logo

Latest News യൂത്ത് ഫോറം ഇന്റര്‍ സ്‌കൂള്‍ കോമ്പറ്റീഷന്‍സ്: എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍   *    എ.പി അസ്‌ലം അവാര്‍ഡ്‌സ് - 2017 നോമിനേഷനുകള്‍ ക്ഷണിക്കുന്നു   *    പ്രതിഭകളെ യൂത്ത്‌ഫോറം ആദരിച്ചു.   *    വണ്‍ ഇന്ത്യ അസോസിയേഷന്‍ പ്രവാസി ക്ഷേമ പദ്ധതി സെമിനാര്‍ സംഘടിപ്പിച്ചു.   *    കഴിഞ്ഞ വര്‍ഷം ഖത്തറില്‍ പുകവലി നിര്‍ത്തിയത് 30% പേര്‍   *    ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് രണ്ടാം സ്ഥാനം   *    എസ്‌.ഐ.ഒ സ്ഥാപക ദിനം: ദഅവത്ത് നഗർ ഏരിയ ആചരിച്ചു   *    മംവാഖ് വനിതാ വേദി കവിതാ രചന വിജയികളെ പ്രഖ്യാപിച്ചു   *    ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ വിതരണം ചെയ്തു.   *    ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം   *    ഖത്തര്‍ -യുഎസ് ഉഭയകക്ഷി സാധ്യതകള്‍ ദോഹ ബാങ്ക് സെമിനാര്‍ സംഘടിപ്പിച്ചു.   *    ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മ 'നടുമുറ്റം'   *    ഗീത വിജയകുമാര്‍ അന്തരിച്ചു   *    ദോഹ മദ്‌റസ പഠനസഹവാസം സംഘടിപ്പിച്ചു   *    കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം. ഐ.സി.സി പ്രസിഡന്റ്   *    അക്രമവും നാടുകടത്തലും ഫാഷിസ്റ്റ് ശൈലി: ഷാനവാസ് ഖാലിദ്   *    വേങ്ങര മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു   *    ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി   *    ലുലുവില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന്‍   *    എം എ ബേബിക്ക് സംസ്കൃതി സ്വീകരണം നൽകി   *    ഈദ് - ഓണം പരിപാടി സംഘടിപ്പിച്ചു   *   

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

സ്വര്‍ഗ്ഗം പൂക്കുന്ന കുടുംബം

img

അമാനുല്ല വടക്കാങ്ങര

ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥാപനമാണ് കുടുംബം. രമില്ലാത്ത ചിരപുരാതന സംവിധാനം. സംസ്‌കാരത്തിന്റേയും നാഗരികതയുടെയും പ്രതീകം. സ്‌നേഹവും സാഹോദര്യവും കരുണയും നിറഞ്ഞൊഴുകുന്ന കേന്ദ്രം. ഓരോ മനുഷ്യന്റേയും ഭൂമിയിലെ വിലാസം. അല്ല മനുഷ്യ നാഗരിഗതയുടെ തന്നെ മൂല ശില.

ഭൗതികതയും ആഗോളവല്‍ക്കരണവും ഉദാരവല്‍ക്കരണവുമൊക്കെ കൂടുംബമെന്ന ഏകകത്തെയും നശിപ്പിക്കുകയോ ദുര്‍ബലമാക്കുകയോ ചെയ്യുന്നുവെന്നാണ് സമകാലിക വൃത്താന്തങ്ങള്‍ നല്‍കുന്ന സൂചന. കുടുംബത്തിലെ സ്‌നേഹവും ആര്‍ദ്രതയും ദുര്‍ബലമാവുകയും പലപ്പോഴും അനാശാസ്യ പ്രവണതകള്‍ തലപൊക്കുകയും ചെയ്യുന്നുവെന്നത് അത്യന്തം വേദനാജനകമാണ്. നമുക്ക് എവിടെയാണ് പിഴച്ചത്. എന്താണ് ഈ പ്രതിസന്ധിയുടെ പ്രതിവിധി തുടങ്ങിയ ആലോചനകള്‍ ഏറെ പ്രസക്തം. 

മനുഷ്യനെ കുടുംബവുമായി ബന്ധിപ്പിച്ച് പരിചയപ്പെടുത്തിയതും കുടുംബബന്ധങ്ങളെ അങ്ങേയറ്റം ആദരിക്കണമെന്ന് നിര്‍ദേശിച്ചതും പരമകാരുണികനായ സ്രഷ്ടാവ് തന്നെയാണ്. വ്യക്തിയുടേയും സമൂഹത്തിന്റേയും സംരക്ഷണവും പുരോഗതിയും ഉദ്ദേശിച്ചാണ് ഇത്തരമൊരു സംവിധാനം സ്രഷ്ടാവ് ഏര്‍പ്പെടുത്തിയത്. അവന്റെ ദൃഷ്ടാന്തങ്ങളില്‍പെട്ടതായാണ് ഇണകളെ സൃഷ്ടിച്ചതും സ്‌നേഹവും കരുണയും ആവോളം നല്‍കി ഒന്നിപ്പിച്ചതുമൊക്കെ വേദ ഗ്രന്ഥം പരിചയപ്പെടുത്തുന്നത്. മാനവ സംസ്‌കാരത്തിന്‍രെ അടിസ്ഥാന ശിലയായ കുടുംബം കൂടുതല്‍ ഭദ്രവും ശക്തവുമാക്കണമെന്നാണ് ലോകത്ത് വന്ന എല്ലാ പ്രവാചകരും ഉദ്‌ബോധിപ്പിച്ചത് എന്നതും പ്രത്യേകം ശ്രദ്ധേയമാണ്. 

മതപരവും സാംസ്‌കാരികവുമായ പാരമ്പര്യങ്ങളുടെ പിമ്പലത്തില്‍ കേരളീയ കുടുംബ സംവിധാനം താരതമ്യേന ശക്തമായിരുന്നു. പട്ടിണിയും പരിവട്ടവുമുണ്ടായിരുന്നപ്പോഴും സ്‌നേഹ ബഹുമാനങ്ങളാല്‍ ഭദ്രമായ കുടുംബ സംവിധാനങ്ങള്‍ എല്ലാ പരിമിതികളേയും മറികടക്കുമായിരുന്നു.. എന്നാല്‍ ഇന്ന് സാമ്പത്തികമായി നാം ഏറെ മുന്നിലാണ്. പട്ടിണിയോ പ്രാരാബ്ദങ്ങളോ മിക്ക കുടുംബങ്ങളിലുമില്ല. പക്ഷേ മുമ്പുണ്ടായിരുന്ന ആര്‍ദ്രതയും സ്‌നേഹത്തിന്റെ അന്തരീക്ഷവും ക്രമേണ നഷ്ടപ്പെടുന്നതായി തോന്നുന്നു. വീടുകളില്‍ പഴയ പാട്ടും കഥകളും സ്‌നേഹത്തിന്റെ ആര്‍പ്പുവിളികളുമില്ല. പകരം മൂകതയാണ്. വന്യമായ ഏകാന്തതയാണ്. ദൃശ്യ ശ്രവ്യ മാധ്യമങ്ങളും നൂതന സാങ്കേതിക വിദ്യയുടെ ആശയ വിനിമയ സംവിധാനങ്ങളുമൊക്കെ വ്യക്തികളെ സ്വന്തത്തിലേക്ക് ചുരുക്കിയിരിക്കുന്നു. ഫേസ് ബുക്കും വാട്‌സ് അപ്പും മൊബൈല്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങളുമൊക്കെ കുടുംബ ബന്ധത്തിന്റെ തെളിമയാര്‍ന്ന അന്തരീക്ഷത്തെ മലീമസമാക്കുകയോ നിര്‍ജീവമാക്കുകയോ ചെയ്തു വെന്നുവേണം കരുതാന്‍. ഫലമോ മാതാ പിതാക്കളും മക്കളും തമ്മിലുള്ള ബന്ധം മാത്രമല്ല ഭാര്യാ ഭര്‍ത്താക്കന്മാരും സഹോദരി സഹോദരന്മാരും മക്കള്‍ തമ്മല്‍പോലുമുള്ള ബന്ധം ദുര്‍ബലമാവുകയും കുടുംബാന്തരീക്ഷത്തിന്റെ സൗന്ദര്യം നഷ്ടപ്പെടുകയും ചെയ്യുന്നു. നാം എന്തൊക്കെ പറഞ്ഞാലും ആര്‍ക്കും നിഷേധിക്കാനാവാത്ത യാഥാര്‍ഥ്യങ്ങളാണ് ഇതൊക്കെ. ഉണ്ട്, നമ്മുടെ വീടുകള്‍ നിശബ്ദമായിട്ടുണ്ട്. അവിടെ ഇപ്പോള്‍ കഥ പറയുന്ന മുത്തശ്ശിമാരില്ല, പാട്ടുപാടുന്ന കുഞ്ഞുങ്ങളില്ല ; സ്‌നേഹിക്കുന്ന സഹോദരങ്ങളില്ല, പണയിക്കുന്ന ദമ്പതിമാരില്ല, ലഹിക്കുന്ന ശരീരങ്ങള്‍ മാത്രം.

വീട് ഒരു കെട്ടിടമല്ല ; വിലപിടിപ്പുള്ള ഫര്‍ണിച്ചറുകളുമല്ല; കമനീയമായ ചുറ്റുമതിലല്ല . പിന്നെയോ ? വീട് സമാധാനമാകുന്നു ; സന്തോഷമാകുന്നു ; സുരക്ഷിതമാകുന്നു ; സ്‌നേഹവും കാരുണ്യവുമാകുന്നു. ഈ വികാരങ്ങള്‍ തിരിച്ചു കൊണ്ടു വരുവാന്‍ സാധിക്കുമോ എന്നതാണ് നമ്മുടെ മുമ്പിലെ ഏറ്റവും പ്രസക്തമായ ചോദ്യം. 

കുടുംബത്തിനും വീടിനും ദൈവികമായ ഓരു ദര്‍ശനമുണ്ട് ; ആത്മീയതയുണ്ട്. പൈതൃകമുണ്ട്. ഇതൊക്കെ അംഗീകരിച്ചുകൊണ്ടും തിരിച്ചറിഞ്ഞുകൊണ്ടും മാത്രമേ കുടുംബത്തിന്റെ വശ്യ സുന്ദരമായ അന്തരീക്ഷം നിലനിര്‍ത്താനാവുകയുള്ളൂ . കേവലം ഭൗതിക വസ്തുവും സംവിധാനവുമായി വീടിനെ വിലയിരുത്തുമ്പോള്‍, വീട് വെറും കെട്ടിടമായി മാറും. ബന്ധങ്ങള്‍ നമുക്ക് ഭാരങ്ങളായി തോന്നാം . ഭാരങ്ങള്‍ ഇറക്കി വെച്ച് നാം സ്വന്തം ഉടലിലേക്ക് ചുരുണ്ടു കൂടിയേക്കാം. ഇതൊഴിവാക്കണമെങ്കില്‍ കുടുംബത്തിന്റേയും വീടിന്റേയും മൗലികമായ സത്ത തിരിച്ചറിയുവാനും അത് പുനസ്ഥാപിക്കുവാനുമുള്ള സോദ്ദേശ്യ പൂര്‍വമായ ശ്രമങ്ങളാണ് ആവശ്യം. 
ഓരോരുത്തര്‍ക്കും വ്യക്തമായ അവകാശങ്ങളെന്നപോലെ തന്നെ ഉത്തരവാദിത്തങ്ങളും ബാധ്യതകളുമുണ്ട്. കുടുംബാന്തരീക്ഷത്തിന്റെ മഹത്വം തിരിച്ചറിയേണ്ടതും നിലനിര്‍ത്തേണ്ടതും ഈ ഉത്തരവാദിത്തങ്ങളും അവകാശങ്ങളും അംഗീകരിച്ചും തിരിട്ടറിഞ്ഞുവാഴുക എന്നതാണ് ഏറ്റവും പ്രധാനം. പക്ഷേ ആര്‍ ആരെയാണ് നേരെയാക്കുക എന്ന അനിശ്ചിതത്വത്തിന്റെ മറവില്‍ എല്ലാവരും ഉറക്കം നടിക്കുകയാണോ 

നമ്മുടെ കുടുംബ സംവിധാനങ്ങളിലെ താളപ്പിഴക്കും ശൈഥില്യത്തിനും നാം ആരെയാണ് കുറ്റപ്പെടുത്തുക. ആരെയെങ്കിലും പഴി ചാരി രക്ഷപ്പെടാവുന്ന സാഹചര്യമല്ല ഇവിടെയുള്ളത് എന്ന് നാം ഓര്‍ക്കുക. പാശ്ചാത്യന്‍ ദര്‍ശനങ്ങളുടെ കുത്തിയൊഴുക്കില്‍ നാം തലമുറകളായി സൂക്ഷിക്കുക.ും പാവനമായി കൊണ്ടു നടക്കുകയും ചെയ്ത ധാര്‍മിക സനാതന മൂല്യങ്ങളെ അവഗണിച്ച് പരിഷ്‌ക്കാരത്തിന്റേയും ആധുനികതയുടേയും പേരില്‍ പടിഞ്ഞാറിന്റെ ദര്‍ശനങ്ങളും സാംസ്‌കാരിക ചിഹ്നങ്ങളും നാം സ്വന്തമാക്കിയപ്പോഴാണ് നമുക്ക് എല്ലാം നഷ്ടമായത്. 

നമ്മെ പറ്റിച്ചത് പടിഞ്ഞാറാണ് . പടിഞ്ഞാറ് ഒരു ദിക്കിന്റെ പേരല്ല ; ദര്‍ശനത്തിന്റെ പേരാണ് . ഭൗതികപ്രമത്തായ, മൂല്യരഹിതമായ, ഹൃദയശൂന്യമായ, ഒരു ആഢംബര ദര്‍ശനം. ധൂര്‍ത്തും ദുര്‍വ്യയവും , അക്രമവും ചൂഷണവും, സ്വാര്‍ത്ഥതയും അഹന്തയുമാണ് അതിന്റെ മുദ്രകള്‍. പടിഞ്ഞാറിന്റെ ഇരട്ട പുത്രന്മാരായ മുതലാളിത്തത്തിലും കമ്യൂണിസത്തിലും ഈ മുദ്രകള്‍ക്ക് മാറ്റമുണ്ടായില്ല. പടിഞ്ഞാറു നിന്ന് നമുക്ക് ഒന്നും പകര്‍ത്താനുണ്ടായിരുന്നില്ല , വിശേഷിച്ച് കുടുംബ കാര്യത്തില്‍. മുതലാളിത്തത്തിന്റെ കൊട്ടാരങ്ങളിലും കമ്മ്യൂണിസത്തിന്റെ കമ്യൂണുകളിലും കുടുംബം കുളംതോണ്ടി . പകുതിയിലധികം വിവാഹങ്ങള്‍ പാതിവഴിയെ ഉപേക്ഷിച്ച പടിഞ്ഞാറുനിന്ന്, മൂന്നിലൊന്നു കുട്ടികളുടെ അച്ഛന്‍ അജ്ജതനായ പടിഞ്ഞാറുനിന്ന്, ശൈശവം ഡേ കെയര്‍ സെന്ററുകളിലും വാര്‍ധക്യം വൃദ്ധസദനങ്ങളിലും പിടഞ്ഞു തീരുന്ന പടിഞ്ഞാറുനിന്ന് നമുക്കെന്ത് പകര്‍ത്താന്‍ ? പക്ഷെ, നാം പകര്‍ത്തി ; എല്ലാം പകര്‍ത്തി. അങ്ങനെ നമുക്ക് കുടുംബം നഷ്ടമായി ; വീട് നഷ്ടമായി; മക്കള്‍ നഷ്ടമായി. നാം തീര്‍ത്തും ഒറ്റപ്പെട്ടു. പടിഞ്ഞാറ് നമ്മെ പാപ്പരാക്കി .

മദ്യവും മയക്കു മരുന്നുകളും ചൂതാട്ടവും എന്തിനേറെ ലൈംഗിക രംഗത്തെ അരാചകത്വവും സമൂഹത്തെയാകമാനം ഗ്രസിക്കുകയും ബോധമുള്ളവരെന്ന് സമൂഹം കരുതുന്നവര്‍ പോലും അക്ഷന്തവ്യമായ അനാസ്ഥ കാണിക്കുകയും ചെയ്യുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുകയാണ്. നമ്മുടെ കലയും സാഹിത്യവും സിനിമകളുമൊക്കെ പലപ്പോഴും മദ്യ സംസ്‌കാരത്തിന്റേയും അധാര്‍മിക ജീവിത ചുറ്റുപാടുകളുചേയും പ്രചാരകരോ മധ്യവര്‍ക്തികളോ ആയി അധപതിക്കുന്നു, ലിവിംഗ് ടുഗര്‍ പോലെ അങ്ങേയറ്റം വൃത്തികെട്ട കുത്തഴിഞ്ഞ പാശ്ചാത്യന്‍ ജീവിത രീതികള്‍ പോലും നമുക്കിടയില്‍ വളര്‍ന്ന് വരുന്നത് നാം കാണാതിരുന്നു കൂട. 
ആഘോഷങ്ങളും വിശേഷാവസരങ്ങളും വരെ ലഹരിയുടെ കൂത്തരങ്ങുകളായി മാറുമ്പോള്‍ നമ്മുടെ ധാര്‍മിക നിലവാരം എവിടെയെത്തുന്നു എന്ന് നാം ഓര്‍ക്കുക. ലഹരിയുടെ കയങ്ങളില്‍ മുങ്ങുന്നവന് എവിടെ നിന്നാണ് മാതാവിനേയും പിതാവിനേയും മക്കളേയും കൂടെപ്പിറപ്പുകളേയുമൊക്കെ തിരിച്ചറിയുവാന്‍ കഴിയുന്നത്. 

എല്ലാം നമുക്ക് തിരിച്ചുപിടിക്കണം. അതിനു പക്ഷേ കുറുക്കു വഴികളില്ല; ഒറ്റ വഴിയേ ഉള്ളൂ. സ്രഷ്ടാവ് കാണിച്ചു തന്ന വഴി. എല്ലാ വഴികളും ഉപേക്ഷിച്ച് ഈ നേര്‍വഴിയിലേക്ക് ഇറങ്ങി വരിക. ഈ വഴിയനുസരിച്ച് കുടുംബത്തിന് ഒരു ദര്‍ശനമുണ്ട്. ആദ്യം ആദം. മറ്റെല്ലാവരും ആദമില്‍ നിന്ന്. ആണും പെണ്ണും കറുത്തവനും വെളുത്തവനും, പൗരസ്ത്യനും പാശ്ചാത്യനും എല്ലാവരും ആദമില്‍ നിന്ന്. ആദമോ മണ്ണില്‍ നിന്ന്. നരവംശം ശാസ്ത്രമനുസരിച്ച് എല്ലാവരും തുല്യരാണ്. ഏകോദര സഹോദരങ്ങളാണ്. ലോകം ഒരു കുടുംബമാണ്. 

ലോകമാകുന്ന ഈ വലിയ കുടുംബത്തിലെ ഏറ്റവും ചെറിയ യൂണിറ്റിനെയാണ് നാം സാധാരണയായി കുടുംബം എന്ന് വിളിച്ചു പോരുന്നത്. മാതാവും പിതാവും മക്കളും തൊട്ട് മീതെയും താഴെയുമുള്ള രക്തബന്ധുക്കളുമടങ്ങിയ കൂട്ടു കുടുംബ സംവിധാനം. അത് ദൈവികവും പരിശുദ്ദവും ചിരപുരാതനവുമാണ്. അതിന്റെ പരിശുദ്ധി പക്ഷേ കാലാന്തരത്തില്‍ നാം കളഞ്ഞു കുളിച്ചു. നമുക്ക് തിരിച്ചു പിടിക്കണം . 

ആദ്യം നമുക്ക് നമ്മുടെ മാതാവിനെ തിരിച്ചറിയണം.ശരീരം കൊണ്ട് അവരെ നാം തിരിച്ചറിഞ്ഞിട്ടുണ്ട്.; ആത്മാവ് കൊണ്ട് പക്ഷേ ഇല്ല. മാതാവ് ഒരു മഹാത്ഭുതമാണ്. സൃഷ്ടികളിലെ മാസ്റ്റര്‍പീസ് ! കാരുണ്യത്തിന്റെ, സ്‌നേഹത്തിന്റെ, സഹനത്തിന്റെ, ത്യാഗത്തിന്റെ ആള്‍രൂപം. ദൈവത്തിന്റെ മഹത്തായ ദൃഷ്ടാന്തം. മാതാവ് വിശ്വോത്തര കഥയാകുന്നു. അനശ്വര കാവ്യമാകുന്നു; ഇതിഹാസങ്ങളുടെ ഇതിഹാസമാകുന്നു.

പത്തുമാസം നമ്മെ സ്വന്തം വയറ്റില്‍ ചുമന്ന, ശൈശവത്തില്‍ നമ്മെ രാപ്പകല്‍ പരിപാലിച്ച, നമുക്ക് വേണ്ടി ചെറുതും വലുതുമായ എല്ലാ സുഖങ്ങളും ത്യജിച്ച, നമ്മുടെ വളര്‍ച്ചയില്‍ ആഹ്ലളാദിച്ച, തളര്‍ച്ചയില്‍ വേദനിച്ച, എത്രകാലം സേവിച്ചാലാണ് നമുക്ക് അവരോടുള്ള കടപ്പാട് തീരുക . ഇല്ല. അതൊരിക്കലും തീരില്ല. മാതാവിന്റെ മഹത്വം തിരിച്ചറിയുകയും കടപ്പാടുകള്‍ വിസ്മരിക്കാതിരിക്കുകയും ചെയ്യുന്ന ആരും എത്തുന്നത് മാതാവിനെ സ്‌നേഹ നിധിയാക്കിയ കാരുണ്യത്തിന്റെ വറ്റാത്ത ഉറവയാക്കിയ സ്രഷ്ടാവിലാണ്. ആ സ്രഷ്ടാവിന്റെ കല്‍പനകളും നിര്‍ദേശങ്ങളുമാണ് ഇഹപരവിജയത്തിനും മാനവ സംസ്‌കാരത്തിന്റെ നിലനില്‍പിനും ശക്തി പകരുന്നത്. 

കുടുംബത്തിന്റെ അടിസ്ഥാനം മാതാവും പിതാവും മക്കളുമെല്ലാം പരസ്പരം സ്‌നേഹ ബഹുമാനത്തോടും സഹകരണത്തോടും വര്‍ത്തിക്കുകയെന്നതാണ്. സ്വാര്‍ഥതക്കും അത്യാര്‍ത്തിക്കുമൊന്നും അവിടെ യാതൊരു സ്ഥാനവുമില്ല. പങ്കുവെക്കലിന്റേയും കൊള്ളക്കൊടുക്കകളുടേയും സുന്ദരമായ മാതൃകകളും പാഠങ്ങളുമാണ് കുടുംബാന്തരീക്ഷം സമ്മാനിക്കേണ്ടത്. ജോലി ചെയ്ത് വീട്ടിലേക്ക് കടന്നുവരുമ്പോള്‍ ആശ്വാസത്തിന്റേയും സ്‌നേഹത്തിന്റേയും പരിലാണനകള്‍ കുടുംബനാഥനെ ധന്യനാക്കുമ്പോള്‍ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും താങ്ങും തണലുമായി മാറുന്ന ഓരോ അംഗങ്ങളും കുടുംബമെന്ന സ്ഥാപനത്തിന്റെ ശക്തി കേന്ദ്രങ്ങളായി മാറും. മാതാവിനെയും പിതാവിനേയും സഹോദരി സഹോദരന്മാരേയും സ്‌നേഹം കൊണ്ട് പൊതിയുകയും ശാന്തിയും സമാധാനവും കുടുംബാന്തരീക്ഷത്തില്‍ മുഴങ്ങി നില്‍ക്കുകയും ചെയ്യുമ്പോള്‍ ഒരു തരത്തിലെ പൈശാചിക വൃത്തിക്കള്‍ക്കും അവിടെ സ്ഥാനം ലഭിക്കുകയില്ലെന്ന് പറയേണ്ടതില്ലല്ലോ. 

വിവാഹം കഴിക്കുന്നതോടെ ഈ കടപ്പാടുകളും ബാധ്യതകളും പലരും വിസ്മരിക്കുകയാണോ, അതോ മറ്റൊരു കുടുംബമായി സ്വന്തത്തിലേക്ക് ചുരുങ്ങുകയാണോ. ഇതൊരിക്കലും ആശാസ്യമല്ല. മാതാപിതാക്കളും സഹോദരങ്ങളുമെല്ലാം നമ്മുടെ അവിഭാജ്യ ഘടകമാണ്. ഓരോരുത്തരോടും നമുക്ക് സവിശേഷമായ ഉത്തരവാദിത്തങ്ങളും ബാധ്യതയുമുണ്ട്. ഇവ എതാവിധി നിര്‍വഹിക്കുമ്പോഴാണ് മനോഹരമായ കുടുംബ വ്യവസ്ഥ വളര്‍ന്നു പരിലസിക്കുന്നത്. ഓരോ കുടുംബത്തിലും ശാന്തിയുടേയും സമാധാനത്തിന്റേയും അന്തരീക്ഷം കളിയാടുമ്പോഴാണ് സാമൂഹ്യ പുരോഗതിയുടേയും സംസ്‌കരണത്തിന്റേയുമൊക്കെ മാര്‍ഗത്തിലുള്ള പ്രയാണത്തിന് ഊര്‍ജം ലഭിക്കുന്നത്. 

ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്ക് കുടുംബത്തില്‍ വമ്പിച്ച പ്രാധാന്യവും സുപ്രധാനമായ ഉത്തരവാദിത്തവുമുണ്ട്. ജീവിതത്തിലെ നായകനും നായികയുമായി പരസ്പരം സ്‌നേഹ ബഹുമാനങ്ങള്‍ പങ്കുവെക്കുന്ന പങ്കാളികളാണവര്‍. ആരും ആരെയും ഭരിക്കുകയല്ല. പരസ്പരം ആലോചിച്ചും വികാര വിചാരങ്ങള്‍ പങ്കുവെച്ചും ഒറ്റക്കെട്ടായി മുന്നോട്ടു പോവുകയാണ്. 

മക്കള്‍ നമ്മുടെ ഭാഗമാണ്. എങ്കിലും മക്കളേക്കാള്‍ കൂടുതല്‍ കടപ്പാട് നമുക്ക് മാതാപിതാക്കാളോടുണ്ട് . ദൈവം അനുവദിച്ച അവരുടെ എല്ലാ ആവശ്യങ്ങളും നാം പൂര്‍ത്തീകരിച്ചുകൊടുക്കണം. അവര്‍ക്ക് നന്മ ചെയ്യണം. വാര്‍ധക്യത്തിലെത്തിയാല്‍ അവരെ ശുശ്രൂഷിക്കണം. വിനയത്തിന്റെ ചിറകുകള്‍ അവര്‍ക്ക് വിടര്‍ത്തികൊടുക്കണം. വേദനിപ്പിക്കുന്ന ഒരു വാക്കു പോലും അവരോട് പറയരുത്. അവരുടെ എല്ലാ തെറ്റുകളും മറന്ന് മാപ്പാക്കണം. രോഗശയ്യയില്‍ അവര്‍ക്ക് കൂട്ടിരിക്കണം. അവര്‍ക്ക് വേണ്ടി അല്ലാഹുവിനോട് പ്രാര്‍ഥിച്ചുകൊണ്ടിരിക്കണം. സ്‌നേഹിച്ചും ലാളിച്ചും അവരുടെ സായന്തനം സ്വര്‍ഗീയമാക്കണം. ഈ കാരുണ്യത്തന്റേയും സ്‌നേഹത്തിന്റേയും അന്തരീക്ഷം പരിഷ്‌കൃതമെന്ന് സ്വയം അഭിമാനിക്കുന്ന ആധുനിക ലോകത്തിന്റെ സിദ്ധാന്തങ്ങള്‍ക്കൊന്നും നല്‍കാനാവില്ല. സ്രഷ്ടാവിന്റെ കാരുണ്യ വര്‍ഷവും അനുഗ്രഹങ്ങളും ലഭിച്ചവര്‍ക്ക് മാത്രമേ ഈ രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറാന്‍ കഴിയുരകയുളളൂ. 

നാം വീട്ടിലേക്ക് കയറി ചെല്ലുമ്പോള്‍ നമ്മെ സ്വീകരിക്കുവാന്‍ മാതാ പിതാക്കളുളള അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. എന്തൊരു അനുഭൂതിയാണത്. മാതാവും പിതാവും നമുക്ക് നല്‍കിയ വൈകാരികവും മാനസികവും നിര്‍വൃതി പറഞ്ഞറിയിക്കാനാവില്ല. പ്രപഞ്ച നാഥന്റെ അമൂല്യമായ നിധിയാണ് അവരുടെ സ്‌നേഹം. നാം എന്ത് തിരിച്ചു നല്‍കിയാലും അവരുടെ സ്‌നേഹത്തിന് പകരമാവില്ല. അതിനാല്‍ അവര്‍ പ്രായമാകുമ്പോള്‍ അവരെ പരിചരിക്കുവാന്‍ ലഭിക്കുന്ന ഒരവസരവും പാഴാക്കാതിരിക്കുക. ദൈവ മാര്‍ഗത്തില്‍ യുദ്ധം ചെയ്ത് രക്തസാക്ഷിയാകുന്നതിനേക്കാള്‍ പുണ്യമുണ്ട് വൃദ്ധരായ മാതാപിതാക്കളെ പരിച്ചരിക്കുന്നതിന് എന്നാണ് തിരുനബി പഠിപ്പിച്ചത്. മാതാപിതാക്കളെപ്പോലെ തന്നെയാണ് നമുക്ക് മാതാവിന്റെയും പിതാവിന്റെയും മാതാപിതാക്കള്‍. അവരോടു നമുക്ക് കടപ്പാടുണ്ട്. വിശേഷിച്ച് നമ്മുടെ മാതാപിതാക്കളുടെ അസാന്നിധ്യത്തില്‍. വല്യുപ്പയും വല്യുമ്മയും ഒരു വീടിന്റെ ഐശ്വര്യമാണ്. ഒരു പക്ഷെ അവര്‍ കാരണമായിട്ടാകാം അല്ലാഹു നമ്മെ അനുഗ്രഹിച്ചു കൊണ്ടിരിക്കുന്നത്. അവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക. 

മാതാപിതാക്കള്‍ കഴിഞ്ഞാല്‍ നമുക്ക് ഏറ്റവും കടപ്പാടുള്ളത് മക്കളോടാണ്. മക്കള്‍ നമ്മുടെ കണ്‍കുളിര്‍മയാണ്.ഏറ്റവും വലിയ സമ്പാദ്യമാണ്.കാലത്തിലേക്കും ലോകത്തിലേക്കുമുള്ള നമ്മുടെ തുടര്‍ച്ചയും വളര്‍ച്ചയുമാണ്. അവരോടുള്ള സ്‌നേഹം അല്ലാഹു നമ്മളില്‍ പ്രത്യേകം നിക്ഷേപിച്ചിരിക്കുന്നു. മക്കള്‍ അല്ലാഹുവിന്റെ അനുഗ്രഹമാണ്. മാനവരാശിക്കുവേണ്ടി അവരെ നല്ല മനുഷ്യരായി വളര്‍ത്തിയെടുക്കേണ്ടത് നമ്മുടെ ചുമതലയാണ്. അവര്‍ ചീത്തയായാല്‍ സമൂഹം നമ്മെയാണ് ശപിക്കുക. ആയതിനാല്‍ മക്കളുടെ കാര്യത്തില്‍ ഉത്തരവാദിത്തം വളരെ കൂടുതലാണ്. നല്ല വിദ്യഭ്യാസവും ഉത്തമപരിശീലനവുമാണ് ഒരു പിതാവിന് മക്കള്‍ക്ക് നല്‍കാന്‍ കഴിയുന്നതില്‍ വെച്ചേറ്റവും മികച്ചതെനന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. മക്കള്‍ക്ക് മാതൃകയാവുകയും ആവശ്യമായ ആത്മീയ ഭൗതിക വിജ്ഞാനങ്ങള്‍ പകര്‍ന്ന് നല്‍കുകയും ചെയ്യുക പ്രധാനമാണ്. 

കുട്ടികളെ അവര്‍ക്ക് കഴിയുന്നത്ര പഠിപ്പിക്കുക. അവരുടെ അഭിരുചിയും കഴിവുകളും എല്ലാം പരിഗണിക്കുക. എല്ലാ ഘട്ടങ്ങളിലും ആവശ്യമായ മാര്‍ഗരേഖകള്‍ നല്‍കി നേര്‍വഴിയിലുടെയാണ് അവരുടെ സഞ്ചാരമെന്ന് ഉറപ്പുവരുത്തുക. 

വായനയുടേയും കാഴ്ചയുടേയും ലോകം വരരെയധികം വികസിച്ച കാലത്താണ് നാം ജീവിക്കുന്നത്. ഈ വളര്‍ച്ചയെ നിരാകരിക്കുകയല്ല; ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. ഉപയോഗപ്പെടുത്തുമ്പോള്‍ ഏറെ സൂക്ഷ്മത ആവശ്യമാണെന്ന് മാത്രം. മുമ്പത്തെക്കാള്‍ കൂടുതല്‍ സൂക്ഷ്മത നമുക്കും നമ്മുടെ മക്കള്‍ക്കും ഈ സൈബര്‍ലോകത്ത് ആവശ്യമായി വന്നിരിക്കുന്നു. കമ്പ്യുട്ടറിന്റെയും ഇന്റര്‍നെറ്റിന്റെയും ലോകത്ത് എപ്പോഴും ഒരു കണ്ണ് എല്ലാവരുടെ മേലും ഉണ്ടായിരിക്കണം. കമ്പികളിലൂടെയും കമ്പിയില്ലാകമ്പികളിലൂടെയും അനേകം ദൃശ്യങ്ങളും വിവരങ്ങളും നമ്മുടെ വീടുകളിലേക്ക് ഒഴുകി വരുന്നു. നമ്മുടെ സംസ്‌കാരത്തിനും പൈതൃകത്തിനും യോജിക്കാത്ത ഒന്നും നാം സ്വീകരിക്കരുത്. ചാനലുകള്‍ക്ക് മാലിന്യം വിസര്‍ജിക്കാനുള്ള ഓടയാകരുത് നമ്മുടെ വീട്.

വിവാഹം ബലിഷ്ഠമായ ഒരു കരാറാണ്. സ്‌നേഹവും കാരുണ്യവും ആ കരാറിനെ കൂടുതല്‍ ശക്തിപ്പെടുത്തും. മിതത്വവും ലാളിത്യവുമാണ് ഇസ്‌ലാമിന്റെ മുദ്ര. ധൂര്‍ത്തും ദുര്‍വ്യയവും പിശാചിന്റെ മുദ്രകളാണ്. '

വേര്‍പ്പിരായാത്ത ബന്ധമാണ് ഇണകള്‍ തമ്മില്‍ ഉണ്ടാകേണ്ടത് .സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പട്ടു നൂലുകളില്‍ നെയ്‌തെടുത്തതാണീ അനശ്വര ബന്ധം.അല്ലാഹു നിങ്ങളുടെ വര്‍ഗ്ഗത്തില്‍ നിന്നു തന്നെ നിങ്ങള്‍ക്കു ഇണകളെ സൃഷ്ടിച്ചു തന്നു..അതിലൂടെ ശാന്തി തേടാന്‍.അവന്‍ നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവുമുണ്ടാക്കി .ഇതൊക്കെയും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്.ചിന്തിക്കുന്ന ആളുകള്‍ക്ക് ഇതിലെല്ലാം തെളിവുകളുണ്ട് എന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. 

അനിവാര്യ സന്ദര്‍ഭങ്ങളിലേ ദമ്പതിമാരെ വേര്‍പ്പിരിയാവൂ എന്നാണ് നിര്‍ദേശം. ഭൂമിയിലൊരു വിവാഹമോചനം നടക്കുമ്പോള്‍ അല്ലാഹുവിന്റെ സിംഹാസനം കിടുങ്ങുമെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. ബഹുഭാര്യത്വവും അനിവാര്യ സന്ദര്‍ഭങ്ങളിലാണ് അനുവദിക്കപ്പെട്ടിരിക്കുന്നത്. 

അയല്‍ വാസികളും അകന്ന ബന്ധുക്കളും നമ്മുടെ കൂട്ടുകാരും മാതാപിതാക്കളുടെ കൂട്ടുകാരും പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. അനന്തര സ്വത്തില്‍ അവകാശിയാകുമോ എന്നു വരെ തോന്നിപ്പിക്കുന്ന വിധത്തില്‍ അയല്‍വാസിയുടെ കാര്യം അല്ലാഹുവിന്റെ റസൂല്‍ ഊന്നി പ്പറഞ്ഞിട്ടുണ്ട്. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറച്ചുണ്ണുന്നവന്‍ നമ്മില്‍ പെട്ടവനല്ലെന്ന്, കറിയില്‍ വെള്ളം നീട്ടിയും അവനെ ഊട്ടണമെന്ന് തുടങ്ങി നിരവധി ശാസനകളും ഉപദേശങ്ങളും. മാതാപിതാക്കളുടെ കൂട്ടുകാരെ ആദരിക്കുകയും ബഹുമാനിക്കുകയും വേണം. നമ്മുടെ കൂട്ടുകാര്‍ നമുക്ക് സഹോദരങ്ങളെപോലെയാകണം. എല്ലാവരേയും സ്‌നേഹിച്ചും സഹായിച്ചും ജീവിക്കുമ്പോഴാണ് നമുക്ക് ആത്മ സംതൃപ്തിയുണ്ടാകുന്നത്. അപ്പോഴാണ് ജീവിതം സഫലമാകുന്നത്. 

കൂട്ടുകാരും ബന്ധുക്കളുമൊക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. ഓരോരുത്തര്‍ക്കും അവരര്‍ഹിക്കുന്ന സ്ഥാനമാനങ്ങള്‍ അനുവദിച്ചുകൊടുക്കുകയും ബന്ധം ഭദ്രമായി നിലനിര്‍ത്തുകയും ചെയ്യുക. ജീവിതത്തിലെ ഓരോ ഘട്ടത്തിലും താങ്ങും തണലുമാകുന്ന സൗഹൃദങ്ങള്‍ വല്ലാത്ത അനുഭൂതിയാണ് സമ്മാനിക്കുക. 

ഇങ്ങനെ സമൂഹത്തിന്റെ അവിഭാജ്യ ഘടകമായി , നന്മയില്‍ എല്ലാവരുമായും സഹകരിച്ച് , പുണ്യങ്ങളുടേയും നന്മയുടേയും സംസ്ഥാപനവും തിന്മകളുടേയും വേണ്ടായ്മകളുടേയും നിര്‍മാര്‍ജനവും ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന കുടുംബം സമൂഹത്തിനും രാഷ്ട്രത്തിനുമൊക്കെ പുണ്യമാണ്. 

ഈയര്‍ഥത്തചിലുള്ള കുടുംബ ജീവിതത്തിന്റെ വീണ്ടെടുപ്പ് സാംസ്‌കാരികവും ധാര്‍മികവും സര്‍വോപരി ആത്മീയവുായ ഒരാവശ്യമാണ്. എല്ലാ ഭാഗത്തു നിന്നും അതിന് പ്രേരകങ്ങളായ സാഹചര്യങ്ങളുണ്ട്. ഇണകളും തുണകളും മനസു വെച്ചാല്‍ മാറ്റം തീര്‍ച്ചയാണ്. കാരണം മനുഷ്യന്‍ പൊതുവെ നല്ലവനാണ്. ഉപദേശിച്ചാല്‍ ഫലം ചെയ്യും. ജീവിതത്തിന്റെ ഭൗതികവും ആത്മീയവുമായ വിജയവീഥിയിലേക്ക് കൂട്ടായ ശ്രമങ്ങളിലൂടെ മടങ്ങുവാന്‍ നാമോരുത്തരും സന്നദ്ധമാണോ എന്നതാണ് ഏറ്റവും പ്രസക്തമായ ചോദ്യം. 

Releated Stories