logo

7 വര്‍ഷത്തെ ആടുജീവിതം അവസാനിപ്പിച്ചു ക്വാളിറ്റി ഗ്രൂപ്പിന്റെ സഹായത്തോടെ നാട്ടിലേക്ക്.

ദോഹ : ഖത്തറിലെ മരുഭൂമിയില്‍ 7 വര്‍ഷത്തോളം ആടുകളെയും, ഒട്ടകങ്ങളെയുമായി നരകയാതന അനുഭവിച്ചുകഴിഞ്ഞിരുന്ന തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ സ്വദേശിനി സൈനുല്‍ അറബിയക്ക് ഖത്തറിലെ പൊതുമാപ്പിന്റെ പിന്‍ബലത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ അവസരം ഒരുങ്ങുന്നു. സൈനുല്‍ അറബിയയുടെ കരളലിയിപ്പിക്കുന്ന ജീവിതത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെ വാര്‍ത്തയറിഞ്ഞ ക്വാളിറ്റി ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ ശംസുദ്ധീന്‍ ഒളകരയാണ് അറബിയക്ക് ടിക്കറ്റും, സാമ്പത്തിക സഹായവും നല്‍കുമെന്നറിയിച്ചത്. നാട്ടിലേക്ക് മടങ്ങുന്നതുവരെ ഖത്തറില്‍ തങ്ങാന്‍ ആവശ്യമായ സഹായങ്ങള്‍ സൈനുല്‍ അറബിയക്ക് ക്വാളിറ്റി പ്രതിനിധി കൈമാറി. കുഷ്ഠരോഗിയായ ഉമ്മക്കും, നിത്യരോഗിയായ പിതാവിനും, പറക്കമുറ്റാത്ത മൂന്നു മക്കള്‍ക്കും മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ടാണ് പതിനാറ് വര്‍ഷങ്ങള്‍ക്കു മുമ്പ് നാട്ടുകാരനായ ഒരു വ്യക്തിയുടെ സഹായത്തോടെ അറബി വീട്ടിലേക്ക് ജോലിക്ക് പുറപ്പെട്ടത്. എന്നാല്‍ ഖത്തറിലെത്തിയ ഉടന്‍ സൗദി അതിര്‍ത്തിയിലെ ഒരു ആലയത്തിലേക്കാണ് ഇവരെ കൊണ്ടുപോയത്. ഒട്ടകങ്ങളെയും ആടുകളെയും പരിപാലിച്ചു വര്‍ഷങ്ങളോളം അവിടെ കഴിച്ചുകൂട്ടിയ അറബിയ നാട്ടില്‍ പോയെങ്കിലും കുടുംബത്തിലെ ദയനീയ അവസ്ഥയോര്‍ത്ത് വീണ്ടും മടങ്ങിയെത്തി. വീണ്ടും സഹിക്കവയ്യാത്ത അവസ്ഥയില്‍ പിന്നീട് അനധികൃത താമസക്കാരിയായി കഴിയേണ്ടിവന്നു. ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പൊതുമാപ്പ് പ്രഖ്യാപിച്ചപ്പോള്‍ രോഗിയായ ഉമ്മയെയും, മൂന്നു മക്കളെയും കാണാനുള്ള മോഹത്തോടെ ഇവര്‍ സന്നദ്ധ പ്രവര്‍ത്തകരെ സമീപിക്കുകയായിരുന്നു. അങ്ങനെയാണ് ക്വാളിറ്റി ഗ്രൂപ്പ് വിവരമറിയുന്നതും ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നറിയിച്ചതും 

Releated Stories