരെ കീഴ്‌പ്പെടുത്തുന്നുവെന്നത് സമുദായിക നേതൃത്വവും ബന്ധപ്പെട്ടവരും കാണാതിരിക്കരുത്. ആശയ പരവും ആദര്‍ശ പരവുമായ ലഹരി വിരുദ്ധ വിപഌവത്തിന് നേതൃത്വം കൊടുക്കേണ്ടവര്‍ തന്നെ ലഹരിയുടെ താഴ്്‌വരയില്‍ ആപതിക്കുമ്പോള്‍ സമൂഹത്തിന്റെ ധാര്‍മിക സനാതന ബോധ മണ്ഡലമാണ് തകര്‍ന്ന് തരിപ്പണമാവുന്നത്. 

മാനസിക പ്രശ്‌നങ്ങളില്‍നിന്നും താല്‍ക്കാലിക ശമനം ലഭിക്കുന്നുവെന്നതാണത്രെ ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതിന്റെ നേട്ടം. പക്ഷേ, ബോധം തെളിയുമ്പോഴേക്കും അപരിഹാര്യമായ ഒട്ടനേകം മാനസിക വിഭ്രാന്തികള്‍ക്കുള്ള കാരണങ്ങള്‍ അവ സൃഷ്ടിച്ചിരിക്കും. സാമൂഹ്യ ജീവിതരംഗത്തെ മാരകമായി ബാധിച്ച ഒരു മഹാ ദുരന്തമായി ലഹരി പദാര്‍ത്ഥങ്ങള്‍ രൂപാന്തരപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ധാര്‍മ്മിക പാപ്പരത്തവും പരിസരത്തെ സംബന്ധിച്ച അബോധാവസ്ഥയും മനുഷ്യരില്‍ മുറ്റി നിന്നാല്‍ മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസം കേവലം അവയവങ്ങളുടെ ആകൃതിയില്‍ മാത്രമായി അവശേഷിക്കുന്നു. സത്യത്തില്‍ ജീവിത പ്രശ്‌നങ്ങളില്‍നിന്നും ഒളിച്ചോടാനുള്ള കുറുക്കുവഴികള്‍ തേടി സ്വയം നശിക്കുകയാണ് ലഹരി ഉപയോഗിക്കുന്നവര്‍.

ആമാശയം, കരള്‍, ഹൃദയം, ഞരമ്പുകള്‍, തലച്ചോറ്, മാംസപേശികള്‍ എന്നിവയ്ക്ക് മാരകമായ രോഗങ്ങള്‍ ഉണ്ടാക്കുന്ന ലഹരി ആസക്തിയെ കുറിച്ച് പഠിച്ചാല്‍ ഇന്ന് വൈദ്യശാസ്ത്രംതന്നെ മുഴുവനായി മനസ്സിലാക്കാം എന്ന സ്ഥിതിയാണുള്ളത്. പുതിയ പുതിയ രോഗങ്ങള്‍ മദ്യാസക്തി നിമിത്തം ഉണ്ടായിക്കൊണ്ടിരിക്കുന്നു. ക്രോമസോമുകള്‍ക്കും പിറക്കാനിരിക്കുന്ന കുഞ്ഞിനുപോലും വൈകല്യങ്ങളുണ്ടാക്കുന്ന മദ്യം ഇന്നത്തെ പല അജ്ഞാത രോഗങ്ങളുടെയും കാരണമാണെന്നാണ് വിദഗ്ദ്ധാഭിപ്രായം. ലഹരി പദാര്‍ത്ഥങ്ങള്‍ മനുഷ്യബുദ്ധിയെ അപകടപ്പെടുത്തുന്നു. ഞരമ്പുകളെ തളര്‍ത്തുന്നു. ആരോഗ്യത്തെ ക്ഷയിപ്പിക്കുന്നു. ശരീരത്തെ ഇഞ്ചിഞ്ചായി കൊല്ലുന്നു. കുടുംബത്തെ തകര്‍ക്കുന്നു. സമൂഹത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു. ഉത്തരവാദിത്തബോധം നശിപ്പിക്കുന്നു. സാമ്പത്തിക പാപ്പരത്തം സൃഷ്ടിക്കുന്നു...

കൃത്രിമമായ സ്വര്‍ഗ്ഗീയാനുഭൂതിക്കും, നൈമിഷികമായ ആനന്ദാനുഭൂതിക്കും വേണ്ടി അനന്തരഫലങ്ങളെ സംബന്ധിച്ച് അശ്രദ്ധരായ അപക്വമതികള്‍ വരുത്തിവെക്കുന്ന ഈ സാമൂഹ്യവും സാംസ്‌കാരികവും സാമ്പത്തികവും ശാരീരികവും അതിനെല്ലാമുപരി മാനസികവുമായ ദുരന്തങ്ങളെ പറ്റി സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും ഗവേഷക പടുക്കളും നിരന്തരമായി ഉദ്‌ബോധനം നടത്തുകയും വിപത്തിന്റെ കെടുതിയില്‍നിന്ന് കരകയറാന്‍ പോന്ന പ്രായോഗിക പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്യേണ്ടതുണ്ട്.

അഭിനവ ലോകം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവവും വലിയ ആരോഗ്യ പ്രശ്‌നം മാനസിക വിഭ്രാന്തിയാണ്. ആഗോളാടിസ്ഥാനത്തില്‍തന്നെ മാനസിക രോഗികള്‍ അനുദിനം വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബഹുഭൂരിഭാഗവും മാനസിക രോഗങ്ങള്‍ക്കും മുഖ്യ കാരണം അമിതമായ ലഹരി ഉപയോഗമാണെന്ന് വൈദ്യശാസ്ത്ര വിശാരദര്‍ വിധിയെഴുതുന്നു. ഈ നൂറ്റാണ്ടിലെ സാമ്പത്തിക പുരോഗതിയോ ശാസ്ത്ര സാങ്കേതിക മേഖലകളിലെ മികച്ച നേട്ടങ്ങളോ ഒന്നുംതന്നെ മനുഷ്യന്റെ മാനസിക വിഭ്രാന്തിക്ക് ശരിയായ പരിഹാരം കാണാന്‍ പോന്നവയല്ല.

പ്രശസ്ത മനോരോഗ വിദഗ്ദ്ധനായ 'കാര്‍ സ്റ്റോര്‍സി' ന്റെയും വാള്‍ട്‌സന്റെയും ദൃഷ്ടിയില്‍ സ്ഥിരമായ ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം ആത്മഹത്യയുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്നു. വ്യക്തിജീവിതത്തില്‍ താന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ കൈവരിക്കാനാവാത്തതിലുള്ള അസംതൃപ്തി, അവ കരസ്ഥമാക്കുന്നതിനുള്ള കഴിവുകേട് എന്നിവ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നുവെന്നും ഇവര്‍ പറയുന്നു. 

കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ലഹരിപദാര്‍ത്ഥങ്ങളുടെ ഉപഭോഗം ഗണ്യമായി വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് സ്ഥിതിഗതികള്‍ വല്ലാതെ വഷളായിരിക്കുകയാണ്. സ്‌കോട്ട്‌ലാന്‍ഡിലെ മാനസികാശുപത്രികളില്‍ പ്രവേശിക്കപ്പെട്ട മൊത്തം രോഗികളില്‍ 26% പേരും നിരന്തരമായ മദ്യപാനം മൂലം മനോരോഗം ബാധിച്ചവരായിരുന്നു. ഇംഗ്ലണ്ടില്‍ 95% മാനസിക രോഗങ്ങളും മദ്യപാനത്തില്‍നിന്നാണ്. ഫ്രാന്‍സിലെ മാനസിക രോഗികളില്‍ സ്ത്രീകള്‍ 20 ശതമാനവും പുരുഷന്മാര്‍ 60 ശതമാനവും മദ്യപാനികളാണെന്നാണ് കണക്ക്. ഫ്രാന്‍സില്‍ മാത്രം പ്രതിവര്‍ഷം മദ്യപാന സംബന്ധമായ രോഗങ്ങള്‍ കാരണം 20,000 പേരാണ് മരിക്കുന്നത്. പുറമെ 25% വ്യവസായ ദുരന്തങ്ങളും 57% വാഹനാപകടങ്ങളും ഇതേ കാരണത്താല്‍ സംഭവവിക്കുന്നു. ജര്‍മ്മനിയിലെ കുറ്റാന്വേഷണ കോടതികള്‍ പ്രതിവര്‍ഷം ലഹരിപദാര്‍ത്ഥങ്ങളുമായി ബന്ധപ്പെട്ട ഒന്നര ലക്ഷത്തോളം കേസുകളാണ് കൈകാര്യം ചെയ്യുന്നത്. അമേരിക്കയുടെ ദേശീയ സമ്പത്തിന് ഈ ഇനത്തില്‍ പ്രതിവര്‍ഷം 15 ബില്യണ്‍ ഡോളര്‍ നഷ്ടം വരുന്നു. ഇതില്‍ ഒരു ബില്യണ്‍ മദ്യപരെ ചിതിത്സിക്കുന്നതിനും രണ്ട് ബില്യണ്‍ സുരക്ഷാ സംവിധാനം മെച്ചപ്പെടുത്തുന്നതിനും 7 ബില്യണ്‍ കോടതി, ജയില്‍ മുതലായവക്കുവേണ്ടി ചെലവു ചെയ്യുന്നതിനുമാണ്. സോവിയറ്റ് റഷ്യയില്‍ മദ്യപാനം കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ഫാക്ടറികളില്‍ തൊഴിലാളികളുടെ തുടര്‍ച്ചയായ അസാന്നിദ്ധ്യം സൃഷ്ടിക്കുകയും തന്മൂലം ഉല്‍പാദനം വളരെ കുറഞ്ഞുപോവുകയും ഇത് രാഷ്ട്രത്തിന്റെ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കുകയും ചെയ്തതായി ഒരു സോവിയറ്റ് വിജ്ഞാപനത്തില്‍ കാണുന്നു.' ലഹരി വിപത്തിന്റെ ആഗോള സ്വഭാവം വ്യക്തമാക്കാനാണ് മേല്‍ കണക്കുകള്‍ ഉദ്ധരിച്ചത്.

മദ്യപാനത്തിന്റെ വിനകള്‍ ബോദ്ധ്യമായപ്പോള്‍ മദ്യനിരോധനത്തിനായി 60 മില്യണ്‍ ഡോളറാണ് അേമരിക്കന്‍ ഭരണകൂടം ചിലവഴിച്ചത്. ഇതിനെതിരെ ഉയര്‍ന്നുവന്ന ജനരോഷം തടയാനായി മാത്രം ഇതില്‍നിന്നും 40 മില്യണ്‍ വേണ്ടിവന്നുവത്രെ. അപ്പോഴേക്കും നിരവധി പേര്‍ കൊല്ലപ്പെടുകയും 6 ലക്ഷം പേര്‍ ജയിലിലടക്കപ്പെടുകയുമുണ്ടായി. ഗത്യന്തരമില്ലാതെ ഒടുവില്‍ മദ്യനിരോധന നിയമം തന്നെ പിന്‍വലിക്കുകയാണുണ്ടായത്. അതേ സമയത്ത് പതിവായി കുടിച്ചിരുന്ന അറബികളോട് ''പിശാച് നിങ്ങളുടെ ഇടയില്‍ വൈരാഗ്യവും ശത്രുതയും സൃഷ്ടിക്കാനും നിങ്ങളെ ദൈവത്തെ സ്മരിക്കുന്നതില്‍നിന്നും പ്രാര്‍ത്ഥനയില്‍നിന്നും തടഞ്ഞുനിര്‍ത്താനുമായി ഉപയോഗിക്കുന്ന ആയുധമായ മദ്യപാനത്തില്‍നിന്നും ഇനിയും നിങ്ങള്‍ വിരമിക്കുന്നില്ലേ?'' എന്ന് ഖുര്‍ആന്‍ സഗൗരവം ചോദിച്ചതോടെ അവര്‍ കള്ളുകോപ്പകള്‍ ദൂരെയെറിഞ്ഞ് മദ്യപാനം എന്നെന്നേക്കുമായി അവസാനിപ്പിച്ചു എന്നത് അനിഷേധ്യമായ ഒരു ചരിത്ര യാഥാര്‍ത്ഥ്യമാണ്.
കേവലം നിയമ നിര്‍മാണം മൂലം മദ്യ നിരോധനം സാധ്യമല്ലെന്നേവര്‍ക്കു മറിയാം. എന്നാല്‍ മദ്യ നിരോധനം അസാധ്യമായ ഒന്നല്ല എന്നതിനുള്ള ചരിത്രസാക്ഷ്യമാണ് ഖുര്‍ആന്‍ പരാമര്‍ശിക്കുന്നത്. ധാര്‍മികമായും ആത്മീയമായും സമൂഹത്തെ ഉദ്‌ബോധിപ്പിക്കുകയും സമൂഹത്തിന്റെ പൂര്‍ണമായ പങ്കാളിത്ത്‌തോടുകൂടി ലഹരി നിര്‍മാര്‍ജന സംരംഭങ്ങള്‍ ക്രിയാത്മകമായി നടപ്പാക്കുകയും ചെയ്താല്‍ ഫലം കാണുമെന്നതില്‍ സംശയം വേണ്ട. പക്ഷേ ഇതിന് രാഷ്ട്രീയ ഇച്ഛാശക്തിയും പൊതുജനങ്ങളുടെ ക്ഷേമത്തില്‍ ആത്മാര്‍ഥതയും വേണം. സര്‍വോപരി മാതൃകാപരമായ നടപടികളിലൂടെ സമൂഹത്തെ സ്വാധീനിക്കാന്‍ കഴുയുന്ന നേതൃത്വം വേണം. ലഹരി വിപണനം ചെയ്യുന്നവരുമായും ഉപഭോക്താക്കളുമായും സന്ധിയില്ലാ സമരം പ്രഖ്യാപിക്കുവാനും സുതാര്വും സത്യസന്ധവുമായ സമീപനങ്ങളിലൂടെ ലഹരിയുടെ തീരാകയങ്ങളില്‍ നിന്നും മനുഷ്യ ജീവനുകളെ രക്ഷിക്കുവാനുള്ള തന്റേടവും കാണിക്കുവാന്‍ സമൂഹം തയ്യാറാകുമെങ്കില്‍ ഈ ദുരന്തത്തില്‍ നിന്നും മോചനം സാധ്യമാണെന്നേണ് ചരിത്രം നല്‍കുന്ന പാഠം. 

മദ്യപാനം ലൈംഗിക ശക്തി വര്‍ദ്ധിപ്പിക്കുന്നു എന്ന തെറ്റിദ്ധാരണ കാരണം യുവതീയുവാക്കള്‍ അമിതമായി മദ്യം അകത്താക്കാറുണ്ടത്രേ. പല മദ്യ കമ്പനികളും ഈ രീതിയില്‍ പ്രചാര വേലകളിറക്കുകയും യുവതീ യുവാക്കളെ ആകര്‍ഷിക്കുവാന്‍ ശ്രമിക്കുകയും ചെയ്യാറുണ്ട്. ഇതേപ്പറ്റി ഷേക്‌സ്പിയര്‍ പറയുന്നത് നോക്കുക: ആല്‍ക്കഹോള്‍ ലൈംഗികാസക്തി ഉദ്ദീപിപ്പിക്കുന്നു, പക്ഷേ നിര്‍വ്വഹണം അസാദ്ധ്യമാക്കുന്നു

യാന്ത്രിക സംസ്‌കാരം മനുഷ്യജീവിതത്തിന്റെ സകല മേഖലകളെയും സാരമായി സ്വാധീനിച്ച ഇക്കാലത്ത് വ്യവസായ പുരോഗതി കൈവരിച്ച പല രാജ്യങ്ങളിലും ലഹരിക്കടിമപ്പെടുന്ന സ്ത്രീപുരുഷന്മാരുടെ എണ്ണം ഏതാണ്ട് തുല്യമാണെന്ന റിപ്പോര്‍ട്ടുകള്‍ സാമാന്യ ജനങ്ങളില്‍ ഞെട്ടലുളവാക്കുവാന്‍ പോന്നതാണ്. അമേരിക്കയില്‍ മാത്രം 8 ലക്ഷത്തോളം അമിത മദ്യപത്യമുള്ള സ്ത്രീകളുണ്ടെന്ന് ചില കണക്കുകളില്‍ കാണുന്നു. സ്‌നേഹവാത്സല്യ നിധികളായ അമ്മമാരും സഹോദരികളും ഭാര്യമാരും ലഹരിക്കടിമപ്പെടുക എന്നത് അത്യന്തം ഗുരുതരമായ ഒരു സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു. ഇത് ദൂരവ്യപാകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ഇതിനെതിരെ സമൂഹ മനഃസാക്ഷി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്.

വിവാഹ മോചനം, പ്രിയപ്പെട്ടവരുടെ മരണം, അസുഖകരമായ ദാമ്പത്യ ജീവിതം, പ്രേമനൈരാശ്യം തുടങ്ങിയ ഏതെങ്കിലുമൊരു പ്രത്യേക ജീവിത സാഹചര്യവുമായി ബന്ധപ്പെട്ടാണ് സ്ത്രീകളില്‍ അമിത മദ്യപാനം കണ്ടുവരുന്നത്. സ്‌നേഹം, സുരക്ഷിതത്വം, അംഗീകാരം, പങ്കാളിത്തബോധം, തനിക്കാരെങ്കിലുമുണ്ടെന്ന തോന്നല്‍ എന്നിവയൊക്കെ ഓരോ സ്ത്രീയും കൊതിക്കുന്ന വൈകാരികാവശ്യങ്ങളാകുന്നു. ഇത്തരം വൈകാരികാവശ്യങ്ങള്‍ തൃപ്തികരമായ രീതിയില്‍ നിറവേറ്റപ്പെടാത്ത സ്ത്രീകള്‍ അല്‍പനേരത്തേക്കെങ്കിലും ജീവിതപ്രയാസങ്ങളില്‍നിന്നും ആശ്വാസം ലഭിക്കട്ടേയെന്ന് കരുതിയാണ് ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നത്. പട്ടണ പ്രദേശങ്ങളിലെ വീട്ടമ്മമാരുടെ ഏകാന്തതയും ഇതിനു പ്രേരകമായി കണ്ടിട്ടുണ്ട്.

ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഭര്‍ത്താക്കന്മാരാണ് ഭാര്യമാരില്‍ ഈ ദുഃശീലം വേരൂന്നാന്‍ പ്രധാന കാരണമെന്ന് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു. പ്രശ്‌ന സങ്കീര്‍ണ്ണമായ ജോലിഭാരങ്ങളില്‍നിന്നും മോചിതനായി നാട്ടിലെത്തി ജീവിത സഖിയുമായി ചേരുമ്പോഴുണ്ടാകുന്ന അനിയന്ത്രിതമായ സന്തോഷാനുഭൂതികളാല്‍ ഭാര്യയുമൊത്ത് അല്‍പം ലഹരി പദാര്‍ത്ഥം കഴിക്കുന്നു. അവധി കഴിഞ്ഞ് ഭര്‍ത്താവ് സ്ഥലം വിടുമ്പോള്‍ ഭാര്യ ക്രമേണ മദ്യത്തില്‍ അഭയം തേടുന്നു. ഭര്‍ത്താക്കന്മാര്‍ ദീര്‍ഘകാലം വിദേശങ്ങളില്‍ തങ്ങുമ്പോള്‍ വൈകാരിക പിരിമുറുക്കങ്ങളില്‍നിന്നും ആശ്വാസം നേടാനായി അവരുടെ ഭാര്യമാര്‍ ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതായും കണ്ടുവരുന്നുണ്ട്. ഉദ്യോഗസ്ഥയായ ഒരു സ്ത്രീ തന്റെ ഔദ്യോഗിക മണ്ഡലങ്ങളില്‍ തനിക്കര്‍ഹതപ്പെട്ട പദവികള്‍ നിഷേധിക്കപ്പെടുമ്പോഴുണ്ടാകുന്ന നൈരാശ്യത്തില്‍നിന്നും അധമബോധത്തില്‍നിന്നും രക്ഷപ്പെടാന്‍ മദ്യത്തില്‍ അഭയം തേടാറുണ്ടത്രെ. അതുകൊണ്ട് ഇത്തരം സ്ത്രീകള്‍ ജീവിക്കുന്ന പരിസ്ഥിതിയെയും സാംസ്‌കാരിക പാരമ്പര്യത്തെയും കുറിച്ച് മനസ്സിലാക്കുകയും ഏത് ചുറ്റുപാടുകളില്‍നിന്ന് രക്ഷ നേടാനാണ് ഏത് രംഗത്തുനിന്ന് ഒളിച്ചോടാനാണ് ഏത് ചിന്തകള്‍ മറക്കാനാണ് അവര്‍ മദ്യത്തില്‍ ശരണം തേടുന്നത് എന്നു കണ്ടുപിടിച്ച് മാനസികവും ശാസ്ത്രീയവുമായ ചികിത്സാവിധികള്‍ ലഭ്യമാക്കുകയാണാവശ്യം.

മദ്യപാനത്തിലേക്ക് ഭാര്യമാരെ തള്ളിവിടുന്ന മറ്റൊരു വിഭാഗം ബിസിനസ്സില്‍ മാത്രം താല്‍പര്യം കാണിച്ച് പണമുണ്ടാക്കാനുള്ള വ്യഗ്രതയില്‍ ഭാര്യമാരെ ശ്രദ്ധിക്കാത്ത ഭര്‍ത്താക്കന്മാരാണ്. മിക്കവാറും ബിസിനസ്സ് സംബന്ധമായ ആവശ്യങ്ങള്‍ക്കായി ഭാര്‍ത്താക്കന്മാര്‍ വീടിനു പുറത്തായിരിക്കും. ഭാര്യമാര്‍ക്കാണെങ്കില്‍ വീടിനു പുറത്തിറങ്ങാന്‍ സ്വാതന്ത്ര്യവും ഉണ്ടാവില്ല. അപ്പോഴും ഏകാന്തതയില്‍ അവരുടെ ചങ്ങാതി ഭര്‍ത്താവ് വാങ്ങി ശേഖരിച്ചിരിക്കുന്ന മദ്യം തന്നെയായിരിക്കും.അല്‍പം മദ്യപിക്കുന്നത് ഫാഷനായി കരുതുന്ന പരിഷ്‌കൃത വിഭാഗങ്ങളുമുണ്ട്. ഭര്‍ത്താവ് സ്‌നേഹിതരെ ക്ഷണിച്ചുകൊണ്ടുവരും. മദ്യപാനവും തീറ്റയുമുണ്ടാകും. ഭാര്യയും 'കമ്പനി'ക്കായി അല്‍പം മദ്യപിക്കും. അത് കൊണ്ടെത്തിക്കുന്നത് മദ്യം ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരവസ്ഥയിലേക്കായിരിക്കും.

സ്ത്രീകള്‍ പലപ്പോഴും വീട്ടില്‍ തനിച്ചിരുന്നാവും മദ്യപിക്കുക. വലിയ കുടുംബമാണെങ്കില്‍ മറ്റു സ്ത്രീകളും കൂടെയുണ്ടാകും. സ്‌നേഹിതകളോടൊപ്പം വീടുകളില്‍ ഊഴമിട്ട് വിരുന്നൊരുക്കുന്ന പതിവും ഉണ്ട്. മദ്യം അതില്‍ പ്രധാന ഇനമായിരിക്കും. പലപ്പോഴും വീട്ടില്‍ ജോലിക്ക് നില്‍ക്കുന്ന പയ്യന്മാരാകും ഇഷ്ടപ്പെട്ട ബ്രാന്‍ഡുകളില്‍ മദ്യം വീട്ടിലെത്തിക്കുക. മദ്യപാനശീലം വളര്‍ന്നുവന്നിട്ടുള്ള പെണ്‍കിടാങ്ങളുടെ മറ്റൊരു വിഭാഗം പ്രൊഫഷണല്‍ കോളേജുകളിലാണ് കാണപ്പെടുന്നത്. വനിതാ ഹോസ്റ്റലുകളില്‍ മയക്കുമരുന്നുകളെക്കാള്‍ പ്രചാരം മദ്യത്തിനാണെന്ന് കാണുന്നു. വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലുകളിലും മറ്റു വനിതാ ഹോസ്റ്റലുകളിലും ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം കുറവല്ല. വിമന്‍സ് ഹോസ്റ്റലുകളില്‍ മദ്യമെത്തിക്കുന്നത് ജോലിക്കാരോ തൂപ്പുകാരോ ആയ സ്ത്രീകളാണ്. ചില ഹോസ്റ്റലുകളില്‍ മീന്‍ വില്‍പനക്കാരും ലഹരി പദാര്‍ത്ഥങ്ങള്‍ എത്തിക്കാറുണ്ട്. ബാറുകളില്‍ പുരുഷന്മാരോടൊപ്പം വന്ന് മദ്യം കഴിക്കുന്ന സ്ത്രീകളും ഉണ്ട്. കാബറേ ആര്‍ട്ടിസ്റ്റുകള്‍ പകല്‍ സമയങ്ങളില്‍ ആരാധകരുമായി ബാറുകളില്‍ വെച്ച് പരസ്യമായിത്തന്നെ കുടിക്കുന്നു. ലൈംഗിക തൊഴിലാളികള്‍ യാതൊരു നിയന്ത്രണങ്ങളുമില്ലാതെയാണ് തങ്ങളുടെ ഉപഭോക്താക്കളോടൊപ്പം ലഹരി നുകരുന്നത്. 

സ്ത്രീകളുടെ അതിമദ്യപാനത്തില്‍ മറ്റാരെക്കാളുമേറെ കുട്ടികളാണ് കഷ്ടത അനുഭവിക്കുക. മിക്കവാറും എല്ലാ വീടുകളിലും കുട്ടികളുടെ സംരക്ഷണച്ചുമതല അമ്മയ്ക്കാണല്ലോ. അമ്മ മദ്യപാന ശീലത്തിനടിമപ്പെടുമ്പോള്‍ കുട്ടികള്‍ക്ക് ഈ സംരക്ഷണം നഷ്ടമാകുന്നു. മാനസികമായും ശാരീരികമായും വൈകാരികമായും വളര്‍ന്നുകൊണ്ടിരിക്കുന്ന കുട്ടികളില്‍ അമ്മയുടെ അമിതമദ്യപത്വശീലം ഒരു കടുത്ത നഷ്ടബോധമാണുണ്ടാക്കുക. ഒരു സാമൂഹ്യ പ്രവര്‍ത്തകയുടെ അഭിപ്രായത്തില്‍ കുട്ടികള്‍ക്ക് മാതൃവാത്സല്യവും സംരക്ഷണവും നഷ്ടപ്പെടുന്നു. എന്നു മാത്രമല്ല, അവര്‍ക്ക് അതിമദ്യപത്വത്തിനടിമപ്പെടുന്ന അമ്മയുടെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കേണ്ടി വരുന്നു. ഉത്തരവാദിത്തങ്ങള്‍ തീര്‍ച്ചയായും അവരുടെ പ്രായത്തിനനുയോജ്യമാവില്ല.പല പ്രകാരത്തിലും പല കാര്യത്തിലും ഇവര്‍ കടിഞ്ഞാണിടപ്പെടുകയും അതേ സമയം സ്വതന്ത്രരാവുകയും ചെയ്യുന്നു. തങ്ങള്‍ക്കു താഴെയുള്ള കുട്ടികളുടെ ചുമതല പാകതയെത്തുന്നതിനു മുമ്പ് അവര്‍ക്ക് ഏറ്റെടുക്കേണ്ടി വരുന്നു. ഇത് അവരുടെ വളര്‍ച്ചയിലും മാനസിക വികാസത്തിലും വിള്ളലുകളുണ്ടാക്കും.
( തുടരും )  

Releated Stories