വിദ്വേഷങ്ങള്ക്കുള്ള മറുപടി പ്രവാചകന്റെ കാരുണ്യസന്ദേശം: ഡോ. മുസ്തഫ തന്വീര്

ദോഹ: ഖത്തര് ഔഖാഫ് മന്ത്രാലയത്തിന് കീഴിലുള്ള ശൈഖ് അബ്ദുല്ല ബിന് സൈദ് ആല് മഹമൂദ് ഇസ്ലാമിക് കള്ച്ചറല് സെന്ററിന്റെ ആഭിമുഖ്യത്തില് ‘മുഹമ്മദ് നബി (സ): മാനവ മൂല്യങ്ങളുടെ നേര്സാക്ഷ്യം’ എന്ന വിഷയത്തില് സംഘടിപ്പിച്ച പ്രത്യേക പ്രഭാഷണ പരിപാടി ശ്രദ്ധേയമായി.
സെന്ററിലെ ബിന് സൈദ് ഓഡിറ്റോറിയത്തില് നടന്ന പരിപാടിയില് പ്രമുഖ ഇസ്ലാമിക പണ്ഡിതനും പ്രഭാഷകനുമായ ഡോ. മുസ്തഫ തന്വീര് മുഖ്യപ്രഭാഷണം നിര്വഹിച്ചു.
കാരുണ്യം, സാഹോദര്യം, സ്നേഹം, സഹിഷ്ണുത, നീതിബോധം, പരസ്പര ബഹുമാനം തുടങ്ങിയ ഉദാത്തമായ മാനുഷിക മൂല്യങ്ങളുടെ ജീവിക്കുന്ന മാതൃകയായിരുന്നു മുഹമ്മദ് നബി (സ) എന്ന് അദ്ദേഹം വ്യക്തമാക്കി.
ജാതി, മതം, വര്ഗം, ഭാഷ, ദേശം തുടങ്ങിയ വ്യത്യാസങ്ങള്ക്കതീതമായി മുഴുവന് മനുഷ്യരാശിക്കും മാതൃകയാകുന്ന ജീവിതദര്ശനമാണ് പ്രവാചകന് ലോകത്തിന് സമ്മാനിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. വിദ്വേഷവും അസഹിഷ്ണുതയും തെറ്റിദ്ധാരണകളും സമൂഹത്തില് വെല്ലുവിളികള് ഉയര്ത്തുന്ന സമകാലിക സാഹചര്യത്തില് പ്രവാചകന്റെ കാരുണ്യത്തിന്റെയും സഹവര്ത്തിത്വത്തിന്റെയും സന്ദേശങ്ങള്ക്ക് കൂടുതല് പ്രസക്തിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇസ് ലാമിനെയും പ്രവാചകജീവിതത്തെയും കുറിച്ചുള്ള തെറ്റിദ്ധാരണകള് അകറ്റാന് പ്രവാചകന്റെ യഥാര്ത്ഥ ജീവിതമാതൃകയും മാനവിക സന്ദേശങ്ങളും സമൂഹത്തിന് പരിചയപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിജീവിതത്തിലും കുടുംബബന്ധങ്ങളിലും സാമൂഹിക ഇടപെടലുകളിലും നീതിയും കാരുണ്യവും പരസ്പര ബഹുമാനവും പുലര്ത്തുന്നതിലൂടെയാണ് പ്രവാചകമാതൃക പ്രായോഗികമാക്കേണ്ടതെന്നും അദ്ദേഹം ഓര്മിപ്പിച്ചു.
മതവിശ്വാസം കേവലം ആചാരാനുഷ്ഠാനങ്ങളില് ഒതുങ്ങുന്നതല്ലെന്നും സഹജീവികളോടുള്ള കരുണയും സാമൂഹിക ഉത്തരവാദിത്തവും നീതിപൂര്വമായ പെരുമാറ്റവും അതിന്റെ അവിഭാജ്യ ഘടകങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രഭാഷണത്തെ തുടര്ന്ന് നടന്ന ചോദ്യോത്തരവേളയില് സദസ്സില് നിന്നുയര്ന്ന വിവിധ സംശയങ്ങള്ക്കും ചോദ്യങ്ങള്ക്കും ഡോ.
പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ഖുര്ആന് ആസ്വാദനത്തിന് റസീഫ് അലീ ഫാറൂക്കി, അബ്ദുള്ള തിരൂര്ക്കാട്, അബ്ദുറഹ്മാന്, അബ്ദുല് വഹാബ് എന്നിവര് നേതൃത്വം നല്കി.
പ്രഭാഷണ വിഷയത്തെ ആസ്പദമാക്കി സദസ്യര്ക്കായി തത്സമയ സ്പോട്ട് ക്വിസ് മത്സരവും സംഘടിപ്പിച്ചു. ആവേശകരമായ പങ്കാളിത്തം ലഭിച്ച മത്സരത്തില് ശരിയുത്തരം നല്കിയവരില് നിന്ന് വിജയിയെ തെരഞ്ഞെടുത്ത് അഹമ്മദ് ലബീബ് ലുക്മാന് എന്നവര്ക്ക് മെഗാ ഉംറ സമ്മാനം നല്കി. സദസ്സിന്റെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തിയ ക്വിസ് മത്സരം പരിപാടിയുടെ മുഖ്യ ആകര്ഷണങ്ങളിലൊന്നായി.
ഇസ്മായില് വില്ലാപള്ളിയുടെ അധ്യക്ഷതയില് നടന്ന പരിപാടിയില് നജീബ് അബൂബക്കര് സ്വാഗതം പറഞ്ഞു.
ഹുസൈന് മുഹമ്മദ്, യു. അബ്ദുറഹ്മാന് ഗാലക്സി, മുഹമ്മദ് ലയിസ്, മിസ്ബാഹ് കണ്ണൂര്, അന്സാര് കണ്ണൂര്, ശരീഫ് മങ്കട, ഡോ. ഹഷിയത്തുള്ള, ബഷീര് മൈ ബെയ്ക്ക്, നൂറുദീന്, നൗഷാദ് കരിപ്പ് തുടങ്ങിയവര് പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കി. ഹനീഫ് ആയപ്പള്ളി നന്ദി പറഞ്ഞു
