logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ഈയ്യാംപാറ്റകള്‍

മുസ്തഫ ഹംസ ഒരുമനയൂര്‍


ഇടിമിന്നലിന്റെ ഗര്‍ജ്ജനത്തോടൊപ്പം തെറിച്ചു വീഴുന്ന കനത്ത തുലാമഴത്തുള്ളികളില്‍ പരന്നൊഴുകുന്ന ഈയ്യാംപാറ്റകള്‍. 
ഇരുളടഞ്ഞ, ഇടുങ്ങിയ കൂരയിലേക്ക് ഏതോ ജീവിയുടെ അനക്കത്താല്‍ വിണ്ട ചാലിലൂടെ ഒലിച്ചിറങ്ങിയ മഴവെള്ളം അയാളുടെ മെത്ത നനച്ചു. 
വരിഞ്ഞുകെട്ടിയ പുതപ്പിനുള്ളിലൂടെ പരതിയപ്പോള്‍ തീരെ അലസമായി പണിത വെട്ടുകല്‍ ചുമരില്‍ കൈകൊണ്ടു. 
ഒന്നുകൂടെ പരതി നോക്കി. 
അടുത്താരുമില്ലായിരുന്നു! 'എല്ലാവരും പോയിക്കാണും!!'
അയാള്‍ ആത്മഗതം ചെയ്തു. വല്ലാത്തൊരു ഏകാന്തത. അതിലേക്ക് ഭീകര രൂപിണിയായി ആര്‍ത്തലക്കുന്ന വര്‍ഷത്തിന്റെ അട്ടഹാസവും. 
കുളിരേകുന്ന മഴയ്ക്ക് ഇത്രയും ക്രൂരമായ മുഖമുണ്ടാവുമെന്നറിയില്ലായിരുന്നു. തന്റെ ജനനം ആനന്ദത്തോടെ കൊണ്ടാടിയ കാറ്റെന്തേ ഇപ്പോള്‍ തന്നോടിങ്ങനെ? തന്റെ ചെയ്തികളോടുള്ള അമര്‍ഷമായിരിക്കാം!! കാലത്തിന്റെ ക്രൗര്യം.
അതിവേഗം കടന്നുപോയ കുട്ടിക്കാലം. കൗമാരക്കാരനെന്ന ഇളവോടെ വീണ്ടും കുറേ വര്‍ഷങ്ങള്‍.. അരുതായ്മകളുടെ മാറാപ്പുമായി യൗവ്വനത്തിലേക്ക് കടന്നപ്പോള്‍ ദേഹേച്ഛകള്‍ തന്നെ അശ്വം കണക്കെ പായിച്ചതോര്‍ക്കുന്നു.
മീശ കുരുത്ത്, പേശികള്‍ ഉറച്ച്, ശബ്ദത്തിന് കനം വെച്ചപ്പോള്‍ ഭൂമി കാല്‍ക്കീഴിലാണെന്ന നേരിയ തോന്നല്‍ ജന്മം തന്ന തള്ളയോട് തന്നെയെടുത്തപ്പോള്‍, താനറിഞ്ഞുവോ, പെയ്തിറങ്ങിയ കണ്ണുനീര്‍ തുള്ളികള്‍ കുത്തിയൊലിച്ച് തന്റെ കൂരയിലേക്കൊഴുകുമെന്ന്?
വസൂരി പിടിച്ച് തളര്‍ന്ന തന്നെ മടിയില്‍ കിടത്തി മല്ലിയിട്ട് തിളപ്പിച്ചാറ്റിയ വെള്ളം ധാരയൊഴിച്ചുതന്ന് സംരക്ഷിച്ച കണ്ണുകള്‍കൊണ്ട്, എത്രവട്ടം രൂക്ഷമായി നോക്കി അവരെ ഭയപ്പെടുത്തിയിട്ടുണ്ട്.
അയാളുടെ ചിന്തകള്‍ ഭൂതകാലത്തിലൂടെ പായാന്‍ തുടങ്ങി.
ക്ഷീണിതനായി, രാവേറെ വൈകിയെത്തിയാലും തട്ടിയുണര്‍ത്തി പലഹാരം തിന്നിച്ച് കിടത്തിയിരുന്ന ജന്മം തന്നവനോട് കാണിച്ച അനാദരവോ?
ഉന്തിയ ശല്‍കങ്ങള്‍ എത്രയോ തവണ അധ്വാനത്തിന്റെ ഭാരം തന്നോടുണര്‍ത്തിയതെങ്കിലും, കണ്ടില്ലെന്ന് നടിച്ചതോ? ഓര്‍മ്മകള്‍ അയാളെ കാര്‍ന്നുതിന്നുന്നു. 
കുഞ്ഞുവാവ കിടന്നിരുന്ന തളിര്‍ വയറിന് താഴെ ലഹരിയില്‍ ആഞ്ഞുചവിട്ടിയപ്പോള്‍ ആത്മസഖിയുടെ കണ്ഠനാളത്തില്‍ നിന്നുമുയര്‍ന്ന അലര്‍ച്ച!
ഹോ!
നെഞ്ചുപിളരുന്നു!!
ഈ ഏകാന്തത എത്ര നാളത്തേക്ക് തന്നെ പിന്തുടരും....
'മെത്ത മുക്കാലം നനഞ്ഞുവല്ലോ?'
'ആരെങ്കിലും വന്നിരുന്നുവെങ്കില്‍?'
'തനിക്കനങ്ങാന്‍ കഴിയില്ലെന്ന് അവര്‍ക്കറിയാവുന്നതല്ലെ?'
അവസാനിക്കാത്ത ഇരുട്ട്!!!
അടുത്ത് വരുന്നൊരു മെതിയടി ശബ്ദം.
'ഓ, അതവനായിരിക്കും, തന്റെ പ്രിയസുഹൃത്ത്.'
അകന്നുപോയ കാലടികളില്‍ നിരാശനായി അയാളോര്‍ത്തു. 
ഇല്ല. അവന്‍ വരില്ല. താനവനോട് ചെയ്ത അനീതി അത്ര ചെറുതായിരുന്നില്ലല്ലോ?
ഉച്ചത്തില്‍ വിളിക്കണമെന്നുണ്ടായിരുന്നെങ്കിലും പ്രകൃതിയുടെ ആര്‍പ്പുവിളിയോട് പൊരുതാനുള്ള ശേഷി അയാളുടെ ശരീരത്തിനില്ലായിരുന്നു.
'ഹോ! എന്തൊരു തണുപ്പിത്'
'കാലിലെന്തോ ഇഴയുന്നല്ലോ? ഭൂതകാലത്തിലെ ചെയ്തികളിലേക്ക് ചറപറാ.... കറുത്ത വഴുവഴുത്ത വൃത്തികെട്ട കൂട്ടങ്ങള്‍...'
'കൂറ്റാകൂരിരിട്ടിലും പ്രഭാത ഭജനങ്ങള്‍ കേള്‍ക്കുന്നല്ലോ?'
'ഹോ, ഒരിറ്റു വെട്ടം വീണെങ്കില്‍'
'എങ്കില്‍! എങ്കില്‍ ഞാന്‍ പോകും...'
മടിയില്‍ കിടത്തി താലോലിച്ച കൈകളെ പുണരാന്‍...
പലഹാരങ്ങള്‍ തീറ്റിയ ദേഹത്തെ ചുംബിക്കാന്‍... പ്രിയതമയെ താലോലിക്കാന്‍... നന്മ മാത്രം ചെയ്യാന്‍...
പിന്നിട്ട കാലടികളാല്‍ കീറപ്പെട്ട ഗര്‍ത്തങ്ങളില്‍ നന്മണികള്‍ നിറച്ച് അതിലൂടെ മുന്നോട്ടായാന്‍...
ഇത്തിരി വെട്ടം വീണെങ്കില്‍!!!
ഓ! മറന്നു!!
'വരിഞ്ഞുകെട്ടിയ പുടവക്കുള്ളില്‍ ആറടി മണ്ണിലേക്ക് ആരാലൊക്കെയോ താഴ്ത്തപ്പെട്ട വെറുമൊരു മൃതശരീരമല്ലോ താന്‍!!' —

Releated Stories