ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് ബിന്‍ ജാസിം അല്‍ താനി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനുമായി കൂടിക്കാഴ്ച നടത്തി
ദോഹ. ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് ബിന്‍ ജാസിം അല്‍ താനി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനുമായി കൂടിക്കാഴ്ച നടത്തി.അമ്മാനില്‍ നടന്ന വിദേശകാര്യ മന്ത്രിമാരുടെ സംയുക്ത യോഗത്തോടനുബന്ധിച്ചാണ് കൂടിക്കാഴ്ച നടന്നത്. യോഗത്തില്‍ ഗാസ മുനമ്പിലെ സംഭവവികാസങ്ങള്‍ അവലോകനം ചെയ്തു.
ഗാസ മുനമ്പില്‍ ഫലസ്തീനികള്‍ക്കുള്ള ദുരിതാശ്വാസ വാഹനങ്ങളുടെ ഒഴുക്കും മാനുഷിക സഹായവും ഉറപ്പാക്കാന്‍ റഫ ക്രോസിംഗ് ശാശ്വതമായി തുറക്കുന്നതിനും അടിയന്തര വെടിനിര്‍ത്തലിലെത്തുന്നതിനും പ്രാദേശികവും അന്തര്‍ദേശീയവുമായ യോജിച്ച നയതന്ത്ര ശ്രമങ്ങളുടെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇസ്രായേലിന്റെ ഭാഗത്തുനിന്നുള്ള തുടര്‍ച്ചയായ ബോംബാക്രമണം സ്ട്രിപ്പിലെ മാനുഷിക ദുരന്തത്തെ ഇരട്ടിയാക്കുന്നുവെന്നും അവരുടെ മോചനം ഉറപ്പാക്കുന്നത് സങ്കീര്‍ണ്ണമാക്കുന്നുവെന്നും ചൂണ്ടിക്കാട്ടി.
കൂടിക്കാഴ്ചയില്‍, തടവുകാരെ മോചിപ്പിക്കാന്‍ ഖത്തറിന്റെ തുടര്‍ച്ചയായ ശ്രമങ്ങള്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി സ്ഥിരീകരിച്ചു.