logo

Latest News യൂത്ത് ഫോറം ഇന്റര്‍ സ്‌കൂള്‍ കോമ്പറ്റീഷന്‍സ്: എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍   *    എ.പി അസ്‌ലം അവാര്‍ഡ്‌സ് - 2017 നോമിനേഷനുകള്‍ ക്ഷണിക്കുന്നു   *    പ്രതിഭകളെ യൂത്ത്‌ഫോറം ആദരിച്ചു.   *    വണ്‍ ഇന്ത്യ അസോസിയേഷന്‍ പ്രവാസി ക്ഷേമ പദ്ധതി സെമിനാര്‍ സംഘടിപ്പിച്ചു.   *    കഴിഞ്ഞ വര്‍ഷം ഖത്തറില്‍ പുകവലി നിര്‍ത്തിയത് 30% പേര്‍   *    ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് രണ്ടാം സ്ഥാനം   *    എസ്‌.ഐ.ഒ സ്ഥാപക ദിനം: ദഅവത്ത് നഗർ ഏരിയ ആചരിച്ചു   *    മംവാഖ് വനിതാ വേദി കവിതാ രചന വിജയികളെ പ്രഖ്യാപിച്ചു   *    ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ വിതരണം ചെയ്തു.   *    ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം   *    ഖത്തര്‍ -യുഎസ് ഉഭയകക്ഷി സാധ്യതകള്‍ ദോഹ ബാങ്ക് സെമിനാര്‍ സംഘടിപ്പിച്ചു.   *    ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മ 'നടുമുറ്റം'   *    ഗീത വിജയകുമാര്‍ അന്തരിച്ചു   *    ദോഹ മദ്‌റസ പഠനസഹവാസം സംഘടിപ്പിച്ചു   *    കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം. ഐ.സി.സി പ്രസിഡന്റ്   *    അക്രമവും നാടുകടത്തലും ഫാഷിസ്റ്റ് ശൈലി: ഷാനവാസ് ഖാലിദ്   *    വേങ്ങര മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു   *    ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി   *    ലുലുവില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന്‍   *    എം എ ബേബിക്ക് സംസ്കൃതി സ്വീകരണം നൽകി   *    ഈദ് - ഓണം പരിപാടി സംഘടിപ്പിച്ചു   *   

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ലഹരി തകര്‍ക്കുന്ന ജീവിതങ്ങള്‍ - 1

img

അമാനുല്ല വടക്കാങ്ങര

ലോകം ഒരു പുതുവര്‍ഷം കൂടി വരവേറ്റു. വലുതും ചെറുതുമായ നിരവധി പരിപാടികളാണ് ഈ പുതുവര്‍ഷത്തിലും സംഘടിപ്പിക്കപ്പെടത്. മിക്ക പാര്‍ട്ടികളുടേയും ഏറ്റവും വലിയ സവിശേഷത മദ്യ കുപ്പികളാണ് എന്നത് സാംസ്‌കാരിക ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയോ ദുരന്തമോ ആണ്. പുതുവര്‍ഷത്തിന് നിറം പകരാന്‍ പ്രത്യേകമായ ലഹരി പദാര്‍ഥങ്ങളുമൊരുക്കി കാത്തിരിക്കുന്നവര്‍ , അന്യ സംസ്ഥാനങ്ങളില്‍ നിന്നും വീര്യം കൂടിയ മദ്യ നിര്‍മാണത്തിനായി സ്പിരിറ്റ് കടത്തുന്നവര്‍, മയക്കുമരുന്നുകള്‍ ശേഖരിക്കുന്നവര്‍ എല്ലാം നമ്മുടെ സാംസ്‌കാരിക മണ്ഡലത്തെ അലോസരത്തെപ്പെടുത്തുന്നവയാണ്. മദ്യമില്ലാതെ ആഘോഷമില്ല എന്നിടത്തോളം സമൂഹം അധപതിക്കുമ്പോള്‍ ജീവിത വ്യവഹാരങ്ങളിലും ബന്ധങ്ങളിലും വിളളലുകള്‍ മാത്രമല്ല പൊട്ടലുകളും ചീറ്റലുകളുമെല്ലാം സ്വാഭാവിക പരിണിതിയാകാം. ജീവിത ലക്ഷ്യവും മാര്‍ഗവും നിര്‍ണയിക്കുന്നിടത്ത് സംഭവിക്കുന്ന വീഴ്ചകളും സാഹചര്യങ്ങളുടെ സമ്മര്‍ദ്ധങ്ങളും ആധുനിക ലോകത്ത് സൃഷ്ടിക്കുന്ന മാനസികവും സാമൂഹികവുമായ പ്രതിസന്ധിയുടെ ആഴം വളരെ വലുതാണെന്നാണ് ഇവ്വിഷയകമായ ഏതൊരന്വേഷണവും നമ്മോട് പറയുന്നത്. 

മുമ്പൊക്കെ മദ്യലഹരിയില്‍ അഭയം തേടിയിരുന്നത് പ്രായം ചെന്നവരോ , വിദ്യാഭ്യാസ പരമായി പിന്നോക്കം നില്‍ക്കുന്നരോ ഒക്കെയായിരുന്നു. കള്ളുകുടിയനെക്കുറിച്ച സങ്കല്‍പം തന്നെ അത്തരത്തിലുള്ള മോഷപ്പെട്ട ഒന്നായിരുന്നു. എന്നാല്‍ ഇന്ന് കൗമാര ക്കാരും കോളേജ് വിദ്യാര്‍ഥികളും അഭ്യസ്ത വിദ്യരുമടക്കം വലിയൊരു വിഭാഗം ജനങ്ങളും സുരപാനത്തിന്റെ ലഹരിയില്‍ കൂത്താടുന്നവരാണ്. മാത്രവുമല്ല പുരുഷന്‍മാരെ പോലെ തന്നെ സ്ത്രീകളും പെണ്‍ കുട്ടികളുമൊക്കെ ലഹരി ഉപഭോഗത്തിന്റെ വ്യത്യസ്ഥ തലങ്ങളില്‍ വിരാചിക്കുന്നുവെന്നത് വലിയ സാമൂഹ്യ സാംസ്‌കാരിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. 

പേരിനും പ്രശസ്തിക്കും ചാനല്‍ റേറ്റിംഗിനുമൊക്കെ വേണ്ടി കുടിയല്ല ജീവിതം, കുടിയിലമരുന്ന കേരളം തുടങ്ങിയ പ്രമേയങ്ങളുമായി രംഗത്തുവന്ന വാര്‍ത്താമാധ്യമങ്ങളൊക്കെ മദ്യ വിപത്തിനെ ആശയപരമായി നേരിടുന്നതിനുപകരം ഉപരിപഌവമായ കേവലം ചടങ്ങുകള്‍ തീര്‍ക്കുകയാണ് ചെയ്യുന്നത്. അല്ലെങ്കിലും പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന് പറയുമ്പോള്‍ തങ്ങളുടെ കരങ്ങള്‍ ശുദ്ധമാണെന്ന് പറയുവാന്‍ എത്ര മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമാകുമെന്നതും സുപ്രധാനമായ ചോദ്യമാണ്. 

മദ്യം മനുഷ്യന്റെ ശത്രുവാണ്. അത് കുറഞ്ഞ അളവിലും കൂടിയ അളവിലും മനുഷ്യന് നഷ്ടം മാത്രമേ സമ്മാനിക്കുകയുള്ളൂ. മദ്യം തകര്‍ത്തെറിഞ്ഞ കുടുംബങ്ങളുടെ ദുരന്ത കഥകളും വ്യക്തികളുടെ നാശത്തിന്റെ ബാക്കി പത്രവുമൊക്കെ സ്വദേശത്തും വിദേശത്തുമൊക്കെയായി നമ്മുടെയൊക്കെ മനസുകളില്‍ സജീവമാണ്. ഇനിയും ഈ വിപത്ത് തുടരാന്‍ അനുവദിക്കണമോ എന്നത് നിയമപരമായ നിയന്ത്രണങ്ങള്‍ക്കപ്പുറം മാനവിക സാഹോദര്യബോധത്തിന്റെ അടിസ്ഥാനത്തില്‍ മനസാക്ഷി മരവിച്ചിട്ടില്ലാത്ത മനസുകളുടെ തീരുമാനമാണ്. നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും ചെയ്യാന്‍ കഴിയുന്നതിലപ്പുറം സാമൂഹ്യ കൂട്ടായ്മക്കും ബോധവല്‍ക്കരണത്തിനും ചെയ്യാനാകുമെന്നത് അനുഭവ സാക്ഷ്യമാണ്. 

ഭൂമിയില്‍ മനുഷ്യജീവിതം പുഷ്ടിപ്പെടാന്‍ തുടങ്ങിയ നാള്‍ തൊട്ടേ അവന്‍ ജീവന്‍ നില നിര്‍ത്തുന്നതിനും സ്വരക്ഷയ്ക്കും സുഖഭോഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. കണ്ടും കേട്ടും സ്പര്‍ശിച്ചും രുചിച്ചും പുതുപുത്തന്‍ അനുഭൂതികളുടെ പാതയിലൂടെ മുന്നേറിയ മനുഷ്യന്‍ ക്രമേണ മായാദൃശ്യം പ്രദാനം ചെയ്യാന്‍ കഴിവുള്ള പല പാനീയങ്ങളും കണ്ടെത്തി. ഇങ്ങനെ അതി പ്രാചീന സംസ്‌കാരങ്ങളുടെ ഉറവിടങ്ങളായ ഗ്രീസിലും റോമിലും ഈജിപ്തിലും ചൈനയിലും പാക്കിസ്താനിലും ബംഗ്ലാദേശിലും ഇന്ത്യയിലും ഇറാനിലുമെല്ലാം ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചിരുന്നതായി സാംസ്‌കാരിക ചരിത്ര രേഖകളില്‍ കാണുന്നു. കാലം പുരോഗമിച്ചതോടെ വൈവിദ്ധ്യങ്ങളായ ലഹരി പദാര്‍ത്ഥങ്ങള്‍ ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ പ്രചാരത്തിലായി.

ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കപ്പെടുന്ന മനോഹരമായ കേരളം മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും പിടിയിലമരുന്നതിന്റെ ദുരന്ത വാര്‍ത്തകളാണ് നിത്യേനയെന്നോണം നാം കേള്‍ക്കുന്നത്. ധാര്‍മിക സദാചാര മൂല്യങ്ങളെ തകിടം മറിക്കുകയും കുടുംബ ബന്ധങ്ങള്‍ തകര്‍ക്കുകയും സര്‍വോപരി മനുഷ്യരെ തെറ്റിലേക്കും കുറ്റകൃത്യങ്ങളിലേക്കും തള്ളിവിടുകയും ചെയ്യുന്ന മദ്യവും മയക്കുമരുന്നുകളും മലയാളിയുടെ തീരാശാപമായി മാറുകയാണ്. സമൂഹത്തിലെ ഉന്നതരെന്ന് കരുതപ്പെടുന്നവര്‍പോലും മദ്യത്തോടും മയക്കുമരുന്നുകളോടും സ്വീകരിക്കുന്ന നിലപാട് ആശാവഹമല്ല. സമൂഹത്തിന്റെ എല്ലാ തട്ടുകളിലും മദ്യത്തിന്റേയും മയക്കുമരുന്നിന്റയേും സ്വീധീനം ക്രമാതീതമായി വര്‍ദ്ധിക്കുമ്പോള്‍ നിരവധി പ്രതിഭകളേയും കലാ സാംസ്‌കാകിരിക നായകരേയുമാണ് നമുക്ക് നഷ്ടപ്പെടുന്നത്. ലഹരിയുടെ കയങ്ങളില്‍ നിരവധി ജീവനുകള്‍ നിരന്തരം ഹോമിക്കപ്പെടുന്നു. ലഹരി തകര്‍ത്തെറിയുന്ന കലാ സാംസ്‌കാരിക പ്രതിഭകള്‍, നായകന്‍മാര്‍, കഴിവുറ്റ നിരവധി മനുഷ്യമക്കള്‍ എന്നിവയുടെ കണക്കെടുപ്പല്ല ഇവിടെ ഉദ്ദേശിക്കുന്നത്. കേരളത്തില്‍ മദ്യം തകര്‍ത്തെറിഞ്ഞ വിലപ്പെട്ട ജീവനുകള്‍ നിരവധിയാണ്. ഇതൊന്നും പക്ഷേ ഈ വിപത്തിന്റെ വ്യാപനം തടയുവാന്‍ പ്രേരകമാവുന്നില്ല എന്നതാണ് ഏറ്റവും വലിയ ദുരവസ്ഥ. ദുരന്തങ്ങളില്‍ നിന്നും പാഠമുള്‍കൊള്ളുവാനും അനാരോഗ്യകരമായ പ്രവണതകളെ നിരാകരിച്ച് ക്രിയാത്മകവും പ്രായോഗികവുമായ ഉത്തേജങ്ങള്‍ കണ്ടെത്തി സമൂഹത്തിന്റെ വളര്‍ച്ചാവികാസത്തില്‍ ഓരോരുത്തരുടേയും സജീവ പങ്കാളിത്തം ഉറപ്പുവരുത്തുവാന്‍ പരിശ്രമിക്കുകയെന്നതുമാത്രമാണ് നമുക്കഭികാമ്യം. 

മദ്യപാനം ഇന്ന് ആകര്‍ഷകവും സൗഹാര്‍ദ്ദപരവുമായ ഒരു സല്‍ക്കാര രീതിയായി മാറിയിരിക്കുന്നുവെന്നതാണ് ശരി. . മാറിവരുന്ന സര്‍ക്കാറുകളൊക്കെതന്നെ അബ്കാരി കോണ്‍ട്രാക്ടര്‍മാരെ പ്രീണിപ്പിക്കാനായി റവന്യൂ വരുമാനത്തിന്റെയും തൊഴിലാളികളുടെയുമൊക്കെ പ്രശ്‌നം പറഞ്ഞ് മദ്യസംസ്‌കാരം ഊട്ടിയുറപ്പിക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ബിവറേജസ് കോര്‍പറേഷന് മുന്നില്‍ കാണുന്ന ക്യൂവിന്റെ നീളം അനുദിനം വര്‍ദ്ധിക്കുന്നത് മദ്യ സംസ്‌കാരത്തിന്റെ വളര്‍ച്ചയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പോരാത്തതിന് ആരുമറിയാതെ , പൊതുജനം കാണെ വരി നില്‍ക്കാതെ മദ്യം വാങ്ങുന്നതിന് പ്രേേത്യകം സജ്ജമാക്കിയ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഒരുക്കിയും ലഹരി ഉപഭോഗത്തിന് സൗകര്യം ചെയ്തുകൊടുക്കുന്നുവെന്നാണ് കേള്‍ക്കുന്നത്. ഔദ്യോഗിക സ്വീകരണ പരിപാടിയില്‍ കേന്ദ്ര സംഘത്തിന് മദ്യസല്‍ക്കാരം നടത്തി എന്ന ആരോപണവും നിസ്സാരമായി കാണാനാവില്ല. 

ആരോഗ്യപരവും മനുഷ്യത്വപരവും സാമ്പത്തികവുമായ അനേകം പ്രശ്‌നങ്ങളാണ് മദ്യപാനവും ലഹരി ഉപഭോഗവും കാരണം ഉണ്ടാകുന്നത്. എന്നിട്ടും പലര്‍ക്കും ഇന്ന് മദ്യം സൗഹൃദമാണ്, ആനന്ദമാണ്, വിനോദമാണ്, ടോണിക്കാണ്, യുവത്വമാണ്, പൗരുഷമാണ്, ആഘോഷമാണ്. പ്രേമസ്വരൂപമാണ്, ഇടപാടുകാര്‍ക്ക് പറ്റിയ തിരശ്ശീലയാണ്, പൊട്ടിച്ചിരിയാണ്, ആഢ്യത്വമാണ്, എന്തിന്, പരിശുദ്ധവും അഭികാമ്യവുമാണ്. അതുകൊണ്ടുതന്നെ അച്ഛനും മകനും ഒരുമിച്ചിരുന്ന് മദ്യപിച്ച് മതിമറന്നാടുന്ന ദുരവസ്ഥയ്ക്ക് നാം സാക്ഷ്യം വഹിക്കേണ്ടി വരുന്നു. സന്തോഷവും ദുഖവും വിജയവും പരാജവുമൊക്കെ ആഘോഷിക്കുന്നത് ലഹരിയുടെ പശ്ചാത്തലത്തിലാകുമ്പോള്‍ ധാര്‍മിക സദാചാര മൂല്യങ്ങളൊക്കെ അന്യം നില്‍ക്കുകയും മൃഗീയമായ സാംസ്‌കാരിക ശൂന്യതയിലേക്ക് കൂപ്പുകുത്തുകയും ചെയ്യുന്നു. ഔപചാരിക സ്വീകരണങ്ങളില്‍ പോലും ലഹരിപദാര്‍ത്ഥങ്ങള്‍ വിളമ്പുന്നേടത്തോളം കാര്യങ്ങള്‍ എത്തുന്നുവെന്നത് അത്യന്തം ഗുരുതരമായ ഒരു സ്ഥിതി വിശേഷമാണ്. 

മദ്യപാനത്തോടുള്ള സമീപനമാണ് മാറേണ്ടത്. മദ്യാപാനം അന്തസിന് നിരക്കാത്ത തരം താഴ്ന്ന ഒരു സ്വഭാവമായി കണക്കാക്കുകയും സമൂഹത്തിലെ ഉന്നതരും സ്വാധീനമുള്ളവരുമെല്ലാം ഈ തി•ക്കെതിരെ അണി നിരക്കുകയും ചെയ്യുകയാണെങ്കില്‍ പ്രബുദ്ധ കേരളത്തില്‍ മദ്യാപാനാസക്തി അനിയന്ത്രിതമായി വളരുകയില്ല എന്ന കാര്യത്തില്‍ സംശയമില്ല. 

കേരളത്തില്‍ റോഡപകടങ്ങളാല്‍ മരിക്കുന്ന മിക്ക കേസുകളിലും ലഹരിയുടെ സ്വാധീനം കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. കുറ്റവാസനകള്‍ പെരുകുന്നതിലും ലൈംഗിക അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതിലും കുടുംബ ബന്ധങ്ങള്‍ തകരുന്നതിലുമൊക്കെ മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും പങ്ക് ചെറുതല്ല. 

ആധുനിക വൈദ്യശാസ്ത്രവും മനഃശാസ്ത്രവും ലഹരി ഉപഭോഗത്തിന് കാരണമായി പറയുന്നത് ദുരിതപൂര്‍ണ്ണമായ ജീവിതവും മാനസിക സംഘര്‍ഷങ്ങളും സുരക്ഷിത ബോധമില്ലായ്മയും തകര്‍ന്ന ദാമ്പത്യവും മാനസിക വൈകല്യങ്ങളുമൊക്കെയാണ്. എന്നാല്‍ ശരീര ശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനം നേടിയ ഫ്രഞ്ച് ശാസ്ത്രജ്ഞനായ ഡോ. ചാള്‍സ് റിഷേ പറയുന്നത് നോക്കുക: ''മദ്യം ഇന്ദ്രിയങ്ങളെ തളര്‍ത്തുന്നു. മനുഷ്യനെ ചുവടു പിഴപ്പിച്ച് വീഴ്ത്തുന്നു; ഛര്‍ദ്ദിപ്പിക്കുന്നു; നമ്മുടെ സാധു മനസ്സുകളില്‍ മുനിഞ്ഞു പ്രകാശിക്കുന്ന ബുദ്ധിയുടെ ദുര്‍ബലമായ നാളത്തെ അത് കെടുത്തിക്കളയുന്നു. ഏറ്റവും ശക്തനായ മനുഷ്യനെപ്പോലും അത് കീഴടക്കുന്നു. അവനെ ചുവന്ന മുഖവും ചോരക്കണ്ണുകളുമുള്ള ദുഷ്ടനാക്കി മാറ്റുന്നു. മദ്യത്തിനടിമപ്പെട്ട് മനുഷ്യന്‍ ആളുകളെ ശത്രുക്കളായി സങ്കല്‍പിച്ച് ശകാരിക്കുന്നു. ചുറ്റുപാടുകള്‍ക്കെതിരെ അട്ടഹസിക്കുന്നു. പന്നിയുടെയും കുറുക്കന്റെയോ കഴുതയുടെയോ വര്‍ഗ്ഗത്തില്‍ എന്തിന് ഒരു നികൃഷ്ട ജന്തുവിന്റെ വര്‍ഗ്ഗത്തിലും ഇത്തരം വൈകൃതം കാണുക സാദ്ധ്യമല്ല. സൃഷ്ടികളുടെ കൂട്ടത്തില്‍ ഏറ്റവും ഭീബല്‍സന്‍ മദ്യപാനിയത്രെ. തന്റെ വര്‍ഗ്ഗത്തില്‍ പിറന്നുപോയതിലുള്ള അപമാനഭാരത്താല്‍ മനുഷ്യന്റെ തല കുനിപ്പിക്കുന്ന അധമനില്‍ അധമനാണവന്‍.''

മദ്യസംസ്‌കാരത്തിന് മനുഷ്യനാഗരികതയുടെ പ്രഭാതത്തോളം പഴക്കമുണ്ടെന്നാണ് നരവംശ ശാസ്്രകജ്ഞരും ചരിത്രകാര•ാരും പറയുന്നത്. ലോകാരോഗ്യ സംഘടനയുടെ അവലംബയോഗ്യമായ ഒരു കണക്കനുസരിച്ച് ലോക ജനസംഖ്യയുടെ പകുതിയിലധികം പേരും മദ്യാസക്തരാണത്രെ! ലോകത്തു വന്ന മതങ്ങളും പ്രത്യയശാസ്ത്രങ്ങളുമെല്ലാം ശക്തമായി വിലക്കിയ മദ്യവിപത്ത് ഇന്ന് കൂടുതല്‍ ശക്തിയോടെ മാനവരാശിയെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്നുവെന്നത് വിരോധാഭാസമായിരിക്കുന്നു.

പരിഷ്‌കാരത്തിന്റെ പേരില്‍, നൈമിഷികാസക്തികളുടെ പ്രലോഭനത്തില്‍ ജീവിത സങ്കീര്‍ണ്ണതകളില്‍ നിന്നു ഒളിച്ചോടാനുള്ള വ്യഗ്രതയാണ് ദുര്‍ബല മനസ്സുകളെ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും നീരാളിപ്പിടുത്തത്തിലകപ്പെടുത്തുന്നത്. മദ്യ-മയക്കുമരുന്നുകളുടെ ഉപഭോഗം വ്യാപകമായത് രണ്ടാം ലോകമഹായുദ്ധത്തോടെയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അതിന്റെ ബാധ അതിശക്തമായിത്തീര്‍ന്നിരിക്കുന്നു. ആധുനിക ചിതിത്സാശാസ്ത്രത്തിന്റെ വാണിജ്യതന്ത്രം ഒട്ടേറെ മാനസികപ്രശ്‌നങ്ങള്‍ക്കിടയാക്കുന്നു. ഒരിക്കല്‍ ഉപയോഗിച്ചുകഴിഞ്ഞാല്‍ പിന്നെ അതില്ലാതെ വയ്യെന്നാകും. അങ്ങനെ കുറേ കഴിയുമ്പോള്‍ അതിനെക്കാള്‍ വീര്യം കൂടിയ സാധനം കിട്ടിയേ മതിയാകൂ എന്ന അവസ്ഥ വരും.

നിമിഷങ്ങളുടെ ലഹരിക്കുവേണ്ടി തുടങ്ങുന്ന മദ്യപാനം ക്രമേണ ലഹരിയുടെ നീര്‍ച്ചുഴിയില്‍ കൊണ്ടെത്തിക്കുന്നു. മദ്യാപനം തുടങ്ങുന്ന ഇരുപത്തഞ്ചില്‍ ഒരാള്‍ എന്ന നിലയില്‍ മദ്യാസക്തിക്ക് അടിമയാകുന്നുണ്ടെന്നാണ് കണക്ക്. മദ്യപാനത്തിന്റെ ആപല്‍ക്കരമായ വളര്‍ച്ചയുടെ പ്രവണത കഴിഞ്ഞ ദശകത്തിന്റെ തുടക്കത്തിലേ ദൃശ്യമായിരുന്നു. മദ്യനിര്‍മ്മാണത്തിനായി ഓരോ വര്‍ഷവും കേരളത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം നേരിടുവാന്‍ കോടിക്കണക്കിന് രൂപയുടെ സ്പിരിറ്റ് അയല്‍ സംസ്ഥാനങ്ങളില്‍നിന്നും ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുകയാണ്. കള്ള വാറ്റും കള്ളക്കടത്തും വേറെയും നിര്‍ബാധം തുടരുന്നുണ്ടെന്ന്് ഏവര്‍ക്കുമറിയാം. 

മനുഷ്യന് ശാരീരിക മാനസിക തകരാറുകളുണ്ടാക്കുന്ന ഒരുതരം വിഷമാണ് മദ്യം. പ്രാഥമികമായും നാഡീവ്യവസ്ഥയെയാണ് മദ്യപാനം ബാധിക്കുന്നതെങ്കിലും കരള്‍, ഹൃദയം, വൃക്ക, ശ്വാസകോശങ്ങള്‍ മുതലായവയുടെ സുസ്ഥിരതയെയും ഇതു സാരമായി ബാധിക്കും. മസ്തിഷ്‌കത്തിന്റെ ഏറ്റവും ഉന്നതമായ കഴിവുകളെ തകരാറാക്കുകയാണ് തലച്ചോറില്‍ മദ്യത്തിന്റെ പ്രഥമ പ്രവര്‍ത്തനം. തുടര്‍ന്ന് മദ്യം സെറിബെല്ലത്തെ ബാധിക്കുന്നു. ഇതോടെ പേശീ സമീകരണവും നിയന്ത്രണങ്ങളും താളം തെറ്റുന്നു. ലഹരിബാധ തുടര്‍ന്നു പോവുകയാണെങ്കില്‍ അത് അടിസ്ഥാനപരമായ ശാരീരിക വ്യവസ്ഥയെ തന്നെ ബാധിക്കുകയും ശ്വസനം, ദഹനം, വിസര്‍ജ്ജനം തുടങ്ങിയ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

മദ്യത്തിന്റെ മറ്റൊരു പ്രവര്‍ത്തനം കാഴ്ച നല്‍കുന്ന ഞരമ്പ് കേടുവരുത്തുകയെന്നതാണ്. മാംസപേശികളുടെ ബലക്ഷയവും സാധാരണഗതിയില്‍ മദ്യപ•ാരുടെ പ്രത്യേകതയായിരിക്കും. മദ്യത്തിന്റെ വിഷ സ്വഭാവം മാംസകോശങ്ങളെ ബാധിക്കുന്നതുമൂലമാണ് പേശീരോഗമുണ്ടാകുന്നതെങ്കിലും ഇതിന്റെ രീതിയെക്കുറിച്ച് വൈദ്യശാസ്ത്രത്തിനു പോലും വേണ്ടത്ര ധാരണയില്ല. മദ്യപാനം നാടികളെയും മാംസപേശികളെയും മന്ദീഭവിപ്പിക്കുന്നതിനാല്‍ ശാരീരികമായ അനേകം പ്രശ്‌നങ്ങളുണ്ടാകും. ഇത് പരിഹരിക്കുവാന്‍ ശാസ്ത്രീയവും മാനസികവുമായ സമീപനമാണാവശ്യം. ലഹരിവിപത്ത് വ്യാപകമായതോടെ മദ്യദുരന്തങ്ങളും സാര്‍വ്വത്രികമായിരിക്കുകയാണ്. ഇത്തരം ദുരന്തങ്ങളില്‍ മരിക്കുന്നവര്‍ക്ക് പുറമെ അനേകായിരം മനുഷ്യജീവികള്‍ ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരിക്കുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം പലരും ഓര്‍ക്കുന്നില്ല.

വര്‍ഷം തോറും ആവര്‍ത്തിക്കപ്പെടുന്ന മദ്യദുരന്തങ്ങളൊന്നുംതന്നെ ബന്ധപ്പെട്ടവരുടെ കണ്ണു തുറപ്പിക്കുന്നില്ല എന്നതാണ് സ്ഥിതി. മയക്കുമരുന്നുകളുടെ സ്ഥിതി ഇതിലും പരിതാപകരമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തില്‍ മയക്കുമരുന്നിന്റെ ഉപഭോഗം ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. കലാശാലാ കാമ്പസുകളിലൊക്കെ മാഫിയ റാക്കറ്റുകള്‍ സ്ഥാപിച്ചിരിക്കുന്ന മയക്കുമരുന്നു കള്ളക്കടത്ത് പുതുപുത്തന്‍ മേഖലകള്‍ കണ്ടെത്തുകയും സമൂഹത്തിന്റെ മേല്‍ പിടിമുറുക്കുകയും ചെയ്യുന്നു. എന്തിനേറെ നമ്മുടെ ഗ്രാമങ്ങളിലെ സ്‌ക്കൂള്‍ പരിസരങ്ങള്‍വരെ വിവിധ തരത്തിലുള്ള മയക്കുമരുന്നു വില്‍പനക്കാരുടെ പിടിയിലാണെന്ന ഞെട്ടിക്കുന്ന വാര്‍ത്തകളാണ് നിത്യേനയെന്നോണം പുറത്തുവരുന്നത്. 

കേരളത്തില്‍ ലഹരി കൃഷിയും ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലഹരി കൃഷിക്കാര്‍ക്ക് ഇത് വിളവെടുപ്പുകാലമാണ്. കഞ്ചാവു പാടങ്ങള്‍ വിളഞ്ഞിരിക്കുന്നു. കരിക്കുറിഞ്ഞിക്കാടു പോലെ കാറ്റിലാടി നില്‍ക്കുന്ന കഞ്ചാവു തോട്ടമാകെ ചെമ്പുനിറം വീണ ചെടികള്‍, അവിടവിടെ തോട്ടമാകെ ചെമ്പിച്ചു വരുന്നതും കാത്തിരിക്കാന്‍ നേരമില്ല. വിളഞ്ഞത് വിളഞ്ഞത് വെട്ടിമാറ്റുന്ന തിരക്കിലാണ് ലഹരി കൃഷിക്കാര്‍.

ഇടുക്കി ജില്ലയിലെ വനങ്ങളില്‍ മരം വെട്ടി നശിപ്പിച്ച് വ്യാപകമായി നടക്കുന്ന കഞ്ചാവു കൃഷിക്ക് വിരാമമില്ല. ദേവീകുളം താലൂക്കില്‍ കൊട്ടകമ്പൂര്‍ വില്ലേജില്‍പ്പെട്ട കമ്പക്കല്ല്, കടവരി, ക്ലാവര, മലസപ്പെട്ടി എന്നിവിടങ്ങളിലും അടിമാലിക്കടുത്ത് ആനക്കൂട്ടം, മാങ്കുളം എന്നിവിടങ്ങളിലും അധികൃതരുടെ ശ്രദ്ധയില്‍പെടാതെ വിളവെടുപ്പിന് പാകമായ കഞ്ചാവു തോട്ടങ്ങള്‍ ധാരാളമുള്ളതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

ഉടുമ്പന്‍ചോല താലൂക്കില്‍ ശാന്തന്‍പാറക്കടുത്ത് മതികെട്ടാന്‍ മലകളിലും സൂര്യനെല്ലി പ്രദേശത്തും തേവാരം മൊട്ട് മുതല്‍ കോട്ടമല വരെയുള്ള തമിഴ്‌നാട്ടിലേക്കുള്ള മലഞ്ചെരുവിലും പല വളര്‍ച്ചയിലുള്ള കഞ്ചാവു തോട്ടങ്ങളുണ്ടത്രെ. പീരുമേട് താലൂക്കില്‍ തേക്കടി വന്യമൃഗസംരക്ഷണ കേന്ദ്രത്തിലാണ് വന്‍തോതില്‍ കഞ്ചാവുകൃഷി ഉള്ളത്. മഥുര, രാമനാട്, തിരുനല്‍വേലി ജില്ലകളുടെ അതിര്‍ത്തിയിലായി നീണ്ടുകിടക്കുന്ന വനമേഖലയാകെ കഞ്ചാവു കൃഷിക്കാരുടെ നിയന്ത്രണത്തിലാണെന്ന് പറയപ്പെടുന്നു. ചുരുളിമല, പച്ചക്കിമാച്ചിമല, വെള്ളിമല, ഉടമല, തോട്ടിമല, മേടകാരം മല എന്നീ പ്രദേശങ്ങളിലാണ് വിളവിന് പാകമായ വന്‍ കഞ്ചാവു തോട്ടങ്ങളുള്ളത്.

കേരളത്തിലെയും തമിഴ്‌നാട്ടിലെയും കഞ്ചാവ് ലോകത്ത് വളരെ അറിയപ്പെടുന്ന ഒരു പ്രദേശമാണ് മഞ്ചപ്പെട്ടി താഴ്‌വാരം. പത്തേക്കര്‍ വരെ വരുന്ന അനേകം കഞ്ചാവു തോട്ടങ്ങള്‍ ഈ താഴ്‌വരയില്‍ കാണാം. വളര്‍ന്നു മുറ്റിയ ചെടയുള്ള പന്നിച്ചെടയനും, അടിമുടി നീലച്ചായ പടര്‍ന്ന നീലച്ചെടയനും, പുഞ്ചിടയനും സമൃദ്ധമായി വിളഞ്ഞുകിടക്കുന്നതിവിടെയാണ്.
ലഹരി സാമ്രാജ്യം ഇന്ത്യയൊട്ടാകെ പിടിമുറുക്കിയിരിക്കുകയാണ്. മദ്ധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ പോപ്പി പ്രധാനമായും കൃഷി ചെയ്യുമ്പോള്‍ കഞ്ചാവു തോട്ടങ്ങള്‍ വ്യാപകമായി പൂവണിയുന്നത് ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ബിഹാര്‍, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മിസോറാം, നാഗലാന്റ്, ആസ്സാം, മേഘാലയ, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലാണ്.

വിവിധ ലഹരി പദാര്‍ത്ഥങ്ങളുടെ നൈമിഷിക സുഖമറിഞ്ഞാല്‍ പിന്നെ എന്തു വിലകൊടുത്തും അതു വാങ്ങി ഉപയോഗിക്കണമെന്ന മോഹം മനസ്സിലുദിക്കുന്നു. നിശ്ചിത സമയത്ത് ലഹരി പദാര്‍ത്ഥം കിട്ടാതെ വരുമ്പോള്‍ അനിയന്ത്രിതമായ അസ്വസ്ഥതയാണ് അനുഭവപ്പെടുക. അതോടെ ലഹരി പദാര്‍ത്ഥം കിട്ടാവുന്ന വഴികളിലൂടെ ജീവിതത്തിന്റെ ദുഃഖപൂര്‍ണ്ണമായ മേച്ചില്‍പുറങ്ങളിലാണ് അത്തരക്കാര്‍ എത്തിപ്പെടുന്നത്. ( തുടരും)

Releated Stories