logo

Latest News യൂത്ത് ഫോറം ഇന്റര്‍ സ്‌കൂള്‍ കോമ്പറ്റീഷന്‍സ്: എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍   *    എ.പി അസ്‌ലം അവാര്‍ഡ്‌സ് - 2017 നോമിനേഷനുകള്‍ ക്ഷണിക്കുന്നു   *    പ്രതിഭകളെ യൂത്ത്‌ഫോറം ആദരിച്ചു.   *    വണ്‍ ഇന്ത്യ അസോസിയേഷന്‍ പ്രവാസി ക്ഷേമ പദ്ധതി സെമിനാര്‍ സംഘടിപ്പിച്ചു.   *    കഴിഞ്ഞ വര്‍ഷം ഖത്തറില്‍ പുകവലി നിര്‍ത്തിയത് 30% പേര്‍   *    ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് രണ്ടാം സ്ഥാനം   *    എസ്‌.ഐ.ഒ സ്ഥാപക ദിനം: ദഅവത്ത് നഗർ ഏരിയ ആചരിച്ചു   *    മംവാഖ് വനിതാ വേദി കവിതാ രചന വിജയികളെ പ്രഖ്യാപിച്ചു   *    ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ വിതരണം ചെയ്തു.   *    ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം   *    ഖത്തര്‍ -യുഎസ് ഉഭയകക്ഷി സാധ്യതകള്‍ ദോഹ ബാങ്ക് സെമിനാര്‍ സംഘടിപ്പിച്ചു.   *    ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മ 'നടുമുറ്റം'   *    ഗീത വിജയകുമാര്‍ അന്തരിച്ചു   *    ദോഹ മദ്‌റസ പഠനസഹവാസം സംഘടിപ്പിച്ചു   *    കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം. ഐ.സി.സി പ്രസിഡന്റ്   *    അക്രമവും നാടുകടത്തലും ഫാഷിസ്റ്റ് ശൈലി: ഷാനവാസ് ഖാലിദ്   *    വേങ്ങര മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു   *    ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി   *    ലുലുവില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന്‍   *    എം എ ബേബിക്ക് സംസ്കൃതി സ്വീകരണം നൽകി   *    ഈദ് - ഓണം പരിപാടി സംഘടിപ്പിച്ചു   *   

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ലഹരി തകര്‍ക്കുന്ന ജീവിതങ്ങള്‍ (3)

img

അമാനുല്ല വടക്കാങ്ങര


പശ്ചിമ തീരങ്ങളില്‍ പറങ്കിപ്പടയാളികള്‍ ഒരു കാലത്ത് താവളമടിച്ചിരുന്നത് കേരളത്തിന്റെ മലഞ്ചരക്കുകളില്‍ കണ്ണും നട്ടായിരുന്നെങ്കില്‍ ഇന്ന് പാശ്ചാത്യ പൗരസ്ത്യ നാടുകളില്‍നിന്ന് അനവധി വിദേശീയര്‍ കറുത്ത മുത്തിന്റെ നാട്ടിലെത്തുന്നത് 'സുരാ'പാനത്തിന്റെയും ലഹരി മരുന്നിന്റേയും സ്വര്‍ഗ്ഗീയസുഖം തേടിയാണ്. അവരില്‍നിന്നാവാം തുളസിത്തറകളുടെ നാട്ടിലും ഈ ലഹരി ഹരമായി മാറിയത്. 'വിദേശി'കളായ മരുന്നുകള്‍ -ഇവ ആഢ്യത്വത്തിന്റെ പ്രതീകമായി കരുതപ്പെടുന്നു- സിംഗപ്പൂരില്‍നിന്ന് തിരുവനന്തപുരത്തെത്തുന്നു. അവിടെനിന്ന് കോവളത്തേക്ക്. വീണ്ടും തിരുവനന്തപുരം വഴി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്.

നിത്യവും കോടിക്കണക്കിന് രൂപ വിലമതിക്കുന്ന മയക്കു മരുന്നുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പിടിക്കപ്പെടുന്ന വാര്‍ത്തകള്‍ നാം അറിയുന്നുണ്ട്. ഇതിലുമെത്രയോ ഇരട്ടിയാണ് പിടിക്കപ്പെടാതെ വിവിധ കോണുകളിലായി വിപണനം ചെയ്യപ്പെടുന്നത്. ടൂറിസം പ്രമോഷന്റേയും ആധുനിക വല്‍ക്കരണത്തിന്റേയും ഭാഗമായി വിദേശ മദ്യ ഷാപ്പുകളും ബാറുകളും സാര്‍വത്രികമാക്കിയപ്പോള്‍ നാമറിയാതെ നമ്മുടെ ധാര്‍മികാടിത്തറയാണ് തകര്‍ന്നത്. മദ്യത്തിന്റെ ലഹരിയില്‍ തകര്‍ന്നടിയുന്നവരാണ് പലപ്പോഴും മയക്കുമരുന്നിന്റെ ഏജന്റുകളായി തീരുന്നത്. കുട്ടികളുടെയിടയില്‍ പോലും മയക്കുമരുന്നുകള്‍ വ്യാപകമായി വില്‍ക്കപ്പെടുന്നു എന്നത് അങ്ങേയറ്റം ഞെട്ടലുളവാക്കുന്നതാണ്. കോളേജ് വിദ്യാര്‍ഥികള്‍ പലപ്പോഴും മയക്കുമരന്നിനടിമപ്പെടുന്നത് കൂട്ടുകാരുടെ സമ്മര്‍ദ്ധത്തിലാണ്. ഒരിക്കല്‍ നിര്‍ബന്ധത്തിന് വഴങ്ങി ലഹരി നുകരുന്നു. പിന്നീട് ലഹരിയുടെ പിന്നാലെയുള്ള ഓട്ടമാണ്. അവിടെ എല്ലാം നിമിഷ നേരം കൊണ്ട് തകര്‍ന്നടിയുന്നു. 

ഈയിടെ ഖത്തറിലെ ഒരു സഹൃത്തിന്റെ മകന് സംഭവിച്ച ദുരന്തം വല്ലാതെ വേദനിപ്പിച്ചു. ധാര്‍മികമായും സാംസ്‌കാരികമായും ഏറെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന കുടുംബം. എല്ലാ നല്ല കാര്യങ്ങളിലും മുന്‍പന്തിയില്‍. കുട്ടികളെയും മികച്ച ശിക്ഷണത്തിലാണ് വളര്‍ത്തിയത്. പഌസ് ടു കഴിഞ്ഞ് എഞ്ചിനീയറിംഗിനായി നാട്ടിലേക്കയച്ചു. അധികം കഴിയാതെ മയക്കുമരുന്ന് ലോബി ഈ യുവാവിനെ ഇരയാക്കി. കുട്ടിയുടെ സ്വഭാവമാകെ മാറി. പക്ഷേ അധികം വൈകുന്നതിന് മുമ്പ് തന്നെ സംഗതി ബന്ധപ്പെട്ടവര്‍ക്ക് മനസ്സിലായതിനാല്‍ ആ മഹാവിപത്തില്‍ നിന്നും കുട്ടിയെ രക്ഷിക്കാനായി. ഇങ്ങനെ നിരപരാധികളായ എത്രയോ യുവതീ യുവാക്കളാണ് ലഹരിയുടെ കറുത്ത താഴ് വരകളില്‍ ഹോമിക്കപ്പെടുന്നത്. നമ്മുടെ കോളേജ് കാമ്പസുകളും സര്‍വകലാശാലാ പരിസരങ്ങളും സ്‌ക്കൂള്‍ ചുറ്റുപാടുകള്‍ പോലും ലഹരിയുടെ പിടിയിലാണെന്നു പറയുമ്പോള്‍ സംഭവത്തിന്റെ ഗൗരവവാവസ്ഥ വേഗം ബോധ്യപ്പെടും. 

ലഹരി വില്‍പനക്കാരും സെക്‌സ് റാക്കറ്റും പലപ്പോഴും പരസ്പരം ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കാറുള്ളത്. ഓരോരുത്തരുടേയും ദൗര്‍ബല്യങ്ങള്‍ ചൂഷണം ചെയ്താണ് മയക്കുമരുന്നു ലോബിയും സെക്‌സ് റാക്കറ്റുകളും ഇരകളെ കണ്ടെത്തുന്നത്. മദ്യം കുറ്റകൃത്യങ്ങളുടെ താക്കോലാണെന്ന പ്രവാചക വചനം അനുദിനം പ്രസക്തമാക്കുന്ന സംഭവ വികാസങ്ങളാണ് നമുക്ക് ചുറ്റും നടക്കുന്നത്. എല്ലാ തിന്മകളേയും പ്രാപിക്കുവാന്‍ ലഹരി മനുഷ്യനെ പ്രേരിപ്പിക്കുമെന്ന് വ്യക്തമാക്കുന്ന ഒരു ഉദാഹരണവും ചരിത്രരേഖകളില്‍ കാണാം. 

സദ്്‌വൃത്തനായ ഒരാളുടെ അടുക്കല്‍ സുന്ദരിയായ ഒരു യുവതി വന്നു. ധ്യാനങ്ങളിലും പാര്‍ഥനകളിലും മുഴുകി ഏകാന്തനായി തപസനുഷ്ഠിക്കുന്ന ആ മനുഷ്യനോട്് ഈ യുവതി മൂന്ന് കാര്യങ്ങള്‍ ആവശ്യപ്പെടുകയും അവയിലേതെങ്കിലും ഒന്ന് ചെയ്യുവാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. ആ യുവതിയുടെ കയ്യിലുള്ള കൈ കുഞ്ഞിനെ വധിക്കുക, അവളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുക, അവളുടെ കയ്യിലുള്ള ഒരു കപ്പ് മദ്യം കുടിക്കുക എന്നിവയായിരുന്നു ആ യുവതി മുന്നോട്ടുവെച്ച മൂന്ന് ആവശ്യങ്ങള്‍. നല്ലവനായ ആ മനുഷ്യന്‍ വല്ലാത്ത പ്രയാസത്തിലായി. മൂന്ന് തിന്മകളില്‍ ഏതെങ്കിലുമൊന്ന് ചെയ്യാന്‍ നിര്‍ബന്ധിതനാണ്. അല്ലെങ്കില്‍ പീഢന ശ്രമമെന്ന് വിളിച്ചു കൂവി ആവള്‍ ആളെക്കൂട്ടി ഈ മനുഷ്യനെ നാണം കെടുത്തും. ആ മനുഷ്യന്‍ ചിന്തിച്ചു. കുട്ടിയെ കൊല്ലുക ഒരിക്കലും സാധ്യമല്ല .അന്യ സ്ത്രീയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുക, തനിക്ക് ചിന്തിക്കാന്‍ പോലുമാവില്ല. താരതമ്യേന ഗൗരവം കുറഞ്ഞ കുറ്റമെന്ന നിലയില്‍ നിര്‍ബന്ധിത സാഹചര്യത്തില്‍ ഒരു കപ്പ് മദ്യം കുടിക്കുവാന്‍ അദ്ദേഹം തയ്യാറായി. മദ്യ ലഹരി സിരകളില്‍ പടര്‍ന്നപ്പോള്‍ സുന്ദരിയായ ആ യുവതിയുടെ ശരീരം അദ്ദേഹത്തെ ആകര്‍ഷിക്കുകയും അവളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുകയും ചെയ്തു. ലഹരിയുടെ മത്തില്‍ ആ യുവതിയുമായി ബന്ധപ്പെട്ട ആ മനുഷ്യന്‍ അവളുടെ ആവശ്യപ്രകാരം ആ കൈകുഞ്ഞിനെ കൊന്നുവെന്നാണ് വിവരണം. ഈ സംഭവം വിശദീകരിച്ചുകൊണ്ടാണ് മദ്യം തിന്മകളുടെ താക്കോലാണെന്നും അതിനെ കരുതിയിരിക്കണമെന്നും ഇസ് ലാം മുന്നറിയിപ്പ് നല്‍കുന്നത്. മദ്യം പോലെ തനനെ എല്ലാ ലഹരി പദാര്‍ഥങ്ങളും ഈയര്‍ഥത്തില്‍ അത്യന്തം ഗുരുതരമായ അപകടകാരികളാണ്. 

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് വില്‍ക്കപ്പെടുന്നത് തിരുവനനന്തപുരം, കോട്ടയം, ഇടുക്കി, തൃശൂര്‍, എറണാകുളം, പത്തനംതിട്ട ജില്ലകളിലാണ്. മയക്കുമരുന്ന് വില്‍പനയുമായി ബന്ധപ്പെട്ട ഒരു വന്‍സംഘംതന്നെ ഈ ജില്ലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. സംസ്ഥാന അന്തര്‍ സംസ്ഥാന ലോബികളും കണ്ണികളുലമുളള ഈ സംഘം അതി സമര്‍ഥമായാണ് മയക്കു മരുന്നുകള്‍ എത്തേണ്ടിടത്ത് എത്തിക്കുന്നത്. കുറച്ചു മാസങ്ങള്‍ക്കു മുമ്പ് കോട്ടയത്തെ പ്രശസ്തമായ മൂന്ന് ബ്യൂട്ടി പാര്‍ലറുകളില്‍ എക്‌സൈസ് അധികൃതര്‍ റൈഡ് നടത്തി. മയക്കുമരുന്ന് കണ്ടെടുക്കുകയും ശിക്ഷാനടപടികള്‍ സ്വീകരിക്കുകയും ചെയ്തു. പക്ഷേ, ഇന്നും ഈ പാര്‍ലറുകളില്‍ മയക്കുമരുന്ന് വില്‍പന സുഗമമായി നടക്കുന്നു. ഇത് നടത്തുന്നത് കുങ്കുമപ്പൂവിലൂടെയാണ്. മുഖക്കുരുവിനുള്ള മരുന്നായും സൗന്ദര്യവര്‍ദ്ധക വസ്തുവായും വയറ്റിലുള്ള കുട്ടികള്‍ക്ക് നിറം വെപ്പിക്കുവാന്‍ വേണ്ടിയും കുങ്കുമപ്പൂവ് ഉപയോഗിക്കുന്നു. ഇതില്‍ മതിയായ അളവില്‍ ഹെറോയിന്‍ കലര്‍ത്തിയാണ് വില്‍പന. മറ്റു മാര്‍ഗ്ഗങ്ങളിലൂടെയുള്ള മയക്കു മരുന്നുകച്ചവടമെല്ലാം അധികൃതശ്രദ്ധയില്‍ പെടുന്നു എന്ന് കണ്ടപ്പോള്‍ കണ്ടുപിടിച്ച പുതിയ മാര്‍ഗ്ഗം. സൊസൈറ്റി ലേഡികളിലും കോളേജ് വിദ്യാര്‍ത്ഥിനികളിലും 'സാധന' മെത്തിക്കാന്‍ പറ്റുന്ന സുരക്ഷിതമായ വഴി.

സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ലഹരിയുടെ പിടിയിലമരുമ്പോള്‍ സമൂഹം എങ്ങോട്ടാണ് ചരിക്കുക. കുടുംബ ബന്ധങ്ങളും സാമൂഹ്യ ബന്ധങ്ങളും എന്തിനേറെ ധാര്‍മിക സദാചാര മൂല്യങ്ങള്‍ വരെ നഷ്ടപ്പെടുന്ന ഒരു സമൂഹത്തിന്റെ പ്രതിസന്ധി ഏറെ ആഴമേറിയതാണെന്ന്് പറയേണ്ടതില്ലല്ലോ. അനുദിനം വഷളാകുന്ന ധാര്‍മിക സനാതന മൂല്യങ്ങളുടെ വീണ്ടെടുപ്പിനും കേരളം ഉദ്‌ഘോഷിക്കുന്ന സാംസ്‌കാരിക ഉന്നമനവും സാക്ഷാല്‍ക്കരിക്കപ്പെടണമെങ്കില്‍ ഇന്ത്യാ ടുഡേയുടെ വികസന മാപ്പില്‍ ഒന്നാമതായത് കൊണ്ട് മാത്രം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയില്ല. കുടുംബപരവും സാമൂഹികവും സാംസ്‌കാരികവുമായ മികവാണ് സംസ്ഥാനത്തിന്റെ വികസനത്തിന് മൗലികമായി വേണ്ടത്. ക്രിമിനലുകളേയും കൊള്ളക്കാരേയും സൃഷ്ടിക്കുന്നതില്‍ മുന്‍പന്തിയിലുള്ള ലഹരി പദാര്‍ഥങ്ങളെ നിരാകരിക്കാതെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവില്ലെന്ന്് നാം തിരിച്ചറിയുക. ഈ രംഗത്ത് എന്ത് നടപടികള്‍ എത്ര പെട്ടെന്ന് സ്വീകരിക്കാനാകുമെന്നതാണ് പ്രധാനം. 

ലഹരി കുറഞ്ഞ അളവിലും കൂടിയ അളവിവും ദോഷമാണെന്നും അതിനെ പൂര്‍ണമായും വെടിയേണ്ടതാണെന്നുമുള്ള ബോധമാണ് ആവശ്യം. മാധ്യമ പ്രവര്‍ത്തകരും കലാകാരന്മാരും സിനിമ പ്രവര്‍ത്തകരുമൊക്കെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ രംഗത്തും ലഹരി നിര്‍മാര്‍ജന സമരത്തിന്റേയും മുന്‍പന്തിയിലണിനിരക്കണം. പരസ്യമായി മദ്യസല്‍ക്കാരങ്ങള്‍ നടത്തുന്നതും മദ്യപിക്കുന്നത് ഒഴിവാക്കുകയും ചെയ്യുക എന്നതാണ് ഈ രംഗത്തെ ആദ്യ നടപടി. 

മനുഷ്യന് മാനസികമോ ശാരീരികമോ ആയ യാതൊരു ഗുണവും നല്‍കാന്‍ ലഹരി പദാര്‍ത്ഥങ്ങള്‍ക്കാവില്ല എന്ന യാഥാര്‍ത്ഥ്യം പൊതുജനങ്ങളെ ബോധ്യപ്പെടുത്തണം. മദ്യപന്മാരുമായി സാമൂഹിക വൈവാഹിക ബന്ധങ്ങളില്‍നിന്നും അകന്നു നില്‍ക്കുകയും ലഹരി ഉപയോഗം സംസ്‌കാര ശൂന്യമായ നടപടിയായി വീക്ഷിക്കപ്പെടുകയും വേണം. പൊതുവേദികളിലും സല്‍ക്കാരങ്ങളിലും ലഹരി വിളമ്പുന്നവരെ ബഹിഷ്‌ക്കരിക്കുവാനും മാറ്റി നിര്‍ത്തുവാനുമുള്ള ചങ്കൂറ്റം കാണിക്കുവാന്‍ കഴിഞ്ഞാല്‍ വമ്പിച്ച മാറ്റമുണ്ടാകും. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളേയും അണിനിരത്തി ലഹരി വിപത്തിനും മദ്യ സംസ്‌കാരത്തിനുമെതിരെ പടപൊരുതാന്‍ ഇച്ഛാശക്തിയും തന്റേടവുമുള്ള മത നേതൃത്വവും രാഷ്ട്രീയ ശക്തികളും നമുക്കുണ്ടോ എന്നതാണ് കാതലായ പ്രശ്‌നം. 

ലഹരി നിര്‍മ്മാര്‍ജ്ജനത്തിന്റെ വിഷയത്തില്‍ ശാസ്ത്രീയവും യുക്തിപരവുമായ പരിപാടികളാവിഷ്‌കരിച്ച് നടപ്പാക്കാന്‍ തയ്യാറായാല്‍ മാത്രമെ അഭിശപ്തമായ ലഹരിയുടെ നരക യാതനകളില്‍നിന്നും സമൂഹം രക്ഷപ്പെടുകയുള്ളൂ. ആവര്‍ത്തിക്കപ്പെടുന്ന മദ്യദുരന്തങ്ങളോ ലഹരിക്കടിമപ്പെടുന്നവരുടെ ദുഃസ്ഥിതിയോ ബന്ധപ്പെട്ടവരുടെ ശരിയായ ശ്രദ്ധയും പരിചരണവും ഇനിയും നേടിയിട്ടില്ല എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. മദ്യവിപത്തുകള്‍ ഇപ്പോഴും നിര്‍ബാധം തുടരുന്നുവെന്നത് ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇതില്‍ ആരൊക്കെ പങ്കാളികളാണ് എന്നതിനപ്പുറം ഈ വിപത്തുകള്‍ സൃഷ്ടിക്കുന്ന അതിഭീകരമായ പ്രതിസന്ധികളാണ് നമ്മെ അലോസരപ്പെടുത്തുന്നത് 

മാരക വിഷാംശങ്ങളുള്ള രാസപദാര്‍ത്ഥങ്ങളുപയോഗിച്ച് മദ്യത്തിന്റെ വീര്യം കൂട്ടാന്‍ ശ്രമിക്കുമ്പോഴാണ് മുഖ്യമായും അപകടങ്ങളും ദുരന്തങ്ങളും സംഭവിക്കുന്നത്. 'സുര'പാനം മൂലവും മയക്കുമരുന്നടിച്ചും ആയിരക്കണക്കിന് ആളുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മരണത്തിന്റെ ഇരുണ്ട കയങ്ങളിലേക്ക് ഓരോ വര്‍ഷവും യാത്രയാകുന്നു. മദ്യ ദുരന്തങ്ങളും നിരന്തരമായി ആവര്‍ത്തിക്കപ്പെടുന്നു. . പക്ഷേ, ആരോഗ്യകരവും പ്രായോഗികവുമായ പരിഹാരനടപ്പടികള്‍ കൈകൊള്ളുവാന്‍ നാം സന്നദ്ധരാണോ?

അമിതമായ മദ്യാസക്തി കാരണം ഉല്‍പാദിപ്പിക്കപ്പെടുന്ന ലഹരി പദാര്‍ത്ഥങ്ങള്‍ നിരന്തരമായി ദുരന്തം വിതറിയതിനെ തുടര്‍ന്ന് രാജ്യത്തിന്റെ പല ഭാഗത്തും മദ്യവര്‍ജ്ജന സമിതികള്‍ ഉണ്ടായി എന്നത് ശുഭോദര്‍ക്കമാണ്. ഇത്തരം സമിതികള്‍ മദ്യപാനത്തിനെതിരായി ജനങ്ങളുടെ മനഃസാക്ഷിയെ തൊട്ടുണര്‍ത്താന്‍ പോന്ന പരിപാടികളാവിഷ്‌കരിച്ച് നടപ്പാക്കി വരികയാണ്. മദ്യദുരന്തങ്ങള്‍ക്ക് പിറകെ നിയുക്തമാകുന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വരുമ്പോള്‍ ദുരന്തത്തിനു പിന്നിലെ ദുരൂഹതകള്‍ മനസ്സിലാക്കാനാകുമെങ്കിലും മദ്യത്തിന്റെ പിടിയില്‍നിന്നും മനുഷ്യമനസ്സിനെ മോചിപ്പിക്കാന്‍ അവയ്‌ക്കെന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന കാര്യം സംശയമാണ്. കാരണം മദ്യ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ നല്ല മദ്യം എങ്ങനെ ആളുകള്‍ക്ക് നല്‍കാം എന്നതിനെകുറിച്ചല്ലാതെ മദ്യത്തിന്റെ പിടിയില്‍നിന്നും എങ്ങനെ മനുഷ്യനെ മോചിപ്പിക്കാന്‍ കഴിയും എന്നതിനെപ്പറ്റിയുള്ള നിര്‍ദ്ദേശങ്ങളൊന്നുംതന്നെ ഇത്തരം റിപ്പോര്‍ട്ടുകളില്‍ കാണാറില്ല.

1937-ല്‍ മദ്രാസില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനം മദ്യനിരോധനം പാര്‍ട്ടിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നായി അംഗീകരിച്ചു. ഗാന്ധിജിയുടെ നേതൃത്വത്തില്‍ മദ്യശാലകള്‍ പിക്കറ്റ് ചെയ്തു. ഗാന്ധിജിയുടെ കീഴില്‍ സ്വാതന്ത്ര്യ സമരം ശക്തി പ്രാപിച്ചപ്പോള്‍ സമ്പൂര്‍ണ്ണ മദ്യ നിരോധനം മുഖ്യനയമായി അംഗീകരിക്കപ്പെട്ടു. മദ്രാസ്, സെന്‍ട്രല്‍ പ്രൊവിന്‍സ്, ബിഹാര്‍, നോര്‍ത്ത് വെസ്റ്റ് പ്രേവിന്‍സസ് തുടങ്ങിയയിടങ്ങളില്‍ മദ്യനിരോധനം നടപ്പില്‍ വരുത്തുകയും ചെയ്തു. 1947-ല്‍ സ്വാതന്ത്ര്യം നേടിയ ശേഷം ആന്ധ്ര പ്രദേശ്, മുംബൈ, സൗരാഷ്ട്ര എന്നിവയും മദ്യനിരോധനം നടപ്പില്‍ വരുത്തി. നമ്മടെ ഭരണഘടനയുടെ 37, 47 എന്നീ അനുച്ഛേദങ്ങള്‍ നിര്‍ദ്ദേശക തത്വങ്ങള്‍ മുഖേന മദ്യനിരോധനം സംസ്ഥാനങ്ങള്‍ക്ക് വിട്ടുകൊടുത്തിരിക്കുന്നു. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഗാന്ധിജിയുടെ മഹത്തായ അദ്ധ്യാപനങ്ങളെ ഗാന്ധിയന്മാരും ഭരണനേതൃത്വവും തൃണവല്‍ക്കരിച്ചിരിക്കുന്നു.

1950-ല്‍ മദ്യനിരോധന നിയമം ഇന്ത്യയില്‍ നടപ്പിലാക്കിയെങ്കിലും 1967-ല്‍ അത് പിന്‍വലിക്കപ്പെട്ടു. സ്വാതന്ത്ര്യാനന്തരം നാടു ഭരിച്ച വിവിധ ഗവണ്മെന്റുകള്‍ മദ്യനിരോധനത്തിനാവശ്യമായ മതിയായ നടപടികളൊന്നും സ്വകരിച്ചില്ല. അതുകൊണ്ടുതന്നെ ഇപ്പോള്‍ മദ്യം എവിടെയും സുലഭം. ഖജനാവ് നിറക്കാനായി നാടിനെയും നാട്ടുകാരെയും നശിപ്പിക്കുന്ന മദ്യവ്യവസായത്തിന് നിയമസാധൂകരണം ലഭിച്ചിരിക്കുന്നു! 

നിയമനിര്‍മാണം കൊണ്ടോ പ്രഖ്യാപനങ്ങള്‍ക്കൊണ്ടേ മദ്യ വിപത്തിനെ പ്രതിരോധിക്കുവാനാവുകയില്ല. ജനങ്ങളെ ഉല്‍ബോധിപ്പിച്ചുകൊണ്ടുള്ള മദ്യ നിര്‍മ്മാര്‍ജ്ജന പരിപാടികള്‍ കൊണ്ടേ പരിപൂര്‍ണ്ണമായ പ്രശ്‌നപരിഹാരം സാദ്ധ്യമാവുകയുള്ളൂ. അക്ഷരജ്ഞാനം പോലുമില്ലാതിരുന്ന മുഴുകുടിയന്മാരുടെ ഒരു സമൂഹത്തില്‍ പ്രവാചകന്‍ മദ്യനിരോധനം വിജയകരമായി നടപ്പിലാക്കിയത് ഇവിടെ പ്രത്യേകം അനുസ്മരിക്കേണ്ടതുണ്ട്. തീര്‍ത്തും ശാസ്ത്രീയവും മാനസികവുമായ ഒരു സമീപനമാണ് ലഹരിക്കടിമപ്പെട്ട അറബികളോട് തിരുമേനി സ്വീകരിച്ചത്. ''ലഹരി ആസക്തരായി നിങ്ങള്‍ നമസ്‌കാരത്തെ സമീപിക്കരുത്'' എന്ന് കല്‍പിക്കുകയാണ് തിരുമേനി ആദ്യം ചെയ്തത്. തുടര്‍ന്ന് ''മദ്യത്തെയും ചൂതാട്ടത്തെയും അവര്‍ നിന്നോട് ചോദിക്കും, താങ്കള്‍ പറയുക, അവയില്‍ വലിയ ദോഷവും ജനങ്ങള്‍ക്ക് ഉപകാരവുമുണ്ട്. അവയുടെ ദോഷമാണ് ഉപകാരത്തെക്കാള്‍ വലുത്.'' ഓരോ കാര്യങ്ങളും നേട്ടവും കോട്ടവും വിലയിരുത്തി സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യുക എന്നതാണ് മനുഷ്യന്റെ പ്രകൃതം. ഈ സ്വഭാവം മദ്യത്തിന്റെ വിഷയത്തിലും പാലിക്കപ്പെടേണ്ടതുണ്ട് എന്ന് പഠിപ്പിക്കുകയാണ് ഈ പ്രസ്താവനയിലൂടെ തിരുമേനി ചെയ്തത്. ഇങ്ങനെ ക്രമാനുഗതമായ നടപടികളിലൂടെ മദ്യനിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി തുടര്‍ന്ന് തിരുമേനി പഠിപ്പിച്ചു: ''സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രശ്‌നം വെക്കലുമെല്ലാം തന്നെ പൈശാചിക പ്രേരണകളാലുണ്ടാകുന്ന മ്ലേച്ഛമായ പ്രവര്‍ത്തനങ്ങളാണ്. അതുകൊണ്ട് നിങ്ങളുടെ വിജയത്തിനായി അതെല്ലാം വര്‍ജ്ജിക്കുക.'' ഇത്രയുമായപ്പോഴേക്കും മദ്യാപാനം പൂര്‍ണ്ണമായും ഒഴിവാക്കുവാന്‍ സമൂഹം പാകപ്പെട്ടു കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് ''പിശാച് നിങ്ങളുടെ ഇടയില്‍ വൈരാഗ്യവും ശത്രുതയും സൃഷ്ടിക്കാനും നിങ്ങളെ ദൈവത്തെ സ്മരിക്കുന്നതില്‍നിന്നും പ്രാര്‍ത്ഥനയില്‍നിന്നും തടഞ്ഞു നിര്‍ത്താനുമായി ഉപയോഗിക്കുന്ന ആയുധമായ മദ്യപാനത്തില്‍നിന്ന് ഇനിയും നിങ്ങല്‍ വിരമിക്കുന്നില്ലേ?'' എന്ന് ചോദിച്ചതോടെ സംഭരിച്ചിരുന്ന കള്ള് മുഴുവന്‍ തെരുവിലൊഴുക്കി എന്നെന്നേക്കുമായി മദ്യപാനം അവസാനിപ്പിക്കാന്‍ അവര്‍ക്കു സാധിച്ചത് മദ്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ നമുക്കും മാര്‍ഗ്ഗരേഖയാവണം.

ലോകചരിത്രത്തില്‍ നിസ്തുലമായ സാമൂഹ്യ സാംസ്‌കാരിക വിപഌവങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രവാചക മാതൃക പരിശോധിക്കുവാന്‍ ലോകെ തയ്യാറാകുമോ. സമൂഹത്തിന്റെ പുനര്‍നിര്‍മാണത്തില്‍ തങ്ങളുടേതായ പങ്കാളിത്തം വഹിക്കുവാനും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുവാനും എല്ലാവരും തയ്യാറാവുന്ന മനോഹരമായ സാമൂഹ്യ പരിസരമാണ് നമുക്ക് വേണ്ടത്. അസൂയയും അത്യാര്‍ഥിയുമില്ലാതെ , പരസ്പര സ്‌നേഹവും സഹകരണവും മുഖമുദ്രയാക്കി ഒത്തൊരുമയോടെ ജീവിക്കുന്ന ഒരു സമൂഹം. കുടുംബ ബന്ധങ്ങളും സാമൂഹ്യ ബന്ധങ്ങളും ആരോഗ്യകരമായി നിലനിര്‍ത്തുന്ന ഈ സമൂഹത്തില്‍ എവിടെയാണ് ലഹരിയുടെ കരിംഭൂതങ്ങള്‍ കടന്നുവരിക. ഈയര്‍ഥത്തിലുള്ള സാമൂഹിക വല്‍ക്കരണത്തിന്റെ സുന്ദരമായ അരുണോദയത്തിനായാണ് ലോകം കാത്തിരിക്കുന്നത്.

തുടരും

Releated Stories