logo

Latest News യൂത്ത് ഫോറം ഇന്റര്‍ സ്‌കൂള്‍ കോമ്പറ്റീഷന്‍സ്: എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍   *    എ.പി അസ്‌ലം അവാര്‍ഡ്‌സ് - 2017 നോമിനേഷനുകള്‍ ക്ഷണിക്കുന്നു   *    പ്രതിഭകളെ യൂത്ത്‌ഫോറം ആദരിച്ചു.   *    വണ്‍ ഇന്ത്യ അസോസിയേഷന്‍ പ്രവാസി ക്ഷേമ പദ്ധതി സെമിനാര്‍ സംഘടിപ്പിച്ചു.   *    കഴിഞ്ഞ വര്‍ഷം ഖത്തറില്‍ പുകവലി നിര്‍ത്തിയത് 30% പേര്‍   *    ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് രണ്ടാം സ്ഥാനം   *    എസ്‌.ഐ.ഒ സ്ഥാപക ദിനം: ദഅവത്ത് നഗർ ഏരിയ ആചരിച്ചു   *    മംവാഖ് വനിതാ വേദി കവിതാ രചന വിജയികളെ പ്രഖ്യാപിച്ചു   *    ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ വിതരണം ചെയ്തു.   *    ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം   *    ഖത്തര്‍ -യുഎസ് ഉഭയകക്ഷി സാധ്യതകള്‍ ദോഹ ബാങ്ക് സെമിനാര്‍ സംഘടിപ്പിച്ചു.   *    ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മ 'നടുമുറ്റം'   *    ഗീത വിജയകുമാര്‍ അന്തരിച്ചു   *    ദോഹ മദ്‌റസ പഠനസഹവാസം സംഘടിപ്പിച്ചു   *    കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം. ഐ.സി.സി പ്രസിഡന്റ്   *    അക്രമവും നാടുകടത്തലും ഫാഷിസ്റ്റ് ശൈലി: ഷാനവാസ് ഖാലിദ്   *    വേങ്ങര മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു   *    ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി   *    ലുലുവില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന്‍   *    എം എ ബേബിക്ക് സംസ്കൃതി സ്വീകരണം നൽകി   *    ഈദ് - ഓണം പരിപാടി സംഘടിപ്പിച്ചു   *   

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

മദ്യം തകര്‍ക്കുന്ന പ്രവാസി ജീവിതം

img

മെച്ചപ്പെട്ട ജീവിതമാര്‍ഗം തേടിയുള്ള മലയാളിയുടെ സഞ്ചാര ത്തിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. വളരെ സാഹസികമായി ലോഞ്ചിലും മറ്റും ഗള്‍ഫിലെത്തി നാടിനും വീടിനും അത്താണിയായി മാറിയ എത്രയെത്ര പ്രവാസികള്‍. സ്വന്തം ജീവന്‍ പോലും പണയം വെച്ച് കടല്‍ യാത്ര നടത്തി നിരവധി തലമുറകള്‍ക്കുള്ള ജീവനമാര്‍ഗം കണ്ടെത്തിയ ആ മലയാളി കളെ നമുക്ക് അവഗണിക്കാനാവില്ല. കൂടപ്പിറപ്പുകളുടെ വിശപ്പിന്റെ കരച്ചില്‍ കാതുകളില്‍ വന്നുനിറഞ്ഞപ്പോഴാണ് മലയാളികള്‍ പലരും പേര്‍ഷ്യയിലേക്ക് ഇറങ്ങിതിരിച്ചത്. കൂടപ്പിറപ്പുകളുടെ അന്നത്തിന് വേണ്ടിയുള്ള രോദനം, പ്രകൃതി ക്ഷോഭങ്ങളേല്‍ക്കാത്ത ഒരു കൊച്ചു ഭവനം, പുരനിറഞ്ഞു നില്‍ക്കുന്ന സഹോദരിമാരുടെ വിവാഹ സ്വപ്‌നം തുടങ്ങിയവയൊക്കെയായിരുന്നു ആദ്യകാല പ്രവാസികളെ ഗള്‍ഫിലേക്ക് എത്തിച്ചത്. ശൂന്യതയിലേക്കുള്ള യാത്രയായിരുന്നു പലര്‍ക്കുമത്. എന്നാല്‍ കഠിനാദ്ധ്വാനവും ക്ഷമയും അര്‍പ്പണബോധവും കൈമുതലാക്കിയ അവര്‍ ലക്ഷ്യം കൈവരിച്ചു.  ആ ലക്ഷ്യ പ്രാപ്തിയുടെ ആസ്വാദകരാണ് ഇന്ന് ഗള്‍ഫിലുള്ളവരും കേരളത്തിലെ അവരുടെ ആശ്രിതരും. മലയാളിയുടെ പ്രവാസ സഞ്ചാരത്തിന്റെ വാസ്‌കോഡ ഗാമ ആരാണെന്നറിയില്ലെങ്കിലും അറബ് മണ്ണിലേക്ക് ആ  മനുഷ്യന്‍ വെട്ടിയ വഴി ഇന്നും ആള്‍ത്തിരക്കേറിയതാണ്. ലക്ഷക്കണക്കിനാളുകളാണ് ഇപ്പോള്‍ ഗള്‍ഫ് മേഖലയില്‍ മാത്രം ജോലി ചെയ്യുന്നത്.
കേരളീയ സമൂഹത്തിന് അവഗണിക്കാനാവാത്ത ഒരു വിഭാഗമാണ് പ്രവാസി സമൂഹം. കഴിഞ്ഞ അരനൂറ്റാണ്ടിലേറെ കാലമായി കേരളത്തിലെ സാമൂഹ്യ സാമ്പത്തിക വിദ്യാഭ്യാസ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് കാരണമായ പ്രമുഖ വിഭാഗമാണ് പ്രവാസികള്‍. സംസ്ഥാനം കടക്കെണിയിലും സാമ്പത്തിക പ്രതിസന്ധിയിലും കടന്നമരുമ്പോള്‍ പിടിച്ചു നില്‍ക്കാന്‍ സഹായിക്കുന്നത് പ്രവാസികളുടെ സാമ്പത്തിക സഹായ
ങ്ങളാണ. സംസ്ഥാനത്തെ തൊഴിലില്ലായ്മയുടെ ആക്കം കുറക്കുവാനും വികസനക്കുതിപ്പിന് ശക്തിപകരുവാനും പ്രവാസി സമൂഹം വഹിക്കുന്ന പങ്ക് നിസ്സാരമല്ല. എന്നാല്‍ പ്രവാസി സമൂഹത്തിന്റെ ജീവിത പ്രശ്‌നങ്ങളെക്കുറിച്ചോ അവരഭിമുഖീകരിക്കുന്ന മാനസികവും സാമൂഹികവുമായ പ്രതിസന്ധിയെക്കുറിച്ചോ ബന്ധപ്പെട്ടവരാരും ഇതുവരേയും ഗൗരവബുദ്ധ്യാ ചിന്തിച്ചിട്ടില്ല എന്നുവേണം കരുതാന്‍. 
വീടും കുടുംബവും സ്വന്തക്കാരേയുമൊക്കെ വിട്ട് പ്രവാസം തെരഞ്ഞെടുത്ത ഓരോരുത്തരും അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളും പ്രയാസങ്ങളും വിവരണാതീതമാണ്. ഭൂരിഭാഗം പ്രവാസികളും കുടുംബത്തെ നാട്ടില്‍ വിട്ടാണ് ജീവിക്കുന്നത്. ദിവസങ്ങള്‍ ആഴ്ചകളായും ആഴ്ചകള്‍ മാസങ്ങളായും മാസങ്ങള്‍ വര്‍ഷങ്ങളായും പ്രവാസിയുടെ കലണ്ടറിന്റെ ഏടുകള്‍ മറിയുമ്പോള്‍ അവന്റെ വിലപ്പെട്ട ആയുസ്സിന്റെ താളുകളാണ് അവന് നഷ്ടപ്പെടുന്നത്. 25ഉം 30ഉം വര്‍ഷമൊക്കെ പ്രവാസ ലോകത്ത് കഴിയുന്നവര്‍ കുടുംബത്തോടൊപ്പം ചിലവഴിക്കുന്നത് കേവലം മാസങ്ങള്‍ മാത്രമാണെന്നാണ് ഇവ്വിഷയകമായ പഠനങ്ങള്‍ നല്‍കുന്ന സൂചന. ഈ വിരഹം സൃഷ്ടിക്കുന്ന മാനസികവും ശാരീരികവുമായ പ്രതിസന്ധി ചില്ലറയല്ല. ഇതിന് പക്ഷേ ലഹരിയല്ല പരിഹാരമെന്ന് തിരിച്ചറിയുവാന്‍ പലരും പരാജയപ്പെടുകയാണോ. 
ലഹരി ഉപഭോഗം നശിപ്പിച്ച പ്രവാസികളും ചുരുക്കമല്ല. സാമൂഹ്യ സാംസ്‌കാരിക പൊതു രംഗങ്ങളില്‍ ശ്രദ്ധേയരായവര്‍, സാഹിത്യരംഗത്തെ പ്രതിഭകള്‍, വാണിജ്യ വ്യവസായിക രംഗങ്ങളില്‍ മികവ് പുലര്‍ത്തിയിരുന്നവര്‍ തുടങ്ങി നിരവധി പേരെ നശിപ്പിച്ചതും, കുടുംബം തകര്‍ത്തതും 
വിവാഹ മോചനത്തിലെത്തിച്ചതും സര്‍വോപരി ആര്‍ക്കും വേണ്ടാത്തവരാക്കി മാറ്റിയതുമൊക്കെ ലഹരി പദാര്‍ഥങ്ങളായിരുന്നു. ഇത്തരത്തില്‍ ജീവിതം തകര്‍ന്നവരുടെ വിശദാംശങ്ങള്‍ പരാമര്‍ശിക്കാതെ തന്നെ വായനക്കാര്‍ക്ക് സംഗതികള്‍ മനസിലാകുമാറ് കാര്യങ്ങള്‍ വ്യക്തമാണ്. കുടിച്ച് മതി മറന്ന് കഴിഞ്ഞിരുന്ന പലരും ആ ദുശ്ശീലം അവസാനിപ്പിച്ച് അഭിവൃദ്ധിപ്പെട്ടവരായും പ്രവാസ ഭൂവില്‍ നമുക്ക് ചുറ്റും കഴിയുന്നുണ്ട്. ഇതൊരു ചൂണ്ടുപലകയാണ്. നന്മ തിന്മകളുടെ , സത്യാസത്യങ്ങളുടെ, ധര്‍മാധര്‍മങ്ങളുടെ. ഇവിടെ ചുവട് പിഴക്കാതെ മുന്നോട്ടുപോകുവാന്‍ കഴിയുക എന്നതാണ് ഏറ്റവും പ്രധാനം. ഗള്‍ഫ് പലര്‍ക്കും ഒരു മറയാണ്. സ്വാതന്ത്ര്യമാണ്. ചോദിക്കാനും പറയുവാനും ആളില്ലാത്ത സാഹചര്യമാണ്. ഇവിടെ വന്യമായ ഏകാന്തതയും വൈവിധ്യമാര്‍ന്ന മാനസിക ശാരീരിക സമ്മര്‍ദ്ധങ്ങളും വരിഞ്ഞു മുറുക്കുമ്പോള്‍ ചിലരെങ്കിലും ലഹരിയുടെ പിടിയിലമരുന്നത് അല്‍പ നേരത്തേ ക്കെങ്കിലും എല്ലാം മറക്കാനാണ്. എന്നാല്‍ ക്രമേണ ലഹരി പദാര്‍ഥം അടിമപ്പെടുത്തുന്ന ഇത്തരക്കാര്‍ സ്വന്തം നാശത്തിന്റെ കുഴി തോണ്ടുകയാണ്. പ്രവാസമാരംഭിക്കുമ്പോള്‍ വലിയ പ്രതീക്ഷകളാണ് എല്ലാവര്‍ക്കും. നല്ല ജോലി, മെച്ചപ്പെട്ട ശമ്പളം, ആനുകൂല്യങ്ങള്‍. കുടുംബത്തിന്റെ എല്ലാ സാമ്പത്തിക പ്രയാസങ്ങളും തീര്‍ത്ത് സുസുന്ദരമായ ജീവിതം സ്വപ്‌നം കണ്ടാണ് മിക്ക ചെറുപ്പക്കാരും ഗള്‍ഫിലേക്ക് വിമാനം കയറുന്നത്. എന്നാല്‍ വിമാനത്തില്‍ വെച്ചുതന്നെ പലര്‍ക്കും ചുവടു തെറ്റുന്നു. 


വിമാനത്തിലെ മദ്യ സേവ ഒഴിവാക്കാനായെങ്കില്‍


ആദ്യമായി വിമാനത്തില്‍ കയറുന്ന പ്രവാസി ചെറുപ്പക്കാര്‍ക്ക് ഒരു തരം അമ്പരപ്പാണ്. പരിചയിച്ച ഗതാഗത സംവിധാനത്തില്‍ നിന്നും വ്യത്യസ്തമായ ചുറ്റുപാടുകള്‍. സുന്ദരികളായ എയര്‍ഹോസ്റ്റസുമാര്‍ സേവന സന്നദ്ധരായി അവര്‍ക്കു ചുറ്റും. ഭക്ഷണത്തിന് മുമ്പ് മദ്യവുമായാണ് ഈ തരുണീ മണികള്‍ രംഗത്തുവരുന്നത്. ചില പഠനങ്ങളനുസരിച്ച് മദ്യപാനം തുടങ്ങുന്ന പ്രവാസികളില്‍ പകുതിയിലധികം പേരും വിമാനത്തില്‍ വെച്ചാണ് ആദ്യമായി ലഹരി നുണയുന്നത്. സ്‌നോഹോഷ്മളമായ സല്‍ക്കാര ഭാവത്തില്‍ സുന്ദരികളായ എയര്‍ ഹോസ്റ്റസുമാര്‍ പദ്യം പകര്‍ന്ന് നല്‍ കുന്നത് പലര്‍ക്കും സ്വര്‍ഗീയാനുഭൂതിയാണത്രേ നല്‍കിയത്. ആദ്യമായി മദ്യം അകത്താക്കുന്ന പലരും കൂടുതല്‍ വാചാലരാകുന്നതും വൃത്തികേടുകള്‍ക്ക് മുതിരുന്നതുമൊക്കെ പലപ്പോഴും വാര്‍ത്തയായും മിക്കപ്പോഴും വാര്‍ത്തയാവാതെയും മിക്ക വിമാനങ്ങളിലും സംഭവിക്കുന്നുണ്ടെന്നതാണ് ശരി. വളരെ പരിമിതമായ അളവില്‍ മദ്യം നല്‍കാനാണ് ഓരോ വിമാന കമ്പനികളും നിര്‍ദേശിക്കാറുള്ളത്. എന്നാല്‍ മദ്യപാനം പ്രോല്‍സാഹിപ്പിക്കുന്ന നിലപാടാണ് എയര്‍ഹോസ്റ്റസുമാര്‍ പലരും സ്വീകരിക്കുന്നത്. അധികം യാത്രക്കാരും മദ്യം കഴിക്കാത്ത സാഹചര്യങ്ങളില്‍ കഴിക്കുന്നവര്‍ക്കും രണ്ടും മൂന്നും പ്രാവശ്യമൊക്കെ മദ്യം നല്‍കുകയും ബോധം നശിക്കുമ്പോള്‍ നടത്തുന്ന പരാക്രമങ്ങള്‍ക്ക് അവര്‍ തന്നെ വിധേയമാകുന്നതും പല യാത്രകളിലും ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. 
വിമാനത്തില്‍ വെച്ച് മദ്യം നുകരുന്ന പ്രവാസികളില്‍ പലരും അവസരം ലഭിക്കുമ്പോള്‍ മദ്യം കഴിക്കുന്നു. പല ഗള്‍ഫ് നാടുകളിലും വളരെ നിയന്ത്രിതമായ രീതിയിലാണ് മദ്യം വിപണനം ചെയ്യപ്പെടുന്നത്.മദ്യപിക്കുന്നതിനും മദ്യം വാങ്ങുന്നതിനുമൊക്കെ പെര്‍മിറ്റുള്ളവര്‍ സ്വന്തം അകത്താക്കുന്നതോടൊപ്പം മദ്യ വില്‍പനയും നടത്താറുണ്ടത്രേ. ചുരുങ്ങിയ വിലക്ക് ലഭിക്കുന്ന മദ്യം കൂടിയ വിലക്ക് വിറ്റ് പണമുണ്ടാക്കുന്നവരും പ്രവാസികളിലെ പ്രതിഭാസങ്ങളാണെന്ന് പറയപ്പെടുന്നു. സ്വയം നശിക്കുന്നതോടൊപ്പം മറ്റുള്ളവരേയും നശിപ്പിക്കുന്ന നികൃഷ്ടരാണ് ഇക്കൂട്ടര്‍. മലയാളികള്‍ക്ക് സൗകര്യപ്രദമായി മദ്യപിക്കുവാന്‍ സ്റ്റാര്‍ ഹോട്ടലുകള്‍ ഒരുക്കുന്നതും മലയാളികള്‍ തന്നെയാണന്നതാണ് മറ്റൊരു കാര്യം. സമൂഹങ്ങളെ നശിപ്പിക്കുന്ന ഇത്തരം വ്യവസായങ്ങളേയും സംരംഭകരേയും സമൂഹം തിരിച്ചറിയേണ്ടിയിരിക്കുന്നു. 
ഈയിടെ വായിച്ച കേരള മദ്യ നിരോധന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടരി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്റെ അഭിമുഖത്തിലെ ചില വരികള്‍ സാന്ദര്‍ഭികമായി ഇവിടെ ഓര്‍ക്കുകയാണ്. ഒരാള്‍ തെറ്റു ചെയ്യുന്നതിലും എത്രയോ വലിയ പാതകമാണ് മറ്റുള്ളവരെ തെറ്റിലേക്ക് നയിക്കുക എന്നത്. മദ്യം വില്‍ക്കുന്നത് കുടുംബം പുലര്‍ത്താനാണെന്ന് പറയുന്നവര്‍ കുടുംബം പോറ്റാനായി മക്കളെ വേശ്യാവൃത്തിക്കയക്കുന്ന രക്ഷിതാക്കളേക്കാളും നികൃഷ്ടരാണെന്നാണ് അദ്ദേഹം പറഞ്ഞത്. 
പ്രവാസത്തിന്റെ വരണ്ട നിമിഷങ്ങളില്‍ ഏതൊക്കെയോ സാഹചര്യത്തില്‍ ലഹരി നുരഞ്ഞ് ശീലിക്കുന്ന മിക്കവരും ഗതി പിടിക്കാതെ നശിക്കുന്നതാണ് നാം കാണുന്നത്. കുടുംബ സാഹര്യങ്ങളും തൊഴില്‍ മേഖലയുമൊക്കെ അവര്‍ക്ക് നഷ്ടങ്ങളാണ് സമ്മാനിക്കുന്നത്. സ്‌നേഹത്തിന്റെ വിളനിലമായ കുടുംബാന്തരീക്ഷങ്ങള്‍ ലഹരിയുടെ അഭിശപ്ത താഴ്‌വരായി അധപതിക്കുമ്പോള്‍ അവിടെ സംഭവിക്കുന്ന അധാര്‍മികതകള്‍ക്ക് കയ്യും കണക്കുമില്ല. ഭാര്യാ ഭര്‍ത്താക്കന്മാര്‍ മാത്രമല്ല കുട്ടികളും ലഹരിയുടെ അടിമകളായി തീരുന്നു. ഗള്‍ഫിലെ ഇടുങ്ങിയ പല ഫഌറ്റുകളുടേയും ഇടയില്‍ ലഹരി വിതക്കുന്ന നാശത്തിന്റെ ആഴം ഭാവനക്കതീതമാണ്. 
ലഹരി നുരയുന്ന ഭര്‍ത്താവ് മറ്റു സ്ത്രീകളുമായി കിടക്ക പങ്കിടുന്നതും ലഹരിയില്‍ ബോധം തളര്‍ന്ന ഭാര്യ പര പുരുഷനെ പ്രാപിച്ചതുമൊന്നും കഥകളല്ല, സംഭവങ്ങളാണ്. സ്ഥിരമായി മദ്യപിക്കുന്ന കുടുംബനാഥന്റെ മുന്നില്‍ മാന്യയായി നില്‍ക്കുന്ന ഭാര്യമാര്‍ പലപ്പോഴും ഭര്‍ത്താക്കന്മാരുടെ അഭാവത്തില്‍ മദ്യലഹരിയില്‍ അഴിഞ്ഞാടുകയും എല്ലാ വേകുാത്തരങ്ങള്‍ക്കും സാഹചര്യമൊരുക്കുകയും ചെയ്യാറുകുത്രേ. ഈയിടെ പതിനൊന്നാം കഌസിലെ ചില പെണ്‍കുട്ടികള്‍ ഇന്റര്‍വെല്ലിന് ശേഷമുളള ക്ലാസില്‍ വിചിത്രമായി പെരുമാറാന്‍ തുടങ്ങി. വല്ലാതെ സംസാരിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്ത ഈ കുട്ടികളെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ പുറത്തു വന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. പിതാവിന്റെ മദ്യ കുപ്പിയില്‍ നിന്നും അല്‍പം വാട്ടര്‍ബോട്ടിലിലാക്കി സ്‌ക്കൂളിലേക്ക് കൊണ്ടുവരികയും ഇടവേള സമയത്ത് അകത്താക്കുകയും ചെയ്തിരിക്കുന്നു. വിശേഷാവസരങ്ങളിലൊക്കെ അവര്‍ ഇങ്ങനെ ചെയ്യാറുണ്ടത്രേ. പ്രവാസത്തിന്റെ നൊമ്പരങ്ങളും വിഹ്വലതകളും മാത്രമല്ല ജീവിതത്തില്‍ മാതൃകയാവേകു രക്ഷിതാക്കളുടെ ദുര്‍നടപ്പുകളാണ് വളരുന്ന തലമുറയെ നശിപ്പിക്കുന്നതെന്ന അത്യന്തം വേദനാജനകമായ വിവരങ്ങളാണ് ഈ സംഭവങ്ങളൊക്കെ നമ്മോട് പറയുന്നത്. 
പ്രവാസത്തിന്റെ പരീക്ഷണങ്ങളെ അതിജീവിച്ച് സ്വന്തമായി വീടും കുടുംബവുമൊക്കെയായി കഴിയുകയായിരുന്നു ബാലന്‍. ഭാര്യയും മക്കളുമെന്നാല്‍ അവന് ജീവനായിരുന്നു. ജോലിയിലും മിടുക്കന്‍. തരക്കേടില്ലാത്ത ശമ്പളവും. കുറഞ്ഞ സമയം കൊകു് തന്നെ സ്വന്തമായി കുറച്ച് സ്ഥലം, ഒരു പുരയിടം എന്നിവ സ്വന്തമാക്കി നാട്ടിലെന്തെങ്കിലും ഏര്‍പാട് നോക്കാമെന്ന് കരുതിയാണ് ബാലന്‍ ഗള്‍ഫില്‍ നിന്നും മടങ്ങിയത്. പക്ഷേ സംഭവങ്ങളൊന്നും ബാലന്‍ വിചാരിച്ച പോലെ നടന്നില്ല. റബ്ബര്‍ പന്ത് കണക്കെ ബാലന്‍ വീണ്ടും ഗള്‍ഫിലെത്തി. ഈ സമയത്താണ് മദ്യത്തിനടിമപ്പെട്ട ചില ദുഷ്ടരുമായി ബാലന് ചങ്ങാത്തമുണ്ടാവുന്നത്. ക്രമേണ മദ്യത്തിനടിമയായ ബാലന് ജോലിയില്‍ താല്‍പര്യം നഷ്ടപ്പെട്ടു. വീട്ടുകാരുമായും ബന്ധുക്കളുമായുമൊക്കെ നിരന്തരം വഴക്കടിച്ചു. ഒടുവില്‍ ജോലി തന്നെ ഉപേക്ഷിച്ച് ഗള്‍ഫ് വിട്ടു. അധികം താമസിയാതെ വിവാഹ മോചനം നടത്തുകയും വീടും സ്ഥലവുമൊക്കെ വിറ്റ് നശിപ്പിക്കുകയും ചെയ്തുവെന്നാണ് കേട്ടത്. ലഹരി തകര്‍ത്ത ജീവിതത്തിന്റെ ഒറ്റപ്പെട്ട ഉദാഹരണമല്ല ഇത്. പ്രവാസമെന്നത് കടലിലേക്ക് മീന്‍ പിടിക്കാന്‍ പോകുന്നതുപോലെയാണ്. ചിലര്‍ക്ക് വമ്പന്‍ സ്രാവുകളാണ് വലയില്‍ കിട്ടുക. മറ്റു ചിലര്‍ക്ക് ചാളപോലത്തെ ചെറിയ മല്‍സ്യങ്ങളും.

ഏറ്റിയാല്‍ പൊന്താത്ത ഭാരവും അസാധാരണമായ സ്വപ്‌നങ്ങളുമായി പ്രവാസ ഭൂവിലെത്തുന്ന പ്രവാസി മാനസിക സംഘര്‍ഷങ്ങളുടേയും സമ്മര്‍ദ്ദങ്ങളുടേയുമിടയില്‍ ലഹരിയുടെ പിടിയിലമരാതിരിക്കുവാനുള്ള സാമൂഹിക പരിസരമൊരുക്കുക എന്നത് പൊതുബാധ്യതയാണ്. ആരോഗ്യകരമായ ഈ പരിസരത്തിന്റെ അഭാവം സ്ഥിതി ഗതികള്‍ കൂടുതല്‍ വഷളാക്കുമെന്നതില്‍ തര്‍ക്കമില്ല. പ്രവാസികള്‍ എല്ലാവരാലും നിരന്തരം ചൂഷണം ചെയ്യപ്പെടുകയാണ്. സ്വന്തം കുടുംബവും സമൂഹവും ഗവണ്‍മെന്റുമെല്ലാം അവരെ പിഴിയുന്നു. അവരുടെ മാനസികവും ശാരീരികവുമായ യാതൊരു വിഷയങ്ങളിലും താല്‍പര്യം കാണിക്കാതെയോ പരിഗണിക്കാതെയോ ആണ് പ്രവാസികളെ എല്ലാവരും ചൂഷണം ചെയ്യുന്നത്. പ്രവാസിയുടെ അത്തറിന്റേയും പളപളക്കുന്ന സില്‍ക് കുപ്പായത്തിന്റേയുമിടയില്‍ പലപ്പോഴും തേങ്ങുന്ന ഒരു മനസ്സും നൊമ്പരപ്പെടുന്ന ഒരു ഹൃദയവുമുണ്ടെന്ന കാര്യം ആലോചിക്കുവാന്‍ ആര്‍ക്കും സമയമില്ല. നിരന്തരം ചൂഷണം ചെയ്യപ്പെടുവാന്‍ പ്രവാസിയുടെ ജീവിതം ഇനിയും ബാക്കി. പ്രവാസികള്‍ മെഴുകുതിരി പോലെയാണ്. സ്വന്തക്കാരുടേയും ബന്ധുക്കളുടേയും സമൂഹത്തിന്റേയും സര്‍വോപരി സംസ്ഥാനത്തിന്റേയും ഉന്നമനത്തിനായി സ്വയം ഉരുകിത്തീരുന്ന മെഴുകു തിരികള്‍. വേദനകളും യാതനകളും പങ്കുവെക്കാനാളില്ലാതെ, അക്ഷരാര്‍ഥത്തില്‍ മാനസിക സംഘര്‍ഷങ്ങളുടേയും സമ്മര്‍ദ്ധങ്ങളുടേയും തീ ചൂളയിലമരുന്ന മെഴുകുതിരികള്‍. 
പ്രവാസികള്‍ക്ക് മാനസിക ഉദ്‌ബോധനവും കൗണ്‍സിലിംഗും നല്‍കുവാന്‍ എംബസികളില്‍ കൗണ്‍സിലിംഗ് സംവിധാനമേര്‍പ്പെടുത്തണമെന്ന ആവശ്യം ഉയരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും ക്രിയാത്മക നടപടികളൊന്നും ഇതുവരേയുമുണ്ടായിട്ടില്ല. മനസിന് ശക്തി പകരാനും പ്രയാസങ്ങള്‍ ലഘൂകരിക്കുവാനും കൗണ്‍സിലിംഗുകള്‍ക്ക് സാധിക്കുമെന്നതിനാല്‍ ഈ രംഗത്ത് ഗവണ്‍മെന്റിന്റെ സജീവ ശ്രദ്ധ പതിയേണ്ടതുണ്ട്. പ്രവാസികളുടെ മാനസിക സമ്മര്‍ദ്ധങ്ങള്‍ ലഘൂകരിക്കുന്നതിനും ഉല്ലാസം നല്‍കുന്നതിനും സഹായകമായ വിനോദ പരിപാടികളും കലാകായിക പ്രവര്‍ത്തനങ്ങളും വളരെ പ്രധാനമാണ്. പ്രവാസ ലോകത്ത് നിരവധി സംഘടനകളും കൂട്ടായ്മകളും ഉണ്ടെങ്കിലും മൊത്തം പ്രവാസികളിലെ വളരെ ചുരുങ്ങിയ ശതമാനം ആളുകള്‍ മാത്രമാണ് ഇത്തരം സംരംഭങ്ങളുടെ ഭാഗമാകുന്നത്. മഹാ ഭൂരിഭാഗം പേരും തങ്ങളുടെ ഇടുങ്ങിയ ഫഌറ്റുകളിലോ ലാബര്‍ ക്യാമ്പുകളിലോ ബന്ധിതരാണ്. മുഴുവന്‍ ആളുകള്‍ക്കും ഉപകാരപ്രദമായ രീതിയിലുള്ള പരിപാടികള്‍ ആവിഷ്‌ക്കരിക്കുകയും സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളുംഗുണഭോക്താക്കളാവുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ മാനസികാരോഗ്യ രംഗത്ത് വമ്പിച്ച മാറ്റമുണ്ടാകും. ഇത് ലഹരി ഉപഭോഗത്തിന്റേയും മറ്റു തിന്മകളുടേയും സാഹചര്യങ്ങളാണ് ഇല്ലാതാക്കുക. 
സംസ്ഥാനത്ത് നടക്കുന്ന ഒട്ടുമിക്ക നിക്ഷേപ തട്ടിപ്പുകളുടേയും പ്രധാന ഇരകള്‍ പലപ്പോഴും പ്രവാസികളാണ്. എളുപ്പത്തില്‍ പറഞ്ഞ് പറ്റിക്കാന്‍ പറ്റുന്ന പ്രവാസികളുടെ മനോനിലയും അവസ്ഥാവിശേഷങ്ങളും ഏറെ സങ്കീര്‍ണമാണ്. ആകര്‍ഷകമായ വരുമാനം ലഭിക്കുന്ന പദ്ധതികളെക്കുറിച്ച് കേള്‍ക്കുമ്പോള്‍ അതിലേക്ക് ചാടി വീഴുവാന്‍ ഓരോ പ്രവാസിയേയും പ്രേരിപ്പിക്കുന്നത് അവന്‍ അനുഭവിക്കുന്ന പ്രയാസങ്ങളുടെ സമ്മര്‍ദ്ധങ്ങളാണ്. വര്‍ഷങ്ങളായി താന്‍ ചോരനീരാക്കിയുണ്ടാക്കിയ സമ്പാദ്യം ഒരു സുപ്രഭാതത്തില്‍ നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന അവസ്ഥ ഊഹിക്കാവുന്നതാണല്ലോ. നമ്മുടെ സംസ്ഥാനം ബ്രോക്കര്‍മാരുടെ പറുദീസയായി അധപതിച്ചിരിക്കുന്നു. എല്ലായിടങ്ങളിലും ബ്രോക്കര്‍മാരുടെ വിളയാട്ടം. റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍മാരും കല്യാണബ്രോക്കര്‍മാരുമെന്നുവേണ്ട ജീവിതത്തിന്റെ ഓരോ മുഖങ്ങളിലും ഈ വിഭാഗത്തിന്റെ അഴിഞ്ഞാട്ടം ഏറെ പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നത്. കാര്യങ്ങളെ യഥാവിധം അവതരിപ്പിക്കാതെ പൊടിപ്പും തൊങ്ങലും വെച്ചാണ് ഇക്കൂട്ടര്‍ കൈകാര്യം ചെയ്യുന്നത്. ചുരുങ്ങിയ അവധിക്ക് നാട്ടിലെത്തുന്ന പ്രവാസി ഇത്തരക്കാരുടെ കുതന്ത്രങ്ങള്‍ തിരിച്ചറിയാതെ കെണിയില്‍ ചാടുന്നു. കൊടിയ വഞ്ചനക്കും ചൂഷണങ്ങള്‍ക്കും നിരന്തരം വിധേയമാകുന്ന പല പ്രവാസികളും മനോനില തകര്‍ന്ന്് ലഹരിയില്‍ അഭയം തേടുന്ന എത്രയോ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 
കുടുംബവും കുട്ടികളും തങ്ങളുടെ പ്രതീക്ഷക്കൊത്തുയരാത്തതാണ് പ്രവാസി സമൂഹത്തിന്റെ മാനസിക നില തകര്‍ക്കുന്ന മറ്റൊന്ന്്. മരുഭൂമിയില്‍ പ്രയാസപ്പെട്ട് തന്റെ ജീവിതത്തിന്റെ വിലപ്പെട്ട നാളുകള്‍ ചിലവഴിക്കുന്ന ഓരോ പ്രവാസിയും തന്റെ മക്കളുടേയും കുടുംബത്തിന്റേയും സന്തോഷവും പുരോഗതിയുമാണ് സ്വപ്‌നം കാണുന്നത്. എന്നാല്‍ തന്റെ പ്രതീക്ഷകള്‍ തകര്‍ക്കുന്ന സമീപനവും നിലപാടുകളും ഇവരുടെ ഭാഗത്തുനിന്നുമുണ്ടാകുമ്പോള്‍ പലപ്പോഴും താങ്ങാന്‍ കഴിയാതെ വരും. പ്രവാസമെന്നത് പലപ്പോഴും വലിയൊരു പരീക്ഷണമാണ്. ജീവിതത്തിലെ വലിയൊരു ത്യാഗമാണ്. കുടുംബത്തിന്റെ, സമൂഹത്തിന്റെ, സംസ്ഥാനത്തിന്റെ എന്തിനേറെ രാജ്യത്തിന്റെ മൊത്തം സാമ്പത്തികവും തൊഴില്‍പരവുമായ സ്ഥിതി ആശ്രയിക്കുന്നത് കൂടുതലും പ്രവാസികളെയാണ്. അതിനാല്‍ പ്രവാസികള്‍ ലഹരിയുടെ പിടിയില്‍പെടുമ്പോള്‍ പ്രത്യാഘാതങ്ങള്‍ കൂടുതല്‍ ഗുരുതരമായിരിക്കുമെന്ന് നാം തിരിച്ചറിയുക. 
മതിലുകള്‍ക്കകത്ത് വികാരങ്ങളും വിചാരങ്ങളും തടങ്കലിലാക്കിയ ഒരു സമൂഹത്തിന് ആത്മാര്‍ഥമായ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റേയും ശാദ്വലതീരങ്ങളിലേക്കെത്താനാവില്ല. കറകളഞ്ഞ മനുഷ്യ സ്‌നേഹവും സാഹോദര്യവും അണപൊട്ടിയൊഴുകുന്ന സാമൂഹ്യ പരിസരത്താണ് മാനസികാരോഗ്യവും സാമൂഹ്യ സൗഹാര്‍ദ്ധവും വളര്‍ന്നു പരിലസിക്കുന്നത്. ഇത്തരമൊരു സാമൂഹ്യ ചുറ്റുപാടിന്റെ അഭാവമോ ദൗര്‍ബല്യമോ ആണ് പ്രവാസി സമൂഹത്തില്‍ വിഷാദരോഗങ്ങളും ലഹരി ഉപഭോഗവുമൊക്കെ വളരാന്‍ കാരണമായതെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കാരണമറിഞ്ഞുകൊണ്ടുള്ള പ്രതിവിധിയും ചികില്‍സയുമാണ് ഈ രംഗത്ത് പ്രസക്തമായിട്ടുളളത്. 

Releated Stories