logo

Latest News യൂത്ത് ഫോറം ഇന്റര്‍ സ്‌കൂള്‍ കോമ്പറ്റീഷന്‍സ്: എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍   *    എ.പി അസ്‌ലം അവാര്‍ഡ്‌സ് - 2017 നോമിനേഷനുകള്‍ ക്ഷണിക്കുന്നു   *    പ്രതിഭകളെ യൂത്ത്‌ഫോറം ആദരിച്ചു.   *    വണ്‍ ഇന്ത്യ അസോസിയേഷന്‍ പ്രവാസി ക്ഷേമ പദ്ധതി സെമിനാര്‍ സംഘടിപ്പിച്ചു.   *    കഴിഞ്ഞ വര്‍ഷം ഖത്തറില്‍ പുകവലി നിര്‍ത്തിയത് 30% പേര്‍   *    ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് രണ്ടാം സ്ഥാനം   *    എസ്‌.ഐ.ഒ സ്ഥാപക ദിനം: ദഅവത്ത് നഗർ ഏരിയ ആചരിച്ചു   *    മംവാഖ് വനിതാ വേദി കവിതാ രചന വിജയികളെ പ്രഖ്യാപിച്ചു   *    ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ വിതരണം ചെയ്തു.   *    ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം   *    ഖത്തര്‍ -യുഎസ് ഉഭയകക്ഷി സാധ്യതകള്‍ ദോഹ ബാങ്ക് സെമിനാര്‍ സംഘടിപ്പിച്ചു.   *    ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മ 'നടുമുറ്റം'   *    ഗീത വിജയകുമാര്‍ അന്തരിച്ചു   *    ദോഹ മദ്‌റസ പഠനസഹവാസം സംഘടിപ്പിച്ചു   *    കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം. ഐ.സി.സി പ്രസിഡന്റ്   *    അക്രമവും നാടുകടത്തലും ഫാഷിസ്റ്റ് ശൈലി: ഷാനവാസ് ഖാലിദ്   *    വേങ്ങര മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു   *    ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി   *    ലുലുവില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന്‍   *    എം എ ബേബിക്ക് സംസ്കൃതി സ്വീകരണം നൽകി   *    ഈദ് - ഓണം പരിപാടി സംഘടിപ്പിച്ചു   *   

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

അല്‍പം മാനസികാരോഗ്യ ചിന്തകള്‍

img

അമാനുല്ല വടക്കാങ്ങര

ലോകത്തിന്റെ നാനാഭാഗങ്ങളിലുമുള്ള മനുഷ്യരെ ഒരേ പോലെ അലട്ടിക്കൊണ്ടിരിക്കുന്ന സുപ്രധാന പ്രശ്‌നങ്ങളിലൊന്ന് മാനസികാരോഗ്യത്തിന്റെ അഭാവമാണ് എന്ന് പറഞ്ഞാല്‍ അത് തെറ്റാവാന്‍ വഴിയില്ല. ജീവിതം പുരോഗമിക്കുകയും സൗകര്യപ്രദമായിത്തീരുകയും ചെയ്തതില്‍ മതി മറന്ന് സന്തോഷിച്ച ആധുനിക മനുഷ്യന്‍ ചെന്നെത്തിയ അശാന്തിയുടെ ആഴം പകല്‍വെളിച്ചം പോലെ ചിന്തിക്കുന്ന മനുഷ്യര്‍ക്ക് മുന്നില്‍ തെളിയുകയാണ്. എന്നിട്ടും സൃഷ്ടിപരമായ എന്തെങ്കിലും നടപടിക്ക് പകരം പ്രശ്‌നങ്ങളില്‍ നിന്നുള്ള താല്‍ക്കാലികരക്ഷക്കായി കുറുക്കുവഴികളന്വേഷിക്കുകയും തദ്ഫലമായി മനുഷ്യന്‍ മനുഷ്യ ദൈവങ്ങളുടേയും ലഹരി പദാര്‍ഥങ്ങളുടേയും അടിമകളായി തീരുകയും ചെയ്യുന്ന ദുരവസ്ഥയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. വികസിത വികസ്വര രാജ്യങ്ങളിലൊക്കെ ആ അസ്വസ്ഥതയും അശാന്തിയും നിഴല്‍വിരിച്ചതായാണ് സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്നത്. ഈ സന്ദര്‍ഭത്തില്‍ മനുഷ്യരുടെ നിര്‍മലമായ മനസുകളെ വശീകരിക്കാനും സ്വാധീനിക്കാനും ലക്ഷ്യം വെച്ച് പല തന്ത്രജ്ഞരും ഇറങ്ങിയത് നാം കാണാതിരുന്നുകൂടാ. വാസ്തവത്തില്‍ ദൈവ സ്മരണയില്‍ മനസുകള്‍ ശാന്തിയടയുന്നു എന്ന ദിവ്യ വചനമാണ് മനുഷ്യന് ഇവിടെ വഴികാട്ടിയാവേണ്ടത്. 

ദൈവ സ്മരണകൊണ്ട് മനസിനെ ധന്യമാക്കിയവരെ സംബന്ധിച്ചേടത്തോളം ജീവിത വ്യവഹാരങ്ങളില്‍ മുഴുകുമ്പോഴും പ്രശ്‌നങ്ങള്‍ കുഴക്കുമ്പോഴും മനസിന് ശക്തി പകരാന്‍ മറ്റൊരു ജീവിതകലയും പരിശീലിക്കേണ്ട ആവശ്യം വരില്ല. തന്റെ കയ്യിലിരിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ വ്യാപ്തിയും പ്രായോഗിക പരിജ്ഞാനവുമില്ലാത്ത അപക്വമതികള്‍ മാത്രമേ വികലമായ വിചാരധാരകള്‍ക്ക് പിന്നാലെ പോവുകയുള്ളൂ. 

ഏറെ സങ്കീര്‍ണമായ ഒരു പ്രതിഭാസമാണ് മനുഷ്യ മനസ്. നിമിഷാര്‍ദ്ധത്തില്‍ അതിലൂടെ മിന്നിമറയുന്ന ഭാവനക്കോ ചിന്തക്കോ പകരം വെക്കാന്‍ മനുഷ്യന്‍ കണ്ടുപിടിച്ച ഒരുപകരണവും മതിയാവുകയില്ല. അത്രക്ക് സങ്കീര്‍ണമായ വൈകാരികതയും അര്‍ഥതലങ്ങളുമാണ് മനസിനുള്ളത്. ആ മനസിന്റെ പരിചരണവും സംരക്ഷണവും ആത്മീയ ഭൗതികതലങ്ങളെ ചൂഴ്ന്ന് നില്‍ക്കുന്ന ചില സംഗതികളെ ആശ്രയിച്ചാണിരിക്കുന്നത്. എന്നാല്‍ ജീവിത വ്യവഹാരങ്ങളില്‍ വ്യാപൃതരാവുന്നതോടെ ചിലപ്പോഴെക്കെ മനസിന്റെ നിയന്ത്രണത്തില്‍ താളപ്പിഴകളുണ്ടാകുന്നു. ഈ താളപ്പിഴകള്‍ പരിഹരിക്കുന്നതിനോ ലഘൂകരിക്കുന്നതിനോ സഹായകമായ പ്രതിവിധിയെക്കുറിച്ച അറിവില്ലായ്മ പ്രശ്‌നം ഗുരുതരമാക്കുകയും ചെയ്യുന്നു. ഇതാണ് ലോകത്ത് മാനസിക രോഗികളുടെ എണ്ണം കൂടാന്‍ കാരണമായതെന്നാണ് പറയപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് മാനസികാരോഗ്യത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ച ഏറെ പ്രസക്തമാകുന്നത്. 

മാനസിക സംഘര്‍ഷത്തിന് അയവ് വരുത്തുന്നതിലും മാനസികാരോഗ്യം നിലനിര്‍ത്തുന്നതിലും ആത്മീയതയുടെ പങ്ക് അനിഷേധ്യമാണ്. പക്ഷേ ആത്മീയതയുടെ മറവില്‍പോലും വികലമായ വിശ്വാസങ്ങളും ധാരണകളുമാണ് സൃഷ്ടിക്കപ്പെടുന്നത് എന്നതാണ് അവസ്ഥ. ഇതിനൊരു പരിഹാരം ഉണ്ടാവണമെങ്കില്‍ മാനസികാരോഗ്യവും ആത്മീയതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഓരോ വിശ്വാസിയും മനസിലാക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു. തിരുമേനി (സ) പഠിപ്പിച്ച പല പ്രാര്‍ഥനകളും മാനസികാരോഗ്യവും സ്വസ്ഥതയും നിലനിര്‍ത്താന്‍ സഹായകമാണെന്നാണ് പാശ്ചാത്യലോകത്ത് നടന്ന പല പഠനങ്ങളും തെളിയിക്കുന്നത്. 

ലോകാരോഗ്യ സംഘടനയുടെ ആഹ്വാനം അനുസരിച്ച് എല്ലാ വര്‍ഷവും ഒക്ടോബര്‍ 10 , മാനസിക ആരോഗ്യ പോഷണ പ്രവര്‍ത്തനങ്ങള്‍ ലോകമെമ്പാടും ശക്തിപ്പെടുത്തുതിലേക്കായി നിഷ്‌കര്‍ഷിക്കപ്പെട്ട ദിനമാണ് . മാനസിക രോഗങ്ങള്‍ സര്‍വസാധാരണമാണ് . നാലു പേരില്‍ ഒരാള്‍ ജീവിതത്തില്‍ പല അവസരങ്ങളിലും മാനസിക അസ്വസ്ഥത അനുഭവിക്കുു. അവരോടു പങ്കുചേര്‍്, അവരെ മനസ്സിലാക്കി സഹകരിക്കുക എത് ചികിത്സക്കും, സുഖപ്രാപ്തിക്കും, പുനരധിവാസത്തിനും വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്


ആഗോള സമ്പദ് വ്യവസ്ഥയില്‍ ഉണ്ടായ പുരോഗതി,ഉദാരവല്‍ക്കരണം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ വളര്‍ച്ച ഇവ മൂലമുണ്ടായ നേട്ടങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് പങ്കുവെക്കുതിനുള്ള സംവിധാനങ്ങളുടെ അഭാവം മൂലം ഭൂരിഭാഗം ജനങ്ങളുടെയും കഷ്ടതകള്‍ വര്‍ദ്ധിക്കുകയുണ്ടായി. ലോകത്തിലെ പല വികസിത രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചക്ക് വരെ ഇത് വഴിയൊരുക്കുകയുണ്ടായി.കാലാവസ്ഥാവ്യതിയാനം കാര്‍ഷിക തളര്‍ച്ച സൃഷ്ട്ടിച്ചപ്പോള്‍ കൃഷിക്കാരുടെ ജീവിതം വഴിമുട്ടി. തൊഴിലില്ലായ്മ യുവജനങ്ങളില്‍ മാനസിക സംഘര്‍ഷം വര്‍ധിപ്പിച്ചു. നഗരവല്‍ക്കരണം, കുടിയേറ്റം,എന്നിവ കുടുംബ ബന്ധങ്ങളില്‍ സാരമായ ഉലചിലുകള്‍ സൃഷ്ട്ിച്ചു. . കൗമാര വിദ്യാഭ്യാസത്തിന്റെയും, ജീവിത നിപുണതാ വിദ്യാഭ്യാസത്തിന്റെയും അഭാവം ഏറെ പ്രത്യാഘാതങ്ങള്‍ സൃഷ്ട്ടിച്ചു .ജനങ്ങളുടെ ഇടയില്‍ ആത്മഹത്യ പ്രവണത വര്‍ദ്ധിച്ചിരിക്കുന്നു. മദ്യം, മയക്കുമരുന്ന് ഇവയ്ക്ക് യുവജനങ്ങള്‍ അടിമകളായി. മോഷണവും, ഭീകര പ്രവര്‍ത്തനങ്ങളും വര്‍ദ്ധിക്കുന്നു. ഇവയെല്ലാം കൂടുതല്‍ പേരെ മനോരോഗങ്ങള്‍ക്ക് വിധേയരാക്കുന്നു.

ഓരോ വര്‍ഷവും ഒക്‌ടോബര്‍ പത്ത് ലോകാരോഗ്യ സംഘടനയും വേള്‍ഡ് മെന്റല്‍ഹെല്‍ത്ത് ഫെഡറേഷനും മറ്റ് അനുബന്ധസംഘങ്ങളും ലോകമാനസികാരോഗ്യ ദിനമായി ആചരിക്കുന്നത് സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പിന് മാനസികാരോഗ്യം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളാല്‍ സംഭവിക്കുന്ന മാനസികാഘാതങ്ങള്‍ക്ക് സാധ്യമായ പരിഹാര മാര്‍ഗങ്ങളന്വേഷിക്കുന്നതിനും വേണ്ടിയാണ്. 


യൂനൈറ്റഡ് നാഷണ്‍സിലെ ചില ഏജന്‍സികള്‍ നടത്തിയ പഠനമനുസരിച്ച് ലോകത്ത് 450 മല്യനിലധികം മനുഷ്യര്‍ മാനസിക തകരാറുകളുളളവരാണ്. ഓരോ വര്‍ഷവും ഇത്തരം കേസുകള്‍ മാനവരാശിയുടെ മുമ്പില്‍ ഉത്തരം കിട്ടാത്ത ചോദ്യം കണക്കെ കൂടിവരുന്നു. വികസ്വര രാജ്യങ്ങളിലാണ് മാനസികരോഗികളുടെ എണ്ണം കൂടുതലായി കണ്ടുവരുന്നത്. 

മാനസികരോഗികള്‍ സാമൂഹ്യമായും സാമ്പത്തികമായും ഇത്രയേറെ പ്രയാസം സൃഷ്ടിച്ചിട്ടും ലോകാടിസ്ഥാനത്തില്‍ 40 ശതമാനം രാജ്യങ്ങള്‍ക്കും വ്യക്തമായ മെന്റല്‍ ഹെല്‍ത്ത് പോളിസിയോ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമുകളോ ഇല്ല എന്നത് തികച്ചും ദൗര്‍ഭാഗ്യകരമാണ്. പരിചരണവും പ്രതിരോധവും സമന്വയിപ്പിച്ച് കൊണ്ടുള്ള നയപരിപാടികള്‍ക്ക് ഈ രംഗത്ത് ഏറെ പ്രസക്തിയുണ്ട്. 1992 ലാണ് ലോകമാനസികാരോഗ്യ ദിനം എന്ന ആശയം ഐക്യ രാ്ഷ്ട്ര സംഘടന അംഗീകരിച്ചത്. 

ഓരോ വര്‍ഷവും സവിശേഷമായ ഒരു പ്രമേയം തെരഞ്ഞെടുത്താണ് മാനസികാരോഗ്യ ദിനം ആചരിക്കാറുള്ളത്. 1999 ല്‍ യുനൈറ്റഡ് നാഷന്‍സിന്റെ ഇന്റര്‍നാഷണല്‍ ഇയര്‍ ഓഫ് ദ ഓള്‍ഡര്‍ പേര്‍സണ്‍സ് കണക്കിലെടുത്ത് മെന്റല്‍ ഹെല്‍ത്ത് ആന്റ് ഏയിജിംഗ് എന്ന പ്രമേയമാണ് ചര്‍ച്ചക്ക് വെച്ചത്. മാനുഷിക ബന്ധങ്ങളുടെ ആര്‍ദ്രത ഭൗതിക സുഖാനുഭൂതികള്‍ക്കും സൗകര്യങ്ങള്‍ക്കും വേണ്ടിയുള്ള പരക്കം പാച്ചിലില്‍ നഷ്ടപ്പെടുകയും പ്രായം ചെന്നവര്‍ തികച്ചും അവഗണിക്കപ്പെടുകയും ചെയ്ത ഒരു ലോകക്രമം ഉരുത്തിരിഞ്ഞ് വന്ന സാഹചര്യത്തില്‍ സുപ്രധാനമായ ഒരു പ്രമേയമായിരുന്നു ഇത്. മുമ്പൊക്കെ വൃദ്ധ സദനങ്ങളും വീട്ടില്‍ നിന്നും പുറം തള്ളപ്പെടുന്ന രക്ഷിതാക്കളും പാശ്ചാത്യ ലോകത്തെ മാത്രം അവസ്ഥയായിരുന്നെങ്കില്‍ ഇന്നത് നമ്മുടെയൊക്കെ ചുറ്റുപാടിലും നമ്മളറിഞ്ഞോ അറിയാതെയോ വളര്‍ന്നുവരികയാണ്. കേരളത്തിലെ ഗ്രാമാന്തരങ്ങളില്‍ പോലും ഇത്തരം സംരംഭങ്ങള്‍ പ്രചാരം നേടുന്നു എന്നത് ഓരോ മലയാളിയുടേയും സജീവ ശ്രദ്ധയര്‍ഹിക്കുന്നു. 15 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രായം ചെന്നവരുടെ മാനസികാരോഗ്യം എന്ന പ്രമേയം ചര്‍ച്ചക്ക് വെക്കുമ്പോള്‍േ സ്ഥിതിഗതികള്‍ ആകെ മാറിയിരിക്കുന്നു. 

മാനസികാരോഗ്യവും തൊഴിലും എന്നതായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ ചര്‍ച്ച ചെയ്ത മറ്റൊരു പ്രധാന പ്രമേയം. . തൊഴിലുമായി ബന്ധപ്പെട്ട മാനസിക സംഘര്‍ഷങ്ങള്‍ നിരവധി മാനസിക ശാരീരിക പ്രയാസങ്ങള്‍ക്ക് കാരണമായതിനാല്‍ പ്രസ്തുത പ്രമേയം ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. ആരോഗ്യകരമായ തൊഴില്‍ അന്തരീക്ഷവും ചുറ്റുപാടും ജീവനക്കാരുടെ ആരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണെന്നും എല്ലാതരം ജോലിക്കാരും വിശിഷ്യ ടെന്‍ഷന്‍ നിറഞ്ഞ ജോലികളിലേര്‍പ്പെടുന്നവര്‍ നിശ്ചിത സമയം നിര്‍ബന്ധമായും വിശ്രമിക്കണമെന്നുമായിരുന്നു പ്രസ്തുത പ്രമേയം പഠനങ്ങള്‍ നിരത്തി തെളിയിച്ചത്.

മനുഷ്യനും യന്ത്രവും തമ്മില്‍ കുറേ സാമ്യതകളും ചില വ്യത്യാസങ്ങളുമുണ്ട്. ഏറ്റവും സവിശേഷമായ വ്യത്യാസം മനുഷ്യന് മനസാക്ഷിയുണ്ട് എന്നതാണ്. മനസിന് ആശ്വാസം പകരുന്ന ചിന്തകളും ചെയ്തികളും ഇല്ലാതെവരുമ്പോള്‍ മനസ് മരവിക്കുകയും യന്ത്രവും മനുഷ്യനും തമ്മിലുള്ള അകലം കുറയുകയും ചെയ്യുന്നു. ശാരീരികവും മാനസികവുമായ ആരോഗ്യം നിലനില്‍ക്കുമ്പോഴാണ് മനുഷ്യന്റെ ക്രിയാത്മകതയും രചനാത്മകതയും സമൂഹത്തിന്റെ നിര്‍മാണാത്മകമായ പുരോഗതിക്ക് പ്രയോനപ്പെടുത്താന്‍ കഴിയുക. 
ദ ഇഫക്ട് ഓഫ് ട്രോമ ആന്റ് വയലന്‍സ് ഓണ്‍ ചില്‍ഡ്രന്‍ എന്നതായിരുന്നു മാനസികാരോഗ്യ ദിനം ചര്‍ച്ച ചെയ്ത മറ്റൊരു പ്രമേയം. ലോകം അഭിമുഖീകരിക്കന്ന വെല്ലുവിളികളും പ്രയാസങ്ങളും കുട്ടികളുടെ സുന്ദരമായ ബാല്യവും കുട്ടിത്തവും നഷ്ടപ്പെടാന്‍ കാരണമാകുന്ന സാഹചര്യത്തില്‍ പ്രമേയത്തിന്റെ പ്രാധാന്യം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ദ ഇമോഷണല്‍ ആന്റ് ബിഹേവിയറല്‍ ഡിസ് ഓര്‍ഡേര്‍സ് ആഫ് ചില്‍ഡ്രന്‍ ആന്റ് അഡല്‍സന്‍സ് എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. കഴിഞ്ഞ വര്‍ഷത്തെ പ്രമേയത്തോട് ചേര്‍ത്ത് വായിക്കുന്ന ഈ പ്രമേയം ഇളം തലമുറയുടെ വൈകാരിക പ്രശ്‌നങ്ങളും സ്വഭാവപരമായമായ കാര്യങ്ങളും സജീവ ചര്‍ച്ചക്ക് വെക്കുകയാണ്. 

ഗള്‍ഫ് സാഹചര്യത്തില്‍ വളരുന്ന കുട്ടികളുടെ മാനസിക പ്രശ്‌നങ്ങളുടെ ആഴം വേണ്ട രൂപത്തില്‍ ഇനിയും പഠന വിധേയമാക്കപ്പെട്ടിട്ടില്ല എന്നാണ് തോന്നുന്നത്. തികച്ചും യന്ത്രികമായ ജീവിത ചുറ്റുപാടില്‍ ശരിയായ സ്‌നേഹവും സൗഹാര്‍ദ്ദവുമെന്തന്നറിയാതെ വളരുന്ന കുട്ടികളാണ് ഗള്‍ഫ് കുടുംബങ്ങളില്‍ കാണപ്പെടുന്നത് എന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ പാഠപുസ്തകങ്ങളുമായി തളക്കപ്പെടുന്ന ബാല്യവും കുട്ടിത്തവും തിരിച്ചെടുക്കാനാവാത്ത ചില അമൂല്യനിധികളാണ് ഈ കുട്ടികള്‍ക്ക് നഷ്ടപ്പെടുത്തുന്നത്. കുട്ടിത്തവും ശരിയായി ആസ്വദിക്കാത്ത തലമുറ വൈകാരികമായ ഏറെ വൈകല്യങ്ങള്‍ക്കടിപ്പെടാന്‍ സാധ്യതയേറെയാണെന്ന് പറയപ്പെടുന്നു. 

എല്ലാ കുട്ടികള്‍ക്കും സ്വസ്ഥവും സുരക്ഷിതവും നൈസര്‍ഗികമായ വളര്‍ച്ചക്കനുഗുണവുമായ ഒരു അന്തരീക്ഷം ആവശ്യമാണ്. ഇതിലേതെങ്കിലും വശങ്ങളിലുണ്ടാകുന്ന കുറവുകള്‍ കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുകയും സ്ഥിതിഗതികള്‍ വഷളാക്കുകയും ചെയ്യും. യുവതലമുറയെ മാനസികാരോഗ്യമുള്ള തലമുറയാക്കി മാറ്റുകയാണ് ഒരു സമൂഹത്തിന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ സേവനം. ഈ രംഗത്ത് സമൂഹത്തിന്റെ സമസ്ത തലങ്ങളിലും ചര്‍ച്ച സംഘടിപ്പിക്കുകയും സാധ്യമായ രീതിയില്‍ ആശയസമന്വയത്തിലൂടെ പരിപാടികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയായി മാറിയിരിക്കുന്നു.

ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ ട്രോമാറ്റിക് സ്ട്രസ് നടത്തിയ ഒരു പഠന പ്രകാരം 14 മുതല്‍ 42 ശതമാനം വരെ കുട്ടികളും ജീവിതത്തില്‍ ഒരിക്കലെങ്കിലും എന്തെങ്കിലും തരത്തിലുള്ള മാനസികാഘാതങ്ങള്‍ക്ക് വിധേയരാകുന്നവരാണ്. ഇരുപത് മില്യന്‍ കുട്ടികള്‍ വീടുകളില്‍ നിന്നും യുദ്ധമുഖത്തേക്ക് എടുത്തെറിയപ്പെടുകയും ഇതില്‍ 4 മില്യന്‍ കുട്ടികള്‍ക്ക് അംഗവൈകല്യം സംഭവിക്കുകയും ചെയ്യുന്നുണ്ടെന്നാണ് ഇന്റര്‍നാഷണല്‍ സേവ് ദ ചില്‍ഡ്രന്‍ അലയന്‍സിന്റെ ഗവേഷണത്തില്‍ കാണുന്നത്. യുദ്ധവും ഭീകരതയും കുട്ടികളുടെ തെളിമയാര്‍ന്ന കുരുന്ന ഹൃദയങ്ങളില്‍ ഭീതി നിറക്കുകയും ഒട്ടേറെ മാനസിക പ്രശ്‌നങ്ങള്‍ക്ക് വഴിമരുന്നിടുകയും ചെയ്യുന്നു എന്ന് പറയേണ്ടതില്ലല്ലോ. 

കുട്ടികളുടെ മാനസികാരോഗ്യത്തെ സ്വാധീനിക്കുന്ന മറ്റൊരു പ്രധാന പ്രശ്‌നം ദൃശ്യ ശ്രവ്യമാധ്യമങ്ങളുടെ അവിവേകപൂര്‍ണമായ ഇടപെടലുകളാണ്. സപ്തംബര്‍ പതിനൊന്നിന് ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററിലുണ്ടായ തീവ്രവാദി ആക്രമണം കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷം ഒരു നാലുവയസുകാരികുട്ടി തന്റെ അമ്മയോട് ചോദിച്ചുവത്രേ. അമ്മേ എന്നാണ് വിമാനങ്ങള്‍ വന്നിടിച്ച് ബില്‍ഡിംഗുകള്‍ തരിപ്പണമാകുന്ന അതിഭീകരമായ സംഭവങ്ങള്‍ അവസാനിക്കുക. എല്ലാം സപ്തംബര്‍ പതിനൊന്നിന് തന്നെ അവസാനിച്ചുവെന്ന് കുട്ടിയെ ബോധ്യപ്പെടുത്താന്‍ അമ്മ ശ്രമിച്ചെങ്കിലും കുട്ടി സമ്മതിച്ചില്ല. ഇന്നലെ രാത്രിയും ഇന്ന് കാലത്തും വിമാനം വന്ന് ബില്‍ഡിംഗ് തകര്‍ക്കുന്നത് താന്‍ കണ്ടു എന്നതായിരുന്നു കുട്ടിയുടെ വാദം. കുട്ടി അമ്മയേയും കൂട്ടി ടി.വിക്ക് മുന്നിലെത്തി വിമാനം വേള്‍ഡ് ട്രേഡ് സെന്ററില്‍ വന്ന് പതിക്കുന്നതും പടുകൂറ്റന്‍ കെട്ടിടം തകര്‍ന്ന് തരിപ്പണമാകുന്നതും കാണിച്ച് കൊടുത്തു. സപ്തംബര്‍ പതിനൊന്നിന് സംഭവിച്ച ദുരന്തത്തിന്റെ വിവരണം ആവര്‍ത്തിക്കുന്നതാണ് ഇതെന്ന് അമ്മ കുട്ടിയെ ബോധ്യപ്പെടുത്തിയത് വളരെ പ്രയാസപ്പെട്ടാണ്. മാധ്യമങ്ങള്‍ കുട്ടികളുടെ ഹൃദയാന്തരാളങ്ങളില്‍ കോറിയിടുന്ന വികലമായ ഭാവനയുടെ ഒരുചെറിയ ഉദാഹരണം മാത്രമാണിത്. 

എല്ലാകുട്ടികളും മാധ്യമങ്ങളാല്‍ സ്വാധീനിക്കപ്പെടുന്നവരാണ്. ഏഴ് വയസിന് താഴെയുള്ള കുട്ടികളില്‍ മാധ്യമങ്ങളുടെ സ്വാധീനം വിവരണാതീതമാണ്. ക്രൂരമായ വയലന്‍സിന്റെ വിവിധ വശങ്ങള്‍ തുടര്‍ച്ചയായി അനാവരണം ചെയ്യുക വഴി ഭാവിയുടെ വാഗ്ദാനങ്ങളായ കുട്ടികളുടെ മനസില്‍ വളര്‍ന്നുവരുന്ന അധമ വികാരവും നശീകരണപ്രവണതയും പകല്‍വെളിച്ചം കണക്കെ വ്യക്തമാണെങ്കിലും എന്തൊക്കെയോ താല്‍പര്യങ്ങളുടെ സംരക്ഷണാര്‍ഥം നമ്മുടെ ലോകമാധ്യമങ്ങളില്‍ വയലന്‍സും മൃഗീയതയും നിറഞ്ഞ് നില്‍ക്കുന്നു. ഇത് കണ്ടുവളരുന്ന കുട്ടികള്‍ അത്തരം ക്രൂരതകള്‍ അനുകരിക്കാന്‍ ശ്രമിക്കാതിരിക്കുമോ .

സ്വന്തം വീടുകളില്‍ നിന്നുണ്ടാകുന്ന ശാരീരികവും മാനസികവുമായ പീഡനങ്ങളാണ് കുട്ടികള്‍ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രധാന പ്രശ്‌നം. ലോകാരോഗ്യ സംഘടനുടെ വിലയിരുത്തലനുസരിച്ച് വീടുകളില്‍ നിന്നുണ്ടാകന്ന പീഡനങ്ങളെ ശാരീരിക പീഡനം, ലൈംഗിക പീഡനം, വൈകാരിക പീഡനം, അവഗണന എന്നീ നാല് ശീര്‍ഷകങ്ങളിലാണ് ഉപന്യസിക്കേണ്ടത്. 

ചില കണക്കുകളനുസരിച്ച് ഇംഗഌണ്ടില്‍ പ്രതിവര്‍ഷം പതിനഞ്ച് ലക്ഷം കുട്ടികള്‍ ശാരീരികമായും ഒരു ലക്ഷത്തിലധികം കുട്ടികള്‍ ലൈംഗികമായും പീഡിപ്പിക്കപ്പെടുന്നുണ്ട്. ഉക്രൈനില്‍ നടന്ന ഒരു പഠനപ്രകാരം അന്നാട്ടിലെ ഓരോ 56 കൗമാരക്കാരിലും ഒരാള്‍ എന്ന തോതില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നവരാണ്. മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്ന് പെണ്‍കുട്ടികള്‍ സ്വമേധയാലോ പര പ്രേരണയാലോ ഒരിക്കലെങ്കിലും ലൈംഗിക പീഡനത്തിന് വിധേയമാക്കപ്പെടുന്നു. പത്ത് ശതമാനം പെണ്‍കുട്ടികളും പതിനഞ്ച് ശതമാനം ആണ്‍കുട്ടികളും നിരന്തരമായ ലൈംഗിക പീഡനത്തിന് വിധേയമായാണ് വളരുന്നത്. ലോകാരോഗ്യ സംഘടനയുടെ സര്‍വേയനുസരിച്ച് യൂറോപ്യന്‍ യൂനിയനില്‍ മാത്രം പ്രതിവര്‍ഷം 6 ലക്ഷം കുട്ടികള്‍ വൈവിധ്യങ്ങളായ പീഡനങ്ങള്‍ക്ക് വിധേയരാണ്. പ്രശ്‌നത്തിന്റെ ഗൗരവാവസ്ഥ ബോധ്യപ്പെടുത്താനാണ് ഏതാനും സ്റ്റാറ്റിസ്റ്റിക്കുകള്‍ പരാമര്‍ശിച്ചത്.

ഇന്ത്യയിലെ സ്ഥിതിയും ഏറെ ഭീകരമാണ്. സ്‌ക്കൂള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോവുകയും ക്രൂരമായ ലൈംഗികാസ്വാദനത്തിന് വേണ്ടി ഉപയോഗിക്കുകയും ചെയ്യുന്നതായുള്ള വാര്‍ത്തകള്‍ ദിനേനയെന്നോണം നാം വായിക്കുകയും കേള്‍ക്കുകയും ചെയ്യുന്നു. ബാലവേലയുടേയും ശൈശവ വിവാഹത്തിന്റേയും കാര്യം പറയാതിരിക്കുന്നതാണ് ഭേദം. സാക്ഷര സാംസ്‌കാരിക കേരളത്തില്‍ പോലും പ്രായം തികയുന്നതിന് മുമ്പ് കുട്ടികളെ കെട്ടിച്ചയക്കുന്ന രീതിക്ക് വേണ്ടിയാണ് പലരും മുറവിളി കൂട്ടുന്നത്. കുടുംബ ജീവിതത്തിന്റെ ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കപ്പെടുന്ന അപക്വമതികളായ കുടുംബനികള്‍ സൃഷ്ടിക്കുന്ന പ്രയാസങ്ങള്‍ വിവരണാതീതമാണ്. 

പ്രായം ചെന്നവരുടെ മാനസികാരോഗ്യം എന്നതാണ് ഈ വര്‍ഷത്തെ ലോകമാനസികാരോഗ്യ ദിന പ്രമേയം. ലോകത്തെമ്പാടും പ്രായചെന്നവര്‍ നിരവധി മാനസികവും ശാരീരികവുമായ പ്രയാസങ്ങള്‍ അനുഭവിക്കുന്നുണ്ട്. ജീവിതത്തിന്റെ നീണ്ട കര്‍മരംഗത്തുനിന്നും പിന്‍വാങ്ങുന്നവരുടെ മാനസികവും ശാരീരികവുമായ പ്രയാസങ്ങളെ വിശകലനം ചെയ്ത് സാധ്യമായ പരിഹാര നടപടികള്‍ നിര്‍ദേശിക്കുവാനാണ് ഈ പ്രമേയം ആഹ്വാനം ചെയ്യുന്നത്. 

ശാസ്ത്ര സാങ്കേതിക മേഖലകളിലെ അഭൂതപൂര്‍വമായ വളര്‍ച്ചയും ആരോഗ്യ പരിരരക്ഷാ സംവിധാനങ്ങളും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും മനുഷ്യന്റെ ആയുസ്സ് വര്‍ദ്ധിക്കാന്‍ കാരണമായി. 2011 ലെ കണക്കനുസരിച്ച് 57 രാജ്യങ്ങളിലെ ശരാശരി ആയുസ് 75 വയസ്സിന് മീതെയായിരുന്നു. 2017 ഓടെ 65 വയസ്സിന് മീതെ പ്രായമുളളവരായിരിക്കും 5 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളേക്കാളും കൂടുതലെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ചില കണക്കുകളനുസരിച്ച് ലോകത്ത് നിലവില്‍ 60 വയസ്സിന് മേല്‍ പ്രാമുള്ള 800 ദശലക്ഷം ആളുകളുണ്ട്. ഭൂരിഭാഗം പ്രായം ചെന്നവരും കുറഞ്ഞ വരുമാനക്കാരോ ഇടത്തരം വരുമാനക്കാരോ ആയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. വികസിത രാജ്യങ്ങളില്‍ മാത്രമല്ല വികസ്വര രാജ്യങ്ങളിലും ആയുര്‍
ദൈര്‍ഘ്യം കൂടുന്നു എന്നതാണ് ഈ കണക്കുകള്‍ നമ്മോട് പറയുന്നത്. പ്രായം ചെന്നവരുടെ എണ്ണം കൂടുമ്പോള്‍ സമൂഹത്തിലുണ്ടാകുന്ന മാനസികവും ശാരീരികവുമായ പ്രയാസങ്ങളും കൂടും. 

പ്രായം കൂടുന്നതോടെ ശീലങ്ങളിലും ശ്രദ്ധയിലും നാടകീയ മാറ്റങ്ങള്‍ സംഭവിക്കാം. സമൂഹത്തില്‍ നിന്നും ഒറ്റപ്പെടല്‍ ,യാഥാര്‍ത്ഥ്യം അല്ലാത്ത കാര്യങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുക,അനുകരിക്കുവാന്‍ പ്രയാസം തോന്നുക ,ആത്മഹത്യയെക്കുറിച്ചുള്ള ചിന്ത,അകാരണമായ പേടി ,മദ്യത്തിന്റെയും മയക്കുമരുിന്റെയും ഉപയോഗം,അമിതമായ ദേഷ്യം തുടങ്ങി ചെറുതും വലുതുമായ നിരവധി സാഹചര്യങ്ങള്‍ പ്രായം ചെന്നവരുടെ മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നു. മതിഭ്രമം, വിഷാദരോഗം, ഉത്കണ്ഠ തുടങ്ങിയ സാഹചര്യങ്ങള്‍ പലപ്പോഴും സ്ഥിതിഗതികള്‍ വഷളാക്കുന്നു. 

ദാരിദ്യം, സാമൂഹ്യ മായി ഒറ്റപ്പെടുമെന്ന തോന്നല്‍, സ്വാതന്ത്ര്യം നഷ്ടപ്പെടല്‍, തനിച്ചാവുക, വിവിധ തരം നഷ്ടങ്ങള്‍, ശാരീരികവും മാനസികവുമായ വിഷയമതകള്‍ , അള്‍ഷിമേഴ്‌സ് രോഗം മുതലായവയും സ്ഥിതിഗതികള്‍ ഗുരുതരമാക്കുന്നു. സമൂഹത്തിലെ ഓരോ വ്യക്തികളും മുതിര്‍ന്നവരോടുള്ള പെരുമാറ്റം മെച്ചപ്പെടുത്തുകയും പ്രായമായവരെ വേണ്ടവിധം പരിചരിക്കുകയും ചെയ്യുന്ന ധാര്‍മികവും സാംസ്‌കാരികവുമായ പ്രബുദ്ധതയാണ് നമുക്കാവശ്യം. വയസ്സായ മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ സമൂഹത്തിന്റെ അവിഭാജ്യഘടകമാണെന്നും അവരെ ഒരിക്കലും തള്ളിപ്പറയാനോ അവഗണിക്കുവാനോ നമ്മുടെ സാംസ,കാരികബോധം അനുവദിക്കുകയില്ല എന്ന തിരിച്ചറിവാണ് നമുക്ക് വേണ്ടത്. പ്രായം കൂടും തോറും മാതാപിതാക്കളുടേയും ബന്ധുക്കളുടേയും പരിചരണത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നുന്ന ഒരു തലമുറയാണ് നമുക്കാവശ്യം. 

പ്രായം ചെന്നവരെ സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനത്ത് അവരോധിക്കുകയും അവരുടെ എല്ലാവിധ ആശങ്കകളുമകറ്റി മാനസികാരോഗ്യം നല്‍കുകയും ചെയ്യുന്നതിനുള്ള നടപടികളാണ് ഈ ദിനം നമ്മോടാവശ്യപ്പെടുന്നത്. നമ്മളൊക്കെ വളര്‍ന്ന് വലുതായത് നമ്മുടെ പ്രായം ചെന്ന മാതാപിതാക്കളുടേയും ഗുരുജനങ്ങളുടേയുമൊക്കെ കൂട്ടായ പരിശ്രമ ഫലമാണ്. നാം എന്തൊക്കെ തിരിച്ചുനല്‍കിയാലും അവരുടെ കര്‍മങ്ങള്‍ക്കുള്ള പ്രതിഫലമാവില്ല. പ്രായം ചെന്ന മാതാപിതാക്കളേയും ബന്ധുക്കളേയും പരിചരിക്കുവാന്‍ ലഭിക്കുന്ന അവസരം പാഴാക്കാതിരിക്കുക. കരുണാമയനായ ദൈവത്തിന്റെ പ്രത്യേകാനുഗ്രഹം ലഭിക്കുന്ന പുണ്യകര്‍മമാണ് അവരെ പരിചരിക്കുകയെന്നത്. ലോകത്ത് നാം നേടുന്ന ഏത് നേട്ടങ്ങളെക്കാളും മികച്ചതാകും അവരുടെ പ്രാര്‍ഥനയും ആശംസകളുമെന്ന് നാം തിരിച്ചറിയുക

Releated Stories