logo

Latest News യൂത്ത് ഫോറം ഇന്റര്‍ സ്‌കൂള്‍ കോമ്പറ്റീഷന്‍സ്: എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍   *    എ.പി അസ്‌ലം അവാര്‍ഡ്‌സ് - 2017 നോമിനേഷനുകള്‍ ക്ഷണിക്കുന്നു   *    പ്രതിഭകളെ യൂത്ത്‌ഫോറം ആദരിച്ചു.   *    വണ്‍ ഇന്ത്യ അസോസിയേഷന്‍ പ്രവാസി ക്ഷേമ പദ്ധതി സെമിനാര്‍ സംഘടിപ്പിച്ചു.   *    കഴിഞ്ഞ വര്‍ഷം ഖത്തറില്‍ പുകവലി നിര്‍ത്തിയത് 30% പേര്‍   *    ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് രണ്ടാം സ്ഥാനം   *    എസ്‌.ഐ.ഒ സ്ഥാപക ദിനം: ദഅവത്ത് നഗർ ഏരിയ ആചരിച്ചു   *    മംവാഖ് വനിതാ വേദി കവിതാ രചന വിജയികളെ പ്രഖ്യാപിച്ചു   *    ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ വിതരണം ചെയ്തു.   *    ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം   *    ഖത്തര്‍ -യുഎസ് ഉഭയകക്ഷി സാധ്യതകള്‍ ദോഹ ബാങ്ക് സെമിനാര്‍ സംഘടിപ്പിച്ചു.   *    ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മ 'നടുമുറ്റം'   *    ഗീത വിജയകുമാര്‍ അന്തരിച്ചു   *    ദോഹ മദ്‌റസ പഠനസഹവാസം സംഘടിപ്പിച്ചു   *    കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം. ഐ.സി.സി പ്രസിഡന്റ്   *    അക്രമവും നാടുകടത്തലും ഫാഷിസ്റ്റ് ശൈലി: ഷാനവാസ് ഖാലിദ്   *    വേങ്ങര മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു   *    ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി   *    ലുലുവില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന്‍   *    എം എ ബേബിക്ക് സംസ്കൃതി സ്വീകരണം നൽകി   *    ഈദ് - ഓണം പരിപാടി സംഘടിപ്പിച്ചു   *   

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ക്ഷയരോഗ നിര്‍മാര്‍ജനം ഊര്‍ജിതമാകണം

img

അമാനുല്ല വടക്കാങ്ങര

ലോകം ശാസ്ത്ര സാങ്കേതിക മേഖലകളിലും വൈദ്യ ശാസ്ത്ര ചികില്‍സാ രംഗത്തും വിസ്മയകരമായ നേട്ടങ്ങള്‍ അവകാശപ്പെടുമ്പോഴും എല്ലാവര്‍ക്കും ആരോഗ്യം എന്ന മഹത്തായ ലക്ഷ്യത്തിന് മുന്നില്‍ ശക്തമായ വെല്ലുവിളിയുയര്‍ത്തുന്ന ക്ഷയരോഗം നിര്‍മാര്‍ജനം ചെയ്യേണ്ടത് ആരോഗ്യ പ്രവര്‍ത്തകരുടെ മാത്രമല്ല സമൂഹത്തിന്റെ പൊതുവായ ബാധ്യതയാണ്. ഗവണ്‍മെന്റ് തലത്തിലും സ്വകാര്യ തലത്തിലുമൊക്കെയുള്ള പ്രതിരോധ ബോധവല്‍ക്കരണ ചികില്‍സാ പദ്ധതികളോടൊപ്പം ഓരോരുത്തരും അണിചേര്‍ന്ന് ഈ വിപത്തിനെ നിര്‍മാര്‍ജനം ചെയ്യുവാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ദിനമാണ് മാര്‍ച്ച് 24. ലോക ക്ഷയരോഗ ദിനം. മൈക്കോബാക്റ്റീരിയം ട്യൂബര്‍കുലോസിസ് എന്ന ബാക്ടീരിയയാണ് രോഗത്തിന് കാരണമാകുന്നത് എന്ന് ഡോ. റോബര്‍ട്ട് കാഷ് ലോകത്തോട് പറഞ്ഞ ദിനമാണ് ഇത്. 1882 ല്‍ ബെര്‍ലിനില്‍ വെച്ച് ഡോ. റോബര്‍ട്ട് കാഷ് ഈ പ്രഖ്യാപനം നടത്തുമ്പോള്‍ യൂറോപ്പിലും അമേരിക്കയിലുമടക്കം ക്ഷയരോഗം വ്യാപിക്കുകയും നിരവധി പേര്‍ മരണപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഡോ. റോബര്‍ട്ട് കാഷിന്റെ കണ്ടു പിടുത്തവും അനന്തര നടപടികളും രോഗത്തിന്റെ പ്രതിരോധത്തിലും ചികില്‍സയിലും ഉണ്ടാക്കിയ വിപഌവകരമായ മാറ്റങ്ങള്‍ പരിഗണിച്ചാണ് മാര്‍ച്ച് 24 ലോക ക്ഷയരോഗ ദിനമായി ലോകാരോഗ്യ സംഘടന നിശ്ചയിട്ടത്. ക്ഷയരോഗാണുവിനെ കണ്ടെത്തിയിട്ട് 132 വര്‍ഷം തികയുമ്പോഴും മനുഷ്യരാശിയെ അലട്ടുന്ന ഏറ്റവും വലിയ ആരോഗ്യ പ്രശ്‌നമായി ഇത് നിലനില്‍ക്കുകയാണ്. പ്രതിവര്‍ഷം ക്ഷയരോഗം മൂലം 15 ലക്ഷത്തോളം പേരാണ് മരണമടയുന്നത്. നേരത്തെ കണ്ടു പിടിക്കാനായാല്‍ ക്ഷയം ചികിത്സിച്ച് മാറ്റാവുന്നതേ ഉള്ളൂ. എന്നാല്‍ ബഹുഔഷധ ചികിത്സ ഏല്‍ക്കാത്ത ഒരുതരം ക്ഷയം ഇപ്പോഴും ഭീഷണി ഉയര്‍ത്തി നില്‍ക്കുന്നു എന്നാണ് ഏറ്റവും പുതിയ വിശകലനങ്ങള്‍ വ്യക്തമാക്കുന്നത്. പകരുന്ന രോഗമായതിനാല്‍ സമൂഹത്തിന്റെ എല്ലാ തട്ടുകളിലും പ്രതിരോധ, ചികില്‍സാ ബോധവല്‍ക്കരണ രംഗങ്ങളിലൊക്കെ കാര്യക്ഷമമായ കൂട്ടായ്മകളും പരിപാടികളും അനിവാര്യമാണെന്നാണ് ഈ ദിനം നമ്മെ ഓര്‍മപ്പെടുത്തുന്നത്. 

ക്ഷയരോഗവും ചികില്‍സയും ഓരോ രാജ്യത്തിനും വമ്പിച്ച സാമ്പത്തിക ബാധ്യതയാണ് വരുത്തുന്നത്. മിക്കവാറും ദരിദ്രരാജ്യങ്ങളിലും മൂന്നാം ലോക രാജ്യങ്ങളിലുമാണ് ഇത്തരം മരണങ്ങള്‍ കൂടുതലായും നടക്കുന്നത്. ലോകത്ത് ഏറ്റവും അധികം ക്ഷയരോഗികളുളള ഇന്ത്യയില്‍ നടപ്പാക്കിയ റിവൈസ്ഡ് നാഷണല്‍ ട്യൂബര്‍കുലോസിസ് കണ്‍ട്രോള്‍ ലോകത്തെ തന്നെ ഏറ്റവും വലിയ ക്ഷയരോഗ നിര്‍മാര്‍ജന പദ്ധതിയാണെങ്കിലും ഇനിയും ബഹുദൂരം മുന്നോട്ടുപോവേണ്ടതുണ്ട്. പ്രതിമാസം ഒരു ലക്ഷത്തോളം പേരാണ് ഈ പദ്ധതിയുടെ ഗുണം ലഭിക്കുന്നത്. 2015 ആവുമ്പോഴേക്കും ക്ഷയരോഗ മരണങ്ങള്‍ ഒഴിവാക്കാനുള്ള തീവ്ര പദ്ധതിയുമായാണ് ലോകാരോഗ്യ സംഘടന മുന്നോട്ട് പോകുന്നത്. ഈ സംരംഭത്തില്‍ ഓരോരുത്തരും പങ്കാളികളാവുകയും ആരോഗ്യ രംഗത്തെ പിടിച്ചുകുലുക്കുന്ന ഭീകരമായ രോഗത്തെ ഇല്ലാതാക്കുയും ചെയ്യുവാനുള്ള നിരന്തര പരിശ്രമങ്ങള്‍ നടത്തുകയുമാണ് വേണ്ടത്.  ക്ഷയരോഗം മൂലം ജനങ്ങള്‍ മരിക്കുന്നത് ഒഴിവാക്കുക. രോഗനിര്‍ണയം, ചികില്‍സ പരിചരണം എന്നിവ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നിവയാണ് ലോക ക്ഷയരോഗദിനത്തിന്റെ മുഖ്യ അജണ്ട. 

ഓരോ വര്‍ഷവും 90 ലക്ഷത്തോളം പേരാണ് ലോകാടിസ്ഥാനത്തില്‍ ക്ഷയരോഗത്തിന് വിധേയരാകുന്നത് ഇതില്‍ 30 ലക്ഷത്തോളം പേര്‍ക്കും ആവശ്യമായ ചികില്‍സയോ പരിചരണമോ ലഭിക്കുന്നില്ല എന്നും പഠനങ്ങള്‍ തെളിയിക്കുന്നു. ഇങ്ങനെ ചികില്‍സയും പരിചരണവും നഷ്ടപ്പെടുന്ന 30 ലക്ഷം എന്നതാണ് ഈ വര്‍ഷത്തെ ലോകക്ഷയരോദ ദിന പ്രമേയമായി ഐക്യരാഷ്ട്ര സംഘടന തിരഞ്ഞെടുത്തിരിക്കുന്നത്. ഈ 30 ലക്ഷത്തില്‍ അധികം പേരും മൂന്നാം ലോക രാജ്യങ്ങളിലെ പാവപ്പെട്ടവരാണ് എന്നതിനാല്‍ അവരെ കണ്ടെത്തി പൊതുജനാരോഗ്യ സംവിധാനത്തിന്റെ ഗുണഭോക്താക്കളാക്കുക എന്ന സുപ്രധാനമായ സന്ദേശമാണ് ഈ ദിനം ഉയര്‍ത്തിപ്പിടിക്കുന്നത്.  ആര്‍ക്കും ചികില്‍സ ലഭിക്കാതെ പോകരുത്. ലോകശ്രദ്ധ ഈ വിഷയത്തില്‍ പതിയുകയും എല്ലാവര്‍ക്കും രോഗനിര്‍ണയത്തിനും ചികില്‍സക്കും പരിചരണത്തിനും സംവിധാനമുണ്ടാക്കി ക്ഷയരോഗമരണങ്ങള്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള കുതിപ്പിന് ആക്കം കൂട്ടുകയാണ് ലോകാരോഗ്യ സംഘടന ഉദ്ദേശിക്കുന്നത്. രാഷ്ട്രീയവും സാമൂഹികവുമായ ബാധ്യതയായി ക്ഷയരോഗനിര്‍മാര്‍ജനം മാറിയാല്‍ വിപഌവകരമായ മാറ്റമുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. 

ട്യൂബര്‍ക്കിള്‍ ബാസിലസ് (ടി.ബി) എന്ന രോഗാണുക്കളാണ് ക്ഷയരോഗത്തെയുണ്ടാക്കുന്നത്. വായുവില്‍ കൂടിയാണ് രോഗാണുക്കള്‍ പകരുന്നത്. ശ്വാസകോശത്തിലൂടെയാണ് അവ ശരീരത്തില്‍ പ്രവേശിക്കുന്നത്. തടയാനും ചികിത്സിച്ച് ഭേദമാക്കനും കഴിയുന്ന പകര്‍ച്ച് രോഗമാണ് ട്യൂബര്‍കുലോസിസ് എന്ന ക്ഷയം.ശ്വാസകോശത്തില്‍ ടി ബി ബാക്റ്റീരിയ ഉള്ളവര്‍ ചുമക്കുന്നത് അന്യരിലേക്ക് രോഗം പരത്താന്‍ പര്യാപ്തമാണ്. സാധാരണ ക്ഷയരോഗമെന്നു കേള്‍ക്കുമ്പോള്‍ ശ്വാസകോശത്തെ ബാധിക്കുന്ന ക്ഷയരോഗത്തെകുറിച്ചാണ് നാം ഓര്‍ക്കുക. എന്നാല്‍. കുടല്‍, ആമാശയം, സന്ധികള്‍, അസ്ഥികള്‍ തുടങ്ങിയ ഏതു ഭാഗത്തും ക്ഷയരോഗബാധയുണ്ടാവുന്നതാണ്. മൂത്രമൊഴിക്കുമ്പോള്‍ ശക്തിയായ വേദന, മൂത്രത്തില്‍ രക്തം, പഴുപ്പ് എന്നിവ കണ്ടാല്‍ മൂത്രാശയത്തെ ബാധിച്ച ക്ഷയരോഗമാണെന്നും നെഞ്ചിലെ ലസികാഗ്രന്ഥി വീര്‍ത്തു വരുന്നുവെങ്കില്‍ അതിനെ ബാധിച്ചുണ്ടായ ക്ഷയരോഗമാണെന്നും മനസ്സിലാക്കം. 

TBരോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച് ഒന്നോ രണ്ടോ മാസങ്ങള്‍ക്കകം തന്നെ രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങും. നേരിയ പനി, വിശപ്പില്ലായ്മ, എത്ര ആഹാരം കഴിച്ചാലും ഭാരം കുറഞ്ഞു വരിക, കിതപ്പ്, ഒച്ചയടപ്പ്, ചുമ, നാഡിമിടിപ്പ് വര്‍ദ്ധന, സ്ത്രീകള്‍ക്ക് ആര്‍ത്തവ സംബന്ധമായ തകരാറുകള്‍ എന്നിവ രോഗത്തൊന്റെ ആരംഭസൂചനകളാണ്. പിന്നീട് ഛര്‍ദ്ദി, ചുമച്ച് രക്തം തുപ്പുക, ശ്വാസംമുട്ടല്‍, നെഞ്ച് വേദന എന്നിവയുമുണ്ടാകുന്നു. 
രോഗമുള്ള അധികമാളുകളും രോഗാവസ്ഥയെക്കുറിച്ച് അറിയുന്നില്ല എന്നതാണ് ഗുരതരം. പലപ്പോഴും രോഗനിര്‍ണയം വൈകുന്നത് ചികില്‍സ പ്രയാസകരമാക്കും. അതിനാല്‍ ക്ഷയരോഗത്തെ സംബന്ധിച്ച ശക്തമായ ബോധവല്‍ക്കരണത്തിന്റെ പ്രാധാന്യം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. രോഗം പകരുന്നതിനാല്‍ രോഗികളുമായി സമ്പര്‍ക്കം കുറയ്ക്കുക, രോഗിക്ക് പരിപൂര്‍ണ്ണ വിശ്രമം നല്‍കുക., സൂര്യപ്രകാശവും ശുദ്ധവായുവും പ്രവേശിക്കുന്ന മുറിയില്‍ കിടത്തുക., കുഞ്ഞുങ്ങള്‍ക്ക് ബിസിജി കുത്തിവയ്പ് നല്‍കണം, ശരീരം ക്ഷീണിക്കാതിരിക്കാന്‍ പോഷക സമൃദ്ധമായ ആഹാരം കഴിക്കണം, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, രോഗിക്ക് തുപ്പാന്‍ അടപ്പുള്ള പാത്രം നല്‍കണം, രോഗി ഉപയോഗിച്ച സാധനങ്ങള്‍ ഉപയോഗശേഷം കത്തിച്ചു കളയുക തുടങ്ങിയ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. 

ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ 1994 ആണ് രാജ്യത്ത് ക്ഷയരോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ കര്യക്ഷമമായി നടപ്പിലാകുന്നത്.ഇന്ത്യയില്‍ ഒരു ലഷം പേരില്‍ 203 പേര്‍ക്ക് ക്ഷയരോഗമുളളതായാണ് ഔദ്യോഗിക കണക്ക് .ഒരു വര്‍ഷത്തിനിടെ കേരളത്തില്‍ മാത്രം 25,000 പേര്‍ ക്ഷയരോഗ ചികിത്സ നടത്തി. ഇതില്‍ 85 ശതമാനം പേര്‍ക്കും രോഗം ഭേദമായി. എന്നാല്‍ ക്ഷയരോഗത്തിന് ചികില്‍സ തേടുന്നതില്‍ ആളുകള്‍ വൈമനസ്യം കാട്ടുന്നത് സര്‍ക്കാരിന്റെ ക്ഷയരോഗ നിര്‍മാര്‍ജന പരിപാടികള്‍ക്ക് കനത്ത തിരിച്ചടിയാണ്. ക്ഷയരോഗം പൂര്‍ണമായി ചികില്‍സിച്ച് ഭേദമാക്കുന്നതിന് ഫലപ്രദമായ മരുന്നുകള്‍ സൗജന്യമായി ലഭിക്കുന്ന സാഹചര്യത്തിലാണിത്. ക്ഷയ രോഗികളെ സമൂഹം അവജ്ഞയോറ്റെയാണ് കാണുന്നത്. സമൂഹത്തിന്റെ മനോഭാവം മാറുകയും തങ്ങളുടേയും മറ്റുള്ളവരുടേയും സുരക്ഷ കണക്കിലെടുത്ത് മുഴുവന്‍ രോഗ ബാധിതര്‍ക്കും തക്കതായ ചികില്‍സ ലഭ്യമാക്കുയും ചെയ്യുകയെന്നതാണ് പ്രധാനം. 

TBനിലവില്‍ പ്രചാരത്തിലുള്ള മരുന്നുകള്‍ക്ക് കീഴടക്കാനാകാത്ത അതിജീവന ശേഷിയുള്ള ക്ഷയരോഗാണു ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ആശങ്കയുണ്ടാക്കിയിരിക്കുകയാണ്. ഓരോ മൂന്ന് മിനിട്ടിലും ഇന്ത്യയില്‍ രണ്ട് ക്ഷയരോഗ മരണം സംഭവിക്കുന്നുണ്ട്. മാത്രമല്ല, ക്ഷയരോഗ മരുന്നിനെ പ്രതിരോധിക്കുന്ന ക്ഷയം വര്‍ധിച്ചുവരികയുമാണ്. പ്രമേഹരോഗികള്‍ക്കൊപ്പം എച്ച് ഐ വി ബാധിതരിലും ക്ഷയരോഗം വര്‍ധിച്ച് വരുന്നത് ചികിത്സാ രംഗത്ത് ഭീഷണി സൃഷ്ടിക്കുന്നു. ജീവിത ശൈലീ രോഗങ്ങളും മലീമസമായ ചുറ്റുപാടുകളും ആരോഗ്യ രംഗത്തെ പ്രതിസന്ധിയുടെ ആഴം വര്‍ദ്ധിപ്പിക്കുമ്പോള്‍ ക്ഷയരോഗനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സങ്കീര്‍ണവും വെല്ലുവിളി നിറഞ്ഞതുമാകുകയാണ്.  കേരളത്തില്‍ ക്ഷയരോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ കനത്ത വെല്ലുവിളികള്‍ നേരിടുകയും നിത്യവും നിരവധി രോഗികള്‍ പുതുതായി കാണപ്പെടുകയും ചെയ്യുന്ിനുണ്ടെങ്കിലും ക്ഷയരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളിലെ മികവിന് ട്യൂബര്‍ക്യുലോസിസ് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യ (ടി.എ.ഐ) 2013 ല്‍ ആരംഭിച്ച ഡോ. കെ.സി. മൊഹന്തി അവാര്‍ഡിന്റെ പ്രഥമ പുരസ്‌കാരത്തിന് കേരളം തെരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത സന്തോഷകരമാണ്. ക്ഷയരോഗനിയന്ത്രണ പരിപാടികളില്‍ എല്ലാ മേഖലകളിലും സമഗ്രമായ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞതാണ് സംസ്ഥാനത്തെ ഈ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. ഇന്ന് ( മാര്‍ച്ച് 24 ന് ) ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ട്യൂബര്‍ക്യുലോസിസ് ആന്റ് റെസ്പിറേറ്ററി ഡിസീസസ് കാമ്പസില്‍ നടക്കുന്ന നാഷണല്‍ ടി.ബി. കോണ്‍ഫറന്‍സില്‍ സംസ്ഥാനത്തിന് പുരസ്‌കാരം കൈമാറും. ക്ഷയരോഗ നിയന്ത്രണ പ്രവര്‍ത്തനത്തില്‍ മാതൃകയായി കേരളം കൈവരിച്ച സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഡോ. എസ്. ജയശങ്കറിന് വ്യക്തിഗത ദേശീയ പുരസ്‌കാരമായി പ്രശംസാപത്രവും ക്യാഷ് അവാര്‍ഡും നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. അംഗീകാരങ്ങള്‍ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ സഹായകമാകുമെന്ന് പ്രത്യാശിക്കാം. 

എന്നാല്‍ കേരളത്തിലെ ചികില്‍സാ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിശകലനങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. കേരളത്തിലെ ക്ഷയരോഗികളില്‍ പകുതിയോളം പേര്‍ക്കും പ്രമേഹം ഉണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. ജീവിതശൈലീരോഗങ്ങളും പകര്‍ച്ചവ്യാധികളും മലയാളികളുടെ ആരോഗ്യത്തെ പിടിച്ചുലയ്ക്കുന്നതിനിടയിലാണ് ലോകാരോഗ്യ സംഘടനയുടെ ഈ വെളിപ്പെടുത്തല്‍.  പകരുന്ന ക്ഷയം. പകരാത്ത പ്രമേഹം. രണ്ട് വ്യത്യസ്തതരം രോഗങ്ങള്‍. ഇവ രണ്ടും ചേര്‍ന്ന് കേരളത്തിന്റെ ആരോഗ്യമേഖലയില്‍ വലിയൊരു വെല്ലുവിളി ഉയര്‍ത്തുകയാണിപ്പോള്‍. ഒറ്റയ്ക്കുതന്നെ വലിയ ആഘാതം ഏല്‍പിക്കാന്‍ കെല്‍പുള്ള രോഗങ്ങളാണിവ. അപ്പോള്‍ അവ കൂട്ടുചേര്‍ന്നാലുള്ള സ്ഥിതി പറയണോ? പ്രമേഹവും ടി.ബി.യും ഒരുമിച്ചു വരുന്നു എന്നതും ഈ കൂട്ടുകെട്ട് അപകടകരമാംവിധത്തില്‍ വര്‍ധിച്ചുവരുന്നു എന്നതും വലിയ ആശങ്കകള്‍ ഉയര്‍ത്തുന്നു. കേരളത്തിലെ ടി.ബി. രോഗികളില്‍ ഏതാണ്ട് 40 ശതമാനത്തിലധികം പേര്‍ക്ക് പ്രമേഹം ഉണ്ടെന്നാണ് ലോകാരോഗ്യസംഘടന നടത്തിയ സര്‍വേ പറയുന്നത്. നമ്മുടെ നാട്ടില്‍ ക്ഷയരോഗികളില്‍ പകുതിപേര്‍ക്കും പ്രമേഹവുമുണ്ട് എന്ന് പറയാവുന്ന ഒരു സാഹചര്യം വന്നുചേരുകയാണ്. 

പ്രമേഹവും ക്ഷയവും ഉണ്ടെന്ന കാര്യം തിരിച്ചറിയാതെയാണ് ഒരുപാട് ആളുകള്‍ ജീവിക്കുന്നത് എന്നതാണ് മറ്റൊരു വസ്തുത. പ്രമേഹം തിരിച്ചറിയാന്‍ വൈകുന്നതുപോലെ കൂടെ ക്ഷയം ഉണ്ടെന്ന കാര്യവും വൈകിയാണ് പലരും തിരിച്ചറിയുന്നതും. കേരളത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്തി ഇക്കാര്യത്തില്‍ രാജ്യത്തിനാകെയുള്ള മുന്നറിയിപ്പാണ് ലോകാരോഗ്യ സംഘടന നല്‍കിയിരിക്കുന്നത്. നാടിന്റെ പുരോഗതിയെപ്പോലും പിറകോട്ടു പിടിച്ചുവലിക്കാന്‍ ശേഷിയുള്ള പ്രശ്‌നമാണിത്. അതിനാല്‍ ഓരോ മലയാളിയും അര്‍ഹിക്കുന്ന ഗൗരവത്തോടെ വേണം ഈ വിഷയത്തെ സമീപിക്കുവാന്‍.  25 ലക്ഷത്തിലധികം പ്രമേഹരോഗികള്‍ കേരളത്തില്‍ ഉണ്ടെന്നാണ് കണക്ക്. പകര്‍ച്ചവ്യാധി അല്ലാത്ത പ്രമേഹം, പകര്‍ച്ചവ്യാധിയേക്കാള്‍ വേഗത്തില്‍ വ്യാപിക്കുന്ന അസാധാരണ സാഹചര്യമാണിവിടെയുള്ളത്. വര്‍ഷംതോറും നൂറുകണക്കിന് പുതിയ ക്ഷയരോഗികളെ കണ്ടെത്തുന്നുമുണ്ട് നമ്മുടെ നാട്ടില്‍. 

കേരളത്തില്‍ ഓരോ വര്‍ഷവും 50,000 പേര്‍ പുതുതായി ക്ഷയരോഗ ചികിത്സക്കെത്തുന്നതായാണ് കണക്ക്. 2011ല്‍ 26,121 പേരായിരുന്നു ക്ഷയരോഗ ബാധിതരായി കണ്ടെത്തിയത്. എന്നാല്‍ രണ്ട് വര്‍ഷം പിന്നിട്ടപ്പോള്‍ ഇത് ഇരട്ടിയായി വര്‍ധിച്ചിരിക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍ പ്രകാരം കേരളത്തില്‍ ഒരുലക്ഷം പേരില്‍ 165 പേര്‍ക്ക് ക്ഷയരോഗമുണ്ട്. സാധാരണ ക്ഷയരോഗികളില്‍ 83 ശതമാനം പേര്‍ക്ക് ചികിത്സയിലൂടെ രോഗം ഭേദമായിട്ടുണ്ട്. പ്രമേഹം ഉള്ളവര്‍ നേരിടുന്ന മറ്റൊരു പ്രതിസന്ധിയുണ്ട്. പ്രമേഹം ഉണ്ടെങ്കില്‍ ക്ഷയരോഗ മരുന്നുകളോട് പ്രതികരിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരും. സാധാരണനിലയില്‍ ക്ഷയരോഗ ചികിത്സ ആറ് മാസക്കാലമാണ്. രോഗം പൂര്‍ണമായും ഭേദമാവുകയും ചെയ്യും. എന്നാല്‍, പ്രമേഹം ഉള്ളവരില്‍ ക്ഷയം ആറുമാസം കൊണ്ട് ഭേദമായിക്കൊള്ളണമെന്നില്ല. കുറച്ചുകാലംകൂടി നീളും. പ്രമേഹമുള്ള ക്ഷയരോഗികളില്‍ സാധാരണ ക്ഷയരോഗികള്‍ക്ക് നല്‍കാറുള്ള കാറ്റഗറി 1 ചികിത്സ പലപ്പോഴും പരാജയപ്പെടാറുമുണ്ട്. അപ്പോള്‍ രണ്ടാംനിര ആന്റിബയോട്ടിക്കുകളെ ആശ്രയിക്കേണ്ടിയും വരും. അതിനാല്‍ ചികിത്സയില്‍ കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും വേണ്ടിവരുന്നു. 

എച്ച്. ഐ. വി. ബാധിതരും ക്ഷയരോഗം പടരുന്നത് അപകടരമായ അവസ്ഥയാണ് സൃഷ്ടിക്കുന്നത്. രോഗപ്രതിരോധ ശേഷി ഇല്ലാതാക്കുന്ന ഇത്തരം കേസുകളില്‍ ചികില്‍സ കൂടുതല്‍ സങ്കീര്‍ണമാകും. പുകവലിയും ക്ഷയരോഗത്തിനു കാരണമാകുകയും ചികില്‍സ സങ്കീര്‍ണമാക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ആരോഗ്യം അമൂല്യമാണ്. അതിന്റെ അവിരാമത ആഗ്രഹിക്കുന്നവരൊക്കെ അനാരോഗ്യകരമായ എല്ലാ ശീലങ്ങളും ഒഴിവാക്കുകയും സാമൂഹികവും ആരോഗ്യപരവും പാരിസ്ഥികവുമായ സാഹചര്യങ്ങളെ ശ്രദ്ധയോടെ സമീപിക്കുകയും വേണം. സാമൂഹ്യ കൂട്ടായ്മയും ബോധവല്‍ക്കരണ സംരംഭങ്ങളും കൂടുതല്‍ പ്രസക്തമാകുന്ന ഇത്തരം ദിനങ്ങളെ എങ്ങനെ സജീവമാക്കാമെന്ന ആലോചനകളാണ് സന്ദര്‍ഭം ആവശ്യപ്പെടുന്നത്. 

Releated Stories