logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

കുടുംബകര്‍ഷകര്‍, ലോകത്തെ ഭക്ഷിപ്പിക്കുന്നു ഭൂമിയെ സംരക്ഷിക്കുന്നു -അമാനുല്ല വടക്കാങ്ങര

img

കുടുംബകര്‍ഷകര്‍, ലോകത്തെ ഭക്ഷിപ്പിക്കുന്നു ഭൂമിയെ സംരക്ഷിക്കുന്നു എന്ന സവിശേഷമായ പ്രമേയം ചര്‍ച്ചക്ക് വെച്ച്‌കൊണ്ടാണ് ഈ വര്‍ഷം ഐക്യ രാഷ്ട്ര സംഘടന ലോക ഭക്ഷ്യദിനം ആചരിക്കുന്നത്. ഐക്യ രാഷ്ട്ര സംഘടനയുടെ ഫുഡ് ആന്റ് അഗ്രികള്‍ചറല്‍ ഓര്‍ഗനൈസേഷന്‍ നിലവില്‍ വന്ന ഒക്ടോബര്‍ 16 ആണ് 1981 മുതല്‍ ലോക ഭക്ഷ്യ ദിനമായി ആചരിക്കുന്നത്. 
ലോകത്തെമ്പാടും ഭക്ഷ്യ കമ്മിയും അനുബന്ധ പ്രശ്‌നങ്ങളും അതിഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന സമകാലിക ലോകത്ത് പൊതുജന പങ്കാളിത്തവും കൂട്ടായ്മയും ആഹ്വാനം ചെയ്യുന്ന ഈ പ്രമേയം ഏറെ പ്രസക്തമാണെന്നതില്‍ സംശയമില്ല. 
ഭക്ഷ്യ കമ്മി, ഭക്ഷ്യ സുരക്ഷ, ഭക്ഷ്യ വിഭവങ്ങളുടെ ഉല്‍പാദനവും സംരക്ഷണവും തുടങ്ങി വ്യക്തി തലത്തിലും സമൂഹ തലത്തിലും നിരവധി വിഷയങ്ങളാണ് ഈ പ്രമേയം ഉള്‍കൊള്ളുന്നത്. മാനവരാശിയുടെ ആരോഗ്യകരവും സമാധാനപൂര്‍ണ്ണവുമായ നിലനില്‍പും സഹവര്‍ത്തിത്വവും ഉറപ്പുവരുത്തുവാന്‍ സജീവമായ ഇടപെടലുകളും നടപടികളുമാവശ്യപ്പെടുന്ന പ്രമേയം ഗവണ്‍മെന്റ് തലത്തിലും സ്വകാര്യ മേഖലയിലുമൊക്കെ വിപ്ലവകരമായ മാറ്റങ്ങളാണ് ആവശ്യപ്പെടുന്നത്.
ഗാര്‍ഹിക തോട്ടങ്ങളും കൃഷിയിടങ്ങളുമൊക്കെ പഴയ കാല കേരളീയ സമൂഹത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു. എന്നാല്‍ കാലം പുരോഗമിക്കുകയും ജീവിതം കൂടുതല്‍ സൗകര്യപ്രദമാവുകയും ചെയ്തതോടെ ഈ സ്വഭാവങ്ങളൊക്കെ കേരളീയ സമൂഹത്തില്‍നിന്നും മെല്ലെ മെല്ലെ അപ്രത്യക്ഷമാവുകയാണ്. പഴങ്ങളും പച്ചക്കറികളും അരിയുമെന്നല്ല മിക്കവാറും എല്ലാ ഭക്ഷ്യോല്‍പന്നങ്ങള്‍ക്കും അന്യ സംസ്ഥാനങ്ങളെ ആശ്രിക്കുന്ന ഉപഭോഗ സംസ്ഥാനമായി കേരളം മാറുമ്പോള്‍ സാംസ്‌കാരിക പാരമ്പര്യങ്ങള്‍ മാത്രമല്ല ഒരു ജനതയുടെ ജീവിതരീതിതന്നെ മാറ്റി മറിക്കപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ ലോക ഭക്ഷ്യ ദിന പ്രമേയം മലയാളി സമൂഹത്തെ സംബന്ധിച്ച് കൂടുതല്‍ പ്രസക്തമാകുന്നു. 
പ്രകൃതിയുടെ മടിത്തട്ടില്‍ വിഭവങ്ങളെല്ലാം ആവോളം ആസ്വദിച്ച് കഴിഞ്ഞ മാനവകുലം തെറ്റായ പ്രവര്‍ത്തനങ്ങളും ജീവിതരീതികളും കാരണം അതിസങ്കീര്‍ണ്ണമായ പാരിസ്ഥിതിക ആഘാതങ്ങളുടെയും ഗുരുതരമായ വെല്ലുവിളികളുടെയും ഇടയിലാണ് ജീവിക്കുന്നത്. കാടും കായലും പുഴയും അരുവികളും വൈവിദ്ധ്യമാര്‍ന്ന ജീവജാലങ്ങളുമൊക്കെ ഒരു വലിയ പരിധിവരെ നമ്മുടെ ജീവിത സാഹചര്യങ്ങളില്‍നിന്നും അന്യമാകുന്ന കാലം വിദൂരമല്ലെന്ന ഓര്‍മപ്പെടുത്തലുകളാണ് സമകാലിക സംഭവവികാസങ്ങള്‍ നമ്മോട് ആവര്‍ത്തിക്കുന്നത്. പ്രകൃതി രമണീയമായ ഭൂമിയില്‍ പരിശുദ്ധ വായു ശ്വസിച്ച് ആരോഗ്യപൂര്‍ണ്ണമായ ജീവിതം നയിക്കുന്ന പരിസരങ്ങളും അനുഭവങ്ങളും പുതിയ തലമുറക്ക് എത്രത്തോളം പരിചിതമാണെന്ന് സംശയിക്കണം. മാനവരാശിക്കും ജീവജാലങ്ങള്‍ക്കുമെല്ലാം നിലനില്‍ക്കുവാനും ജീവിക്കുവാനും അനുഗുണമായ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും പ്രസക്തിയും അടിവരയിടുന്നതോടൊപ്പം ഭൂമിയുടെ അവകാശികളെന്ന നിലക്ക് അത് സംരക്ഷിക്കേണ്ട ചുമതലയും മാനവരാശിക്കുണ്ടെന്ന് ഈ പ്രമേയം ഓര്‍മപ്പെടുത്തുന്നു. കൂട്ടുകുടുംബങ്ങള്‍ അണുകുടുംബങ്ങള്‍ക്ക് വഴി മാറുകയും വീടുകള്‍ക്ക് പകരം ഫഌറ്റ് സംസ്‌കാരം വ്യാപകമാവുകയും ചെയ്തതും കാര്‍ഷിക രംഗത്തെ മലയാളിയുടെ പിന്മാറ്റത്തിന് വഴിയൊരുക്കിയ കാരണങ്ങളാണ്. സാമ്പത്തിക രംഗത്തെ നേട്ടങ്ങള്‍ സ്ഥിതി ഗതികള്‍ കൂടുതല്‍ വഷളാക്കിയെന്നുവേണം കരുതാന്‍. ഈ സാഹചര്യത്തിലാണ് 2014 കുടുംബകൃഷിയുടെ അന്താരാഷ്ട്ര ദിനമായി ഐക്യ രാഷ്ട്ര സംഘടന ആചരിക്കുന്നത്. 
ലോക്കത്താകെയുള്ള മൊത്തം 570 ദശ ലക്ഷം കൃഷിയിടങ്ങളില്‍ 500 ദശലക്ഷം കൃഷിയിടങ്ങളും നടത്തുന്നത് കുടുംബങ്ങളാണ്. മൊത്തം ഉല്‍പാദനത്തിന്റെ ഏകദേശം 80 ശതമാനവും ഇത്തരം ഗാര്‍ഹിക കൃഷിയിടങ്ങളിലാണ് ഉല്‍പാദിപ്പിക്കപ്പെടുന്നത്. ഇത് ദേശീയ തലത്തിലും ആഗോള തലത്തിലും കൂടിയ ഭക്ഷ്യ സുരക്ഷക്കും ഫ്രഷായ ഭക്ഷണ പദാര്‍ഥങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും സഹായകമാകും. 
ഓരോ വീടും കൃഷിയുടെ പ്രാധാന്യം അടയാളപ്പെടുത്തുകയും എല്ലാ പരിമിതികളും ഉള്‍കൊണ്ട് തന്നെ കൃഷിയെ ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്ന അവസ്ഥയാണ് വേണ്ടത്. പരിസര മലീനീകരണം, വിഭവങ്ങളുടെ ദൗര്‍ലഭ്യം, ഊര്‍ജ പ്രതിസന്ധി, ജൈവവൈവിദ്ധ്യങ്ങളുടെ നിലനില്‍പ്, പ്രകൃതിയുടെ പച്ചപ്പും കുളിര്‍മ്മയും നഷ്ടപ്പെടുന്നത്, കാടുകളും കാട്ടാറുകളും മരുഭൂമികളും എന്തിനേറെ കാട്ടു ജന്തുക്കളും ജീവജാലങ്ങളുംവരെ നിലവില്‍ക്കേണ്ടത് മാനവരാശിയുടെ ആവശ്യമായി വിലയിരുത്തപ്പെടുകയും സമൂഹത്തിലെ എല്ലാ തട്ടുകളിലും ഇവ്വിഷയകമായ ചര്‍ച്ചകളും ചിന്തകളും നടക്കുകയും ചെയ്താല്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍നിന്നും പ്രതിസന്ധികളില്‍ നിന്നും നമുക്ക് രക്ഷ ലഭിക്കുമെന്ന തിരിച്ചറിവാണ് പ്രധാനം. ആഗോള താപനവും ജലദൗര്‍ലഭ്യവും പരിസ്ഥിതി മലിനീകരണവുമെല്ലാം മനുഷ്യരുടെ തെറ്റായ ജീവിത രീതികളും സമീപനങ്ങളുംകൊണ്ടുണ്ടാവുന്നതാണെന്നും ഈ രംഗത്ത് അടിയന്തിരമായ പുനര്‍വിചിന്തനം അനിവാര്യമാണെന്നും കാര്‍ഷിക രംഗത്തെ സജീവമായ ഇടപെടലുകളിലൂടെ ഭക്ഷ്യ കമ്മി നികത്തുന്നതോടൊപ്പം പ്രകൃതിയെ സംരക്ഷിക്കാനുമാകുമെന്ന് നാം ഓര്‍ക്കുക.
കുടുംബകര്‍ഷകര്‍, ലോകത്തെ ഭക്ഷിപ്പിക്കുന്നു ഭൂമിയെ സംരക്ഷിക്കുന്നു എന്ന പ്രമേയം ഓരോ കുടുംബവും കാര്‍ഷിക രംഗത്ത് ശ്രദ്ധിക്കമെന്നും അതുവഴി ലോകത്തിന്റെ അന്നദാതാക്കളും ഭൂമിയുടെ സംരക്ഷരുമാകണമെന്നും ഉണര്‍ത്തുമ്പോള്‍ ഭക്ഷണം ഉല്‍പാദിപ്പിക്കുകയും അത് പാഴാവാതെ സംരക്ഷിക്കുകയും ചെയ്യണമെന്നാണ് അടിവരയിടുന്നത്. ഓരോ ജീവജാലങ്ങളുടെയും നിലനില്‍പ്പിന് അനിവാര്യമായ ഒന്നാണ് ഭക്ഷണം, ഭക്ഷണം പാഴാക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പാണ് ഈ പ്രമേയം നല്‍കുന്നത്. ഐക്യ രാഷ്ട്ര സംഘടനയുടെ ഫുഡ് ആന്റ് അഗ്രികള്‍ചറല്‍ ഓര്‍ഗനൈസേഷന്റെ കണക്കനുസരിച്ച് വര്‍ഷം തോറും 1.3 ബില്ല്യന്‍ ടണ്‍ ഭക്ഷമാണ് പാഴാക്കുന്നത്. അതേയവസരം ലോകത്ത് പതിനഞ്ച് ശതമാനേേത്താളം ആളുകള്‍ പട്ടിണിയില്‍ അന്തിയുറങ്ങുന്നവരാണ്. 5 വയസ്സിന് താഴെയുള്ള ഇരുപതിനായിരം കുട്ടികള്‍ നിത്യവും പട്ടിണിമൂലം മരിക്കുന്നു. ഈ പരിസരത്തുനിന്ന് ചിന്തിക്കുമ്പോള്‍ നമ്മുടെ ഭക്ഷണശീലങ്ങളെ ആരോഗ്യകരമായി ക്രമീകരിക്കുവാനും വരും തലമുറക്കായി കരുതിവെക്കുവാനും മാത്രമല്ല നമ്മുടെ സഹജീവികളുടെ നിലനില്‍പിനായി പാഴാക്കാതിരിക്കുവാനും കഴിയണമെന്നാണ് പ്രമേയത്തിന്റെ തേട്ടം.
ലോകത്തെ 7 ബില്ല്യന്‍ ജനങ്ങളെ തീറ്റിപ്പോറ്റുന്നതിനാവശ്യമായ വിഭവങ്ങള്‍ക്കായി പെടാപാട് പെടുമ്പോള്‍ ലോകത്ത് ഉല്‍പാദിപ്പിക്കപ്പെടുന്ന ഉല്‍പാദനത്തിന്റെ മൂന്നിലൊന്ന് പാഴാവുകയാണെന്ന യാഥാര്‍ഥ്യം നാം ഗൗരവത്തോടെ കാണണം. പാരിസ്ഥിതിക ആഘാതങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും കാരണമാകുന്ന ഈ പാഴാക്കലിനെതിരെയുള്ള ജാഗ്രത പാലിക്കണമെന്നും ഉല്‍പാദനവും സംരക്ഷണവും പ്രധാനമാണെന്ന് ബോദ്ധ്യപ്പെടുത്തുകയും ചെയ്യുന്ന ദിനമാണ് ലോക ഭക്ഷ്യ ദിനം. ലോകത്ത് 805 ദശ ലക്ഷം പേര്‍ക്കും ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ലാ എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കുടുംബ കൃഷിയിലൂടെ മാത്രമേ ഈ പ്രതിസന്ധി പരിഹരിക്കാനാവുകയുള്ളൂ. 
ഭക്ഷണ പദാര്‍ഥങ്ങള്‍ പാഴാക്കുന്നുവെന്നതിനര്‍ത്ഥം ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉല്‍പാദിപ്പിക്കുന്നതിനുപയോഗിക്കുന്ന വിഭവങ്ങളും പാഴാക്കപ്പെടുന്നുവെന്നാണ്. താമസയോഗ്യമായ 25 ശതമാനത്തോളവും ഭൂമി കൃഷിക്കുവേണ്ടിയാണ് ഉപയോഗിക്കുന്നത്. 70 ശതമാനം ജലവും കൃഷിക്ക് പ്രയോജനപ്പെടുത്തുന്നു. 80 ശതമാനത്തോളം കാടുകളും നഷ്ടപ്പെടുന്നത് കൃഷി സംബന്ധമായ കാര്യങ്ങള്‍ക്കാണ്. അതിനാല്‍ ഭക്ഷ്യോല്‍പന്നങ്ങള്‍ പാഴാക്കുകയെന്നത് അത്യന്തം ഗുരുതരമായ പ്രശ്‌നമാണെന്ന് നാമോരോരുത്തരും തിരിച്ചറിയുകയും അതിനെതിരെ ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്താല്‍ മാത്രമെ ഈ രംഗത്ത് ആശാവഹമായ മാറ്റമുണ്ടാവുകയുള്ളൂ. പാരിസ്ഥിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകാത്ത ഭക്ഷ്യോല്‍പാദനം പ്രോല്‍സാഹിപ്പിക്കുക, രാസ പദാര്‍ഥങ്ങളുടെ ഉപയോഗം പരമാവധി കുറച്ച് ജൈവവളങ്ങള്‍ പ്രചരിപ്പിക്കുക, ഉല്‍പാദന വിതരണ മേഖലകളിലെ പാഴാക്കലും നശിക്കലും പരമാവധി കുറക്കുവാനും ഓരോ രാജ്യവും തങ്ങള്‍ക്കാവശ്യമായ സാധനങ്ങള്‍ പ്രാദേശികമായി ഉല്‍പാദിപ്പിക്കുക തുടങ്ങിയവയും ഭക്ഷ്യ ദിനപ്രമേയം ഉയര്‍ത്തുന്ന സുപ്രധാന തലക്കെട്ടുകളാണ്. നമ്മുടെ ഭൂമിക്ക് ചരമഗീതം രചിക്കുന്ന പ്രവണതകളെ നിരാകരിച്ച് ലോകാവസാനംവരെയുള്ള മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും ചൈതന്യവത്തായി ഭൂമിയെ നിലനിര്‍ത്തുവാന്‍ നമുക്കോരോരുത്തര്‍ക്കും എന്തുചെയ്യുവാന്‍ കഴിയുമെന്നതാണ് ഇവിടെ ഏറെ പ്രസക്തമായിട്ടുള്ളത്. ജീവിതരീതിയും ചിന്താഗതിയും മനോഭാവവുമെല്ലാം വിശാലമായ അടിസ്ഥാനത്തില്‍ മാറ്റിയെടുക്കുന്നതിലൂടെ സുസ്ഥിരമായ വളര്‍ച്ചാവികാസത്തിനും ക്ഷേമൈശ്വര്യ പൂര്‍ണ്ണമായ നിലനില്‍പിനും സജ്ജമാക്കുക എന്ന മഹത്തായ ലക്ഷ്യമാണ് നമുക്ക് കൈവരിക്കുവാനുള്ളത്. 
രാജ്യത്തിന്റെ വികസനത്തിന് വ്യവസായങ്ങള്‍ അത്യാവശ്യമാണ്. എന്നാല്‍ വ്യാവസായിക വളര്‍ച്ചയും ആധുനിക ജീവിത രീതിയും ഉയര്‍ത്തുന്ന സങ്കീര്‍ണ്ണമായ പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ചും ഇത് വ്യക്തിയുടെയും കുടുംബത്തിന്റെയും നിലനില്‍പിനുതന്നെ ഭീഷണിയായ വളരുന്നതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും വിദ്യാര്‍ത്ഥികളും മുതിര്‍ന്നവരും ഉറക്കെ ചിന്തിക്കണം. പരിസ്ഥിതി മലിനീകരണവും തുടര്‍പ്രക്രിയകളും ആധുനിക സമൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹ്യ പ്രശ്‌നങ്ങളാണ്. ഇതിനെതിരെ മുഖം തിരിഞ്ഞ് നിന്നാല്‍ നാം നമ്മുടെ വിലപ്പെട്ട ജീവിതം അപകടത്തില്‍ പെടുത്തുകയാണ് ചെയ്യുക. മറിച്ച് ഓരോരുത്തരും അവനവന്റെ നിലയില്‍നിന്ന് പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ചിന്തിക്കുകയും പരിപാടികളാവിഷ്‌ക്കരിക്കുകയും ചെയ്താല്‍ ഭീഷണമായ സാഹചര്യങ്ങളെ ഒരു പരിധിവരെ പ്രതിരോധിക്കാനാകും. പരിസ്ഥിതി പ്രശ്‌നം വ്യക്തികളുെടയും സമൂഹത്തിന്റെയും സ്വഭാവ രീതിയുടെ പ്രശ്‌നമാണെും വ്യവസായിക സംരംഭങ്ങളെ നിലനിര്‍ത്തിക്കൊണ്ടുതന്നെ സ്വഭാവ ക്രമങ്ങള്‍ ചിട്ടപ്പെടുത്തിയാല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്നുമാണ് വിദഗ്ദ്ധര്‍ ചൂണ്ടികാണിക്കുന്നത്. മാലിന്യ സംസ്‌കരണം, പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം, കടലുകളും പുഴകളും മരുഭൂമിയും വൈല്‍ഡ് ലൈഫുമൊക്കെ നമ്മുടെ പരിഗണനയിലുള്ള കാര്യങ്ങളാവണം. അന്തരീക്ഷതാപനിലയിലെ വര്‍ദ്ധനവ്, മാലിന്യപ്പെരുപ്പം, ജലാശയങ്ങളുടെ നാശവും മലിനീകരണവും, വനനശീകരണം തുടങ്ങി ഗൗരവമേറിയ പല പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും ഹരിത സമ്പദ് വ്യവസ്ഥക്ക്് പരിഹാരം കാണാന്‍ കഴിയുമെന്നും ഈ രംഗത്ത്് പ്രായോഗികമായ നടപടികളുടെ തുടക്കമാണ് പരിസ്ഥിതി ദിനാചരണമെന്നും നാം മനസ്സിലാക്കണം. 
പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകളെ കാര്യക്ഷമമായി പ്രയോജനപ്പെടുത്തിയും പ്രകൃതിയുടെ ജൈവാവസ്ഥയെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള ചെടികളും മരങ്ങളും നട്ടുവളര്‍ത്തിയും പരിസ്ഥിതി സംരക്ഷിക്കുവാന്‍ തയ്യാറാവുക എന്നതാണ് മറ്റൊരു പ്രധാന വിഷയം. മാനവരാശിയുടെ ക്ഷേമൈശ്വര്യ പൂര്‍ണമായ ജീവിതം ഉറപ്പുവരുത്തുവാന്‍ പരിസ്ഥിതി സംരക്ഷണം അനിവാര്യമാണെന്നും ഈ രംഗത്ത് ഓരോരുത്തര്‍ക്കും എന്ത് ചെയ്യുവാന്‍ കഴിയുമെന്നതുമാണ് കാതലായ പ്രശ്‌നം. കാര്‍ഷിക രംഗത്തെ സജീവ പങ്കാളിത്തവും ചിന്തകളും പരിസ്ഥിതി രംഗത്തും സാമൂഹ്യ-സാമ്പത്തിക-സാംസ്‌കാരിക മേഖലകളിലും വമ്പിച്ച മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നതില്‍ സംശയം വേണ്ട. 
ലോക സമ്പദ് വ്യവസ്ഥ അനുദിനം വികസിച്ചുകൊണ്ടിരിക്കുകയാണ്. പുരോഗതിയില്‍നിന്നും ലോകത്തെ പിറകോട്ട് വലിക്കാതെ സന്തുലിതാവസ്ഥ ഉറപ്പു വരുത്തുകാണ് പ്രധാനം. നമ്മുടെ പ്രകൃതിയുടെ വരദാനങ്ങളെ നശിപ്പിക്കാതെയും ജൈവാവസ്ഥക്ക് കോട്ടം തട്ടിക്കാതെയും പുരോഗതി സാദ്ധ്യമാണെന്ന് പ്രായോഗികമായി തെളിയിക്കുകയും വികസനത്തില്‍ നിന്നും പുറം തിരിഞ്ഞ് നില്‍ക്കാതെയും സമ്പദ് വ്യവസ്ഥയുടെ പുരോഗതിയുടെ വേഗത കുറക്കാതെയും മുന്നേറാനുള്ള മാര്‍ഗങ്ങളാണ് നമുക്ക് വേണ്ടത്. കൃഷിയും വ്യവസായങ്ങളും പരിസ്ഥിതി സംരക്ഷണവുമൊക്കെ സാദ്ധ്യമാകുന്ന സന്തുലിതാവസ്ഥയുടെ വീണ്ടെടുപ്പിനുള്ള പ്രായോഗികമായ ചുവടുകളാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. 
കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ അളവ് കുറച്ചും മലിനീകരണം പരമാവധി ഒഴിവാക്കിയും വ്യവസായങ്ങളും നിര്‍മാണങ്ങളുമെല്ലാം പ്രകൃതിക്ക് ദോഷകരമല്ലാത്ത രീതിയില്‍ സംവിധാനിച്ചും പ്രകൃതി വിഭവങ്ങളെ കാര്യക്ഷമമായും വിവേകപൂര്‍വമായും പ്രയോജനപ്പെടുത്തിയും ഓരോരുത്തര്‍ക്കും ഹരിത സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാകുവാന്‍ കഴിഞ്ഞാല്‍ പ്രകൃതിസുന്ദരവും സുരക്ഷിതവുമായ ഭാവി തലമുറയെ നമുക്ക് പ്രതീക്ഷിക്കാം. ഒപ്പം നമുക്കാവശ്യമുള്ള കാര്‍ഷിക വിഭവങ്ങള്‍ വിളയിക്കുന്നതിലൂടെ കായികവും മാനസികവുമായ അനുഭൂതിക്കപ്പുറം ശുദ്ധമായ വിഭവങ്ങള്‍ ആസ്വദിച്ച് ആരോഗ്യം സംരക്ഷിക്കുവാനും കഴിയും. 
വ്യക്തിതലത്തിലും സമൂഹ തലത്തിലും ഗൗരവപൂര്‍ണ്ണമായും ചിന്തയും പ്രവര്‍ത്തനങ്ങളും നടക്കാതെ പോയാല്‍ പ്രത്യാഘാതം ഭയാനകമായിരിക്കുമെന്ന മുന്നറിയിപ്പും ഭക്ഷ്യദിനം നല്‍കുന്നുണ്ട്. 
കുടുംബ കര്‍ഷകരെ അംഗീകരിക്കാനും അവരുടെ മഹിത മാതൃക അനുകരിക്കുവാനും ലോകം തയ്യാറായാല്‍ പട്ടിണി മരണങ്ങളെ നിര്‍മാര്‍ജനം ചെയ്യുവാനും ഗുണകരമായ ഭക്ഷണ സാധനങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുവാനും കഴിയുമെന്ന തിരിച്ചറിവാണ് ലോക ഭക്ഷ്യദിനം അടിവരയിടുന്നത്.

Releated Stories