എല്ലാവര്‍ക്കും ഖത്തറിലേക്ക് സ്വാഗതം, എന്നാല്‍ അതിഥികള്‍ ഖത്തറിന്റെ സാംസ്‌കാരിക മൂല്യങ്ങളെ മാനിക്കണം , ഖത്തര്‍ അമീര്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ലോക കപ്പ് കാണാന്‍ ലോകത്തെ മുഴുവന്‍ ജനങ്ങളെയും ഖത്തറിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ സന്ദര്‍ശകര്‍ ഞങ്ങളുടെ സംസ്‌ക്കാരത്തെ മാനിക്കണമെന്നാണ് അഭ്യര്‍ത്ഥനയെന്നും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി . ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി ചേര്‍ന്ന് സംയുക്തമായി നടത്തിയ പത്രസമ്മേളനത്തില്‍ ജര്‍മനിയില്‍ നിന്നുള്ള സ്വര്‍ഗ്ഗരതിക്കാര്‍ക്ക് ഖത്തറില്‍ പ്രവേശനമനുവദിക്കുമോ അതോ അവര്‍ വീട്ടില്‍ തന്നെ തങ്ങേണ്ടിവരുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് അമീര്‍ ഇക്കാര്യം പറഞ്ഞത്. അമീറിന്റെ പ്രസ്താവന സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ് .
വ്യത്യസ്ത മത സാംസ്‌കാരിക വിശ്വാസമുള്ള ലോകത്തെ ഖത്തര്‍ സ്വാഗതം ചെയ്യുന്നു. ആരെയും ഖത്തറിലേക്ക് വരുന്നതില്‍ നിന്നും തടയില്ല. ഖത്തര്‍ എല്ലാവരേയും സ്വഗതം ചെയ്യുന്ന രാജ്യമാണ്. ലക്ഷക്കണക്കിനാളുകളാണ് ഖത്തര്‍ സന്ദര്‍ശിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് ഞങ്ങളുടെ സംസ്‌കാരത്തെ അടുത്തറിയാനുള്ള അവസരമാണ് ഖത്തര്‍ ലോക കപ്പെന്ന് അമീര്‍ വിശദീകരിച്ചു.