Local News

പ്രവാസി വെല്‍ഫെയര്‍ സ്വാതന്ത്ര്യ ദിന സദസ്സ് സംഘടിപ്പിച്ചു

പ്രവാസി വെല്‍ഫെയര്‍ പാലക്കാട് ജില്ലാക്കമ്മറ്റിയും ഇന്‍ഡസ്ട്രിയല്‍ ഏരിയ ഘടകവും സംയുക്തമായി സ്വാതന്ത്ര്യ ദിന സദസ്സ് സംഘടിപ്പിച്ചു. പൗരാവകാശവും മാറുന്ന പൗരബോധവും എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച പരിപാടി പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ യുവാക്കള്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പൗരബോധവും അവകാശങ്ങളെ പറ്റി ബോധവാന്മാരും ആയിരിക്കണമെന്ന് അദ്ദേഹം ഉണര്‍ത്തി. അതേസമയം യുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം ആരോഗ്യവും ചിന്താശേഷിയുമുള്ള ഭാവി തലമുറയെ നശിപ്പിക്കുമെന്നും അത് രാജ്യത്തിന്റെ ഭാവിക്ക് വലിയ വെല്ലുവിളിയാകുമെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി ആബിദ് ഹുസൈന്‍ മുഖ്യ പ്രഭാഷണം നടത്തി. ഈ അടുത്തകാലത്ത് രാജ്യത്ത് നടക്കുന്ന പൗരാവകാശ സമരങ്ങള്‍ നീതി നിഷേധിക്കപ്പെടുന്ന പുതിയതലമുറ ഭരണകൂടത്തോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ ആര്‍ജ്ജവം കാണിച്ചു തുടങ്ങിയതിന്റെ തെളിവാണെന്നും, ഭരണകൂടം നീതി നിര്‍വഹണത്തില്‍ വരുത്തുന്ന വീഴ്ചകള്‍ വലിയ അരാജകത്വത്തിലേക്ക് നമ്മുടെ നാട്ടിന്റെ സാമൂഹികാന്തരീക്ഷത്തെ കൊണ്ടെത്തിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രവാസി വെല്‍ഫെയര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ പ്രസിഡന്റ് ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ മന്‍സൂര്‍, ഫൈസല്‍, മുഹമ്മദ് അലി, രാധാകൃഷ്ണന്‍, ഷഫീഖ് അബ്ദുല്‍ റഹ്‌മാന്‍, ശരീഫ് ബാഷ, അക്ബര്‍ മളങ്ക്, എന്നിവര്‍ പങ്കെടുത്തു. പാലക്കാട് ജില്ലാ പ്രസിഡന്റ് മുഹ്‌സിന്‍ സമാപനം നിര്‍വ്വഹിച്ചു.