ക്വിറ്റ് ഇന്ത്യാ സമരം-സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളിലെ സുപ്രധാന പോരാട്ടം
ജോണ്‍ ഗില്‍ബര്‍ട്ട്, ദോഹ
‘പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക’എന്ന മന്ത്രം ഓരോ രാജ്യസ്‌നേഹിയും തന്റെ ഹൃദയത്തിലേറ്റെടുത്തു ബ്രിട്ടീഷ് സാമ്രാജ്യത്തോട് ആവശ്യപ്പെട്ടു : നിങ്ങള്‍ ഇന്ത്യ വിടുക. ഓരോ ഇന്ത്യക്കാരനും സ്വയം മുന്നിട്ടിറങ്ങി തന്റെ സ്വപ്നമായ മാതൃരാജ്യത്തിന്റെ സ്വാതന്ത്രൃത്തിനായി , സമ്പൂര്‍ണ്ണ സ്വാതന്ത്ര്യത്തിനായി ഉറക്കെ വിളിച്ചു, ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികവും , ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ എണ്‍പതാണ്ടും പിന്നി ടുന്ന ഈ 2022 ആഗസ്റ്റില്‍ നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ,ധീരരക്തസാക്ഷികളുടെ വീരസ്മരണയ്ക് മുമ്പില്‍ പ്രണാമമര്‍പ്പിക്കുന്നു.
അഖിലേന്ത്യാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ 1942 ആഗസ്റ്റ് 8ന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു അവതരിപ്പിച്ച ക്വിറ്റ് ഇന്ത്യാ സമര പ്രമേയം ഐക്യകണ്‌ഠേനെ പാസ്സാക്കി. പിറ്റേന്ന് 9 ന് മുതല്‍ സമര പരിപാടികള്‍ നടപ്പാക്കുകയുമായിരുന്നു.
ജനാധിപത്യത്തിന്റെ നിലനില്‍പ്പിനും , രാജ്യത്തിന്റെ സമ്പൂര്‍ണ്ണ സ്വാതന്ത്യത്തിനും ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക എന്ന ഒറ്റ മാര്‍ഗ്ഗം മാത്രമേയുള്ളുവെന്ന് കോണ്‍ഗ്രസ്സിന്റെ പ്രമേയവും സമുന്നതരായ നേതാക്കളുടെ ആഹ്വാനവും രാജ്യമാകെ ജനങ്ങളേറ്റെടുത്തു നടത്തിയ ഐതിഹാസീക സമരങ്ങളുടെ പരമ്പരയാണ് ക്വിറ്റ് ഇന്ത്യാ മൂവ്‌മെന്റ്.
‘*ഞാന്‍ നിങ്ങള്‍ക്കൊരു മന്ത്രം തരാം, ഒരു ചെറിയമന്ത്രം, അത് നിങ്ങളുടെ ഹൃദയത്തില്‍ പതിക്കുകയും നിങ്ങളുടെ ഓരോ ശ്വാസവും അതിന് ഭാവം നല്‍കുകയും ചെയ്യട്ടെ.’ പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ മരിക്കുക’അതാണ് ആ മന്ത്രം. ഒന്നുകില്‍ നാം സ്വതന്ത്രരാകും അല്ലെങ്കില്‍ മരിക്കും.
പ്രമേയം പാസ്സാക്കിയ ശേഷം ഗാന്ധിജി തന്റെ പ്രസംഗത്തില്‍ പറഞ്ഞ വാക്കുകളാണ് മേല്‍വിവരിച്ചത്.
രാജ്യമൊന്നാകെ അലയടിച്ച ആ മന്ത്രം ഏറ്റെടുത്തുകൊണ്ട് സമരത്തിന്റെ തീച്ചുളയില്‍ സ്വയം അണിചേര്‍ന്ന ആസേതു ഹിമാചലമുള്ള ലക്ഷകണക്കിന് കോണ്‍ഗ്രസ്സ് സമരഭടന്മാരെ നിര്‍ദ്ദയം ബ്രിട്ടീഷ് സൈന്യം അടിച്ചമര്‍ത്തി .ആയിരങ്ങള്‍ ജീവന്‍ ബലികൊടുത്തു.ബ്രിട്ടീഷുകാര്‍ ഭീകരവും ക്രൂരവുമായി സമരത്തെ നേരിട്ടു. കോണ്‍ഗ്രസ്സിന്റെ നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്തു.ഗാന്ധിജിയും,
ജവഹര്‍ലാല്‍ നെഹ്‌റു,സര്‍ദാര്‍ പട്ടേലുമുള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സിന്റെ സമുന്നതരായ നേതാക്കളെല്ലാം ജയിലിലായി.
നേതാക്കളുടെ അറസ്റ്റിനെ തുടര്‍ന്നു നടന്ന ബന്ധിനും സത്യാഗ്രഹങ്ങള്‍ക്കും നേരെ ബ്രിട്ടീഷ് സൈന്യം അക്രമം അഴിച്ചുവിട്ടു.
ആയിരങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നിരായുധരായി സമരം ചെയ്ത കോണ്‍ഗ്രസ്സുകാരെ സൈന്യം ചവിട്ടിമെതിച്ചു പതിനായിരങ്ങള്‍ക്ക് പരിക്കേറ്റു.
രണ്ടുവര്‍ഷത്തോളം നീണ്ടുനിന്ന തുടര്‍സമരങ്ങളില്‍ ലക്ഷങ്ങള്‍ അറസ്റ്റ് വരിച്ചു.
തുടര്‍ന്ന് ഗാന്ധിജിക്ക് 637 ദിവസത്തോളം ജയിലിലും കിടക്കേണ്ടിവന്നു.
ക്വിറ്റ് ഇന്ത്യാ സമരങ്ങളെ അടിച്ചമര്‍ത്താന്‍ വേണ്ടി മാത്രം പുതിയ അറുപതോളം ആര്‍മി ബറ്റാലിയനുകളെ ബ്രിട്ടീഷ്‌കാര്‍ ഇറക്കി.
നിരായുധരായി ,അഹിംസയുടെ മുദ്രാവാക്യവുമായി സ്വന്തം ജനതയുടെ, സ്വന്തം മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ നമ്മുടെ ധീരരായ നേതാക്കളും സ്വാതന്ത്യ സമര സേനാനികളും രാജ്യത്തിന്റെ ചരിത്രതാളുകളില്‍ പ്രോജ്ജ്വലമായ സ്മരണകളാണുണര്‍ത്തുന്നത്.
ചരിത്രം വളച്ചൊടിക്കാനും, തലമുറകളെ തെറ്റിദ്ധരിപ്പിക്കാനും ചില കുത്സിത ശക്തികള്‍ നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിഞ്ഞ് പ്രധിരോധിക്കേണ്ട കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ പിന്നില്‍ നിന്ന് കുത്തിയ ശക്തികള്‍, സമര പോരാളികളെ ബ്രിട്ടീഷുകാര്‍ക്ക് ഒറ്റികൊടുത്തവര്‍ ഇന്ന് ദിനങ്ങളെല്ലാം മുന്‍കൂറായിതന്നെ ആഘോഷിക്കുന്നു.
ഗാന്ധിജിയെ തള്ളിപ്പറഞ്ഞവര്‍, ക്വിറ്റ് ഇന്ത്യാദിനവും, സ്വാതന്ത്ര്യ ദിനവും കരിദിനമായി ആചരിച്ചിരുന്നവര്‍ പതിററാണ്ടുകള്‍ക്ക് ശേഷം നിലപാട് തിരുത്തിയത് ചരിത്രം തിരുത്തിയെഴുതിയതുകൊണ്ടല്ല. ഇരുപത്തൊന്നാം നൂറ്റാണ്ടിലും ‘ചരിത്രപരമായ മണ്ഡത്തരങ്ങള്‍ ‘ തിരുത്തിയില്ലെങ്കില്‍ കാലം മാപ്പുതരില്ലെന്ന തിരിച്ചറിവാകാം.
മഹാത്മിജിയെ തള്ളിപ്പറഞ്ഞിരുന്ന ഇടതുപക്ഷ യുവജന പ്രസ്ഥാനങ്ങള്‍ , ഗാന്ധിജിയുടെ വലിയ ചിത്രവും വച്ച് ഗാന്ധിസമാധി ദിനം രക്തസാക്ഷി ദിനമായ് ആചരിക്കുന്ന കാഴ്ചയും നമുക്ക് കാണാന്‍ കഴിഞ്ഞു.
ബ്രിട്ടീഷ് അടിമത്വത്തില്‍ നിന്നും ഐതിഹാസീകമായ സമര പോരാട്ടങ്ങളിലൂടെ , ദേശീയ പ്രസ്ഥാനങ്ങളിലൂടെ ഇന്ത്യയെ മോചിപ്പിച്ച് ഒരു സ്വതന്ത്ര ജനാധിപത്യ മതനിരപേക്ഷരാജ്യമായി കെട്ടിപ്പടുത്ത ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സെന്ന മഹത്തായ പ്രസ്ഥാനവും, ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്ന മറ്റു പ്രസ്ഥാനങ്ങളും ഭാരതത്തിന്റെ ആത്മാവായ ജനാധിപത്യത്തിന്റേയും മതേതരത്വതിന്റേയും കാവലാളായി കരുത്തോടെ നിലകൊള്ളുമെന്ന് മഹത്തായ ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ നമുക്ക് പ്രതിജ്ഞ ചെയ്യാം