logo

Latest News യൂത്ത് ഫോറം ഇന്റര്‍ സ്‌കൂള്‍ കോമ്പറ്റീഷന്‍സ്: എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍   *    എ.പി അസ്‌ലം അവാര്‍ഡ്‌സ് - 2017 നോമിനേഷനുകള്‍ ക്ഷണിക്കുന്നു   *    പ്രതിഭകളെ യൂത്ത്‌ഫോറം ആദരിച്ചു.   *    വണ്‍ ഇന്ത്യ അസോസിയേഷന്‍ പ്രവാസി ക്ഷേമ പദ്ധതി സെമിനാര്‍ സംഘടിപ്പിച്ചു.   *    കഴിഞ്ഞ വര്‍ഷം ഖത്തറില്‍ പുകവലി നിര്‍ത്തിയത് 30% പേര്‍   *    ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് രണ്ടാം സ്ഥാനം   *    എസ്‌.ഐ.ഒ സ്ഥാപക ദിനം: ദഅവത്ത് നഗർ ഏരിയ ആചരിച്ചു   *    മംവാഖ് വനിതാ വേദി കവിതാ രചന വിജയികളെ പ്രഖ്യാപിച്ചു   *    ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ വിതരണം ചെയ്തു.   *    ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം   *    ഖത്തര്‍ -യുഎസ് ഉഭയകക്ഷി സാധ്യതകള്‍ ദോഹ ബാങ്ക് സെമിനാര്‍ സംഘടിപ്പിച്ചു.   *    ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മ 'നടുമുറ്റം'   *    ഗീത വിജയകുമാര്‍ അന്തരിച്ചു   *    ദോഹ മദ്‌റസ പഠനസഹവാസം സംഘടിപ്പിച്ചു   *    കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം. ഐ.സി.സി പ്രസിഡന്റ്   *    അക്രമവും നാടുകടത്തലും ഫാഷിസ്റ്റ് ശൈലി: ഷാനവാസ് ഖാലിദ്   *    വേങ്ങര മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു   *    ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി   *    ലുലുവില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന്‍   *    എം എ ബേബിക്ക് സംസ്കൃതി സ്വീകരണം നൽകി   *    ഈദ് - ഓണം പരിപാടി സംഘടിപ്പിച്ചു   *   

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ജലവും ഊര്‍ജവും പാഴാക്കാതിരിക്കുക

img

അമാനുല്ല വടക്കാങ്ങര

ലോക ചരിത്രത്തില്‍ നിരവധി സംസ്‌കാരങ്ങള്‍ രൂപപ്പെട്ടതും വികാസം പ്രാപിച്ചതും വിവിധ നദീതടങ്ങളിലായിരുന്നു. ജലവും സംസ്‌കാരവും മാനവരാശിയുടെ നിലനില്‍പും എത്രത്തോളം ബന്ധപ്പെട്ടാണ് കിടക്കുന്നതെന്നതിലേക്കാണ് ഈ ചരിത്ര യാഥാര്‍ഥ്യം വിരല്‍ചൂണ്ടുന്നത്. സമകാലിക ലോകം ജല ദൗര്‍ബല്യത്തിലേക്കാണ് നീങ്ങുന്നതെന്നും ലക്ഷക്കണക്കിനാളുകള്‍ ശുദ്ധ ജലം ലഭിക്കാതെ വൈവിധ്യമാര്‍ന്ന ബുദ്ധിമുട്ടുകളുകനുഭവിക്കുന്നുമുണ്ടെന്നുമുള്ള വാര്‍ത്തകള്‍ മനുഷ്യരാശിയുടെ ക്ഷ്മം ആഗ്രഹിക്കുന്ന മുഴുവനാളുകളേയും അസ്വസ്ഥമാക്കുന്നതാണ്.  മനുഷ്യന്റേയും മുഴുവന്‍ ജീവജാലങ്ങളുടേയും നിലനില്‍പിന്റെ അടിസ്ഥാന ഘടകമാണ് ജലം.ജീവനുള്ള സകലതും ജലത്തില്‍ നിന്നാണ് സൃഷ്ടിച്ചതെന്ന്് വേദഗ്രന്ഥങ്ങള്‍ പറയുന്നു. ജലത്തിന്റെ അഭാവത്തില്‍ ജീവിതം അസാധ്യമാകും. പാരിസ്ഥിതിക സന്തുലിതത്്വം തകരുകയും ആഗോള താപനം അത്യന്തം ഗുരുതരമായ അവസ്ഥക്ക് കാരണമാകുകയും ചെയ്യും. ഓരോ തുള്ളി ജലവും വിലയേറിയതാണെന്നും അത് സൂക്ഷിക്കുകയെന്നത് മാനുഷികമായ ബാധ്യതയാണെന്നുമാണ് ലോക ജലദിനം പ്രാഥിമികമായും ഉദ്‌ബോധിപ്പിക്കുന്നത്. 

ഇനിയൊരു ലോക മഹായുദ്ധം ഉണ്ടാവുകയാണെങ്കില്‍ അത് കുടിവെള്ളത്തിന് വേണ്ടിയായിരിക്കും എന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുമ്പോള്‍ വിഷയത്തിന്റെ ഗൗരവാവസ്ഥ നാം ഉള്‍കൊള്ളണം. മുല്ലപ്പെരിയാര്‍ പ്രശ്‌നവും കാവേരി നദീജല പ്രശ്‌നവുമൊക്കെ എത്രത്തോളം ഗുരുതരമായ രാഷ്ട്രീയ സാമൂഹ്യ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് വാര്‍ത്താമാധ്യമങ്ങള്‍ നമ്മെ അറിയിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ കഴിയും തോറും ജലത്തിന്റെ ആവശ്യം വര്‍ദ്ധിക്കുകയും ഉപയോക്താക്കള്‍ കൂടുകയും ചെയ്യുമ്പോള്‍ സ്ഥിതി ഗതികള്‍ കൂടുതല്‍ വഷളാകുമെന്ന് പറയേണ്ടതില്ലല്ലോ.  കുടിവെള്ള സ്രോതസ്സുകളെല്ലാം ദിനം പ്രതി മലിനമായിക്കൊണ്ടിരിക്കുകയാണ്. മഹാനദികള്‍ ഇന്ന് മാലിന്യക്കൂമ്പാരങ്ങളാണ്. കിണറുകളും കുളങ്ങളും രാസവസ്തുക്കളാലും ഖരമാലിന്യങ്ങളാലും അന്യമായി മാറുന്നു. ഭൂജലത്തില്‍ ഫ്ഌറൈഡ് വര്‍ദ്ധിച്ച് എല്ലിനും പല്ലിനും രോഗം ബാധിച്ച് ആയിരക്കണക്കിന് ചെറുപ്പക്കാര്‍ ഇന്ത്യയില്‍ മാത്രം കഴിയുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ഭൂഗര്‍ഭ ജലത്തെ മാത്രം ആശ്രയിക്കുന്ന കുഴല്‍ കിണറുകള്‍ എത്ര കാലം പിടിച്ചുനില്‍ക്കുമെന്നറിയില്ല. മഴ വെളളം കാര്യക്ഷമമായി പ്രയോജനപ്പെടുത്തമെന്ന ബോധം മലയാളിയുടെ സാമൂഹ്യമണ്ഡലത്തില്‍ ഇനിയും സജീവമായിട്ടില്ല. ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും, വിവിധ തരങ്ങളിലുള്ള മലിനീകരണങ്ങള്‍, ജലസ്രോതസുകള്‍ നശിക്കുന്നത്, ജലത്തിന്റെ ദുര്‍വ്യയവും ദുരുപയോഗവും, അസന്തുലിതമായ നഗരവല്‍ക്കരണം, ആവാസ വ്യവസ്ഥകളുടെ മാറ്റം തുടങ്ങി വൈവിധ്യമായ കാരണങ്ങളാണ് ജലദൗര്‍ലബ്യത്തിനിടയാക്കുന്നത്.  കാടുകളും കായലുകളും ആറുകളും അരുവികളും കുളങ്ങളും കിണറുകളുമൊക്കെ വികലമായ സമീപനങ്ങളും നയപരിപാടികളും കാരണം ഇല്ലാതാകുമ്പോള്‍ കുടിവെള്ളം വില്‍പന ചരക്കായി മാറുന്നു. സ്ഥിതിഗതികള്‍ ഇതേ പ്രകാരം തുടര്‍ന്നാല്‍ കുടിവെള്ളത്തിന് സ്വര്‍ണത്തേക്കാള്‍ വിലവരുന്ന കാലത്തേക്കാണ് ലോകം നീങ്ങുക. ജനസംഖ്യ വര്‍ദ്ധിക്കുകയും ഭൂമിയില്‍ ജലം കുറയുകയും ചെയ്യുന്ന സ്ഥിതി വരാന്‍ പോകുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് നീങ്ങുന്നു. അതിന്റെ എല്ലാ തീവ്രതയും അപകടവും ലോക ജലദിനത്തിലെങ്കിലും പ്രത്യേകം വിശകലനം ചെയ്യപ്പെടേണ്ടിയിരിക്കുന്നു. 

ഭൂമിയില്‍ മനുഷ്യന്റെ നിലനില്‍പ്പിനുള്ള കാരണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ജലം. മനുഷ്യ ശരീരത്തില്‍പ്പോലും ഏറ്റവും അധികമായുള്ള ഘടകമായ ജലത്തിന്റെ വില അമൂല്യമാണ്. മാനവരാശിയുടെ നിലനില്‍പ്പിനു ജലം എത്രമാത്രം പ്രധാനപ്പെട്ടതാണെന്നു ലോകത്തെ ഓര്‍മിപ്പിക്കാന്‍ വേണ്ടിയുള്ള ദിനമാണ് മാര്‍ച്ച് 22ന് ആഘോഷിക്കുന്ന ലോകജല ദിനം. ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ 1993 മുതലാണു ലോക ജലദിനം ആചരിക്കാന്‍ തുടങ്ങിയത്. 1992ല്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ ചേര്‍ന്ന ഐക്യരാഷ്ട്ര സംഘടനയുടെ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡവലപ്പ്‌മെന്റ് കോണ്‍ഫറന്‍സിലാണു ശുദ്ധജലത്തിന്റെ പ്രാധാന്യവും അതിന്റെ ബുദ്ധിപരമായ വിനിയോഗത്തെയും കുറിച്ചു ലോകത്തെ ബോധ്യപ്പെടുത്താന്‍ ഒരു ദിനം വേണമെന്ന നിര്‍ദേശം ഉയര്‍ന്നു വന്നത്. ഈ നിര്‍ദേശം അംഗീകരിച്ച ഐക്യരാഷ്ട്രസഭ 1993 മുതലാണ് മാര്‍ച്ച് 22ാം തീയതി ലോകജല ദിനമായി ആചരിക്കാന്‍ തുടങ്ങിയത്.  ഓരോ വര്‍ഷവും ജലസംരക്ഷണവുമായി ബന്ധപ്പെട്ട സവിശേഷമായ ഒരു പ്രമേയമാണ് ഐക്യരാഷ്ട്ര സംഘടന ചര്‍ച്ചക്ക് വെച്ചത്. നഗരങ്ങള്‍ക്ക് ജലം, ജലവിഭവങ്ങള്‍ സംരക്ഷിക്കുക പൊതു ബാധ്യത, സ്ത്രീകളും ജലവും, ദാഹിക്കുന്ന നഗരങ്ങള്‍ക്ക് ജലം, ലോകത്ത് ആവശ്യത്തിന് വെള്ളമുണ്ടോ, ഭൂമിക്കടിയിലെ വെള്ളം, കാണാത്ത നിധി, എല്ലാവരും ഒഴുകകില്‍ കഴിയുന്നു, ജലം ഇരുപത്തൊന്നാം നൂറ്റാണ്ടിന്, ജലം ആരോഗ്യത്തിന്, ജലം പുരോഗതിക്ക്, ജലം ഭാവിക്ക്, ജലവും വിപത്തുക്കളും, ജലം ജീവിതത്തിന്, ജല ദൗര്‍ലഭ്യവുമായി എങ്ങനെ ഒത്തുപോകാം, ശുചീകരണം, മഴ വെള്ളം, ആരോഗ്യകരമായ ലോകത്തിന് ശുദ്ധ ജലം, നഗരവല്‍ക്കരണത്തിന്റെ വെല്ലുവിളികള്‍ നേരിടുക, ജലവും ഭക്ഷ്യ സുരക്ഷയും, ജല സഹകരണം മുതലായ പ്രമേയങ്ങളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ജലദിനം ചര്‍ച്ച ചെയ്തത്. ജലവും ഊര്‍ജവും എന്ന സുപ്രധാനമായ പ്രമേയമാണ് ഈ വര്‍ഷത്തെ ജലദിനം ചര്‍ച്ചക്ക് വെക്കുന്നത്. 

ജലവും ഊര്‍ജവും പരസ്പരം ബന്ധപ്പെട്ടതാണ്. ഊര്‍ജോല്‍പാദനത്തിന് വിശിഷ്യാ ഹൈഡ്രോ ഇലക്ട്രിക്കല്‍, ന്യൂകഌയര്‍. തെര്‍മല്‍ ഊര്‍ജം ഉല്‍പാദിപ്പിക്കുന്നതിന് വലിയ തോതില്‍ ജലം വേണം. ജലവും ഊര്‍ജവും കാര്യക്ഷമമാക്കുന്ന ഹരിത വ്യവസായം സാക്ഷാല്‍ക്കരിക്കുവാനുള്ള ആഹ്വാനം ഏറെ പ്രസക്തമാണ്. ജലത്തിന് ഊര്‍ജവും ഊര്‍ജത്തിന് ജലവും അനിവാര്യമാണ്. മാത്രവുമല്ല ഡിമാന്റ് കൂടുകയും വിതരണം പരിമിതമാവുകയുമാണ്. അതിനാല്‍ ഊര്‍ജം ലാഭിക്കുകയെന്നാല്‍ ജലം ലാഭിക്കുക എന്നാണര്‍ഥം. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവര്‍ക്കടക്കം ശുദ്ധ ജലവും വൈദ്യൂതിയും ശുചീകരണ സംവിധാനങ്ങളും വേണം. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കനുസരിച്ച് 1.3 ബില്യന്‍ ജനങ്ങള്‍ക്ക് വൈദ്യുതി ലഭിക്കുന്നില്ല. 768 ദശലക്ഷമാളുകള്‍ ശുദ്ധ ജലം ലഭിക്കാത്തവരാണ്. രണ്ടര ബിലയന്‍ ജനങ്ങള്‍ നൂതന ശുചീകരണ സംവിധാനങ്ങളില്ലാത്തവരാണ്. ജലവും ഊര്‍ജവും ദാരിദ്ര നിര്‍മാര്‍ജനവുമായി വളരെ ബന്ധപ്പെട്ട് കിടക്കുന്നവയാണ്. 

ലോകത്ത് ജീവിക്കുന്ന എഴുനൂറി കോടിയിലധികം വരുന്ന ജനങ്ങള്‍ക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്നത് അതിസാഹസികമായ ഉത്തരവാദിത്തമാണ്. ജലത്തിന്റെ ദുരുപയോഗം കണിശമായി തടഞ്ഞും ജലസ്രോതസുകളെ സംരക്ഷിച്ചും മാത്രമേ പ്രശ്‌ന പരിഹാരം സാധ്യമാവുകയുളളൂ. അമിതമായ നഗരവല്‍ക്കരണവും മരങ്ങളുടേയും കാടുകളുടേയും നശീകരണവും പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് കോട്ടം തട്ടിക്കുമ്പോള്‍ ജല സ്രോതസുകള്‍ വറ്റി വരളാനും നശിക്കാനും കാരണമാകുന്നു. മനുഷ്യരുടെ മാത്രമല്ല ജന്തുക്കളുടേയും സസ്യങ്ങളുടേയുമൊക്കെ സമാധാനപരമായ നിലനില്‍പ് ചോദ്യം ചെയ്യുന്ന പ്രതിസന്ധികളാണ് ജല ദൗര്‍ലഭ്യം സൃഷ്ടിക്കുക.  ജലദൗര്‍ലഭ്യത്തിന് പരിഹാരം കാണാന്‍ ശാസ്ത്രലോകം കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ദുര്‍ലഭമായ വസ്തു ജലമായിരിക്കുമെന്ന ആശങ്കയുടെ അടിസ്ഥാനത്തില്‍ കുടിനീരിനായി മനുഷ്യന്‍ ഇതുവരെ ആശ്രയിച്ചിട്ടില്ലാത്ത സ്രോതസ്സുകളെ കണ്ടെത്തുകയും അവയുടെ ഉപയോഗം പുറത്തുകൊണ്ടുവരികയുമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി യുനസ്‌കോയുടെയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും ആരംഭിച്ച കര്‍മ്മപരിപാടി അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. 

വാല്‍ നക്ഷത്രങ്ങളുള്‍പ്പടെ സൗരയൂഥ പരിസ്ഥിതികളിലെ ജലസാന്നിധ്യത്തെക്കുറിച്ചുള്ള പഠനം ഭൂമിയിലെ ജലദൗര്‍ലഭ്യത്തെ എങ്ങനെ പരിഹരിക്കുമെന്ന ചോദ്യം സ്വാഭാവികമാണ്. അവയെ ഉപയോഗപ്പെടുത്തുന്നതിലും എളുപ്പം ഭൂമിയുടെ ആര്‍ട്ടിക്, അന്റാര്‍ട്ടിക് മേഖലകളിലെ മഞ്ഞുപാളികളില്‍ നിന്ന് ജലം ശേഖരിക്കുന്നതാണ്. ജലം എങ്ങനെ രൂപപ്പെട്ടുവെന്ന അന്വേഷണമാണ് കണ്ടെത്തലുകളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നത്. വാതക മൂലകങ്ങളായ ഓക്‌സിജനും ഹൈഡ്രജനും ഇലക്ട്രോണുകള്‍ പങ്കു വയ്ക്കുന്നതിലൂടെ ഊര്‍ജ്ജ സ്ഥിരത കൈവരിക്കുമ്പോഴാണ് ജലതന്മാത്രകള്‍ പിറവിയെടുക്കുന്നത്. ഇവ നക്ഷത്രകേന്ദ്രങ്ങളിലാണ് സംഭരിക്കപ്പെട്ടത്. ഇത്തരം നക്ഷത്ര കേന്ദ്രങ്ങളില്‍ നിന്ന് പുറത്തേക്ക് ചീറ്റിയെത്തുന്ന ഓക്‌സിജന്‍ ബാഹ്യപരിസരത്തെ ഹൈഡ്രജനുമായി ചേരുന്നു. നക്ഷത്ര ജ്വലനത്തിനിടയിലുണ്ടാവുന്ന ചില പ്രചണ്ഡവാതകങ്ങളുടെ പ്രതിപ്രവര്‍ത്തനമെന്ന നിലയിലാണിങ്ങനെ സംഭവിക്കുക.

മഹാവിസ്‌ഫോടനത്തിന് ശേഷം നക്ഷത്ര സമാനമായ താപനചുറ്റുപാടുകളില്‍ സ്വയം സൃഷ്ടിക്കപ്പെട്ടുവെന്നതാണ് ഭൂമിയിലെ ജലത്തിനുള്ള വിശദീകരണം. കട്ടിയായ ഒരു അന്തരീക്ഷം രൂപപ്പെട്ടിട്ടില്ലാതിരുന്ന ഭൂമിയില്‍ നിരന്തരമായി വന്നിടിച്ച ഉല്‍ക്കകളിലും വാല്‍നക്ഷത്രങ്ങളിലും ജലം ഉത്ഭവിക്കുമായിരുന്നു എന്നാണ് മറ്റൊരു വിശ്വാസം. അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ്, സൗരയൂഥം ഉടലെടുക്കും മുമ്പ് ഒരു മേഘപടലമായി നിലനിന്നിരുന്ന അതേ ജലം തന്നെയാണോ ഇന്ന് ഭൂമിയിലെ ജലാശയങ്ങളില്‍ നിറയുന്നതെന്ന് ഇന്നും വിവേചിച്ചറിഞ്ഞിട്ടില്ല. ഭൗമജലത്തിന്റെ ഉത്ഭവവും അതിന് സൂര്യനുമായുള്ള ബന്ധവുമൊക്കെ പഠിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയുമായിരുന്നു റോസറ്റയുടെ വാല്‍നക്ഷത്രത്തിന്റെ മുഖ്യലക്!ഷ്യം. സൗരകണങ്ങളുടെ ശേഖരവുമായി ജെനസിസ് തിരിച്ചെത്തിയതോടെ മറുവശം പൂരിപ്പിക്കുക എന്ന റോസറ്റയുടെ ജോലി ബാക്കിയാവുന്നു.

പര്യവേഷണ വാഹനങ്ങളില്‍ ഉപയോഗിക്കപ്പെടുന്ന പല ഉപകരണങ്ങളിലും ഭൂമിയിലെ ഒളിഞ്ഞുകിടക്കുന്ന ജലത്തെ കണ്ടെത്താനായി പ്രയോജനപ്പെടുത്താനാവുമെന്നതാണ് ഇപ്പോഴത്തെ നിലപാട്. ചൊവ്വ പര്യവേഷണത്തിനായി ഉപയോഗിക്കപ്പെട്ട മാര്‍സ് എക്‌സ്പ്രസില്‍ ഉപയോഗിച്ച തരം റഡാര്‍ കൊണ്ട് കിലോമീറ്ററുകള്‍ ആഴത്തിലുള്ള ജലസാന്നിധ്യം പോലും കണ്ടെത്താനാവും.യൂറോപ്യന്‍ ഏജന്‍സിയിലൂടെ 2002ലെ ചാന്ദ്ര ദൗത്യത്തില്‍ ഉപയോഗിച്ചതരം സ്‌പെക്ട്രോമീറ്റര്‍ സ്ഥാപിച്ചുകൊണ്ടും ഇതു തന്നെ ചെയ്യാനാവുമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നത്. സൗരയൂഥത്തിലെ മരുപ്പച്ചയായി നില നില്‍ക്കാനും ഭൂമിക്ക് എക്കാലവും കഴിയുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്. ശാസ്ത്രലോകം പരീക്ഷണങ്ങളും പരിശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും നമുക്ക് ലഭിച്ച അമൂല്യ നിധിയെ ജലം നാം കരുതലോടെ ഉപയോഗിക്കുക. എല്ലാ തരം മാലിന്യങ്ങളില്‍ നിന്നും ജലവും ജല സ്രോതസുകളും സംരക്ഷിക്കുകയെന്നത് ഓരോരുത്തരും ബാധ്യതയായി അംഗീകരിക്കുക. ഉപയോഗം കഴിവതും ചുരുക്കിയും പാഴാക്കുന്നത് ഒഴിവാക്കിയും ജലസംരക്ഷണത്തിനുള്ള നടപടികള്‍ സ്വീകരിച്ചും നാം സംസ്‌കാര സമ്പന്നരാവുക. മനുഷ്യ പുരോഗതിക്കും വികസനത്തിനം ആവശ്യമായ ഊര്‍ജം ഉല്‍പാദിപ്പിക്കുമ്പോള്‍ ജലസ്രോതസുകള്‍ മലിനമാക്കാതെയും ദുരുപയോഗം ചെയ്യാതെയും നോക്കണമെന്നും ഈ ദിനം നമ്മെ ഓര്മിപ്പിക്കുന്നു.

Releated Stories