logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ജീവകാരുണ്യത്തിന്റെ സന്ദേശ വാഹകരാവുക

img

ജീവകാരുണ്യത്തിന്റെ സന്ദേശ വാഹകരാവുക
അമാനുല്ല വടക്കാങ്ങര

മറ്റുള്ളവരുടെ വേദനകളും യാതനകളും സ്വന്തം പ്രശ്്‌നങ്ങളായി കണക്കാക്കി മത ഭാഷ ദേശ ജാതി വര്‍ഗ വര്‍ണ പരിഗണനകള്‍ക്കതീതമായി മാനവികതയുടേയും മനുഷ്യ സാഹോദര്യത്തിന്റേയും ഉന്നതമായ ഭൂമികയില്‍ സഹജീവികളോട് കരുണയും സഹകരണവും പ്രഖ്യാപിക്കുന്ന ലോക ജീവകാരുണ്യ ദിനം സമകാലിക ലോകത്ത് ഏറ്റവും ശ്രദ്ധയര്‍ഹിക്കുന്നു എന്നതില്‍ സംശയമില്ല. 

വ്യാപാര താല്‍പര്യങ്ങളും സമ്പത്തിനോടുള്ള അതിമോഹവും മനുഷ്യരെ പരസ്പരം അകറ്റുകയും വെറുപ്പിന്റേയും യുദ്ധത്തിന്റേയും ക്രുരവികാരങ്ങള്‍ പ്രസരിപ്പിക്കുകയും ചെയ്യുന്ന അതിഗുരുതരമായ ലോകാവസ്ഥയില്‍ യുദ്ധ ഭീതിയും സംഘര്‍ഷങ്ങളും മനുഷ്യ മനസുകളെ സ്‌നേഹത്തിന്റെ വിശാലമായ മേച്ചില്‍പുറങ്ങളില്‍ നിന്നും സങ്കുചിത വികാരങ്ങളുടെ കുടുസ്സായ മരുപ്പറമ്പിലേക്കാണ് നയിക്കുന്നത്. ആശയങ്ങളും വിശ്വാസങ്ങളും തമ്മിലുള്ള സഹവര്‍തിത്വവും സഹകരണവും ഉറപ്പുവരുത്തുന്നതിന് പകരം അകല്‍ച്ചയുടേയും പരസ്പരം കണ്ടുകൂടായ്മയുടേയും വിതാനങ്ങളിലേക്കെത്തിക്കുന്നവര്‍ ആരായിരുന്നാലും അവരെ കൈകാര്യം ചെയ്യേണ്ടത് മാനവരാശിയുടെ സമാധാന പൂര്‍ണമായ നിലനില്‍പാഗ്രഹിക്കുന്ന ഓരോ മനുഷ്യ സ്‌നേഹിയുടേയും അടിസ്ഥാന ബാധ്യതയാണ്. 

അതുകൊണ്ടാണ് നാം ജീവിക്കുന്ന ലോകത്ത് ഏറ്റവും പ്രസക്ത വികാരങ്ങളായ മാനവികത, മനുഷ്യപ്പറ്റ്, ജീവകാരുണ്യം, പരസ്പര സഹായസഹകരണം, സേവനം, സ്‌നേഹം, ആര്‍ദ്രത, ദയ, സമാധാനപരമായ സഹവര്‍തിത്വം തുടങ്ങിയ ആശയങ്ങള്‍ക്ക് അടിവരയിടുന്ന ലോക ജീവകാരുണ്യ ദിനം നമുക്കൊക്കെ ഏറെ പ്രാധാന്യമുള്ളതാകുന്നത്. 

മനുഷ്യന്‍ ജന്മനാ ഒരു സാമൂഹ്യ ജീവിയാണ്. പരസ്പരം സഹകരിച്ചും പങ്കുവെച്ചും കൂട്ടായി ജീവിക്കുക എന്നതാണ് മനുഷ്യന്റെ അടിസ്ഥാന സ്വഭാവം. ആദിമ മനുഷ്യന്‍ മുതല്‍ ആധുനിക മനുഷ്യന്‍ വരെ ഈ സ്വഭാവത്തിന്റെ ഉടമകളാണ്. എന്നിട്ടും എന്തുകൊണ്ടാണ് നമുക്ക് ചുറ്റും ചോരപ്പുഴകള്‍ ഉണ്ടാകുന്നത്. സ്ത്രീകളും കുട്ടികളും വൃദ്ധന്മാരുമൊക്കെ നിര്‍ദയം കൊല്ലപ്പെടുന്നത് , നിരവധി രക്ഷിതാക്കള്‍ പരിചരിക്കാനാളില്ലാതെ വൃദ്ധ സദനകളില്‍ തളക്കപ്പെടുന്നത്. ധാര്‍മികതയും മനുഷ്യത്വവും ചോദ്യം ചെയ്യപ്പെടും വിധം കുടുംബസംവിധാനങ്ങള്‍ ദുര്‍ബലപ്പെടുകയും എങ്ങും സംഘര്‍ഷങ്ങളും പ്രശ്്‌നങ്ങളും നിലനില്‍ക്കുകയും ചെയ്യുമ്പോള്‍ ഈ ദിശയിലുള്ള ഏതന്വേഷണവും ഏറെ പ്രധാനമാകും. ലോകാടിസ്ഥാനത്തില്‍ വിഷയങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ രാഷ്ട്രീയവും മതപരവും സാമൂഹികവുമായ മാനങ്ങള്‍ക്കപുറം സാമ്പത്തികമായ താല്‍പര്യങ്ങളും ആയുധ കച്ചവടവുമൊക്കെയാണ് മനുഷ്യ ജീവിതം ദുസ്സഹമാക്കുന്നത് എന്നാരെങ്കിലും കരുതിയാല്‍ അവരെ കുറ്റം പറയാനാവില്ല. ഗസ്സയിലും ഇറാഖിലും ഈജിപ്തിലും സിറിയയിലും സുഡാനിലുമെല്ലാം നിരവധി മനുഷ്യജീവനുകള്‍ പൊലിയുമ്പോള്‍, ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ സമാധാനവും സഹവര്‍തിത്വവും ഉറപ്പുവരുത്തുവാന്‍ ഉത്തരവാദപ്പെട്ട ലോക സംഘടനകള്‍ പോലും പകച്ചുനില്‍ക്കുമ്പോള്‍ സമാധാനത്തിന്റെ വെള്ളരിപ്രാവുകളുമായി രംഗത്ത് വരുവാന്‍ ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്കും സന്നദ്ധസേവകര്‍ക്കും കഴിയുമെന്ന തിരിച്ചറിവ് ലോക ജീവകാരുണ്യ ദിനത്തെ കൂടുതല്‍ പ്രസക്തമാക്കുന്നു. 

ഓരോ ജീവനും ഓരോ ജീവിതവും വിലപ്പെട്ടതാണ്. അത് നല്‍കാനും തിരിച്ചെടുക്കാനുമുള്ള അവകാശം സ്രഷ്ടാവിന് മാത്രവും. അകാരണമായി ഗസ്സയിലെ തെരുവീഥികള്‍ പിഞ്ചുകുഞ്ഞുങ്ങളും നിരായുധരായ മനുഷ്യസഹോദരങ്ങളും ക്രൂരമായ കടന്നുകയറ്റങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയമായി പിടഞ്ഞുമരിക്കുമ്പോള്‍ ലോകത്തെമ്പാടുമുള്ള ഓരോ മനുഷ്യ സ്‌നേഹിയുടേയും ഹൃദയം വേദന കൊണ്ട് പുളയുന്നത് ജീവകാരുണ്യത്തിന്റെ വികാരമുള്ളതുകൊണ്ടാണ്. നിരന്തരമായ നരനായാട്ടുകള്‍ അവസാനിപ്പിച്ച് ശാന്തിയുടേയും സമാധാനത്തിന്റേയും ശാദ്വല തീരങ്ങളിലേക്ക് മാനവരാശിയെ കൈപിടിച്ചാനയിക്കുകയും സമാധാനപരമായ അന്തരീക്ഷത്തില്‍ ആരോഗ്യകരമായ ആശയസംവാദങ്ങളും വിനിമയ പരിപാടികളുമാണ് സാംസ്‌കാരിക ലോകം ആഗ്രഹിക്കുന്നത്. ആയുധ ബലവും യുദ്ധക്കൊതിയും ഒന്നിനും പരിഹാരമല്ല. മറിച്ച് പ്രശ്‌നങ്ങളുടെ കാരണങ്ങളാണെന്ന് നാം തിരിച്ചറിയുക. ഭൂമിയിലുള്ളവരോട് നാം കരുണകാണിക്കുമ്പോള്‍ സ്രഷ്ടാവിന്റെ കരുണാകടാക്ഷങ്ങള്‍ക്ക് നാം അര്‍ഹരാകുമെന്നതില്‍ സംശയം വേണ്ട. ജീവന്‍ പോലും ബലിയര്‍പ്പിച്ച് നിസ്വാര്‍ഥ സേവനങ്ങളിലൂടെ മനുഷ്യരുടെ കണ്ണീരൊപ്പാനും ലോകത്ത് ശാന്തിയും സമാധാനവും പുലരാനും അഹോരാത്രം പണിപ്പെടുന്ന ജീവകാരുണ്യ പ്രവര്‍ത്തകരെ നന്ദിപൂര്‍വം അനുസ്മരിക്കുന്നതോടൊപ്പം അവരുടെ മാര്‍ഗത്തില്‍ നാമോരോരുത്തരും അവനവന് കഴിയുന്ന സേവനങ്ങള്‍ ചെയ്യുവാന്‍ സന്നദ്ധമായി മുന്നോട്ടുവരികയെന്നതും ഈ ദിനം നമ്മോടാവശ്യപ്പെടുന്നു. 

ഐക്യരാഷ്ട്ര സംഘടനയുടെ ആഹ്വാനപ്രകാരം 2009 മുതല്‍ എല്ലാ വര്‍ഷവും ആഗസ്ത് 19 ആണ് ലോക ജീവകാരുണ്യ ദിനമായി ആചരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന യുദ്ധങ്ങളിലും വര്‍ഗീയ വംശീയ കലാപങ്ങളിലും ക്രൂരമായ അതിക്രമങ്ങള്‍ക്ക് വിധേയരാകുന്ന നിരപരാധികളും നിരാശ്രയരുമായ മനുഷ്യരുടെ പരിചരണത്തിനും സേവനത്തിനും സമയം കണ്ടെത്തുന്ന മനുഷ്യ സ്‌നേഹികളുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുകയും അവര്‍ ഉദ്‌ഘോഷിക്കുന്ന ഉന്നതമായ സേവന സന്ദേശം പ്രചരിപ്പിക്കുകയുമാണ് ഈ ദിനത്തിന്റെ പ്രധാന ദൗത്യം. തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ അടിച്ചമര്‍ത്തപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നപരശ്ശതം മനുഷ്യമക്കളാണ് ലോകത്ത് ജീവിക്കുന്നത്. പാര്‍ശ്വവല്‍ക്കരിക്കപ്പെടു കയും ശബ്ദമില്ലാതാക്കപ്പെടുകയും ചെയ്യുന്ന ഇത്തരം ആളുകളുടെ പരിചരണത്തിനും പുനരധിവാസത്തിനും പണിയെടുക്കുകയെന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. സ്വാര്‍ഥതയുടേയും സുഖലോലുപതയുടേയും ആശയങ്ങള്‍ ആധിപത്യം നേടുന്ന ഒരു സമൂഹത്തിന് സഹജീവികളുടെ കണ്ണീരൊപ്പാനും അവരുടെ ഉന്നമനത്തിനും വേണ്ടി പ്രയത്‌നിക്കുന്നവരെ വേണ്ട രൂപത്തില്‍ അംഗീകരിക്കുകയും അവരുടെ മാതൃകകളെ സമൂഹ നന്മക്കായി പിന്തുടരുവാന്‍ ആഹ്വാനം ചെയ്യുകയുമാണ് ഈ ദിനം .

ജീവകാരുണ്യപ്രവര്‍ത്തനമെന്നത് വിപുലമായ അര്‍ഥതലങ്ങളുള്ള ഒരാശയമാണ്. പേരിനും പെരുമക്കും അംഗീകാരങ്ങള്‍ക്കും വേണ്ടിയുള്ള കാട്ടികൂട്ടലുകളല്ലത്. മറിച്ച് ലോകത്തിന്റെ ഏത് ഭാഗത്തും സഹജീവികളുടെ സഹനങ്ങളും വേദനയും സ്വന്തം വേദനയായി അംഗീകരിച്ച് അവ ദൂരീകരിക്കുവാനുള്ള ആത്മാര്‍ഥമായ ഇടപെടലുകളാണ് . ഇവിടെ മതമോ, ജാതിയോ, വര്‍ണമോ ദേശമോ ഒന്നും അവരെ വേര്‍തിരിക്കുന്നില്ല. മാനവികത എന്ന ഒറ്റ വികാരം. മനുഷ്യ സ്‌നേഹം എന്ന ഏക ആശയം. ഈ അര്‍ഥത്തിലുള്ള സംയുക്ത സംരംഭങ്ങളും ചിന്തകളുമാണ് ഈ ദിനത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. 

ബഗ്ദാദിലെ ഐക്യ രാഷ്ട്ര സംഘടനാ ആസ്ഥാനത്തിന് നേരെ 2003 , ആഗസ്ത് 19 നുണ്ടായ ബോംബാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഐക്യരാഷ്ട്രസംഘടന ആഗസ്ത് 19 ലോക ജീവകാരുണ്യ ദിനമായി നിശ്ചയിച്ചത്. മനുഷ്യാവകാശത്തിനുള്ള യു. എന്‍. ഹൈ കമ്മീഷണര്‍ സര്‍ജിയോ വെറോ ഡി മെല്ലോ അടക്കം 22 ഐക്യ രാഷ്ട്ര സംഘട ഉദ്യോഗസ്ഥരാണ് ആ ദുരന്തത്തില്‍ മരിച്ച ത്. സംഘട്ടനങ്ങളും സംഘര്‍ഷങ്ങളും ഒന്നിനും പരിഹാരമല്ല. നാഗരികതള്‍ തമ്മിലോ ആശയങ്ങള്‍ തമ്മിലോ ഉള്ള സംഘട്ടനങ്ങളല്ല ആരോഗ്യകരമായ സംവാദങ്ങളാണ് ലോകത്തിനാവശ്യം. ആശയങ്ങളും ആദര്‍ശങ്ങളും സമാധാനാന്തരീക്ഷത്തില്‍ ആരോഗ്യകരമായ സംവാദങ്ങളിലേര്‍പ്പെടുന്ന സഹവര്‍തിത്വമാണ് സമകാലിക ലോകത്ത് ഏറ്റവും അഭികാമ്യം എന്നും ഈ ദിനം നമ്മെ ഓര്‍മിപ്പിക്കുന്നു. യുദ്ധക്കൊതിയും ആര്‍ത്തിയും നിരാകരിക്കുന്ന ഈ ദിനം സഹകരണവും സ്‌നേഹവുമാണ് പ്രോല്‍സാഹിപ്പിക്കുന്നത ്. 

ഓരോ വര്‍ഷവും സവിശേഷമായ പ്രമേയങ്ങളാണ്് ഈ ദിനം ചര്‍ച്ചക്ക് വെക്കുന്നത്. നാം ജീവകാരുണ്യ പ്രവര്‍ത്തകരാണ് എന്നതായിരുന്നു 2010 ല്‍ ഐക്യരാഷ്ട്ര സംഘടന ഈ ദിനത്തില്‍ ഉയര്‍ത്തിയ പ്രമേയം. സന്നദ്ധ സേവനവും മാനുഷിക പരിഗണനയും ഓരോ മനുഷ്യരിലും വളര്‍ത്തുകയും ഓരോരുത്തരേയും ജീവകാരുണ്യ പ്രവര്‍ത്തകരാക്കുകയും ചെയ്യുകയെന്നതായിരുന്നു ഈ പ്രമേയത്തിലൂടെ ഐക്യ രാഷ്ട്ര സംഘടന ലക്ഷ്യം വെച്ചത്. 2011 ല്‍ ജനങ്ങളെ സഹായിക്കുന്ന ജനങ്ങള്‍ എന്ന മഹത്തായ സന്ദേശമാണ് ചര്‍ച്ചക്ക് വെച്ചത്. മാനവികതയെ മാത്രം അടിസ്ഥാനപ്പെടുത്തി സഹജീവികളെ സഹായിക്കുവാന്‍ മുന്നോട്ടുവരികയെന്നതായിരുന്നു ഈ പ്രമേയത്തിന്റെ ജീവന്‍. 2012 ല്‍ ഞാന്‍ അവിടെ ഉണ്ടായിരുന്നു എന്നതായിരുന്നു പ്രമേയം. ഏത് ആവശ്യ ഘട്ടത്തിലും താങ്ങും തണലുമായി , ശബ്ദമില്ലാത്തവരുടെ ശബ്ദമായി, സഹായിക്കാനാളില്ലാത്തവര്‍ക്ക് അത്താണിയായി ഞാനുണ്ടെന്ന് ഓരോരുത്തരോടും ആഹ്വാനം ചെയ്യാനാണ് ഈ ദിനം ആവശ്യപ്പെട്ടത്. ദ വേള്‍ഡ് നീഡ്‌സ്് മോര്‍ ( ലോകത്തിന് കൂടുതല്‍ ആവശ്യമുണ്ട്) എന്ന വിപുലമായ മാനങ്ങളുള്ള പ്രമേയമാണ് ലോക ജീവകാരുണ്യ ദിന പ്രമേയമായി ഈ വര്‍ഷവും ഐക്യരാഷ്ട്ര സംഘടന തെരഞ്ഞെടുത്തിരിക്കുന്നത്. ലോകത്ത് കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തകര്‍ വേണം, കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ വേണം, കൂടുതല്‍ വിഭവങ്ങള്‍ വേണം, കൂടുതല്‍ ബോധവല്‍ക്കരണം വേണം തുടങ്ങിയവയൊക്കെ ഈ പ്രമേയം ചര്‍ച്ച ചെയ്യുന്നു. 

ദുരിതങ്ങളും ദുരന്തങ്ങളും ഏറി വരികയാണ്. സ്വാഭാവികമായും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ആവശ്യകതയുമേറുന്നു. ഭൗതിക സുഖസൗകര്യങ്ങളുടെയും ലോകം വെട്ടിപ്പിടിക്കുവാനുള്ള ഓട്ടത്തിന്റേയുമിടയില്‍ കഷ്ടപ്പെടുന്ന തന്റെ സഹജീവിയുടെ കണ്ണീരൊപ്പുവാന്‍ നമുക്കൊക്കെ സമയമുണ്ടോ എന്നാണ് വാസ്തവത്തില്‍ ഈ ദിവസം ഉയര്‍ത്തുന്ന പ്രധാന ചോദ്യം. ജീവിതത്തിലെ മുന്‍ഗണനാക്രമങ്ങളില്‍ മാനവികതക്കും സാഹോദര്യത്തിനും നാമോരോരുത്തരും എന്ത് വില കല്‍പ്പിക്കുന്നു എന്നതാണ് ഇവിടെ വിലയിരുത്തപ്പെടുന്നത്. ജീവിതയാത്രയില്‍ ബാക്കിയാവുന്ന , എന്നും മനസിന് ശാന്തിയും സായൂജ്യവും നല്‍കുന്ന സേവന പ്രവര്‍ത്തനങ്ങളില്‍ മുഴുകുവാനും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരാനുമാണ് ഈ ദിനം ഉപകരിക്കേണ്ടത്. 

യഥാര്‍ഥത്തില്‍ നമ്മുടെ ജീവിതം ധന്യമാകുന്നത് നമ്മെ കൊണ്ട് മറ്റുള്ളവര്‍ക്ക് എന്തെങ്കിലും ഗുണമുണ്ടാകുമ്പോഴാണ്. ശരീരം കൊണ്ടും , സമ്പത്തുകൊണ്ടും , ബുദ്ധിയും ചിന്തയും കൊണ്ടുമെല്ലാം നമുക്ക് മറ്റുള്ളവര്‍ക്ക് സേവനം ചെയ്യാം. അറിവ് പകര്‍ന്നും നന്മയുടെ നാമ്പുകള്‍ നട്ടുവളര്‍ത്തിയും സമൂഹഗാത്രത്തില്‍ പുണ്യം വിതക്കുന്നവരായി നാം മാറുമ്പോള്‍ ജീവകാരുണ്യ സേവനത്തിന്റെ ബഹുമുഖ ഫലങ്ങള്‍ സമൂഹത്തില്‍ പന്തലിക്കും. മാനവരാശിയുടെ സമാധാനപൂര്‍ണമായ സഹവര്‍തിത്വമെന്ന മഹത്തായ ആശയമാണ് അതോടെ സാക്ഷാല്‍ക്കരിക്കപ്പെടുക. സമൂഹത്തിലെ താഴെക്കിടയിലുള്ള, അധസ്ഥിതരായ , പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന സഹജീവികളെ ഓര്‍ക്കുകയും അവരുടെ പ്രയാസങ്ങളും ദുരിതങ്ങളുമകറ്റുകയും ചെയ്യുക, ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തകരെ അംഗീകരിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും വേണമെന്ന മഹത്തായ സന്ദേശം നല്‍കുന്ന ഈ ദിനം അതുകൊണ്ട് തന്നെ ഏത് മനുഷ്യ സ്‌നേഹിയുടേയും കലണ്ടറിലെ സവിശേഷ ദിനമാകണമെന്നതില്‍ സംശയമില്ല. 

ലോക ജീവകാരണ്യ ദിനത്തോടനുബന്ധിച്ച് ഐക്യ രാഷ്ട്ര സംഘടന സെക്രട്ടറി ജനറല്‍ ബാന്‍കി മ്യൂണ്‍ നല്‍കിയ സന്ദേശത്തിന്റെ പ്രസക്തഭാഗവും ഇവിടെ പങ്കുവെക്കട്ടെ. 
ലോക ജീവകാരുണ്യ ദിനത്തില്‍ ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള നമ്മുടെ പ്രതിജ്ഞ പുതുക്കുകയും ഈ മാര്‍ഗത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരെ അനുസ്മരിക്കുകയും ചെയ്യുക. മുമ്പത്തേക്കളും ജീവകാരുണ്യ പ്രവര്‍ത്തകരാണ് കഴിഞ്ഞ വര്‍ഷം കൊല്ലപ്പെടുകയും അക്രമിക്കപ്പെടുകയും ചെയ്തത്. ഗസ്സയിലും തെക്കന്‍ സുഡാനിലും ഐക്യ രാഷ്ട്ര സംഘടനയുടെ കുടുംബാംഗങ്ങളുള്‍പ്പടെ കുറേയേറെ പേര്‍ കൊല്ലപ്പെട്ടു. അന്യായമായ ഇത്തരം ദുരന്തങ്ങള്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുമ്പോള്‍ അര്‍ഹരായ പലര്‍ക്കും സേവനം ലഭിക്കാതിരിക്കാന്‍ കാരണമാക്കും. 

കുട്ടികള്‍ക്ക് പതിരോധ കുത്തിവെപ്പുകള്‍ ലഭിക്കാതിരിക്കുകയും മുറിവേറ്റവരും രോഗബാധിതരും ചികില്‍സ കിട്ടാതെ പോവുകയും ചെയ്യുകയെന്നതാകും ജീവകാരുണ്യ പ്രവര്‍ത്തകരുടെ അഭാവത്തില്‍ സംഭവിക്കുക. വീടില്‍ നന്നും പുറംതള്ളപ്പെട്ടവര്‍ ഭക്ഷണവും പാര്‍പ്പിടവുമില്ലാതെ നിരന്തരം അതിക്രമങ്ങള്‍ക്ക് വിധേയമാകുന്നത് നിര്‍ബാധം തുടരാനും കാരണമാകും. അതിനാല്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുവാനും ആശ്വാസത്തിന്റേയും സേവനത്തിന്റേയും മാലാഖമാരായി ഉയരാനും ഈ ദിനം ലോക മനസാക്ഷിയെ ഉദ്‌ബോധിപ്പിക്കുന്നു.

Releated Stories