Local News

ചെണ്ടയില്‍ മാന്ത്രിക സ്പര്‍ശവുമായി കുരുന്നുകള്‍; ഖത്തറിലെ മേളവേദികളില്‍ ശ്രദ്ധേയ സാന്നിധ്യമായി മൂന്ന് വിദ്യാര്‍ഥികള്‍


അമാനുല്ല വടക്കാങ്ങര

ദോഹ: ചെണ്ടയുടെ താളവിസ്മയവുമായി ഖത്തറിലെ മേളവേദികളില്‍ ശ്രദ്ധേയ സാന്നിധ്യമായി മാറുകയാണ് മൂന്ന് കൊച്ചുപ്രതിഭകള്‍. ബിര്‍ള പബ്ലിക് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി ഇഷാന്‍ സൂരജും പോഡാര്‍ പേള്‍ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥികളായ നൈതിക് നിഖിലും അധ്രിത് ഷിജില്‍ മാധവുമാണ് തങ്ങളുടെ ചെണ്ടവാദന മികവിലൂടെ ശ്രദ്ധ നേടുന്നത്.

പഠനത്തിലും കലാരംഗത്തും ഒരുപോലെ മികവ് പുലര്‍ത്തുന്ന ഈ വിദ്യാര്‍ഥികള്‍ക്ക് ചെണ്ട അഭ്യസിക്കുന്നതിലൂടെ മാനസിക ഉല്ലാസവും ഏകാഗ്രതയും വര്‍ധിക്കുന്നതായി അവരുടെ രക്ഷിതാക്കള്‍ അഭിപ്രായപ്പെടുന്നു. ചെറുപ്രായത്തില്‍ തന്നെ കേരളത്തിന്റെ തനതായ വാദ്യകലയില്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് പരിശീലനം തുടരുന്ന ഇവരുടെ നേട്ടം കലാസ്‌നേഹികള്‍ക്കും പ്രവാസി മലയാളി സമൂഹത്തിനും അഭിമാനകരമാണ്.

ഖത്തറിലെ പ്രമുഖ വാദ്യകലാസംഘമായ മേളം ദോഹയിലെ ചെണ്ടകലാകാരനും കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളില്‍ ചെണ്ടമേളവും തായമ്പകയും അവതരിപ്പിച്ച് ശ്രദ്ധയും പ്രശംസയും നേടിയിട്ടുള്ള അഡ്വ. മഹേഷ് വിജയകൃഷ്ണന്റെ ശിക്ഷണത്തിലാണ് ഇവര്‍ ചെണ്ടയില്‍ പരിശീലനം നേടിവരുന്നത്.

പരമ്പരാഗത വാദ്യകലകളെ പുതുതലമുറയിലേക്ക് പകര്‍ന്നുനല്‍കുന്നതിനൊപ്പം കുട്ടികളിലെ കലാവാസനയും സര്‍ഗാത്മകതയും വളര്‍ത്തുന്നതില്‍ ഇത്തരം പരിശീലനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ചെണ്ടയുടെ താളപ്പെരുക്കത്തിലൂടെ കലാരംഗത്ത് കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാനുള്ള ഒരുക്കത്തിലാണ് ഈ മൂന്ന് കുരുന്നുകളും.