logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

കുഞ്ഞാനു എന്റെ കുഞ്ഞാനുമ്മ

img

ഉമ്മാക്ക് വേണ്ടി തവാഫും സഅ്‌യും നിര്‍വ്വഹിച്ച് മക്കയില്‍ നിന്നുള്ള മടക്കയാത്രയില്‍, വിമാനത്തിനായുള്ള വിരസമായ കാത്തരിപ്പില്‍ ഞാന്‍ പേനയും കടലാസും എടുത്തു.കുഞ്ഞാനു എന്റെ കുഞാനുമ്മ...പേര് എഴുതിയും പേന തേരോട്ടം തുടങ്ങി.ഭര്‍ത്താവ് കഴിഞ്ഞാല്‍ അവരെ അങ്ങനെ വിളിച്ചിരുന്നത് ഞാന്‍ മാത്രമായിരുന്നു.എനിക്ക് ഏതാണ്ട് ഒരു വയസ്സ് പ്രായം വരും. പൂമുഖത്തെ സോഫയില്‍ സൊറപറഞ്ഞ് ഇരിക്കുന്ന ഉപ്പയും കുഞ്ഞാനുവും. താഴെ തറയില്‍ തീപാറുന്ന കാറ് കറക്കി കളിക്കുന്ന ഞാനും. ഈ ഒരോര്‍മ മാത്രമേ എനിക്ക് ഉപ്പാനെക്കുറിച്ചുള്ളൂ...പിന്നീട് എപ്പോഴോ നടോകത്ത് മരണ ശയ്യയില്‍ കിടക്കുന്ന ഉപ്പാക്ക് വെള്ളം കൊണ്ടുവരുന്ന ഉമ്മയും എന്നെ ലാളിക്കുന്ന ബന്ധുകളുടെയും കുഞ്ഞോര്‍മയും മാത്രം. ബാക്കിയെല്ലാം കേട്ട'റിവുകളായിരുന്നു.ഭൂരിഭാഗവും കൂഞ്ഞാനുമ്മയില്‍ നിന്നുതന്നെ. ഉമ്മ വീട്ടിലെ ആദ്യത്തെ തരിയും, അമ്പത് കഴിഞ്ഞ ഉപ്പാക്ക് അവസാനനാളുകളില്‍ കിട്ടിയ മുത്ത് എന്ന നിലയിലും ഏറെ അതൃപ്പത്തിലായിരുന്നു എന്റെ വളര്‍ച്ച.കണ്ടശ്ശാം കടവില്‍ നിന്നും മാമമാര്‍ പണിപ്പെട്ട് കൊണ്ടുവന്ന ഒരു വലിയ കുയ്താളി, കയ്യില്‍ ഒരു വടി തന്ന് എന്നെകൊണ്ട് തല്ലി ഉടപ്പിച്ചതും. പണിക്കാരില്ലാത്ത തക്കം നോക്കി ചാന്തിട്ട് മെഴുകിയ നിലം കുത്തി ഇളക്കിച്ച് ആനന്ദിച്ചതും അതിന്റെ തെളിവായിരുന്നു.കുഞ്ഞാനുമ്മ തന്നെ പറഞ്ഞു തന്നതാണിതൊക്കെ.ഇയ്യാകുപ്പീ.... ഇയ്യാകുപ്പീ.... എന്ന് ഇത്താനെ വിളിച്ച് കുപ്പിപ്പാലിന് വേണ്ടി മുറവിളി കൂട്ടുമ്പോള്‍ കുപ്പി ഭ്രാന്തനായ എന്റെ എളുപ്പത്തിന് ഇയ്യാപ്പീ... എന്നാക്കി തന്നതും ഉപ്പയായിരുന്നത്രെ!!!കുഞ്ഞാനുമ്മയിലൂടെ ഞാന്‍ ഉപ്പാക്കൊപ്പം ജീവിക്കുകയായിരുന്നു. ഇയ്യാപ്പി മാരന്റെ വീട്ടിലേക്ക് പടിയിറങ്ങിയപ്പോള്‍ നാലുവയസ്സുകാരനും കുഞ്ഞാനുമ്മയും തനിച്ച് ഒരു ലോകത്തായി.കൂഞ്ഞാനുവിന്റെ ഓര്‍മ്മകളുമായി വീശുന്ന എന്നും എനിക്ക് പ്രിയപ്പെട്ട' കാറ്റായിരുന്നു വ്യശ്ചികമാസത്തില്‍ തെങ്ങോലകളെ ഇളക്കിയാട്ടി വരുന്ന മാരുതന്‍.ആകാശത്ത് അമ്പിളി അമ്മാവനും താഴെ ചിമ്മിനി വിളക്കിന്റെ പ്രകാശത്തില്‍ ചൂലുഴിയുന്ന കുഞ്ഞാനുവും, തൊട്ടരികെ പൂഴി മണലില്‍ ചെറിയ കുഴികളുണ്ടാക്കി അതില്‍ മണ്ണെണ്ണ ഇറ്റിച്ച് കത്തിച്ച് കളിക്കുന്ന ഞാനും.പെയ്‌തൊഴിഞ്ഞ ദിനങ്ങളിലെ സുന്ദരന്‍ ഓര്‍മ്മകള്‍!!!എനിക്കുറങ്ങണമെങ്കില്‍ കുഞ്ഞാനുവിന്റെ പള്ളയില്‍ പിച്ചിക്കളിക്കണമായിരുന്നു. ഉപ്പ പണ്ടെങ്ങോ ഉമ്മാക്കായി കൊണ്ടുവന്ന കറുപ്പില്‍ നീല പുള്ളികളുള്ള തുണിയായിരുന്നു ഞങ്ങളുടെ പുതപ്പ്!.വര്‍ഷകാലത്ത് രണ്ട് പേരും അതില്‍ ചുരുണ്ട് കിടക്കും. നേരം പുലര്‍ന്നാല്‍ അതിലും പായിലുമെല്ലാം ഞാന്‍ മൂത്രമൊഴിച്ചിട്ടുണ്ടാകും. എനിക്ക് ഒമ്പത് വയസ്സ് വരെ ആ പതിവ് തുടര്‍ന്നു. മൂത്രമൊഴിപ്പും!!!.ഒടുക്കം വെല്ലൂപ്പാട്‌ത്തെ വെല്ലുമ്മ വിറയലുള്ള ശബ്ദത്തില്‍ പറഞ്ഞു.കുഞ്ഞാമിനകുട്ട്യേ അവന്റെ മൂത്രത്തില്‍ ചൂലുമുക്കി അവനെ അടിക്ക്., അപ്പോള്‍ പാത്തല് നില്‍ക്കും!!തല്ല് കൊണ്ടത് ഓര്‍മ്മയുണ്ട്...മൂത്രമൊഴിപ്പ് എന്നാ നിന്നതെന്ന് ഓര്‍മ്മയില്ലെന്ന് മാത്രം...ഉപ്പാനെകുറിച്ച് കുഞ്ഞാനുമ്മ പറഞ്ഞിരുന്ന നന്മകള്‍ മറ്റുള്ളവരില്‍ നിന്നും ഞാന്‍ കേള്‍ക്കുവാന്‍ തുടങ്ങി. ഉപ്പായെ പറ്റി പറയുമ്പോള്‍ രണ്ടിറ്റു കണ്ണീരോ, സ്‌നേഹത്തോടെയുള്ള ഓരാലിംഗനമോ എനിക്ക് കിട്ടാതിരുന്നിട്ടില്ല. ആ നന്മകള്‍ എന്നിലേക്ക് പകര്‍ത്താന്‍ ഞാന്‍ ആഗ്രഹിക്കാതിരുന്നിട്ടുമില്ല.കുഞ്ഞാനുവിന് ഒരുപാട് ചെങ്ങായിച്ചികളുണ്ടായിരുന്നു. അവരുമൊത്തുള്ള ഒരു പാട് രസകരമായ കഥകളും. അതില്‍ കുട്ടിക്കാലം മുതലേ ഉള്ള പ്രധാന ചെങ്ങായിച്ചി പുതമനശ്ശേരിയിലെ വെല്ല്യുമ്മാടെ മകള്‍ വൂച്ചുമ്മയായിരുന്നു.ഉയരക്കൂടുതല്‍ ഒഴിച്ചാല്‍ രൂപത്തിലും പ്രകൃതത്തിലും കുഞ്ഞാനുവിനോട് ഏറെ സാമ്യമുണ്ടായിരുന്നു, വൂച്ചാമ്മാക്ക്...കുട്ടിക്കാലത്ത് എപ്പോഴോ കഴുത്തിലെ അടക്കിക്കെട്ടി മാലയുടെ ഭംഗി കിണറ്റിലെ വെള്ളത്തില്‍ നോക്കി ആസ്വദിക്കുമ്പോള്‍ കുഞ്ഞാനു മൂക്കും കുത്തി കിണറ്റിലേക്ക് വീണത് ഓര്‍ത്ത് എപ്പോഴും ചിരിക്കുമായിരുന്നു. കുട്ടിക്കാലത്തെ അവരുടെ ആ കഥകള്‍ കേട്ടുകേട്ട് ഞാനും വൂച്ചുമ്മയും കുഞ്ഞാനുവും സമപ്രായക്കാരായിരുന്നു. കാലത്ത് നടന്ന സംഭവം പോലെയായി ആ കാര്യം എന്റെ മനസ്സിലും...കുഞ്ഞാനുമ്മയുമായി ഇരുന്നാല്‍ പറഞ്ഞാല്‍ തീരാത്തത്ര വിശേഷങ്ങളുണ്ടാകും. അധികവും കുട്ടിക്കാലത്തെതാവും. വിശേഷങ്ങള്‍ പറഞ്ഞ് ഉറക്കെ ചിരിക്കുവാന്‍ വേണ്ടിമാത്രം പോയിരുന്ന ചങ്ങായിച്ചിമാരായിരുന്നു പടിഞ്ഞാറേലെ പാത്തുട്ടിത്തയും കടലമ്മായിയും വട്ടേക്കാട്ടെ താത്തയും കൈമോള്‍ത്താത്തയുമെല്ലാം. ഉപ്പാടെ മരുമക്കള്‍ ആയിരുന്നു അവരെല്ലാം.ഇച്ഛമ്മയിയോട് ഒരു പ്രത്യേക സ്‌നേഹമായിരുന്നു കുഞ്ഞാനുവിന്. അല്പം കേള്‍വിക്കുറവുള്ള അമ്മായിയെ ഉപ്പ എപ്പോഴും കളിയാക്കി ശുണ്ഠി പിടിപ്പിക്കുന്ന കഥകള്‍ കേട്ട് ഉപ്പാനെ അനുകരിച്ച് ഞാനും, അവരെ കളിയാക്കലില്‍ രസം കണ്ടെത്തി.എന്റെ ഹംസക്കാടെ മോനല്ലെടാ... നീ.... എന്ന വാക്കില്‍ എന്റെ മേലുള്ള അവരടെ പരമാധികാരം നിറഞ്ഞു നിന്നിരുന്നു.കുഞ്ഞാനുമ്മക്കോ കുഞ്ഞാനുമ്മാടോ മുഷിപ്പുള്ള അയല്‍വാസികളോ കുടുംബാദികളോ, ഉണ്ടായിരുന്നില്ല;കുഞ്ഞാനുവിന്റെ എല്ലാ ദേഷ്യവും വഴക്കും എന്നോട് മാത്രമായിരുന്നു.'എന്റെ കരള് പൊളിച്ചാല്‍ കാണുന്ന മക്കള്‍' തുടങ്ങി ഉമ്മയില്‍ നിന്നും പലരെ കുറിച്ചും വിട്ടുള്ള വാക്കുകള്‍ എന്റെ ഹൃദയത്തെ സ്വാധിനിച്ചിരുന്നു.മാതാപിതാക്കള്‍ക്ക് മക്കള്‍ക്ക് ചെയ്യുവാന്‍ കഴിയുന്ന ഏറ്റവും വലിയ നന്മ സ്വന്തം കുടുംബാദികളെ പറ്റി നല്ലതുപറഞ്ഞ് അവരുടെ ഹൃദയത്തില്‍ സ്‌നേഹവും വിട്ടുവീഴ്ചയും നിറക്കലായിരിക്കും എന്ന് എന്റെ കുഞ്ഞാനു എന്നെ പഠിപ്പിച്ചു...കുഞ്ഞാനുമ്മ എന്റേത് മാത്രമായിരുന്നു. മറ്റൊരാള്‍ക്കും ഒന്നും പറയാന്‍ സ്വാതന്ത്ര്യം കൊടുക്കാതെ എനിക്ക് എന്തും പറയാവുന്ന എന്റെ മാത്രം!.ദേഷ്യം വന്നാല്‍ ചീത്ത വിളിക്കാനും സങ്കടം വന്നാല്‍ ഉറക്കെ വിളിച്ച് കരയാനും ഇക്കിളിയാക്കി കളിക്കാനും പൊക്കി തോളില്‍ ഇരുത്തി ചാടിക്കളിച്ച് പേടിപ്പിക്കാനും കഴുത്ത് ഞെക്കി കളിക്കാനും, പച്ച കലര്‍ന്ന തമാശകള്‍ പറഞ്ഞ് നാണിപ്പിക്കാനും എല്ലാം എനിക്ക് മാത്രം ചെയ്യാനുള്ള ഒരു ജീവിതം!.ഞങ്ങളുടെ ദിനങ്ങളിലെ, നിമിഷങ്ങള്‍ വിവരിക്കാന്‍ താളുകള്‍ മതിയാകില്ല...ചിരിച്ചും കളിച്ചും വേദനിച്ചും ഒരു പക്ഷിയെന്ന പോലെ കുഞ്ഞാനു പാറി നടന്നു.ഹജ്ജ് വേളയില്‍ ഞങ്ങളുടെ ആത്മ ബന്ധം മനസ്സിലാക്കിയ സൈദ് ഫൈസി എനിക്കിട്ട പേരായിരുന്നു. 'ഉമ്മാടെ മോന്‍'!.കുഞ്ഞാനുമ്മയുമൊത്തുള്ള ജീവിതത്തിന് ഉയര്‍ന്ന വരുമാനമുള്ള ലണ്ടനിലെ ജോലി തടസ്സമായപ്പോള്‍ അതു വിട്ട് ഭാര്യാ സന്താന സഹിതം ഞാന്‍ സ്വഗൃഹത്തിലേക്ക് ചേക്കേറി..കുഞ്ഞാനുവിനെ ഏറ്റവും വേദനിപ്പിച്ചതും അതായിരുന്നു..എന്റെ സന്തോഷം ഇതിലായിരുന്നു എന്നത് ഒരുപക്ഷെ ചിന്തിച്ചില്ലായിരിക്കാം... അതോ! അവര്‍ക്കുവേണ്ടി ഞാന്‍ എന്റെ സുഖങ്ങള്‍ നഷ്ടപ്പെടുത്തുന്നുവെന്നതായിരിക്കാം...വെള്ളിയാഴ്ച രാവില്‍ പരലോകയാത്ര കുഞ്ഞാനുവിന്റെ ആഗ്രഹമായിരുന്നു. ഉപ്പാടെ ഖബറില്‍ തന്നെ കൂടണയണമെന്നും ആദ്യമേ അക്കൂര്‍ക്കാട് ചട്ടം കെട്ടിയിരുന്നു.വ്യാഴാഴ്ചയായാല്‍ ഞാന്‍ തമാശക്ക് ചോദിക്കും. എന്താ! പോകുന്നില്ലേ...?? അപ്പോള്‍ ഒരു പൈപ്പ് വെച്ച ചിരിചിരിക്കും.ഒരുനാള്‍ ഉപ്പ തന്നെ സ്വപ്‌നത്തില്‍ ക്ഷണിച്ചതായി കുഞ്ഞാനു പറഞ്ഞു.'ഓ ഇങ്ങക്ക് മാപ്പളടെ അടുത്ത്ക്ക് പോകാന്‍ തിരക്കായീലേ..' ഞാന്‍ തുടര്‍ന്നു.'ആ പൂതി വേണ്ട!. ഇങ്ങളെ മലോം മൂത്രോം, ഒക്കെ നല്ലോണം കോരി സ്‌നേഹിച്ച് പൂതിതീര്‍ന്നിട്ടേ' ഞങ്ങള്‍ വിടൂ...'ഉടനെ കുഞ്ഞാനു പ്രാര്‍ഥിച്ചു.'അല്ലാഹ്!! ഒരാള്‍ക്കും കിടപ്പിലായി കൊടുക്കാതെ എന്നെ ഈമാനോടെ വിളിക്കണേ....'തുടര്‍ന്ന് ഞങ്ങള്‍ ബഹളം വെച്ചു.'കിടപ്പിലായി നോക്കിയിട്ടേ വിടൂ' എന്ന് ഞാനും,അതിന് കിട്ടില്ലാന്ന് കുഞ്ഞാനുവും... എങ്കില്‍ കാണാമെന്ന് ഞാനും...അതിനടുത്ത വ്യാഴാഴ്ച. കോഴിക്കോട്ടേക്ക് യാത്രയുള്ളതിനാല്‍ ഞാന്‍ നേരത്തേ എഴുന്നേറ്റു.മുറിയില്‍ നമസ്‌കാരവും ഓത്തും കഴിഞ്ഞ് ചായയും നേന്ത്രപ്പഴും വെച്ച്എന്നെ കാത്തിരിക്കുകയായിരുന്നു കുഞ്ഞാനു.എന്നെ തീറ്റിക്കുകയും കുടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് കെട്ടിപ്പിടിച്ച് അമര്‍ത്തി ഉമ്മതന്നു. തിരിച്ച് ഞാനും അമര്‍ത്തി മണത്ത് മുത്തിക്കൊടുത്തു. ഉമ്മാടെ പല്ല് എന്റെ മുഖത്ത് അമര്‍ന്ന് എനിക്ക് വേദനിക്കുവോളം.കാറില്‍ കയറി ഞാന്‍ നീങ്ങിയപ്പോള്‍ കുഞ്ഞാനൂനോട് അകത്തേക്ക് പോയ്‌ക്കൊള്ളാന്‍ കൈകൊണ്ട് ആഗ്യം കാട്ടി. പോകാന്‍ ഇഷ്ടമില്ലാത്തതുപോലെ എന്നെ തിരിഞ്ഞ് വീണ്ടും നോക്കി, നോക്കി... കുഞ്ഞാനു പോയി...മാപ്പളയുടെ ഖബറിലേക്കുള്ള പോക്കായിരുന്നു അത്!!!ആരാണ് ജയിച്ചത്!. എന്നും എന്റെ മുന്നില്‍ ഒരടിമയെപ്പോലെ നിന്ന കുഞ്ഞാനുവോ???മയ്യിത്ത് നമസ്‌കാരത്തിന് ഇമാമത്ത് നിന്ന് സലാം വീട്ടിയ ശേഷം, കുഞാനുമ്മാനെ കട്ടിലില്‍ കിടത്തി ചുമലിലേക്ക് വെച്ച് ഉപ്പാടെ തുറന്ന് വച്ച ഖബറിനടുത്തേക്ക് നീങ്ങുമ്പോള്‍, എന്റെ കാഴ്ചയെ മറക്കുന്ന കണ്ണുനീരോടൊപ്പം ഹൃദയം പൊട്ടി ഞാന്‍ മയ്യിത്തിനെ വിളിച്ചു...'കള്ളി കുഞ്ഞാനൂ... എന്നെ പറ്റിച്ചു പോയില്ലേ

Releated Stories