logo

Latest News യൂത്ത് ഫോറം ഇന്റര്‍ സ്‌കൂള്‍ കോമ്പറ്റീഷന്‍സ്: എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍   *    എ.പി അസ്‌ലം അവാര്‍ഡ്‌സ് - 2017 നോമിനേഷനുകള്‍ ക്ഷണിക്കുന്നു   *    പ്രതിഭകളെ യൂത്ത്‌ഫോറം ആദരിച്ചു.   *    വണ്‍ ഇന്ത്യ അസോസിയേഷന്‍ പ്രവാസി ക്ഷേമ പദ്ധതി സെമിനാര്‍ സംഘടിപ്പിച്ചു.   *    കഴിഞ്ഞ വര്‍ഷം ഖത്തറില്‍ പുകവലി നിര്‍ത്തിയത് 30% പേര്‍   *    ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് രണ്ടാം സ്ഥാനം   *    എസ്‌.ഐ.ഒ സ്ഥാപക ദിനം: ദഅവത്ത് നഗർ ഏരിയ ആചരിച്ചു   *    മംവാഖ് വനിതാ വേദി കവിതാ രചന വിജയികളെ പ്രഖ്യാപിച്ചു   *    ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ വിതരണം ചെയ്തു.   *    ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം   *    ഖത്തര്‍ -യുഎസ് ഉഭയകക്ഷി സാധ്യതകള്‍ ദോഹ ബാങ്ക് സെമിനാര്‍ സംഘടിപ്പിച്ചു.   *    ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മ 'നടുമുറ്റം'   *    ഗീത വിജയകുമാര്‍ അന്തരിച്ചു   *    ദോഹ മദ്‌റസ പഠനസഹവാസം സംഘടിപ്പിച്ചു   *    കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം. ഐ.സി.സി പ്രസിഡന്റ്   *    അക്രമവും നാടുകടത്തലും ഫാഷിസ്റ്റ് ശൈലി: ഷാനവാസ് ഖാലിദ്   *    വേങ്ങര മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു   *    ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി   *    ലുലുവില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന്‍   *    എം എ ബേബിക്ക് സംസ്കൃതി സ്വീകരണം നൽകി   *    ഈദ് - ഓണം പരിപാടി സംഘടിപ്പിച്ചു   *   

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ലഹരി തകര്‍ക്കുന്ന ജീവിതങ്ങള്‍ (7)

img

ഒരു തലമുറയുടെ ധാര്‍മിക ബോധത്തെ തന്നെ കെടുത്തി ക്കളയുന്ന മദ്യ വിപത്തിനെതിരെ കണിശമായ തീരുമാനങ്ങളെടുക്കുവാന്‍ ഗവണ്‍മെന്റുകള്‍ തയ്യാറാവുകയും സന്നദ്ധ സംഘങ്ങളും കൂട്ടായ്മകളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്താല്‍ സമൂഹത്തെ രക്ഷിക്കുവ്ന്‍ കഴിയുമെന്നാണ് മദ്യ വിരുദ്ധ പ്രവര്‍ത്തകര്‍ കരുതുന്നത്. കേരള മദ്യ നിരോധന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞി കൃഷ്ണന്‍ മാസ്റ്ററുടെ വാക്കുകള്‍ കടമെടുത്ത് പറഞ്ഞാല്‍, കേരളീയ സാമൂഹ്യ ജീവിതത്തില്‍ മദ്യം കണ്ണീരിന്റെ കഥകളാണ് കുറിച്ചിട്ടത്. അപകടം, ആത്മഹത്യ, കുടുംബകലഹം, കൊലപാതകം, പിടിച്ചു പറി, മോഷണം തുടങ്ങി ദുരന്ത ചിത്രങ്ങളുടെ പശ്ചാത്തലത്തിലൊക്കെ കുടിച്ചൊഴിഞ്ഞ മദ്യ കുപ്പികളുടെ നിഴലാട്ടം കാണാം. നിയമവിധേയമായും അല്ലാതെയും മദ്യം നമ്മുടെ നാട്ടിലങ്ങോളമിങ്ങോളം ഒഴുകുകയാണ്. 

കേരളത്തില്‍ മദ്യ ഷാപ്പുകളുടേയും ബാറുകളുടേയും എണ്ണം നിയന്ത്രിക്കണം. മദ്യത്തിന്റെ ലഭ്യത ഇല്ലാതാക്കുന്നതിലൂടെ ഒരു പരിധിവരെ ജനങ്ങളെ ലഹരിയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ കഴിയും. ലഭ്യതയാണ് ഉപഭോഗത്തിന്റെ മുഖ്യ കാരണമെന്നാണ് ഗാന്ധിജി പറഞ്ഞത്. പക്ഷേ മാറി മാറി വരുന്ന സര്‍ക്കാറുകളൊക്കെ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് മദ്യ ലോബിക്കനുഗുണമായ നിലപാടുകളാണ് സ്വീകരിക്കുന്നത്. മദ്യ വില്‍പനക്ക് സൗകര്യം നല്‍കുന്ന നടപടികളാണ് ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുമുണ്ടാകുന്നത്. സ്‌ക്കൂള്‍ കോളേജ് കാമ്പസുകളും വിദ്യാര്‍ഥികളുമൊക്കെ മദ്യപാനികളും ലഹരി ഉപഭോക്്താക്കളുമാക്കുന്നതുമൊന്നും ഉത്തരവാദപ്പെട്ടവരുടെ കണ്ണുതുറപ്പിക്കുന്നില്ല എന്നതാകുമോ നമ്മുടെ ദുരവസ്ഥ. ജനാധിപത്യത്തിന്റെ ഗുണഫലങ്ങള്‍ സാധാരണക്കാര്‍ക്ക്് നിഷേധിക്കുന്ന നിലപാടാണ് ഭരണകൂടം സ്വീകരിക്കുന്നതെങ്കില്‍, ഭരണ ഘടന അനുശാസിക്കുന്ന മദ്യ നിരോധന നടപടികളുമായി മുന്നോട്ടുപോകുവാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകുന്നില്ലെങ്കില്‍ തികച്ചും ജനാധിപത്യ രീതിയില്‍ തന്നെ അവരെ പാഠം പഠിപ്പിക്കുവാനുള്ള ജനാധിപത്യ ബോധമെങ്കിലും നമ്മുടെ സമൂഹത്തിനുണ്ടാവണം. 

കേരളത്തിലെ ലഹരി ഉപഭോഗം ദേശീയ ശരാശരിയുടെ മൂന്നിരട്ടിയാണ്. സാക്ഷര സാംസ്‌കാരിക സംസ്ഥാനത്തിന് അപമാനകരമാണിത്. 5000 കോടിയുടെ മദ്യമാണേ്രത പ്രതി വര്‍ഷം സംസ്ഥാനത്ത് വില്‍പന നടക്കുന്നത്. കേരളം കുടിയനമാരുടെ നാടാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്യുവാന്‍ തുടങ്ങിയിരിക്കുന്നു. ചില കണക്കുകളനുസരിച്ച് മദ്യത്തില്‍ നിന്നും ലഭിക്കുന്ന വരവിനേക്കാള്‍ കൂടിയ തുകയാണ് മദ്യവും ലഹരി പദാര്‍ഥങ്ങളും സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ക്കായി സര്‍ക്കാര്‍ ചിലവഴിക്കേണ്ടി വരുന്നത്. പിന്നെ എന്തിനാണ് മദ്യ ഷോപ്പുകളും ബാറുകളും അനുവദിക്കുന്നത്. മദ്യ ലോബിയുടെ മറവില്‍ ആരാണ് നേട്ടം കൊയ്യുന്നത്. സാധാരണക്കാരെ കുരുതി കൊടുത്ത് തടിച്ചുകൊഴുക്കുന്ന മദ്യ രാജാക്കന്മാരും സില്‍ബന്ധികളും മനുഷ്യ സമൂഹത്തിന്റെ പൊതു ശത്രുക്കളും നികൃഷ്ടരുമാണെന്ന തിരിച്ചറിവാണ് വേണ്ടത്. 

മദ്യലോബിയുടെ ഒത്താശകളോ പിന്തുണയോ വേണ്ടെന്ന് വെക്കുവാനുള്ള രാഷ്ട്രീയ പ്രബുദ്ധതയും ഇച്ഛാശക്തിയുമാണ് നേതൃത്വത്തിനുണ്ടാവേണ്ടത്്. വാക്കും പ്രവര്‍ത്തിയും സമന്വ.യിക്കുന്ന ആത്മാര്‍ഥത കൈമുതലാക്കിയ രാഷ്ട്രീയ നേതൃത്വത്തിന് ഈ ഭാഗത്തുനിന്നും മുഖം തിരിക്കുവാന്‍ കഴിയുമോ വര്‍ഷം തോറും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മദ്യദുരന്തങ്ങള്‍ നടക്കുന്നു. നിരവധി മനുഷ്. ജീവനുകള്‍ പൊലിയുന്നു. കുടുംബങ്ങള്‍ അനാഥമാകുന്നു. എന്നിട്ടും ഈ വിപത്ത് സംസ്ഥാനത്ത് പരസ്യമായി പ്രചാരം നേടുന്നതും മാന്യതയുടെ മൂടു പടമണിയുന്ന നേതൃത്വം കയ്യുംകെട്ടി നോക്കി നില്‍ക്കുന്നതും മനസാക്ഷി മരവിച്ചിട്ടില്ലാത്ത ആര്‍ക്കും സഹിക്കാനാവില്ല. കരള്‍ , വൃക്ക , പാന്‍ക്രിയാസ്, ശ്വാസകോശം കുടല്‍ തുടങ്ങി ആന്തരാവയങ്ങള്‍ മൊത്തം തകരാറിലാക്കുന്ന മദ്യം മനസിനേയും ബുദ്ധിയേയുമൊക്കെ നശിപ്പിക്കുന്നു. ക്രിയാത്മകതയുടേയും നന്മയുടെ തിരി നാളങ്ങളെ ഊതിക്കെടുത്തുകയാണ്. ജന്തുക്കള്‍ക്ക് ഇര, ഇണ എന്നീ രണ്ട് ജന്മവാസനകളാണുള്ളത്. മനുഷ്യന് ആത്മീയ ജന്മവാസന എന്നൊരു ഘടകം കൂടിയുണ്ട്. ഇതാണ് മനുഷ്യനെ മനുഷ്യനാക്കുന്നതും തെറ്റുകുറ്റങ്ങളില്‍ നിന്നും വിലക്കുന്നതും. ഈ ജന്മ വാസനയുടെ കര്‍മ കേന്ദ്രം തലച്ചോറുമായി ബന്ധപ്പെട്ടുകിടക്കുന്ന എമിഡാല എന്ന കോശ വ്യവസ്ഥയാണ്. അരുതായമയും ആകാവുന്നതും നമ്മെ ഓര്‍മിപ്പിക്കുന്നത് ഇതാണ്. മദ്യം അടിസ്ഥാനപരമായി ബാധിക്കുന്നത് ഈ കോസ വ്യൂഹത്തെയാണ്. അതോടെ എല്ലാ ആത്മീയ ചിന്തകളും ധാര്‍മിക മൂല്യബോധവുമൊക്കെ അവതാളത്തിലാകുന്നു. അതോടെ നന്മയുടെ, മനുഷ്യത്വത്തിന്റെ ആജ്ഞാശേഷി നിര്‍വീര്യമാവുകയും ബുദ്ധിയുടെ തിരി യണയുകയും ചെയ്യുന്നു. ഈയവസരത്തില്‍ എന്ത് വൃത്തികേടുകളും ചെയ്യവാന്‍ മനുഷ്യന്‍ തയ്യാറാകുന്നു. ഉദാഹരണങ്ങള്‍ ആവശ്യമില്ലാതെ വിധം സ്ഥിതിഗതികള്‍ മാറിയിരിക്കുന്നു. 

ലഹരി ഉപയോഗം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെപ്പറ്റി പഠിക്കാന്‍ നിയമിതമായ ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടനുസരിച്ച് രക്തത്തില്‍നിന്നും കരളിനും ഹൃദയത്തിനും ആമാശയത്തിനും നാഡീവ്യൂഹങ്ങള്‍ക്കും മനസ്സിനും ലഹരി വസ്തുക്കള്‍ ഉണ്ടാക്കുന്ന ആഘാതത്തിന്റെ അഗാധതയിലെത്തണമെങ്കില്‍ വൈദ്യശാസ്ത്ര സംബന്ധമായ ഒരു വലിയ പുസ്തകം തന്നെ എഴുതേണ്ടി വരും. ലഹരിക്കടിമപ്പെടുന്നവരില്‍ ഉന്മേഷക്കുറവ്, ഓര്‍മ്മക്കുറവ്, നാഡീതളര്‍ച്ച തുടങ്ങിയ വൈകല്യങ്ങള്‍ സര്‍വ്വസാധാരണമായി കണ്ടുവരുന്നു. ചിലപ്പോള്‍ പൊട്ടിച്ചിരിയും പൊട്ടിക്കരച്ചിലും കാണാനാകും. ലജ്ജ ഇത്തരക്കാരില്‍ അശേഷം കാണാറില്ല. കുടുംബത്തിന് അവരുണ്ടാക്കുന്ന പ്രശ്‌നങ്ങളെപ്പറ്റി അവര്‍ ബോധവാന്മാരല്ലതന്നെ. വികസ്വര രാജ്യങ്ങളിലും വ്യാവസായിക രാജ്യങ്ങളിലും മദ്യപാനം ലഹരിപദാര്‍ത്ഥങ്ങളുടെ അമിതതമായ ഉപയോഗവും ഒരു പൊതുജനാരോഗ്യപ്രശ്‌നമായി തീര്‍ന്നിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ ടെക്‌നിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നതു കൂടാതെ ലഹരി മൂലം മരണമടയുന്നവരുടെ എണ്ണം പല രാജ്യങ്ങളിലും വളരെ കൂടുതലാണെന്ന് സ്ഥിതിവിവര കണക്കുകള്‍ സൂചിപ്പിക്കുന്നു.

ആശുപത്രികളിലെ പരിശോധനാ റിപ്പോര്‍ട്ടുകളില്‍ നിന്നും രോഗ കാരണങ്ങളെ പറ്റിയുള്ള ഗവേഷണ പഠനങ്ങളില്‍ നിന്നും ലഹരിയുടെ മാരകമായ പ്രവര്‍ത്തനം മനസ്സിലാക്കാവുന്നതാണ്. റോഡപകടങ്ങളിലും ഗാര്‍ഹിക പ്രശ്‌നങ്ങളിലും മാനസിക രോഗങ്ങളിലും കുടുംബ കലഹങ്ങളിലുമൊക്കെ ലഹരിയുടെ പങ്ക് അവഗണിക്കാവുന്നതല്ല. ലോകവ്യപകമായ ആരോഗ്യനാശത്തിനും സാമൂഹ്യ അന്തഃഛിദ്രതക്കും ലഹരി പദാര്‍ത്ഥങ്ങളുടെ നിരന്തര ഉപഭോഗം ഇടവരുത്തുന്നുണ്ടെന്ന് ആഗോളാടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടുകളില്‍നിന്നും ഗ്രഹിക്കാവുന്നതാണ്. രാഷ്ട്രപുരോഗതിക്കു വിനിയോഗിക്കേണ്ട സമയവും സന്ദര്‍ഭവും ലഹരിയുടെ തീരാ കയങ്ങളില്‍ ഹോമിക്കപ്പെടുന്നതുകൊണ്ട് രാഷ്ട്രം പുരോഗതിയില്‍നിന്ന് പിന്തള്ളപ്പെടുമെന്ന് മാത്രമല്ല, ഒരു വലിയ സാമ്പത്തിക ഭാരം ഏല്‍ക്കേണ്ടി വരികയും ചെയ്യുന്നു.

അമിതമായ മദ്യപാനവും ലഹരി വസ്തുക്കളുടെ നിരന്തരമായ ഉപയോഗവും കരളിനെ ബാധിക്കുന്ന സാറോസിസ് രോഗത്തിന് കാരണമാകുന്നു. ഇത്തരം രോഗികളില്‍ മരണ സാധ്യത വളരെ കൂടുതലാണ്. വൈറസു മൂലം കരളിനെ ബാധിക്കുന്ന വൈറസ് ഹെപ്പിറ്റൈറ്റിസ് എന്ന രോഗവും ഇത്തരക്കാരില്‍ കണ്ടുവരുന്നുണ്ട്. അന്നനാള അര്‍ബ്ബുദം തലക്കും കഴുത്തിനും ബാധിക്കുന്ന അര്‍ബ്ബുദം , കുടലിനെ ബാധിക്കുന്ന അര്‍ബ്ബുദം തുടങ്ങിയവ മദ്യപാനവുമായി വളരെ ബന്ധപ്പെട്ട രോഗങ്ങളാണ്.ഊസാഫാജെറ്റി , ഗ്യാസ്‌ട്രൈറ്റിസ്, പാന്‍ക്രയാറ്റൈറ്റിസ് , ഹെപ്പാറ്റൈറ്റിസ് , കാര്‍ഡിയോമയോപതി , കോറോണറി അതറോസ്‌കളറോസിസ് , അഞ്ചിന തുടങ്ങിയ രോഗങ്ങളും ലഹരിക്കടിമപ്പെട്ടവരില്‍ കാണപ്പെടുന്നതായി ഗവേഷണ പഠനങ്ങള്‍ വ്യക്തമാക്കുന്നു. അതുപോലെതന്നെ ഹൃദയാഘാതം തലച്ചോറിലുള്ള രക്തസ്രാവം , അപസ്മാര മൂര്‍ച്ച , പക്ഷപാതം തുടങ്ങിയവയും ലഹരി ഉപഭോഗവുമായി ബന്ധപ്പെട്ട രോഗങ്ങളാണ്.

മദ്യപാനത്തിന്റെയും ലഹരി ഉപഭോഗത്തിന്റെയും വിപത്തുകള്‍ പുരുഷന്മാരെക്കാളധികം സ്ത്രീകളിലാണ് പ്രകടമാകുന്നത്. കരളിനെ ബാധിക്കുന്ന സിറോസിസ് , ഗര്‍ഭസ്ഥ ശിശുക്കളിലുണ്ടാവുന്ന വൈകല്യങ്ങള്‍ അതു മൂലം ശിശുവിന് ചെറിയ തല ചെറിയ താടിയെല്ല് , ചെറിയ കണ്ണുകള്‍ , ഹൃദയ വൈകല്യങ്ങള്‍, മാനസിക വളര്‍ച്ചയിലെ കുറവ് തുടങ്ങിയവ ലഹരിക്കടിമപ്പെടുന്ന സ്്രകീകളില്‍ കാണപ്പെടുന്നു. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ മദ്യപാനം തകരാറിലാക്കുന്നതുകാരണം നെഞ്ചിലെ രോഗസംക്രമണം ന്യൂമോണിയ, ശ്വാസകോശത്തിലെ നീര്‍വീക്കം, ചലം നിറയല്‍, ക്ഷയം തുടങ്ങിയവ മദ്യാസക്തരില്‍ സാര്‍വ്വത്രികമാണത്രെ.ലോകാരോഗ്യ സംഘടന 1980-ലെ ടെക്‌നിക്കല്‍ റിപ്പോര്‍ട്ടില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം കൊണ്ടേ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം സാദ്ധ്യമാകൂ എന്ന് അനുഭവ പാഠങ്ങള്‍ വെച്ച് സമര്‍ത്ഥിച്ചിട്ടുണ്ട്. പക്ഷേ വര്‍ഷങ്ങള്‍ കഴിയും തോറും സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകുന്നതാണ് നാം കാണുന്നത്. 

മദ്യമയക്കു മരുന്നുകളും മാദക ദ്രവ്യങ്ങളുമുയര്‍ത്തുന്ന ഭീഷണിയാണ് ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ അഭിനവ സമൂഹം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ആരോഗ്യപ്രശ്‌നം എന്നാണ് ചില ഗവേഷകര്‍ പറയുന്നത്. എല്ലാ രാജ്യങ്ങളിലും സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്‍മാരാണ് അതിമദ്യാസക്തിക്ക് അധീനരാകുന്നത്. എങ്കിലും കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളില്‍ അതിമദ്യാസക്തരായ സ്ത്രീകളുടെ എണ്ണം വളരെയധികം വര്‍ധിച്ചിട്ടുണ്ട്. അതിമദ്യാസക്തരുടെ ഇടയില്‍ അവിവാഹിതരും വിഭാര്യന്‍മാരും ഒട്ടധികമുണ്ട്. ഭൂരിപക്ഷം അതിമദ്യാസക്തരും മധ്യവയസ്‌കരാണ്. എല്ലാ സാമ്പത്തിക വിഭാഗങ്ങളെയും ഇതു ബാധിക്കുന്നു. വികസിതരാജ്യങ്ങളില്‍ അതിമദ്യാസക്തി വന്‍തോതിലുള്ള ധനവ്യയത്തിനും ജോലി സമയനഷ്ടത്തിനും കാരണമായ വലിയ ഒരു പ്രശ്‌നമായി തീര്‍ന്നിട്ടുണ്ട്. കുടുംബജീവിതത്തില്‍ അതിമദ്യാസക്തി വരുത്തിവയ്ക്കുന്ന കെടുതികള്‍ സ്ഥിതിവിവരക്കണക്കുകള്‍കൊണ്ടു മാത്രം വിവരിക്കാവുന്നതല്ല.

ജെല്ലിനെക് എന്ന വിദഗ്ധന്‍ അതിമദ്യാസക്തിയെ ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ, എപ്‌സിലോണ്‍ എന്നിങ്ങനെ അഞ്ചായി തിരിച്ചിരിക്കുന്നു. ആല്‍ഫാ വിഭാഗത്തിലുള്ളവര്‍ വളരെയധികം മദ്യം കഴിക്കുന്നു. എങ്കിലും നിയന്ത്രണാതീതരാകുന്നില്ല. വേണമെങ്കില്‍ മദ്യപാനം പൊടുന്നനവേ നിര്‍ത്താനും ഇവര്‍ക്കു സാധിക്കും. എങ്കിലും മദ്യപാനത്തിന്റെ സാമൂഹികവും, സാമ്പത്തികവും, ശാരീരികവുമായ ദോഷഫലങ്ങളെ ഇവര്‍ക്കു ക്രമേണ നേരിടേണ്ടിവരുന്നു. മദ്യപാനംമൂലം കരള്‍!, ആമാശയം, ഞരമ്പുകള്‍ എന്നീ അവയവങ്ങള്‍ക്ക് രോഗബാധയുണ്ടാകുന്നവര്‍ ബീറ്റാ വിഭാഗത്തില്‍പെടുന്നു. മദ്യം കൈവെടിയാന്‍ നിവൃത്തിയില്ലാത്തവിധം ശാരീരികവും മാനസികവുമായി അതിനു പരിപൂര്‍ണ അടിമകളായി തീരുന്നവരാണ് ഗാമാ വിഭാഗത്തില്‍പെട്ടവര്‍.

മദ്യപാനം നിര്‍ത്താന്‍ കഴിവില്ലെങ്കിലും കുടിക്കുന്ന മദ്യത്തിന്റെ അളവ് നിയന്ത്രിക്കാന്‍ സാധിക്കുന്നവരെയാണ് ഡെല്‍റ്റാ വിഭാഗത്തില്‍ പെടുത്തിയിരിക്കുന്നത്. വന്‍തോതില്‍ മദ്യനിര്‍മാണം നടക്കുന്ന രാജ്യങ്ങളില്‍ ഇങ്ങനെയുള്ളവര്‍ ധാരാളമുണ്ട്. എപ്‌സിലോണ്‍ വിഭാഗത്തില്‍പെടുന്ന അതിമദ്യപാനികള്‍ ഒരിക്കല്‍ മദ്യപാനം ആരംഭിച്ചാല്‍ പിന്നെ വളരെ ദിവസങ്ങളോളം അമിതമായി മദ്യപിക്കുകയും അതിനെ തുടര്‍ന്ന് കുറേനാളത്തേക്ക് മദ്യവര്‍ജകന്‍മാരായിരിക്കയും ചെയ്യുന്നു. അതിമദ്യാസക്തന്‍ ആദ്യഘട്ടത്തില്‍ വിരുന്നുകള്‍ തുടങ്ങിയ സാമുദായിക ചടങ്ങുകളില്‍ മറ്റുള്ളവരോടൊത്ത് മാത്രം മദ്യപിക്കുന്നു. തുടര്‍ന്നു മദ്യം കൈവരുത്തുന്ന മനഃശാന്തി കൂടുതല്‍ കൂടുതല്‍ മദ്യം കഴിക്കാന്‍ അയാളെ പ്രേരിപ്പിക്കുന്നു.

രണ്ടാം ഘട്ടത്തിലെത്തുമ്പോഴേക്ക് മദ്യം ഒരു പാനീയമെന്നുള്ള നിലയില്‍നിന്ന് അവശ്യം ആവശ്യമായ ഒരു ഔഷധമെന്ന നിലയിലേക്ക് മാറുന്നു. പലപ്പോഴും മദ്യം കഴിച്ചശേഷം കുറ്റബോധവും പശ്ചാത്താപവും ഈ ഘട്ടത്തില്‍ അയാള്‍ പ്രകടിപ്പിച്ചേക്കും. എങ്കിലും അടുത്ത നിമിഷംതന്നെ ഒളിവില്‍ മദ്യപിക്കാനും താന്‍ മദ്യപിച്ചിട്ടേയില്ല എന്ന് കളവുപറയാനും അതു ഫലിച്ചില്ലെങ്കില്‍ തന്റെ മദ്യപാനത്തെ വിവിധ കാരണങ്ങളുന്നയിച്ച് ന്യായീകരിക്കാനും ശ്രമിക്കുന്നു. അടുത്ത ഘട്ടത്തില്‍ മദ്യപാനം തികച്ചും നിയന്ത്രണാതീതമാകുന്നു. ഒറ്റയ്ക്കിരുന്ന് കുടിക്കുവാനും സമയഭേദമില്ലാതെ തുടര്‍ച്ചയായി കുടിക്കുവാനുമുള്ള പ്രവണത ഇവിടെ കാണിക്കുന്നു. ഈ ഘട്ടത്തില്‍ മദ്യപന്റെ ഏക ജീവിതലക്ഷ്യം, എങ്ങനെയെങ്കിലും തനിക്കാവശ്യമുള്ള മദ്യം സമ്പാദിക്കുക എന്നതാണ്. ബുദ്ധിപരവും സാന്‍മാര്‍ഗികവും സാമൂഹ്യവുമായ എല്ലാ തലങ്ങളിലും അധഃപതനം സംഭവിക്കുന്ന ഈ നിലയിലും മദ്യപാനത്തിനെതിരെ, തന്നെ ഗുണദോഷിക്കുന്നവരോട് അയാള്‍ക്ക് വിരോധം മാത്രമേ തോന്നുകയുള്ളു. തന്റെ പഴയ സുഹൃത്തുക്കളില്‍നിന്ന് അകന്നുമാറി, സാംസ്‌കാരികമായും സാമ്പത്തികമായും തന്നില്‍നിന്ന് വളരെ താണ നിലവാരത്തിലുള്ളവരോടുമാത്രം അയാള്‍ സമ്പര്‍ക്കം പുലര്‍ത്തുന്നു. മദ്യപാനത്തിന്റെ ഫലമായുണ്ടാകുന്ന പല മാനസികരോഗങ്ങളും പ്രത്യക്ഷമാകുന്നത് ഈ ഘട്ടത്തിലാണ്. മദ്യപാനം ആരംഭിച്ച് പത്തുപതിനഞ്ച് വര്‍ഷങ്ങള്‍കൊണ്ടായിരിക്കാം ഒരാള്‍ ഈ നിലയില്‍ എത്തിച്ചേരുന്നത്.

അതിമദ്യാസക്തി ഒരുവന്റെ കുടുംബജീവിതത്തെയും ഔദ്യോഗികജീവിതത്തെയും താറുമാറാക്കുകയും സാമൂഹ്യവും സാമ്പത്തികവും സാന്‍മാര്‍ഗികവുമായ അധഃപതനത്തിനു വഴിതെളിക്കുകയും ചെയ്യുന്നു. ഇതിനൊക്കെപ്പുറമേ പല തരത്തിലുള്ള ശാരീരികവും മാനസികവുമായ രോഗങ്ങള്‍ക്ക് അതു കാരണമായിത്തീരുകയും ചെയ്യുന്നു. ശരീരത്തിലെ മിക്ക അവയവങ്ങള്‍ക്കും അതിമദ്യപാനംമൂലം കേടുസംഭവിക്കുന്നു. വയറ്റില്‍വേദന, ഓക്കാനം, ഛര്‍ദി, വിശപ്പില്ലായ്മ തുടങ്ങിയ ആമാശയരോഗങ്ങള്‍ അതിമദ്യാസക്തരില്‍ സാധാരണമാണ്. കരളിനെ ബാധിക്കുന്ന രോഗങ്ങളില്‍ നല്ല പങ്കും ഇവരിലാണുണ്ടാകുന്നത്. മദ്യപാനത്തിന്റെ ഫലമായി സംഭവിക്കുന്ന ജീവകനാശം തലച്ചോറിനെയും ഞരമ്പുകളെയും ബാധിക്കുന്നു. അപസ്മാരരോഗികളില്‍ രോഗബാധയുണ്ടാകാനുളള സാധ്യത മദ്യപാനംമൂലം വര്‍ധിക്കുന്നു.

ഒരു വ്യക്തി അതിമദ്യാസക്തനാകുന്നതിന് ഒരു പ്രത്യേക കാരണം എടുത്തുകാണിക്കുവാന്‍ പലപ്പോഴും സാധ്യമല്ല. നേരേമറിച്ച് ശാരീരികവും, മാനസികവും, സാമൂഹ്യവുമായ പല കാരണങ്ങളുടെ നിരന്തരമായ പ്രതിപ്രവര്‍ത്തനത്തിന്റെ പരിണതഫലമാണ് അതിമദ്യാസക്തി. ബികോംപ്‌ളക്‌സ് എന്ന ജീവകത്തിലെ ചില ഘടകങ്ങള്‍ ഒട്ടും ഉള്‍ക്കൊള്ളാത്ത ഭക്ഷണം കൊടുത്തു വളര്‍ത്തിയ എലികള്‍ക്ക് മദ്യം കഴിക്കുന്നതിനുള്ള ആസക്തി വര്‍ധിച്ചതായും, ഭക്ഷണത്തിലുണ്ടായിരുന്ന കുറവ് പരിഹരിച്ചപ്പോള്‍ അവയുടെ മദ്യാസക്തി ഇല്ലാതെ ആയതായും പരീക്ഷണത്തില്‍ കാണപ്പെട്ടു. ഇതുപോലെയുള്ള നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി മനുഷ്യരിലുണ്ടാകുന്ന അതിമദ്യാസക്തിയുടെയും കാരണം ജീവരസതന്ത്രപരമായ വൈകല്യമായിരിക്കാമെന്നും ഈ കുറവ് പരമ്പരാഗതമായിരിക്കാമെന്നും റോജര്‍ ജെ. വില്യംസ് എന്ന ശാസ്ത്രജ്ഞന്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. പക്ഷേ, ജീവിതത്തിന്റെ ഒരു പ്രത്യേക ഘട്ടത്തില്‍മാത്രം ഒരു മനുഷ്യനെ അതിമദ്യാസക്തി ബാധിക്കുന്നതെന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉത്തരം നല്കാന്‍ ഈ സിദ്ധാന്തത്തിന് കഴിയുന്നില്ല.

അതിമദ്യാസക്തിക്ക് സാമൂഹ്യവും മാനസികവുമായ കാരണങ്ങളുണ്ട്. സാമൂഹ്യാചാരങ്ങളും ബാല്യകാലാനുഭവങ്ങളും ഒരുവന്റെ മദ്യാസക്തിയെ സാരമായി സ്പര്‍ശിക്കുമെന്നുള്ളതില്‍ സംശയമില്ല. പല മദ്യാസക്തരുടേയും ബാല്യകാലം കെട്ടുറപ്പില്ലാത്ത കുടുംബജീവിതവും മാതാപിതാക്കളോടുള്ള വൈകാരികമായ അകല്‍ച്ചയും മൂലം അസംതൃപ്തമായിരുന്നുവെന്നു കാണാം. അതിമദ്യാസക്തരുടെ കുട്ടികള്‍ പലപ്പോഴും മാതാപിതാക്കളുടെ മാതൃക പിന്‍തുടര്‍ന്ന് അതിമദ്യാസക്തരായിത്തീരുന്നു. മദ്യപാനം പൗരുഷത്തിന്റെയും ഉന്നതജീവിതരീതിയുടെയും ലക്ഷണമാണെന്ന മിഥ്യാബോധവും മദ്യാസക്തരുമായുള്ള സുഹൃദ്ബന്ധവും പലപ്പോഴും അതിമദ്യാസക്തിക്ക് കാരണമായിത്തീരുന്നു.

മാനസികമായ അസ്വസ്ഥതകള്‍ക്ക് മദ്യം താത്കാലികമായ ശമനം നല്കുന്നുവെന്നത് അതിമദ്യാസക്തിക്ക് ന്യായമായ ഒരു കാരണമാണ്. സാധാരണനിലയില്‍ വിഷാദാത്മകരും, നിരാശരും അപകര്‍ഷതാബോധമുള്ളവരും തങ്ങളുടെ വൈകാരികപ്രശ്‌നങ്ങളില്‍നിന്ന് രക്ഷനേടാന്‍ മദ്യത്തെ ആശ്രയിക്കുന്നു. തുടര്‍ന്ന് അധികം മദ്യം കഴിച്ച് ഈ താത്ക്കാലികാശ്വാസം നീട്ടിക്കൊണ്ടുപോകാന്‍ അവര്‍ ശ്രമിക്കുന്നു. ചിലരില്‍ ചിത്തഭ്രമം, ലഘുമനോരോഗം തുടങ്ങിയ മാനസികരോഗങ്ങളുടെ ഒരു ബാഹ്യലക്ഷണം മാത്രമായിരിക്കാം അതിമദ്യാസക്തി. ഈ രോഗത്തിനുള്ള ചികിത്സ താരതമ്യേന പ്രയാസമേറിയതും തദനുസരണഫലം ലഭിക്കാത്തതുമായ ഒന്നാകുന്നു. ചികിത്സകൊണ്ട് അതിമദ്യാസക്തരില്‍ നാലിലൊരുഭാഗം പേര്‍ക്ക് തൃപ്തികരമായും ബാക്കിയുള്ളവരില്‍ പകുതിപേര്‍ക്ക് ഭാഗികമായും ഗുണം സിദ്ധിക്കുന്നുവെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു.

അമിത മദ്യപത്വ ചികിത്സക്ക് മൂന്ന് ഘടകങ്ങളുണ്ട്. മദ്യപാനം കൊണ്ടോ പെട്ടെന്നു മദ്യപാനം നിര്‍ത്തിയതുകൊണ്ടോ ഉണ്ടാകുന്ന അസുഖങ്ങളുടെ ചികിത്സ, ചികിത്സാനന്തരം മദ്യപിക്കാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍, മദ്യപാനത്തിന് പ്രേരകമായ മാനസിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തല്‍ എന്നിവയാണവ. മരുന്നിനോടൊപ്പം വിശദമായ കൗണ്‍സിലിംഗും ബോധവല്‍ക്കരണവും നല്‍കിയാണ് മദ്യാസക്തി നിയന്ത്രിക്കുന്നത്. ഇതിന് കുടുംബവും ചുറ്റുപാടും സുഹൃത്തുക്കളുമൊക്കെ സഹകരിക്കുകയും , ലഹരി ഉപേക്ഷിച്ച് നല്ല മനുഷ്യനായി ജീവിക്കുവാനുള്ള സാമൂഹ്യ സാഹതര്യവും ജീവിത ചുറ്റുപാടും ശരിപ്പെടുത്തുകയും വേണം. 

മദ്യശീല വിമുക്തിക്കുള്ള അത്യാധുനിക ചികിത്സാ വിധികള്‍ നല്‍കുന്ന പല കേന്ദ്രങ്ങളും നാടിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കപ്പെടുന്നതോടെ മദ്യപാനം നിര്‍ത്തുന്നതുമൂലമുണ്ടായേക്കാവുന്ന എല്ലാ വൈഷമ്യങ്ങളും പൊടുന്നനെ പരിഹരിക്കാന്‍ കഴിയും. മദ്യപാനം നിര്‍ത്തുമ്പോഴുണ്ടാകുന്ന മാനസികാസ്വസ്ഥതകള്‍, ഉറക്കമില്ലായ്മ, കൈകാല്‍ വിറയല്‍ മുതലായവ മരുന്ന് ഉപയോഗിച്ച് നിയന്ത്രിക്കാനാവും. ചികിത്സാ കേന്ദ്രം വിട്ട ശേഷം മദ്യപാനത്തിലേക്ക് പോകുന്നത് തടയാന്‍ ആന്റബ്യൂസ് പോലുള്ള ഔഷധങ്ങളുപകരിക്കും. ഈ മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്ന ഒരാള്‍ ഇടക്ക് മദ്യം കഴിക്കാനിടയായാല്‍ പെട്ടെന്ന് മുഖവും കണ്ണും ചുവക്കല്‍, തലവേദന, ഹൃദയമിടിപ്പ് ഉയരല്‍, തലചുറ്റല്‍, നെഞ്ചുവേദന, ഓക്കാനം തുടങ്ങിയ അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നു. മരണ സാദ്ധ്യതയും കൂടുതലാണ്. ഇത്തരം അസ്വസ്ഥതകളില്ലാതാവാന്‍ രോഗി മദ്യം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനാകും. ഇതേ ഫലമുണ്ടാക്കുന്ന മറ്റൊരു മരുന്നാണ് സിട്രേറ്റഡ് കാത്സ്യം കാര്‍ബോമൈഡ്. മദ്യപാനിക്ക് മദ്യത്തോട് വെറുപ്പുളവാക്കാന്‍ ഉപയോഗിക്കുന്ന അരോചക ചിതിത്സ, സൈക്കോതെറാപ്പി എന്നിവയും പ്രചാരത്തിലുണ്ട്.

ചികിത്സയിലെ പരമപ്രധാനമായ ഒരു ഘടകം സൈക്കോതെറാപ്പി എന്നറിയപ്പെടുന്ന മാനസിക ചികിത്സാസമ്പ്രദായമാണ്. രോഗിയും ഡോക്ടറും തമ്മില്‍ അടുത്ത ബന്ധം ഉണ്ടാകുകയും, രോഗി തന്റെ പ്രശ്‌നങ്ങള്‍ തുറന്നു സംസാരിച്ച് അവയ്ക്ക് പരിഹാരം കണ്ടുപിടിക്കാന്‍ ശ്രമിക്കയും ചെയ്യുക എന്നതാണ് ഈ രീതിയുടെ അടിസ്ഥാനതത്ത്വം. രോഗികളെ ഒറ്റയ്ക്കും സംഘമായും ഈ ചികിത്സയ്ക്ക് വിധേയരാക്കുന്നത് പ്രയോജനകരമാണ്. ചുരുക്കത്തില്‍ ലഹരി പദാര്‍ത്ഥത്തിന്റെ ആഴവും വ്യാപ്തിയും നിത്യജീവിതത്തില്‍ നാം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. രാഷ്ട്രപുരോഗതിയെയും കുടുംബ ഭദ്രതയെയും സാരമായി ബാധിക്കുന്ന ഈ മാരക വിപത്തിനെതിരെ മനുഷ്യ നന്മയാഗ്രഹിക്കുന്ന എല്ലാ ദേശസ്‌നേഹികളും ഒറ്റക്കെട്ടായി അണിചേരേണ്ടതുണ്ട്.

റവന്യൂ വരുമാനത്തിന്റേയും തൊഴിലാളികളുടേയും തെറ്റായ കണക്കുകള്‍ അവതരിപ്പിച്ച് സര്‍ക്കാറുകള്‍ക്ക് അധിക കാലം പിടിച്ചു നില്‍ക്കാനാവില്ല. മദ്യത്തില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിലുമധികം അത് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹാരിക്കുവാന്‍ വേണ മെന്നായിരിക്കുന്നു. പ്രാഥമികമായും മദ്യ നിരോധനം സാധ്യമാണെന്ന തിരിച്ചറിവാണ് അധികാരികള്‍ക്ക് വേണ്ടത്. മദ്യം മനുഷ്യന്റെ പൊതു ശത്രു എന്ന നിലയില്‍ മാറ്റി നിര്‍ത്തപ്പെടേണ്ടതാണെന്നും അതിനെ ഘചട്ടം ഘട്ടമായി തൂത്തെറിയുകയും ചെയ്യുന്നതിനുള്ള സംവിധാനങ്ങളാണ് നമുക്കാവശ്യം. നമ്മുടെ സംസ്ഥാനത്തിന്റെ സാംസ്‌കാരിക പാരമ്പര്യവും ധാര്‍മിക സനാതന മൂല്യങ്ങളും സംരക്ഷിക്കുവാനും കുടുംബ മഹിമ ഉയര്‍ത്തി കാട്ടുവാനും ലഹരി എന്ന ശാപത്തെ കൂട്ടായ പരിശ്രമങ്ങളിലൂടെ പിഴുതെറിയണം. രാഷ്ടീയ നേതൃത്വം സാമൂഹായിക ശക്തികളും സന്നദ്ധ സംഘങ്ങളുമൊക്കെ കൂട്ടായി പരിശ്രമിച്ചാല്‍ ദൈവത്തിന്റെ സ്വന്തം നാട് സുര പാനത്തിന്റെ ദുരന്തങ്ങളില്‍ നിന്നും മോചിതമാകും. ടൂറിസം വികസനവും വ്യവസായിക വളര്‍ച്ചയുമൊക്കെ ലഹരി ഇല്ലാതെയും സാക്ഷാല്‍ക്കരിക്കാന്‍ കഴിയുമെന്ന് തെളിയിക്കുന്ന മനോഹരമായ സ്വപ്‌നമാണ് സാമൂഹ്യ പ്രവര്‍ത്തകര്‍ക്കുള്ളത്. ഇത് പക്ഷേ നേടിയെചുക്കാനുള്ള ഇച്ഛാ ശക്തി നമുക്കോരോരുത്തര്‍ക്കുമുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. 

Releated Stories