logo

Latest News യൂത്ത് ഫോറം ഇന്റര്‍ സ്‌കൂള്‍ കോമ്പറ്റീഷന്‍സ്: എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍   *    എ.പി അസ്‌ലം അവാര്‍ഡ്‌സ് - 2017 നോമിനേഷനുകള്‍ ക്ഷണിക്കുന്നു   *    പ്രതിഭകളെ യൂത്ത്‌ഫോറം ആദരിച്ചു.   *    വണ്‍ ഇന്ത്യ അസോസിയേഷന്‍ പ്രവാസി ക്ഷേമ പദ്ധതി സെമിനാര്‍ സംഘടിപ്പിച്ചു.   *    കഴിഞ്ഞ വര്‍ഷം ഖത്തറില്‍ പുകവലി നിര്‍ത്തിയത് 30% പേര്‍   *    ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് രണ്ടാം സ്ഥാനം   *    എസ്‌.ഐ.ഒ സ്ഥാപക ദിനം: ദഅവത്ത് നഗർ ഏരിയ ആചരിച്ചു   *    മംവാഖ് വനിതാ വേദി കവിതാ രചന വിജയികളെ പ്രഖ്യാപിച്ചു   *    ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ വിതരണം ചെയ്തു.   *    ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം   *    ഖത്തര്‍ -യുഎസ് ഉഭയകക്ഷി സാധ്യതകള്‍ ദോഹ ബാങ്ക് സെമിനാര്‍ സംഘടിപ്പിച്ചു.   *    ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മ 'നടുമുറ്റം'   *    ഗീത വിജയകുമാര്‍ അന്തരിച്ചു   *    ദോഹ മദ്‌റസ പഠനസഹവാസം സംഘടിപ്പിച്ചു   *    കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം. ഐ.സി.സി പ്രസിഡന്റ്   *    അക്രമവും നാടുകടത്തലും ഫാഷിസ്റ്റ് ശൈലി: ഷാനവാസ് ഖാലിദ്   *    വേങ്ങര മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു   *    ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി   *    ലുലുവില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന്‍   *    എം എ ബേബിക്ക് സംസ്കൃതി സ്വീകരണം നൽകി   *    ഈദ് - ഓണം പരിപാടി സംഘടിപ്പിച്ചു   *   

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ലഹരി തകര്‍ക്കുന്ന ജീവിതങ്ങള്‍ ( 4)

img

അമാനുല്ല വടക്കാങ്ങര

മദ്യത്തിലൂടെ ലഹരിയുടെ സുഖമറിഞ്ഞ ആധുനികന്‍ ഇന്ന് മയക്കുമരുന്നുകളുടെ മായാലോകത്തിലാണ് അകപ്പെട്ടിരിക്കുന്നത്. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ സാമൂഹ്യ സാംസ്‌കാരിക ആരോഗ്യപ്രശ്‌നമായാണ് മയക്കു മരുന്നുകളുടെയും മാദക ദ്രവ്യങ്ങളുടെയും ദുരുപയോഗത്തെ ശാസ്ത്രലോകം കാണുന്നത്. ലോകത്തെമ്പാടും മയക്കുമരുന്നുകള്‍ക്കടിമപ്പെടുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചു വരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. പുകക്കുകയോ രക്തത്തില്‍ കുത്തിവെക്കുകയോ ചെയ്യുന്ന ഉത്തേജക ശക്തിയുള്ളതും നിയമ വിരുദ്ധവുമായ വസ്തു എന്നാണ് മയക്കുമരുന്നുകളെ നിഘണ്ടുക്കള്‍ നിര്‍വ്വചിക്കുന്നത്. ഉപയോഗിക്കുന്നതോടെ ശീലമായി മാറുന്ന മയക്ക വസ്തു എന്നും മാനസികമോ വൈകാരികമോ ആയ അനിശ്ചിതത്വം ഉണ്ടാക്കിത്തീര്‍ക്കുന്ന വസ്തു എന്നും ലെന്‍ഗ്വിന്റെ ശാസ്ത്ര നിഘണ്ടു അര്‍ത്ഥം പറയുന്നു. മദ്യം അനുവദിക്കുന്ന രാജ്യങ്ങള്‍ പോലും മയക്കുമരുന്നുകള്‍ നിരോധിച്ചിരിക്കുന്നു എന്നത് ഈ വസ്തുക്കളുടെ അപകടകരമായ പ്രത്യാഘാതങ്ങള്‍ പരിഗണിച്ചാണ്. 


മയക്കുമരുന്ന് ഒരു മഹാ നാശമായി നമ്മുടെ തലമുറക്കു മീതെ വന്നു വീണിരിക്കുകയാണ്. തെരുവിലും നാട്ടിന്‍പുറത്തും കോളേജുകളിലും സ്‌കൂളിലും വരെ മയക്കു മരുന്നു കച്ചവടവും ഉപയോഗവും ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. കൊച്ചനിയ•ാരും അനിയത്തിമാരും അതിന്റെ അടിമകളായി മാറിക്കൊണ്ടിരിക്കുന്നു. മയക്കുമരുന്നിനെതിരെ എക്‌സൈസ്, സെന്‍ട്രല്‍ എക്‌സൈസ് അധികൃതര്‍ നടത്തുന്ന റെയ്ഡ് പലപ്പോഴും പ്രഹസനമായി മാറുകയാണ്. മയക്കുമരുന്ന് കടത്തിന് പിന്നിലുള്ള വമ്പന്മാരെ സംരക്ഷിച്ചുകൊണ്ട് ഇവ വില്‍പന നടത്തുന്ന കച്ചവടക്കാരെ പിടികൂടുക എന്ന നയമാണ് അധികൃതര്‍ അനുവര്‍ത്തിക്കുന്നതെന്നും ബന്ധപ്പെട്ടവരുടെ മൗനാനുവാദത്തോടെയാണ് ഇവയെല്ലാം നടക്കുന്നതെന്നും ആരോപിക്കപ്പെടുന്നു. മയക്കുമരുന്നു വില്‍പന നടക്കുന്നതായി അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും മതിയായ നടപടികളൊന്നും ഉണ്ടായില്ലെന്ന് മയക്കുമരുന്നിനെതിരെ പ്രവര്‍ത്തിക്കുന്ന പല സാംസ്‌കാരിക സംഘടനകളുടെയും പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നു. മാത്രമല്ല, പലപ്പോഴും ഉദ്യോഗസ്ഥന്മാര്‍ റെയ്ഡ് നടത്തുേമ്പോള്‍ കാര്യമായി ഒന്നും ലഭിക്കാറുമില്ല. റെയ്ഡ് ഏത് സമയത്ത് നടക്കുമെന്ന് ഉദ്യോഗസ്ഥന്മാര്‍ തന്നെ ബന്ധപ്പെട്ടവരെ മുന്‍കൂട്ടി വിവരമറിയിക്കുകയാണത്രെ ഇതിന് കാരണം.

വൈവിദ്ധ്യപൂര്‍ണ്ണമായ ചരക്കുകളാല്‍ സമ്പന്നമാണ് ഇന്നത്തെ ലഹരി സാമ്രാജ്യം. ഉപഭോക്താവിന്റെ ശാരീരിക പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുന്ന മയക്കുമരുന്നുകള്‍ പ്രബുദ്ധ കേരളത്തില്‍ പോലും അനുദിനം വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. കേരളത്തി ഇടുക്കിയിലെ മലമടക്കുകളിലും സമതലങ്ങളിലും ഇന്ന് ഏറ്റവും കാര്യക്ഷമമായി നടക്കുന്നത് മയക്കുമരുന്ന് കൃഷിയാണ്. തങ്കമണി, പ്രകാശ്, തട്ടിംഗ്, ഇടുക്കി, ചെറുതോണി, വാഴത്തോപ്പ്, കൊമ്പന്‍ കൊല്ലി, മാട്ടുപ്പെട്ടി, മൂന്നാര്‍, വാഗമണ്‍, തോപ്രാംകുടി, വാഴവര, കമ്പം മേട്, മറയൂര്‍, നെടുങ്കണ്ടം, കട്ടപ്പന, കേരളം തമിഴ്‌നാട് അതിര്‍ത്തി എന്നിവിടങ്ങളിലൊക്കെ മയക്കു മരുന്നു വ്യാപാരം സജീവമാണത്രെ. ഈ കച്ചവടക്കാരുടെ പ്രധാന താവളം ടൂറിസ്റ്റ് കേന്ദ്രമായ കുമളിയിലെ ചില ഹോട്ടലുകളാണ്. ഇവരുടെ സുഗമമായ പ്രവര്‍ത്തനത്തിന് ഫോറസ്റ്റ് എക്‌സൈസ് പോലീസ് അധികൃതരുടെ സഹകരണവുമുണ്ടത്രെ. മയക്കുമരുന്ന് കടത്ത് തുടങ്ങുന്നതിനു മുമ്പുതന്നെ മേല്‍ പറഞ്ഞ ഉദ്യോഗസ്ഥന്മാരെയൊക്കെ ഇവര്‍ കാണേണ്ട വിധം കണ്ടിരിക്കും. തുടര്‍ന്ന് ഉദ്യോഗസ്ഥന്മാരുടെ നിര്‍ദ്ദേശ പ്രകാരം സാങ്കേതിക തടസ്സങ്ങളില്ലാത്ത ദിവസങ്ങള്‍ നോക്കി ബ്രൗണ്‍ ഷുഗര്‍ വിവിധ സ്ഥലങ്ങളിലെത്തിക്കുകയാണ് പതിവ്. കാലത്ത് 7 മണിക്കു മുമ്പുതന്നെ ഇവയെല്ലാം എത്തേണ്ടിടത്ത് എത്തിയിരിക്കും. ഈ ദിവസങ്ങളില്‍ ഉദ്യോഗസ്ഥന്മാരുടെ പരിശോധനാ പ്രഹസനമാകട്ടെ മണിക്കൂറുകള്‍ കഴിഞ്ഞും. വാഹനങ്ങള്‍ പരിശോധിച്ചാല്‍തന്നെ മാഫിയയുടെ കള്ളപ്പണം കൊണ്ട് മഞ്ഞളിച്ച ഉദ്യോഗസ്ഥന്മാരുടെ കണ്ണില്‍ ഇതൊന്നും പെടാറില്ല. ഹൈറേഞ്ചില്‍നിന്ന് കോട്ടയം, ചങ്ങനാശ്ശേരി, പാല, എറണാകുളം, മുവാറ്റുപുഴ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ-ഗടഞഠഇ ബസ്സുകളും മഥുരയില്‍നിന്ന് കോട്ടയം വഴി എറണാകുളത്തേക്ക് സര്‍വ്വീസ് നടത്തുന്ന തിരുവള്ളുവര്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ്സുകളുമാണ് മയക്കുമരുന്ന് കടത്തുന്നതിന് ഈ സംഘങ്ങള്‍ ഉപയോഗിക്കുന്നത്. മഥുരയില്‍നിന്ന് രാത്രി 9 മണിക്ക് സര്‍വ്വീസ് തുടങ്ങുന്ന തിരുവള്ളുവര്‍ ബസ്സ് വെളുപ്പിന് 4 മണിയോടെ കോട്ടയത്തെത്തും. 7 മണിക്കു മുമ്പായി എറണാകുളത്തും. ബസ് നഗരത്തില്‍ പ്രവേശിക്കുന്നതിനു മുമ്പുള്ള സ്റ്റോപ്പുകളില്‍ ഈ സംഘങ്ങള്‍ ഇറങ്ങും. ഈ സമയം വാഹനങ്ങളുമായി ഇവരെ കാത്ത് ഏജന്റുമാര്‍ നില്‍ക്കുന്നുണ്ടാകും. ഹൈറേഞ്ചില്‍നിന്ന് മയക്കുമരുന്നുമായി ഏജന്റുമാര്‍ ഏതെങ്കിലും ബസ്സുകളില്‍ യാത്ര തിരിച്ചാല്‍ നിര്‍ദ്ദിഷ്ട സ്ഥാനത്തെത്തും വരെ ഇവര്‍ക്ക് സംരക്ഷകരായി ഈ സംഘത്തിന്റെ ആള്‍ക്കാര്‍ ഉണ്ടായിരിക്കും. എന്തെങ്കിലും തടസ്സങ്ങളുണ്ടെങ്കില്‍ മുന്‍കൂര്‍ വിവരവും ഇവര്‍തന്നെ നല്‍കും.

ഇടുക്കി ജില്ലയിലെ മയക്കുമരുന്നു കച്ചവടവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് ലോകത്തിലെ പല ഭാഷകളും ഒരു വിധം സംസാരിക്കാനറിയാം. ഹൈറേഞ്ചിലെ പല കഞ്ചാവു കൃഷിക്കാരുടെയും വീടുകളില്‍ വിദേശികള്‍ വരെ വന്നു താമസിക്കാറുണ്ടത്രെ. പുസ്തകത്തിന്റെ പുറംചട്ടയില്‍, ഷൂസിനകത്ത്, വസ്ത്രങ്ങള്‍ക്കുള്ളില്‍, സോപ്പിനകത്ത്, പേസ്റ്റിനകത്ത്... എന്നിങ്ങനെ നൂറു നൂറു വഴികളിലൂടെയാണ് ഇവ നാടിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നത്. കുറഞ്ഞ കാലം കൊണ്ട് എറണാകുളം ജില്ല മയക്കുമരുന്നു കേന്ദ്രമായി തീര്‍ന്നിരിക്കുന്നു. ചെറുപ്പക്കാരില്‍ നല്ലൊരു ശതമാനം കഞ്ചാവിന്റോയെ ബ്രൗണ്‍ ഷുഗറിന്റെയോ അടിമകളായി കഴിഞ്ഞിട്ടുണ്ട്. പാര്‍ക്കുകളും നഗരത്തിലെ ഒഴിഞ്ഞ മൂലയും ബോള്‍ഗാട്ടി പാലസുമൊക്കെ മയക്കുമരുന്നു വ്യവഹാരത്തിനു പറ്റിയ താവളമായി അവര്‍ കണ്ടെത്തി. മയക്കുമരുന്നു ലഹരിയില്‍ കടല്‍ റാണിയെ തഴുകിയെത്തുന്ന കുളിര്‍ക്കാറ്റു കൊണ്ടവര്‍ എല്ലാം മറന്നവര്‍ മയങ്ങി. ഇതോടെ അവര്‍ സമൂഹത്തിനു തന്നെ ദോഷമായി. ബസ് യാത്രക്കാരികള്‍ക്കും ബസ് കാത്തു നില്‍ക്കുന്ന പെണ്‍കുട്ടികള്‍ക്കുമൊക്കെ ഈ ചെറുപ്പക്കാരുടെ ശല്യം സഹിക്കേണ്ടി വന്നു. ഇതിനെക്കാള്‍ ദുഃഖം സഗിക്കേണ്ടി വന്നത് അവരുടെ രക്ഷിതാക്കള്‍ക്കാണ്. മക്കളെ പഠിപ്പിച്ച് നല്ലൊരു നിലയില്‍ എത്തിക്കാണാനാഗ്രഹിച്ച രക്ഷിതാക്കള്‍, ജിവീച്ചിരിക്കെ സ്വന്തം മക്കള്‍ മയക്കുമരുന്നിന് അടിമയായിത്തീര്‍ന്നത് അവരെ തളര്‍ത്തി. നഗരത്തിലൂടെ ഒരു ദിവസം ചുറ്റിയാല്‍ മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഒരുപാട് ചിത്രങ്ങള്‍ കാണാനാകും.

നഗരത്തിലെ ഏറ്റവും പ്രധാന കേന്ദ്രമായ ബോള്‍ഗാട്ടി പാലസ്, സുഭാഷ് ചന്ദ്രബോസ് പാര്‍ക്ക്, ഫോര്‍ട്ടു കൊച്ചി, മട്ടാഞ്ചേരി, തൃപ്പൂണിത്തുറയിലെ ഹില്‍ പാലസ് ഗാര്‍ഡന്‍, മഹാരാജാസ് കോളേജ് കാമ്പസ്, കോളേജ് ഹോസ്റ്റലുകള്‍, വൈപ്പിന്‍, കളമശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലെല്ലാംതന്നെ ലഹരി പദാര്‍ത്ഥ വില്‍പന കേന്ദ്രങ്ങള്‍ സജീവമാണത്രെ. ഐലന്റിലെ ഗോഡൗണില്‍ ജോലിക്കാരനായ ശബീര്‍ എന്ന ചെറുപ്പക്കാരന്‍ ബീഡി വലിയിലൂടെയാണ് കഞ്ചാവു വലി തുടങ്ങിയത്. ഇപ്പോഴത് ഇല്ലാതെ വയ്യ എന്ന അവസ്ഥയിലാണ് അയാള്‍. മയക്കുമരുന്നടിച്ചു ഒരു നാള്‍ മട്ടാഞ്ചേരിയിലെ പൂട്ടിക്കിടന്നിരുന്ന പീടികയിറയത്ത് തലകുത്തി നില്‍ക്കുന്നത് കണ്ടതോടെയാണ് ശബീര്‍ ഈ മരുന്നിന് അടിമയായിട്ടുണ്ടെന്ന കാര്യം ജനങ്ങളറിഞ്ഞത്. അപ്പോഴേക്കും അയാള്‍ വീട്ടില്‍ പോകാതെ അലയാന്‍ തുടങ്ങിയിരുന്നു. ജോലിയും നഷ്ടപ്പെട്ടു.

ഒരു എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു റാണി. കോളേജിലും ഹോസ്റ്റലിലും കലാ സാംസ്‌കാരിക വേദിയിലുമൊക്കെ അവള്‍ 'റാണി' തന്നെയായിരുന്നു. മാതാപിതാക്കള്‍ കുവൈത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍. ഇഷ്ടംപോലെ പണം. കൂട്ടുകാരോടൊത്തുള്ള ഉല്ലാസ വേളകള്‍. കൗമാരത്തിന്റെ കൗതുകത്തില്‍ നിയന്ത്രണങ്ങളില്ലാതെ വളര്‍ന്ന റാണി മയക്കുമരുന്നിന്റെ താഴ്‌വരയില്‍ ചെന്നുപെട്ടത് യാദൃച്ഛികമായിട്ടായിരുന്നു. ക്രമേണ അത് ജീവിതത്തില്‍ ഒഴിവാക്കാനാവാത്ത ഒരു ശീലമായി മാറി. മയക്കുമരുന്നിനടിമപ്പെട്ട് സ്വബോധം നഷ്ടപ്പെട്ട തരത്തില്‍ പെരുമാറാന്‍ തുടങ്ങിയപ്പോള്‍ അധികൃതര്‍ റാണിയെ ഹോസ്റ്റലില്‍നിന്നും പുറത്താക്കി. സ്ഥിതിഗതികളറിഞ്ഞ് സ്വന്തക്കാരും ബന്ധുക്കളും അവളെ കയ്യൊഴിഞ്ഞു...

കോഴിക്കോട്ടെ ഒരു സ്ഥാപനത്തില്‍ വിദ്യ തേടിയെത്തിയ ഒരു നീഗ്രോ യുവാവിന്റെ കഥ കഴിഞ്ഞ ദിവസം സുഹൃത്ത് എഴുതിയത് ഓര്‍മ്മ വരുന്നു. കാതങ്ങള്‍ കടന്നുവന്ന് ജീവിത സ്വപ്‌നം എവിടെയോ മറന്നുവെച്ച ആ വിദേശിയുടെ അവസ്ഥ ഏറെ ശോചനീയം തന്നെ. പരീക്ഷണത്തിനും പുതിയ അനുഭവത്തനും വേണ്ടി സുഹൃത്തുക്കളുടെ സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങിയാണ് മയക്കുമരുന്നുപയോഗം തുടങ്ങിയത്. പക്ഷേ, ഇപ്പോഴത് ജീവവായു കണക്കെ അവശ്യവസ്തുക്കളിലൊന്നായി തീര്‍ന്നിരിക്കുന്നു. കൃത്യസമയത്ത് സാധനം കിട്ടാതായാല്‍ അവന്‍ മദമിളകിയ ഒറ്റയാനാകും. പിന്നെ എന്താണ് സംഭവിക്കുന്നത് എന്ന് പ്രവചിക്കാനാവില്ല. മൂന്നു വര്‍ഷം മുമ്പ് കോഴ്‌സ് പൂര്‍ത്തിയാക്കി സ്വദേശത്തേക്ക് തിരിക്കേണ്ടതായിരുന്നു. പക്ഷേ, ലഹരിയുടെ തീരാക്കയങ്ങളിലേക്ക് തള്ളപ്പെട്ട് ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് തന്നെ മരീചികയായി മാറിയ അവന് എന്ത് നാട്? എന്ത് കോഴ്‌സ്?

കോട്ടയം മെഡിക്കല്‍ കോളേജിലെ ഒരു വിദ്യാര്‍ത്ഥി വിശ്രമിച്ച മുറിയില്‍ ധാരാളം രക്തം കണ്ട് ബന്ധപ്പെട്ടവര്‍ പരിഭ്രമിച്ചു. രാത്രി ഒരു ആമ്പ്യൂള്‍ മോര്‍ഫിന്‍ സ്വയം കുത്തി വെച്ചതായിരുന്നു അയാള്‍. ലഹരി സിരകളിലേക്ക് പടര്‍ന്ന് പിടിച്ചപ്പോള്‍ സിറിഞ്ച് ഊരിയെടുത്തു. സിറിഞ്ച് സൂചി ഞരമ്പില്‍ തറച്ചതിനാല്‍ നേരം പുലരുവോളം രക്തം ഒഴുകിക്കൊണ്ടേയിരുന്നു. ഒരു നിമിഷത്തെ ഭ്രാന്തമായ ലഹരിക്കുവേണ്ടി ജീവിതം ഹോമിക്കുന്നവരുടെ ദുരന്ത കഥകള്‍ പ്രബുദ്ധ മനസ്സുകളെ നൊമ്പരപ്പെടുത്തുന്നവയാണ്. അഭ്യസ്ത വിദ്യരാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയിലെന്ന വസ്തുത വിസ്മയജനകമത്രെ.

ഇന്റര്‍ നാഷണല്‍ ലാബര്‍ ഓര്‍ഗനൈസേഷന്റെ ഒരു കണക്കനുസരിച്ച് ഇന്ത്യയില്‍ 50 - 80 ലക്ഷം ജനങ്ങള്‍ മയക്കുമരുന്നിന് അടിമപ്പെട്ടവരാണ്. ലോകാരോഗ്യ സംഘടനയുടെ ഒരു പഠന റിപ്പോര്‍ട്ട് അനുസരിച്ച് സമ്പന്ന രാജ്യങ്ങളുടെ മാത്രം ദുഃഖമായിരുന്ന മയക്കുമരുന്നുകള്‍ കൊച്ചുകേരളത്തിലും തീരാദുഃഖം വിതയ്ക്കുന്നുണ്ട്. കോളേജുകള്‍, വനിതാ ഹോസ്റ്റലുകള്‍, തൊഴില്‍ സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് മയക്കുമരുന്നുവില്‍പന നടത്തുന്നത്.

മയക്കുമരുന്ന് കള്ളക്കടത്ത് പുതുപുത്തന്‍ മേച്ചില്‍പുറങ്ങള്‍ കണ്ടെത്തി അധോലോക ചക്രവര്‍ത്തിമാര്‍ തടിച്ചുകൊഴുക്കുകയും ജനമനസ്സുകള്‍ തകര്‍ന്നുപോവുകയും ചെയ്യുന്ന അതിദാരുണമായ അവസ്ഥാ വിശേഷത്തിനാണ് നാം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. പണമൊഴുകന്ന മയക്കുമരുന്നു കച്ചവടത്തിന്റെ അന്താരാഷ്ട്ര ഭൂപടത്തില്‍ ഇന്ത്യയുടെ സ്ഥാനം വെറുമൊരു ഇടത്താവളക്കാരന്റെതാണെന്ന പഴയ ധാരണ തിരുത്താനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഇന്ത്യ ഇപ്പോള്‍ ലഹരി മരുന്നുകള്‍ ഉല്‍പാദിപ്പിക്കുന്ന പ്രമുഖ രാഷ്ട്രങ്ങളിലൊന്നാണ്. ഇന്ത്യന്‍ നിര്‍മ്മിത ഹെറോയിന്റെ ആഗോളക്കച്ചവടം 250 കോടി ഡോളറായി ഉയര്‍ന്നിരിക്കുന്നു. ഉല്‍പാദനത്തിന്റെ ഏറിയ പങ്കും വിദേശങ്ങളിലേക്കൊഴുകുകയാണെങ്കിലും 5 കോടി രൂപയിലേറെ വിലമതിക്കുന്ന ഹിറോയിനും ഹഷീഷും ഗഞ്ചുമൊക്കെ ഇന്ത്യയിലെ വന്‍പട്ടണങ്ങളിലെ തെരുവുകളില്‍ നിത്യവും വില്‍ക്കപ്പെടുന്നു.

രാഷ്ട്രീയ സ്വാധീന ശക്തിയും കൗശലവും ഒരുപോലെ പ്രയോഗിക്കുന്നവരാണ് ഇന്ത്യയിലെ ലഹരി മരുന്നു രാജാക്കന്മാര്‍. തെരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പു ഫണ്ടുകളിലേക്ക് ഇത്തരം മാഫിയകള്‍ കോടികള്‍ നല്‍കുന്നത് തങ്ങളുടെ വ്യാപാരത്തിന് തുരങ്കം വെക്കരുതെന്ന വ്യവസ്ഥയിന്മേലാണ്. ഗള്‍ഫിലേക്ക് മയക്കു മരുന്ന് കടത്തുന്നത് തല പോകുന്ന കുറ്റമാണ്. എന്നിട്ടും എത്രയോ പേര്‍ സാഹസികമായി മയക്കു മരുന്ന് കടത്തുന്നു. ചിലരൊക്കെ രക്ഷപ്പെടുന്നുണ്ടാകാം. അധിക പേരും പിടിക്കപ്പെടുകയും കഠിനമായ ശിക്ഷാനടപടികള്‍ക്ക് വിധേയരാവുകയും ചെയ്യുന്നു. ഇങ്ങനെയൊക്കെ നിയമങ്ങള്‍ പൊടിപൊടിക്കുമ്പോഴും 'നടക്കേണ്ടവ' യെല്ലാം ഇവിടെ നടക്കുന്നു. തലമുറകള്‍ മയക്കുമരുന്നിനടിമകളായി മരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. എന്താണിതിനു കാരണം? എന്തുകൊണ്ട് ഈ മരണക്കെണിക്ക് ഇത്ര വ്യാപകത്വം ലഭിക്കുന്നു?

ഒന്നാമതായി ലക്ഷ്യബോധമില്ലാത്ത ജീവിതത്തില്‍ വഴികാണിക്കേണ്ട ഉന്നതമായ ആദര്‍ശങ്ങളില്ലാത്ത ഒരു തലമുറയാണ് നമ്മുടെ മുമ്പിലുള്ളത്. ഭൗതിക വാദത്തിന്റെയും മതേതര വാദത്തിന്റെയും പ്രയോഗവല്‍ക്കരണം പതിറ്റാണ്ടുകളിലൂടെ സംഭവിച്ചപ്പോള്‍ നമുക്ക് ബാക്കി കിട്ടിയതാണ് ജീവിതത്തിന്റെ മര്‍മ്മ പ്രധാനമായ സമസ്യകള്‍ക്ക് ഉത്തരം ലഭിക്കാതെ അലയുന്ന സ്വപ്‌നാടകരും ഹതാശരും മൂല്യചിന്താ ശൂന്യരുമായ ഒരു തലമുറയെ. അവര്‍ക്ക് ജീവിതത്തിന്റെ അര്‍ത്ഥമറിയില്ല. ജീവിതത്തിന്റെ നന്മ തിന്മകള്‍ അറിയില്ല. നന്മ തിന്മകളുടെ അതിരുകളോ ആ അതിരുകള്‍ ഉണ്ടായിരിക്കേണ്ട യുക്തിയോ അവര്‍ക്കറിയില്ല. അവരെ അതൊന്നും ആരും പഠിപ്പിച്ചിട്ടില്ല. അവരുടെ പാഠ പുസ്തകങ്ങളിലും ക്ലാസ്സുമുറികളിലും വീട്ടിലോ ഒന്നുംതന്നെ അങ്ങനെയൊരു അദ്ധ്യാപനം അവര്‍ അനുഭവിച്ചിട്ടില്ല. അവര്‍ക്കറിയാവുന്നത് വൃത്തികേടുകളും ആ വൃത്തികേടുകളുടെ മദ്ധ്യേ അവരനുഭവിക്കുന്ന വികാര ജ്വലനവും ആത്മസംഘര്‍ഷങ്ങളുമാണ്. താന്‍ അന്യവല്‍ക്കരിക്കപ്പെടുകയും ഒറ്റപ്പെടുകയും ചെയ്യുന്നു എന്ന മനഃശാസ്ത്ര പ്രതിസന്ധിയിലേക്കാണ് ഇതെല്ലാം കൂടി ഓരോ ചെറുപ്പക്കാരനെയും കൊണ്ടുചെന്നെത്തിക്കുന്നത്. ഇവിടെ വെച്ച് അവന്‍ മയക്കു മരുന്നിന്റെയോ മദ്യത്തിന്റെയോ അടിമയായി മാറിയില്ലെങ്കിലല്ലേ നാം അത്ഭുതപ്പെടേണ്ടതുള്ളൂ.

രണ്ടാമതായി, മയക്കുമരുന്ന് ആഗോള വ്യാപകമായ ഒരു മഹാ വ്യാപാര വസ്തുവാണ്. ഭൂഖണ്ഡങ്ങളെ ഭേദിച്ചുകൊണ്ട് മയക്കുമരുന്ന് മാഫിയകളുടെ കച്ചവട താല്‍പര്യങ്ങള്‍ മരണ ദൂതുമായി പാഞ്ഞുനടക്കുന്നു. ഇതെല്ലാം വിറ്റു ചിലവാക്കണമല്ലോ. അങ്ങനെയാണ് ഏജന്റുമാരിലൂടെ, മൊത്തക്കച്ചവടക്കാരിലൂടെ, ചില്ലറക്കച്ചവടക്കാരിലൂടെ, ഓരോ പൊതിയും ഓരോ ബീഡിയും ഓരോ കുപ്പിയും ഓരോ ചെറുപ്പക്കാരനെ തേടിയെത്തുന്നത്. മൂന്നാമതായി, കഞ്ചാവ് വിളയിക്കുന്നേടത്തും കള്ളക്കടത്തും വ്യാപാരവും നടത്തുന്നേടത്തും ഏറ്റവും വലിയ പങ്ക് രാഷ്ട്രീയക്കാരുടെതാണ്. എല്ലാ രാ്രഷ്ടീയക്കാരുടെയുമല്ല. പക്ഷേ, നല്ലൊരു വിഭാഗത്തിന്റെ അധികാരവും സ്വാധീനവും പിന്നെ ആവശ്യത്തിന് മുഷ്‌കും ഉള്ള രാഷ്ട്രീയക്കാരന്‍ കഞ്ചാവ് കച്ചവടക്കാരന്റെയും കള്ളക്കടത്തുകാരന്റെയും വില്ലന്‍ വേഷത്തില്‍ നെഞ്ചു വിരിച്ചു നില്‍ക്കുമ്പോള്‍ ഇതിന് അറുതിയുണ്ടാവില്ല എന്ന് നമ്മള്‍ മനസ്സിലാക്കിക്കൊള്ളുക. അറുതിയുണ്ടാവില്ലെന്നു മാത്രമല്ല, മയക്കു മരുന്നുകളുടെ സര്‍വ്വ വ്യാപനം നടക്കും. നടക്കുന്നു. കഞ്ചാവു വേട്ടയുടെ വല്ലപ്പോഴുമൊരിക്കല്‍ പ്രത്യക്ഷപ്പെടുന്ന സചിത്ര വാര്‍ത്തള്‍ അതിനാല്‍ നമ്മെ വഴി തെറ്റിക്കേണ്ടതില്ല. പ്രയാണം ഇരുട്ടിലേക്കു തന്നെ. ചുരുക്കത്തില്‍ ലോകത്തെങ്ങും മയക്കുമരുന്നു കള്ളക്കടത്തു മാഫിയകള്‍ ബന്ധപ്പെട്ടവരെയൊക്കെ സ്വാധീനിച്ച് ഒളിഞ്ഞും തെളിഞ്ഞും രംഗം കയ്യടക്കിയിരിക്കുകയാണ്. ലഹരി വ്യാപനത്തില്‍ വ്യാപൃതരായ മാഫിയയുടെ കുതന്ത്രങ്ങള്‍ തിരിച്ചറിയുകയും അതിനെതിരെ ഒറ്റക്കെട്ടായി രംഗത്തിറങ്ങുകയും ചെയ്‌തെങ്കിലേ മാനവരാശിയുടെ തീരാശാപമായിക്കൊണ്ടിരിക്കുന്ന ലഹരി വിപത്തില്‍ നിന്നും മോചനം സാധ്യമാവുകയുള്ളൂ.

അപകടങ്ങളുടെ, തിന്മകളുടെ ഈ കൂട്ടുകെട്ടില്‍ എത്തിപ്പെട്ടിരിക്കുന്ന തലമുറയെ രക്ഷിക്കാന്‍ മയക്കുമരുന്നിനെതിരായ കേവല സമരങ്ങള്‍ പര്യാപ്തമേ അല്ല. ചൂണ്ടിക്കാണിക്കപ്പെട്ട മൂന്ന് മുഖ്യ കാരണങ്ങളുടെയും സമ്പൂര്‍ണ്ണ നിര്‍മ്മാര്‍ജ്ജനം ഒരു പ്രത്യേക പോയിന്റ് നോക്കി വെടിവെച്ചതുകൊണ്ട് സംഭവിക്കാന്‍ പോകുന്നില്ല. മുഴുവന്‍ സമൂഹത്തിന്റെയും സമഗ്രമായ ധാര്‍മ്മികത്വവല്‍ക്കരണം മാത്രമെ പോംവഴിയുള്ളൂ. നീക്കുപോക്കില്ലാത്ത മൂല്യാടിസ്ഥാനത്തില്‍ സമൂഹത്തെ മാറ്റിപ്പണിയാനാവശ്യമായ ആര്‍ജ്ജവ പൂര്‍ണ്ണമായ കഠിനാദ്ധ്വാനം ഇതിനനുപേക്ഷ്യമാണ്. ആത്മാര്‍ത്ഥതയും ഇച്ഛാശക്തിയും മനുഷ്യസ്‌നേഹവും വേണം. സര്‍വ്വോപരി കലര്‍പ്പില്ലാത്ത ദൈവവിശ്വാസം വേണം. അതിനു തയ്യാറില്ലാത്ത സമൂഹ നേതൃത്വവും സമൂഹ വ്യവസ്ഥിതിയും നമ്മെ 'നരക'ത്തിലേക്കുതന്നെ തെളിച്ചുകൊണ്ടുപോകുന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ല.

തുടരും

Releated Stories