logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ആത്മഹത്യാ പ്രതിരോധം ആഗോളകൂട്ടായ്മയിലൂടെ

img

അമാനുല്ല വടക്കാങ്ങര

ലോകാരോഗ്യ സംഘടനയും ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ സൂയിസൈഡ് പ്രിവന്‍ഷനും സംയുക്തമായി നടത്തിയ ലോക ആത്മഹത്യാ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ശേഷമുള്ള പ്രഥമ ആത്മഹത്യാ പ്രതിരോധ ദിനമാണ് ഈ വര്‍ഷം ആചരിക്കുന്നത്. ഈ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയാണ് ലോകത്തിന്റെ ആത്മഹത്യ തലസ്ഥാനം. വര്‍ഷം തോറും ലോകത്ത് നടക്കുന്ന മൊത്തം ആത്മഹത്യയുടെ മൂന്നിലൊന്നും ഇന്ത്യയിലാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. സ്വകാര്യ തലത്തിലും ഗവണ്‍മെന്റ് മേഖലയിലും ഊര്‍ജിതമായ ബോധവല്‍ക്കരണ പരിപാടികളാണ് സാഹചര്യം ആവശ്യപ്പെടുന്നത്. 

നാം ജീവിക്കുന്ന ലോകം പ്രശ്‌നസങ്കീര്‍ണമാണ്. ഓരോരുത്തരും വിവിധ തരം പ്രശ്‌നങ്ങളാണ് അഭിമുഖീകരിക്കുന്നത്. പ്രയാസങ്ങള്‍ അഭിമുഖീകരിക്കുവാനും ജീവിതയാത്രയില്‍ മുന്നേറാനും കഴിയാത്തവര്‍ പലപ്പോഴും ആത്മഹത്യയില്‍ അഭയം തേടുന്നു. കവികളും സാംസ്‌കാരിക നായകരും സമൂഹത്തിലെ ഉന്നത ശ്രേണീയരായ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും പ്രൊഫഷണലുകളും ഉന്നത വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരും മാത്രമല്ല വെള്ളിത്തിരയിലെ മിന്നും താരങ്ങള്‍ വരെ ജീവിതത്തിലെ ചില പ്രതിസന്ധി ഘട്ടങ്ങളില്‍ പതറുകയും ആത്മഹത്യയില്‍ അഭയം തേടുകയും ചെയ്യുമ്പോള്‍ സമൂഹ മനസാക്ഷി ഒന്നടങ്കം പകച്ചുനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന മുന്നോട്ടുവെക്കുന്ന ആത്മഹത്യാ പ്രതിരോധം ആഗോളകൂട്ടായ്മയിലൂടെ എന്ന പ്രമേയം കൂടുതല്‍ ശ്രദ്ധേയമാകുന്നു. 

ഈ ലോകത്തെ ജീവിതം മനുഷ്യന്റെ കണക്കുകൂട്ടലുകള്‍ക്കതീതമാണ്. ഓരോരുത്തരും എത്രകാലം, ഏതൊക്കെ സാഹചര്യങ്ങളില്‍ ജീവിക്കുമെന്നത് സ്രഷ്ടാവിന് മാത്രം അറിയുന്ന കാര്യമാണ്. ഒരു പക്ഷേ ജീവിതത്തിലെ അനിശ്ചിതത്വവും നശ്വരതയും തന്നെയാകാം അതിന്റെ സൗന്ദര്യവും പ്രാധാന്യവും നമ്മെ ബോധ്യപ്പെടുത്തുന്നത്. എന്തിനാണ് നാം ജീവിക്കുന്നത്, എന്താണ് നാം നേടേണ്ടത്, ജീവിത ലക്ഷ്യമെന്താണ് എന്നിവ സംബന്ധിച്ച വ്യത്യസ്ത വീക്ഷണങ്ങളും അഭിപ്രായങ്ങളുമൊക്കെയുണ്ടായേക്കാമെങ്കിലും ഭൂമുഖത്ത് ജനിക്കുന്നവരെല്ലാം മരിക്കുമെന്ന വിഷയത്തില്‍ ആര്‍ക്കും സംശയമുണ്ടാവാനിടയില്ല. പക്ഷേ ജീവിതം പോലെ തന്നെ മരണവും തീരുമാനിക്കുന്നതിനുള്ള അധികാരം നമുക്കല്ല എന്ന് തിരിച്ചറിയുക പ്രധാനമാണ്. 

ജീവിതം സംഘര്‍ഷങ്ങളും സമ്മര്‍ദ്ധങ്ങളും ശാന്തതയും സന്തോഷവുമെല്ലാം നിറഞ്ഞവയാകാം. പ്രകൃതിയില്‍ കാറ്റും കോളും ഇടിയും മിന്നലും എല്ലാം സാധാരണമാണെന്നതുപോലെ ജീവിതത്തിലും പ്രയാസങ്ങളും ബുദ്ധിമുട്ടുകളുമുണ്ട ാവാം. ജീവിത യാത്രയില്‍ എല്ലാ പ്രതിസന്ധികളേയും ക്രിയാത്മകമായി അഭിമുഖീകരിക്കുവാനും വിജയം കൈവരിക്കുവാനും മാനസികാരോഗ്യവും ആത്മധൈര്യവും അനുപേക്ഷ്യമാണ്. ജീവിത വീക്ഷണവും ലക്ഷ്യബോധവുമാണ് പലപ്പോഴും ഈ ഗുണങ്ങള്‍ സമ്മാനിക്കുന്നത്.

വ്യക്തമായ ജീവിത കാഴ്ചപ്പാടിന്റേയും ധാര്‍മിക ബോധത്തിന്റേയും അഭാവത്തില്‍ അപക്വമതികളായ മനുഷ്യര്‍ ആത്മഹത്യയിലും മറ്റു അനാവശ്യ പ്രവണതകളിലും അഭയം തേടുന്നുവെന്നാണ് സമകാലിക സംഭവവികാസങ്ങള്‍ നമ്മോട് പറയുന്നത്. ഈ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയും അന്താരാഷ്ട്ര മാനസികാരോഗ്യ സംഘടനയും ആത്മഹത്യാ പ്രതിരോധ ദിനം എന്ന ആശയവുമായി രംഗത്ത് വന്നത്. ആത്മഹത്യാ പ്രതിരോധം സാധ്യമാകുന്നതിനുള്ള സാമൂഹ്യ പരിസരത്തിന്റെ സൃഷ്ടിയാണ് ഇങ്ങനെയൊരു ദിവസം നിശ്ചയിക്കുക വഴി ബന്ധപ്പെട്ടവര്‍ ഉദ്ദേശിക്കുന്നത്. വ്യക്തി തലത്തിലും സമൂഹ തലത്തിലുമുള്ള കൂട്ടായ പരിശ്രമത്തിലൂടെ ആത്മഹത്യാ പ്രതിരോധം സാധ്യമാണെന്ന തിരിച്ചറിവ് തന്നെയാണ് ഈ ദിനത്തിന്റെ പ്രസക്തി. 

ലോകത്തിന്റെ നാനാഭാഗങ്ങളിലുമുള്ള മനുഷ്യരെ ഒരേ പോലെ അലട്ടിക്കൊ ണ്ടിരിക്കുന്ന സുപ്രധാന പ്രശ്‌നങ്ങളിലൊന്ന് മാനസികാരോഗ്യത്തിന്റെ അഭാവമാണ് എന്ന് പറഞ്ഞാല്‍ അത് തെറ്റാവാന്‍ വഴിയില്ല. ജീവിതം പുരോഗമിക്കുകയും സൗകര്യപ്രദമായിത്തീരുകയും ചെയ്തതില്‍ മതി മറന്ന് സന്തോഷിച്ച ആധുനിക മനുഷ്യന്‍ ചെന്നെത്തിയ അശാന്തിയുടെ ആഴം പകല്‍വെളിച്ചം പോലെ ചിന്തിക്കുന്ന മനുഷ്യര്‍ക്ക് മുന്നില്‍തെളിയുകയാണ്. 

ആഗോള സമ്പദ് വ്യവസ്ഥയില്‍ ഉണ്ട ായ പുരോഗതി, ഉദാരവല്‍ക്കരണം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ വളര്‍ച്ച ഇവ മൂലമുണ്ടായ നേട്ടങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് പങ്കുവെക്കുന്നതിനുള്ള സംവിധാനങ്ങളുടെ അഭാവം മൂലം ഭൂരിഭാഗം ജനങ്ങളുടെയും കഷ്ടതകള്‍ വര്‍ദ്ധിക്കുകയുണ്ട ായി. ലോകത്തിലെ പല വികസിത രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചക്ക് വരെ ഇത് വഴിയൊരുക്കുകയുണ്ടായി. കാലാവസ്ഥാവ്യതിയാനം കാര്‍ഷിക തളര്‍ച്ച സൃഷ്ട്ടിച്ചപ്പോള്‍ കൃഷിക്കാരുടെ ജീവിതം വഴിമുട്ടി. തൊഴിലില്ലായ്മ യുവജനങ്ങളില്‍ മാനസിക സംഘര്‍ഷം വര്‍ധിപ്പിച്ചു. നഗരവല്‍ക്കരണം, കുടിയേറ്റം, എന്നിവ കുടുംബ ബന്ധങ്ങളില്‍ സാരമായ ഉലച്ചിലുകള്‍ സൃഷ്ടിച്ചു. കൗമാര വിദ്യാഭ്യാസത്തിന്റെയും, ജീവിത നിപുണതാ വിദ്യാഭ്യാസത്തിന്റെയും അഭാവം ഏറെ പ്രത്യാഘാതങ്ങള്‍ സൃഷ്ട്ടിച്ചു. ജനങ്ങളുടെ ഇടയില്‍ ആത്മഹത്യ പ്രവണത വര്‍ദ്ധിച്ചിരിക്കുന്നു. മദ്യം, മയക്കുമരുന്ന് തുടങ്ങിയവക്ക് യുവജനങ്ങള്‍ അടിമകളായി. മോഷണവും, ഭീകര പ്രവര്‍ത്തനങ്ങളും വര്‍ദ്ധിക്കുന്നു. ഇവയെല്ലാം കൂടുതല്‍ പേരെ മനോരോഗങ്ങള്‍ക്ക് വിധേയരാക്കുന്നു.

മനുഷ്യനും യന്ത്രവും തമ്മില്‍ കുറേ സാമ്യതകളും ചില വ്യത്യാസങ്ങളുമു ണ്ട്. ഏറ്റവും സവിശേഷമായ വ്യത്യാസം മനുഷ്യന് മനസാക്ഷിയു ണ്ട് എന്നതാണ്. മനസിന് ആശ്വാസം പകരുന്ന ചിന്തകളും ചെയ്തികളും ഇല്ലാതെവരുമ്പോള്‍ മനസ് മരവിക്കുകയും യന്ത്രവും മനുഷ്യനും തമ്മിലുള്ള അകലം കുറയുകയും ചെയ്യുന്നു. ശാരീരികവും മാനസികവുമായ ആരോഗ്യം നിലനില്‍ക്കുമ്പോഴാണ് മനുഷ്യന്റെ ക്രിയാത്മകതയും രചനാത്മകതയും സമൂഹത്തിന്റെ നിര്‍മാണാത്മകമായ പുരോഗതിക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുക. 

ഗള്‍ഫ് സാഹചര്യത്തില്‍ വളരുന്ന കുട്ടികളുടെ മാനസിക പ്രശ്‌നങ്ങളുടെ ആഴം വേണ്ട രൂപത്തില്‍ ഇനിയും പഠന വിധേയമാക്കപ്പെട്ടിട്ടില്ല എന്നാണ് തോന്നുന്നത്. തികച്ചും യാന്ത്രികമായ ജീവിത ചുറ്റുപാടില്‍ ശരിയായ സ്‌നേഹവും സൗഹാര്‍ദ്ദവുമെന്തന്നറിയാതെ വളരുന്ന കുട്ടികളാണ് ഗള്‍ഫ് കുടുംബങ്ങളില്‍ കാണപ്പെടുന്നത് എന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ പാഠപുസ്തകങ്ങളുമായി തളക്കപ്പെടുന്ന ബാല്യവും കുട്ടിത്തവും തിരിച്ചെടുക്കാനാവാത്ത ചില അമൂല്യനിധികളാണ് ഈ കുട്ടികള്‍ക്ക് നഷ്ടപ്പെടുത്തുന്നത്. കുട്ടിത്തം ശരിയായി ആസ്വദിക്കാത്ത തലമുറ വൈകാരികമായ ഏറെ വൈകല്യങ്ങള്‍ക്കടിപ്പെടാന്‍ സാധ്യതയേറെയാണെന്ന് പറയപ്പെടുന്നു. 

എല്ലാ കുട്ടികള്‍ക്കും സ്വസ്ഥവും സുരക്ഷിതവും നൈസര്‍ഗികമായ വളര്‍ച്ചക്കനുഗുണവുമായ ഒരു അന്തരീക്ഷം ആവശ്യമാണ്. ഇതിലേതെങ്കിലും വശങ്ങളിലുണ്ട ാകുന്ന കുറവുകള്‍ കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുകയും സ്ഥിതിഗതികള്‍ വഷളാക്കുകയും ചെയ്യും. യുവതലമുറയെ മാനസികാരോഗ്യമുള്ള തലമുറയാക്കി മാറ്റുകയാണ് ഒരു സമൂഹത്തിന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ സേവനം. ഈ രംഗത്ത് സമൂഹത്തിന്റെ സമസ്ത തലങ്ങളിലും ചര്‍ച്ച സംഘടിപ്പിക്കുകയും സാധ്യമായ രീതിയില്‍ ആശയസമന്വയത്തിലൂടെ പരിപാടികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുകയും ചെയ്യേ ത് കാലഘട്ടത്തിന്റെ അനിവാര്യതയായി മാറിയിരിക്കുന്നു. 

ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ ട്രോമാറ്റിക് സ്ട്രസ് നടത്തിയ ഒരു പഠന പ്രകാരം 14 മുതല്‍ 42 ശതമാനം വരെ കുട്ടികളും ജീവിതത്തില്‍ ഒരിക്കലെങ്കിലും എന്തെങ്കിലും തരത്തിലുള്ള മാനസികാഘാതങ്ങള്‍ക്ക് വിധേയരാകുന്നവരാണ്. ഇരുപത് മില്യന്‍ കുട്ടികള്‍ വീടുകളില്‍ നിന്നും യുദ്ധമുഖത്തേക്ക് എടുത്തെറിയപ്പെടുകയും ഇതില്‍ 4 മില്യന്‍ കുട്ടികള്‍ക്ക് അംഗവൈകല്യം സംഭവിക്കുകയും ചെയ്യുന്നുണ്ടെ ന്നാണ് ഇന്റര്‍നാഷണല്‍ സേവ് ദ ചില്‍ഡ്രന്‍ അലയന്‍സിന്റെ ഗവേഷണത്തില്‍ കാണുന്നത്. 

യുദ്ധവും ഭീകരതയും കുട്ടികളുടെ തെളിമയാര്‍ന്ന കുരുന്ന ഹൃദയങ്ങളില്‍ ഭീതി നിറക്കുകയും ഒട്ടേറെ മാനസിക പ്രശ്‌നങ്ങള്‍ക്ക് വഴിമരുന്നിടുകയും ചെയ്യുന്നു എന്ന് പറയേ തില്ലല്ലോ. 

കുട്ടികളുടെ മാനസികാരോഗ്യത്തെ സ്വാധീനിക്കുന്ന മറ്റൊരു പ്രധാന പ്രശ്‌നം ദൃശ്യ ശ്രവ്യമാധ്യമങ്ങളുടെ അവിവേകപൂര്‍ണമായ ഇടപെടലുകളാണ്. സപ്തംബര്‍ പതിനൊന്നിന് ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററിലുണ്ട ായ തീവ്രവാദി ആക്രമണം കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷം ഒരു നാലുവയസുകാരികുട്ടി തന്റെ അമ്മയോട് ചോദിച്ചുവത്രേ. അമ്മേ എന്നാണ് വിമാനങ്ങള്‍ വന്നിടിച്ച് ബില്‍ഡിംഗുകള്‍ തരിപ്പണമാകുന്ന അതിഭീകരമായ സംഭവങ്ങള്‍ അവസാനിക്കുക. എല്ലാം സപ്തംബര്‍ പതിനൊന്നിന് തന്നെ അവസാനിച്ചുവെന്ന് കുട്ടിയെ ബോധ്യപ്പെടുത്താന്‍ അമ്മ ശ്രമിച്ചെങ്കിലും കുട്ടി സമ്മതിച്ചില്ല. ഇന്നലെ രാത്രിയും ഇന്ന് കാലത്തും വിമാനം വന്ന് ബില്‍ഡിംഗ് തകര്‍ക്കുന്നത് താന്‍ കണ്ടു എന്നായിരുന്നു കുട്ടിയുടെ വാദം. കുട്ടി അമ്മയേയും കൂട്ടി ടി.വിക്ക് മുന്നിലെത്തി വിമാനം വേള്‍ഡ് ട്രേഡ് സെന്ററില്‍ വന്ന് പതിക്കുന്നതും പടുകൂറ്റന്‍ കെട്ടിടം തകര്‍ന്ന് തരിപ്പണമാകുന്നതും കാണിച്ച് കൊടുത്തു. സപ്തംബര്‍ പതിനൊന്നിന് സംഭവിച്ച ദുരന്തത്തിന്റെ വിവരണം ആവര്‍ത്തിക്കുന്നതാണ് ഇതെന്ന് അമ്മ കുട്ടിയെ ബോധ്യപ്പെടുത്തിയത് വളരെ പ്രയാസപ്പെട്ടാണ്. മാധ്യമങ്ങള്‍ കുട്ടികളുടെ ഹൃദയാന്തരാളങ്ങളില്‍ കോറിയിടുന്ന വികലമായ ഭാവനയുടെ ഒരുചെറിയ ഉദാഹരണം മാത്രമാണിത്. 

എല്ലാകുട്ടികളും മാധ്യമങ്ങളാല്‍ സ്വാധീനിക്കപ്പെടുന്നവരാണ്. ഏഴ് വയസിന് താഴെയുള്ള കുട്ടികളില്‍ മാധ്യമങ്ങളുടെ സ്വാധീനം വിവരണാതീതമാണ്. ക്രൂരമായ വയലന്‍സിന്റെ വിവിധ വശങ്ങള്‍ തുടര്‍ച്ചയായി അനാവരണം ചെയ്യുക വഴി ഭാവിയുടെ വാഗ്ദാനങ്ങളായ കുട്ടികളുടെ മനസില്‍ വളര്‍ന്നുവരുന്ന അധമ വികാരവും നശീകരണപ്രവണതയും പകല്‍വെളിച്ചം കണക്കെ വ്യക്തമാണെങ്കിലും എന്തൊക്കെയോ താല്‍പര്യങ്ങളുടെ സംരക്ഷണാര്‍ഥം നമ്മുടെ ലോകമാധ്യമങ്ങളില്‍ വയലന്‍സും മൃഗീയതയും നിറഞ്ഞ് നില്‍ക്കുന്നു. ഇത് ക ണ്ടുവളരുന്ന കുട്ടികള്‍ അത്തരം ക്രൂരതകള്‍ അനുകരിക്കാന്‍ ശ്രമിക്കാതിരിക്കുമോ . 

സ്വന്തം വീടുകളില്‍ നിന്നുണ്ടാകുന്ന ശാരീരികവും മാനസികവുമായ പീഡനങ്ങളാണ് കുട്ടികള്‍ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രധാന പ്രശ്‌നം. ലോകാരോഗ്യ സംഘടനുടെ വിലയിരുത്തലനുസരിച്ച് വീടുകളില്‍ നിന്നുണ്ടാകുന്ന പീഡനങ്ങളെ ശാരീരിക പീഡനം, ലൈംഗിക പീഡനം, വൈകാരിക പീഡനം, അവഗണന എന്നീ നാല് ശീര്‍ഷകങ്ങളിലാണ് ഉപന്യസിക്കേണ്ടത്. 

ചില കണക്കുകളനുസരിച്ച് ഇംഗഌണ്ടില്‍ പ്രതിവര്‍ഷം പതിനഞ്ച് ലക്ഷം കുട്ടികള്‍ ശാരീരികമായും ഒരു ലക്ഷത്തിലധികം കുട്ടികള്‍ ലൈംഗികമായും പീഡിപ്പിക്കപ്പെടുന്നുണ്ട്. ഉക്രൈനില്‍ നടന്ന ഒരു പഠനപ്രകാരം അന്നാട്ടിലെ ഓരോ 56 കൗമാരക്കാരിലും ഒരാള്‍ എന്ന തോതില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നവരാണ്. മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്ന് പെണ്‍കുട്ടികള്‍ സ്വമേധയാലോ പര പ്രേരണയാലോ ഒരിക്കലെങ്കിലും ലൈംഗിക പീഡനത്തിന് വിധേയമാക്കപ്പെടുന്നു. പത്ത് ശതമാനം പെണ്‍കുട്ടികളും പതിനഞ്ച് ശതമാനം ആണ്‍കുട്ടികളും നിരന്തരമായ ലൈംഗിക പീഡനത്തിന് വിധേയമായാണ് വളരുന്നത്. 

ലോകാരോഗ്യ സംഘടനയുടെ സര്‍വേയനുസരിച്ച് യൂറോപ്യന്‍ യൂനിയനില്‍ മാത്രം പ്രതിവര്‍ഷം 6 ലക്ഷം കുട്ടികള്‍ വൈവിധ്യങ്ങളായ പീഡനങ്ങള്‍ക്ക് വിധേയരാണ്. പ്രശ്‌നത്തിന്റെ ഗൗരവാവസ്ഥ ബോധ്യപ്പെടുത്താനാണ് ഏതാനും സ്റ്റാറ്റിസ്റ്റിക്കുകള്‍ പരാമര്‍ശിച്ചത്.
ഇന്ത്യയിലെ സ്ഥിതിയും ഏറെ ഭീകരമാണ്. സ്‌ക്കൂള്‍ കുട്ടികളെ തട്ടിക്കൊ ണ്ടുപോവുകയും ക്രൂരമായ ലൈംഗികാസ്വാദനത്തിന് വേണ്ടി ഉപയോഗിക്കുകയും ചെയ്യുന്നതായുള്ള വാര്‍ത്തകള്‍ ദിനേനയെന്നോണം നാം വായിക്കുകയും കേള്‍ക്കുകയും ചെയ്യുന്നു. ബാലവേലയുടേയും ശൈശവ വിവാഹത്തിന്റേയും കാര്യം പറയാതിരിക്കുന്നതാണ് ഭേദം. സാക്ഷര സാംസ്‌കാരിക കേരളത്തില്‍ പോലും പ്രായം തികയുന്നതിന് മുമ്പ് കുട്ടികളെ കെട്ടിച്ചയക്കുന്ന രീതിക്ക് വേണ്ട ിയാണ് പലരും മുറവിളി കൂട്ടുന്നത്. കുടുംബ ജീവിതത്തിന്റെ ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കപ്പെടുന്ന അപക്വമതികളായ കുടുംബനികള്‍ സൃഷ്ടിക്കുന്ന പ്രയാസങ്ങള്‍ വിവരണാതീതമാണ്. 

പ്രായം ചെന്നവരുടെ മാനസികാരോഗ്യവും പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നു. ലോകത്തെമ്പാടും പ്രായചെന്നവര്‍ നിരവധി മാനസികവും ശാരീരികവുമായ പ്രയാസങ്ങള്‍ അനുഭവിക്കുന്നുണ്ട്. ജീവിതത്തിന്റെ നീണ്ട കര്‍മരംഗത്തുനിന്നും പിന്‍വാങ്ങുന്നവരുടെ മാനസികവും ശാരീരികവുമായ പ്രയാസങ്ങളെ വിശകലനം ചെയ്ത് സാധ്യമായ പരിഹാര നടപടികള്‍ നിര്‍ദേശിക്കേ ണ്ടത് അത്യാവശ്യമാണ്.

ശാസ്ത്ര സാങ്കേതിക മേഖലകളിലെ അഭൂതപൂര്‍വമായ വളര്‍ച്ചയും ആരോഗ്യ പരിരരക്ഷാ സംവിധാനങ്ങളും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും മനുഷ്യന്റെ ആയുസ്സ് വര്‍ദ്ധിക്കാന്‍ കാരണമായി. 2011 ലെ കണക്കനുസരിച്ച് 57 രാജ്യങ്ങളിലെ ശരാശരി ആയുസ് 75 വയസ്സിന് മീതെയായിരുന്നു. 2017 ഓടെ 65 വയസ്സിന് മീതെ പ്രായമുളളവരായിരിക്കും 5 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളേക്കാളും കൂടുതലെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ചില കണക്കുകളനുസരിച്ച് ലോകത്ത് നിലവില്‍ 60 വയസ്സിന് മേല്‍ പ്രായമുള്ള 800 ദശലക്ഷം ആളുകളുണ്ട്. ഭൂരിഭാഗം പ്രായം ചെന്നവരും കുറഞ്ഞ വരുമാനക്കാരോ ഇടത്തരം വരുമാനക്കാരോ ആയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. വികസിത രാജ്യങ്ങളില്‍ മാത്രമല്ല വികസ്വര രാജ്യങ്ങളിലും ആയുര്‍ദൈര്‍ഘ്യം കൂടുന്നു എന്നതാണ് ഈ കണക്കുകള്‍ നമ്മോട് പറയുന്നത്. പ്രായം ചെന്നവരുടെ എണ്ണം കൂടുമ്പോള്‍ സമൂഹത്തിലുണ്ടാകുന്ന മാനസികവും ശാരീരികവുമായ പ്രയാസങ്ങളും കൂടും. 

പ്രായം കൂടുന്നതോടെ ശീലങ്ങളിലും ശ്രദ്ധയിലും നാടകീയ മാറ്റങ്ങള്‍ സംഭവിക്കാം. സമൂഹത്തില്‍ നിന്നും ഒറ്റപ്പെടല്‍, യാഥാര്‍ത്ഥ്യം അല്ലാത്ത കാര്യങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുക, അനുകരിക്കുവാന്‍ പ്രയാസം തോന്നുക, ആത്മഹത്യയെക്കുറിച്ചുള്ള ചിന്ത, അകാരണമായ പേടി, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം, അമിതമായ ദേഷ്യം തുടങ്ങി ചെറുതും വലുതുമായ നിരവധി സാഹചര്യങ്ങള്‍ പ്രായം ചെന്നവരുടെ മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നു. മതിഭ്രമം, വിഷാദരോഗം, ഉത്കണ്ഠ തുടങ്ങിയ സാഹചര്യങ്ങള്‍ പലപ്പോഴും സ്ഥിതിഗതികള്‍ വഷളാക്കുന്നു. 

ദാരിദ്യം, സാമൂഹ്യമായി ഒറ്റപ്പെടുമെന്ന തോന്നല്‍, സ്വാതന്ത്ര്യം നഷ്ടപ്പെടല്‍, തനിച്ചാവുക, വിവിധ തരം നഷ്ടങ്ങള്‍, ശാരീരികവും മാനസികവുമായ വിഷയമതകള്‍, അള്‍ഷിമേഴ്‌സ് രോഗം മുതലായവയും സ്ഥിതിഗതികള്‍ ഗുരുതരമാക്കുന്നു. സമൂഹത്തിലെ ഓരോ വ്യക്തികളും മുതിര്‍ന്നവരോടുള്ള പെരുമാറ്റം മെച്ചപ്പെടുത്തുകയും പ്രായമായവരെ വേണ്ട വിധം പരിചരിക്കുകയും ചെയ്യുന്ന ധാര്‍മികവും സാംസ്‌കാരികവുമായ പ്രബുദ്ധതയാണ് നമുക്കാവശ്യം. വയസ്സായ മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ സമൂഹത്തിന്റെ അവിഭാജ്യഘടകമാണെന്നും അവരെ ഒരിക്കലും തള്ളിപ്പറയാനോ അവഗണിക്കുവാനോ നമ്മുടെ സാംസ്‌കാരികബോധം അനുവദിക്കുകയില്ല എന്ന തിരിച്ചറിവാണ് നമുക്ക് വേണ്ടത്. 

പ്രായം കൂടും തോറും മാതാപിതാക്കളുടേയും ബന്ധുക്കളുടേയും പരിചരണത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നുന്ന ഒരു തലമുറയാണ് നമുക്കാവശ്യം. നമ്മളൊക്കെ വളര്‍ന്ന് വലുതായത് നമ്മുടെ പ്രായം ചെന്ന മാതാപിതാക്കളുടേയും ഗുരുജനങ്ങളുടേയുമൊക്കെ കൂട്ടായ പരിശ്രമ ഫലമാണ്. നാം എന്തൊക്കെ തിരിച്ചുനല്‍കിയാലും അവരുടെ കര്‍മങ്ങള്‍ക്കുള്ള പ്രതിഫലമാവില്ല. പ്രായം ചെന്ന മാതാപിതാക്കളേയും ബന്ധുക്കളേയും പരിചരിക്കുവാന്‍ ലഭിക്കുന്ന അവസരം പാഴാക്കാതിരിക്കുക. കരുണാമയനായ ദൈവത്തിന്റെ പ്രത്യേകാനുഗ്രഹം ലഭിക്കുന്ന പുണ്യകര്‍മമാണ് അവരെ പരിചരിക്കുകയെന്നത്. ലോകത്ത് നാം നേടുന്ന ഏത് നേട്ടങ്ങളെക്കാളും മികച്ചതാകും അവരുടെ പ്രാര്‍ഥനയും ആശംസകളുമെന്ന് നാം തിരിച്ചറിയുക. 

മാനസികാരോഗ്യ ദിനവും ആത്മഹത്യാ പ്രതിരോധ ദിനവും ഏറെ ബന്ധപ്പെട്ടുകിടക്കുന്ന സാഹചര്യത്തിലാണ് മാനസികാരോഗ്യ ദിനത്തെ സംബന്ധിച്ച് പരത്തി പറഞ്ഞത്. മാനസികാരോഗ്യം മെച്ചപ്പെടുകയും സമൂഹത്തിലെ പ്രായം ചെന്നവരുടെ പരിചരണം ബന്ധപ്പെട്ടവര്‍ ഏറ്റെടുക്കുകയും ചെയ്യുന്നത് സ്ഥിതിഗതികള്‍ ഏറെ മെച്ചപ്പെടുത്തുമെന്ന വിഷയത്തില്‍ സംശയമില്ല. 

മറ്റുള്ളവരുടെ വേദനകളും യാതനകളും സ്വന്തം പ്രശ്‌നങ്ങളായി കണക്കാക്കി മത ഭാഷ ദേശ ജാതി വര്‍ഗ വര്‍ണ പരിഗണനകള്‍ക്കതീതമായി മാനവികതയുടേയും മനുഷ്യ സാഹോദര്യത്തിന്റേയും ഉന്നതമായ ഭൂമികയില്‍ സഹജീവികളോട് കരുണയും സഹകരണവും പ്രഖ്യാപിക്കുന്ന സമീപനം സാമൂഹ്യക്രമത്തില്‍ വലിയ മാറ്റമുണ്ടാക്കുമെന്നതില്‍ സംശയമില്ല. 

വ്യാപാര താല്‍പര്യങ്ങളും സമ്പത്തിനോടുള്ള അതിമോഹവും മനുഷ്യരെ പരസ്പരം അകറ്റുകയും വെറുപ്പിന്റേയും യുദ്ധത്തിന്റേയും ക്രുരവികാരങ്ങള്‍ പ്രസരിപ്പിക്കുകയും ചെയ്യുന്ന അതിഗുരുതരമായ ലോകാവസ്ഥയില്‍ യുദ്ധ ഭീതിയും സംഘര്‍ഷങ്ങളും മനുഷ്യ മനസുകളെ സ്‌നേഹത്തിന്റെ വിശാലമായ മേച്ചില്‍പുറങ്ങളില്‍ നിന്നും സങ്കുചിത വികാരങ്ങളുടെ കുടുസ്സായ മരുപ്പറമ്പിലേക്കാണ് നയിക്കുന്നത്. ആശയങ്ങളും വിശ്വാസങ്ങളും തമ്മിലുള്ള സഹവര്‍തിത്വവും സഹകരണവും ഉറപ്പുവരുത്തുന്നതിന് പകരം അകല്‍ച്ചയുടേയും പരസ്പരം കണ്ടുകൂടായ്മയുടേയും വിതാനങ്ങളിലേക്കെത്തിക്കുന്നവര്‍ ആരായിരുന്നാലും അവരെ കൈകാര്യം ചെയ്യേണ്ടത് മാനവരാശിയുടെ സമാധാന പൂര്‍ണമായ നിലനില്‍പാഗ്രഹിക്കുന്ന ഓരോ മനുഷ്യ സ്‌നേഹിയുടേയും അടിസ്ഥാന ബാധ്യതയാണ്. ആത്മഹത്യാ പ്രതിരോധം ആഗോളകൂട്ടായ്മയിലൂടെ എന്ന പ്രമേയം കൂടുതല്‍ ശ്രദ്ധയര്‍ഹിക്കുന്നതും ഈ പശ്ചാത്തലത്തിലാണ്


മനുഷ്യന്‍ ജന്മനാ ഒരു സാമൂഹ്യ ജീവിയാണ്. പരസ്പരം സഹകരിച്ചും പങ്കുവെച്ചും കൂട്ടായി ജീവിക്കുക എന്നതാണ് മനുഷ്യന്റെ അടിസ്ഥാന സ്വഭാവം. ആദിമ മനുഷ്യന്‍ മുതല്‍ ആധുനിക മനുഷ്യന്‍ വരെ ഈ സ്വഭാവത്തിന്റെ ഉടമകളാണ്. എന്നിട്ടും എന്തുകൊണ്ടാണ് നമുക്ക് ചുറ്റും ചോരപ്പുഴകള്‍ ഉണ്ടാകുന്നത്. സ്ത്രീകളും കുട്ടികളും വൃദ്ധന്മാരുമൊക്കെ നിര്‍ദയം കൊല്ലപ്പെടുന്നത് , നിരവധി രക്ഷിതാക്കള്‍ പരിചരിക്കാനാളില്ലാതെ വൃദ്ധ സദനകളില്‍ തളക്കപ്പെടുന്നത്. ധാര്‍മികതയും മനുഷ്യത്വവും ചോദ്യം ചെയ്യപ്പെടും വിധം കുടുംബസംവിധാനങ്ങള്‍ ദുര്‍ബലപ്പെടുകയും എങ്ങും സംഘര്‍ഷങ്ങളും പ്രശ്‌നങ്ങളും നിലനില്‍ക്കുകയും ചെയ്യുമ്പോള്‍ ഈ ദിശയിലുള്ള ഏതന്വേഷണവും ഏറെ പ്രധാനമാകും. 

ഇന്ത്യ ലോകത്തിന്റെ ആത്മഹത്യാ തലസ്ഥാനമാകുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടും അനുബന്ധ പഠനങ്ങളും ഓരോ ഇന്ത്യക്കതാരനേയും ഈ രംഗത്ത് ഇരുത്തി ചിന്തിപ്പ്ിക്കുകയും കൂട്ടായ പരിശ്രമങ്ങളിലൂടെ മുന്നേറുകയും ചെയ്താല്‍ ഫലം ആശാവഹമാകുമെന്നതില്‍ സംശയമില്ല. 

Releated Stories