അല്‍ ജസീറയുടെ ഒന്നാം നമ്പര്‍ ജീവനക്കാരന്; അഭിമാനമായി മലപ്പുറം സ്വദേശി അബ്ദുല്‍ മജീദ് ആലക്കത്തൊടി

അമാനുല്ല വടക്കാങ്ങര
ലോകമാധ്യമ രംഗത്ത് വാര്‍ത്താവിനിമയത്തിന്റെ പുതിയ ചരിത്രം കുറിച്ച അല്‍ ജസീറ ചാനലിന്റെ ആദ്യ ജീവനക്കാരന് ഒരു മലയാളിയാണ്. മലപ്പുറം ജില്ലയിലെ വടക്കാങ്ങര സ്വദേശി അബ്ദുല്‍ മജീദ് ആലക്കത്തൊടി. ലോകത്തിന്റെ വാര്ത്താവീക്ഷണത്തെ മാറ്റിമറിച്ച ആഗോള മാധ്യമസ്ഥാപനത്തിന്റെ ചരിത്രത്തില്‍ ആദ്യ ജീവനക്കാരനെന്ന സവിശേഷ സ്ഥാനം സ്വന്തമാക്കിയ ഈ മലയാളി, ഇന്ത്യന്‍ സമൂഹത്തിനും വിശിഷ്യാ മലയാളികള്‍ക്കും അഭിമാനത്തിന്റെ പ്രതീകമാണ്.
നവംബര്‍ ഒന്നിന് അല്‍ ജസീറ മുപ്പതാം വാര്‍ഷികത്തിലേക്ക് കടക്കുമ്പോള്‍, ചാനല്‍ പുറത്തുവിട്ട വീഡിയോയിലൂടെയാണ് അബ്ദുല്‍ മജീദിന്റെ ഈ ചരിത്രപരമായ നേട്ടം വീണ്ടും പൊതുശ്രദ്ധയിലെത്തിയത്. മൂന്ന് പതിറ്റാണ്ടിന്റെ മാധ്യമചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, സ്ഥാപനത്തിന്റെ തുടക്കത്തില്‍ത്തന്നെ ഭാഗഭാക്കാകാന്‍ കഴിഞ്ഞതിന്റെ നിര്‍വൃതിയിലാണ് അദ്ദേഹം.
ഉമറാബാദില്‍നിന്ന് ഉമരി ബിരുദം നേടിയ അബ്ദുല്‍ മജീദ്, കുറച്ചുകാലം തിരൂര്‍ക്കാട് ഇലാഹിയ കോളേജില്‍ അധ്യാപകനായി പ്രവര്‍ത്തിച്ച ശേഷമാണ് ഖത്തറിലെത്തിയത്. ഖത്തര്‍ മതകാര്യ മന്ത്രാലയത്തിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. പള്ളിയില്‍ ഇമാമായും പള്ളി പരിപാലന ചുമതലകളിലും പ്രവര്‍ത്തിച്ച അക്കാലം ആത്മീയ സംതൃപ്തിയുടേതായിരുന്നു.
എന്നാല്‍, പുതിയ മേഖലകളിലേക്ക് വളരാനുള്ള ആഗ്രഹം അദ്ദേഹത്തെ കംപ്യൂട്ടര്‍ പഠനത്തിലേക്കും നയിച്ചു. ഒഴിവുസമയങ്ങള്‍ പ്രയോജനപ്പെടുത്തി കംപ്യൂട്ടര്‍ പഠിച്ച അദ്ദേഹം പിന്നീട് ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തില്‍ ജോലി നേടി. മഹ്മൂദ് അബ്ദുല്‍ അസീസ് സഹ്ലാവിയുടെ കീഴിലായിരുന്നു അവിടത്തെ പ്രവര്‍ത്തനം.
1995-ല്‍ അല്‍ ജസീറ ചാനലിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന സഹ്ലാവിയാണ് അബ്ദുല്‍ മജീദിനെ പുതിയ മാധ്യമസംരംഭത്തിന്റെ ഭാഗമാകാന്‍ ക്ഷണിച്ചത്. ആ ക്ഷണം അദ്ദേഹത്തിന്റെ ജീവിതത്തില്‍ മാത്രമല്ല, മാധ്യമചരിത്രത്തിലേക്കുള്ള ഒരു അപൂര്‍വ പ്രവേശനമായും മാറി.
1996 നവംബര്‍ 1-ന് അല്‍ ജസീറ സംപ്രേഷണം ആരംഭിച്ചപ്പോള്‍, അവിടത്തെ ആദ്യ ജീവനക്കാരനായി അബ്ദുല്‍ മജീദ് ഉണ്ടായിരുന്നു. സ്റ്റാഫ് നമ്പര്‍ 101. ഇന്ന് ലോകമറിയുന്ന ഒരു മാധ്യമസ്ഥാപനത്തിന്റെ ജീവനക്കാരുടെ പട്ടികയില്‍ ഒന്നാമനായി രേഖപ്പെടുത്തപ്പെട്ട ആ നമ്പര്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിലെ ഒരു സാധാരണ അടയാളം മാത്രമല്ല; ചരിത്രത്തിന്റെ ഭാഗമായതിന്റെ സാക്ഷ്യപത്രം കൂടിയാണ്.
ചാനലിന്റെ ഹ്യൂമന്‍ റിസോഴ്സസ് വിഭാഗത്തില്‍ 18 വര്‍ഷത്തോളം സേവനമനുഷ്ഠിച്ച അദ്ദേഹം, ഇപ്പോള്‍ അല്‍ ജസീറ ലൈവ് ചാനല്‍ ഡയറക്ടറുടെ ഓഫീസ് മാനേജറായി പ്രവര്‍ത്തിക്കുന്നു. സ്ഥാപനത്തിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ക്ക് സാക്ഷിയായും അതിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായും അദ്ദേഹം തുടരുന്നു.
വടക്കാങ്ങരയിലെ ഗ്രാമീണ ജീവിതത്തില്‍നിന്ന് ഖത്തറിന്റെ അന്താരാഷ്ട്ര മാധ്യമലോകത്തേക്കുള്ള അബ്ദുല്‍ മജീദിന്റെ യാത്ര, കഠിനാധ്വാനത്തിന്റെയും പഠിക്കാനുള്ള സന്നദ്ധതയുടെയും അവസരങ്ങളെ തിരിച്ചറിയാനുള്ള കഴിവിന്റെയും കഥയാണ്. അധ്യാപനത്തില്‍നിന്ന് മതകാര്യ വകുപ്പിലേക്കും അവിടെനിന്ന് വിദേശകാര്യ മന്ത്രാലയത്തിലേക്കും ഒടുവില്‍ ലോകപ്രശസ്ത മാധ്യമസ്ഥാപനത്തിന്റെ ആദ്യ ജീവനക്കാരനെന്ന ചരിത്രപദവിയിലേക്കുമുള്ള അദ്ദേഹത്തിന്റെ പ്രയാണം പുതുതലമുറയ്ക്കും പ്രചോദനമാണ്.
ഒരു മാധ്യമസ്ഥാപനത്തിന്റെ ചരിത്രത്തില്‍ ആദ്യ ജീവനക്കാരനെന്ന സ്ഥാനം ലഭിക്കുക എന്നത് അപൂര്‍വ ഭാഗ്യമാണ്. ആ സ്ഥാനം മൂന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറവും അഭിമാനത്തോടെ ഓര്മിക്കപ്പെടുമ്പോള് അതിന്റെ തിളക്കം ഒന്നുകൂടി വര്‍ധിക്കുന്നു. അല്‍ ജസീറയുടെ മുപ്പതാം വാര്‍ഷികാഘോഷത്തിന്റെ പശ്ചാത്തലത്തില്‍ അബ്ദുല്‍ മജീദ് ആലക്കത്തൊടിയുടെ ജീവിതവും നേട്ടവും മലയാളികള്‍ക്ക് അഭിമാനത്തോടെ ഉയര്‍ത്തിക്കാട്ടാവുന്ന മാതൃകയാണ്.
വടക്കാങ്ങരയുടെ മണ്ണില്‍നിന്ന് ലോകമാധ്യമ ചരിത്രത്തിലേക്ക് അബ്ദുല്‍ മജീദ് ആലക്കത്തൊടിയുടെ ഈ യാത്ര വ്യക്തിപരമായ നേട്ടത്തിനപ്പുറം മലയാളിയുടെ കഴിവിന്റെയും പരിശ്രമത്തിന്റെയും അടയാളമാണ്.
