Local News

പെരുന്നാള്‍ ദിനത്തില്‍ ‘ഈദ് സ്‌നേഹപ്പൊതി’നല്‍കി നടുമുറ്റം

ദോഹ. പെരുന്നാല്‍ ദിനത്തില്‍ മൂവ്വായിരത്തിലധികം പേര്‍ക്ക് വിഭവ സമൃദ്ധമായ ഭക്ഷണമൊരുക്കി വനിതാ കൂട്ടായ്മയായ നടുമുറ്റം. ഖത്തറില്‍ ദൂര സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട് താമസിക്കുന്നവര്‍, പെരുന്നാള്‍ ദിനത്തിലും നിര്‍ബന്ധ സാഹചര്യത്താല്‍ ജോലിയില്‍ തുടരേണ്ടി വരുന്ന ടാക്‌സി ഡ്രൈവര്‍മാര്‍, ഗ്രോസറി ജീവനക്കാര്‍, മത്സ്യത്തൊഴിലാളികള്‍, ലേബര്‍ ക്യാമ്പിലും മസറയിലും മറ്റും കഴിയുന്നവര്‍ എന്നിങ്ങനെയുള്ളവരിലേക്കാണ് നടുമുറ്റം പ്രവര്‍ത്തകര്‍ ഈദ് സ്‌നേഹപൊതിയുമായി എത്തിയത്. ഈദ് സ്‌നേഹപ്പൊതികള്‍ നടുമുറ്റം പ്രവര്‍ത്തകരും പ്രവാസി വെല്‍ഫെയര്‍ വളണ്ടിയര്‍മാരും ചേര്‍ന്ന് താമസ സ്ഥലങ്ങളില്‍ എത്തിച്ച് നല്‍കി.

നടുമുറ്റം പ്രസിഡന്റ് സന നസീം സ്‌നേഹപ്പൊതി കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു. നടുമുറ്റം ജനറല്‍ സെക്രട്ടറി ഫാത്തിമ തസ്നീം, ഈദ് സ്‌നേഹപ്പൊതി ജനറല്‍ കണ്‍വീനറും നടുമുറ്റം വൈസ് പ്രസിഡന്റുമായ സുമയ്യ താസീന്‍, വൈസ് പ്രസിഡണ്ട് സജ്‌ന സാക്കി, സെക്രട്ടറിമാരായ ജുമാന, ജമീല മമ്മു, കമ്യൂണിറ്റി സര്‍വീസ് കണ്‍വീനര്‍ ജോളി തോമസ്, ട്രഷറര്‍ അജീന അസീം, സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ലത കൃഷ്ണ, സക്കീന അബ്ദുല്ല, ഫൗസിയ മനാഫ്, റിനിഷ റനീഷ്, ഫരീദ മമ്മു, റെജുല ഷഫീഖ്, ഹുമൈറ ഫൈസല്‍, വിദ്യ പ്രഹ്ലാദ്, റൂബി അന്‍വര്‍ ഏരിയ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഫാത്തിമ ഹാരിസ്, അന്‍സല്‍ന, ഭവ്യ, രജിഷ, സുഫൈറ ഭാനു, ഫസീല, സേതു ലക്ഷ്മി, ഹിബ എന്നിവരും വിവിധ കേന്ദ്രങ്ങളില്‍ സ്‌നേഹപ്പൊതി വിതരണത്തിന് നേതൃത്വം നല്‍കി.

പെരുന്നാള്‍ ദിനത്തില്‍ നാം കഴിക്കുന്ന ഭക്ഷണം അവരെയും നമ്മെ പോലെ സന്തോഷത്തോടെ കഴിപ്പിക്കുക, ഭക്ഷണത്തിന് പ്രയാസമനുഭവിക്കുന്നവരെ ചേര്‍ത്തുപിടിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ നടുമുറ്റം ഈദ് സ്‌നേഹപൊതി പദ്ധതി വര്‍ഷങ്ങളായി നടപ്പിലാക്കി വരികയാണ്. റമദാനിന്റെ അവസാന ദിവസങ്ങളിലായി നടുമുറ്റത്തിന്റെ ഖത്തറിലെ വിവിധ ഏരിയ കമ്മറ്റികളിലൂടെ ആവശ്യക്കാരുടെ വിവരങ്ങള്‍ മുന്‍കൂട്ടി ശേഖരിച്ച ശേഷമാണ് വിതരണത്തിനായുള്ള ഭക്ഷണം തയ്യാറാക്കിയത്. നടുമുറ്റത്തിന്റെ പ്രവര്‍ത്തകര്‍ക്ക് പുറമെ അഭ്യുതയകാംഷികളുടെയും സഹകരണത്തോടെയാണ് പദ്ധതി സാക്ഷാല്‍ക്കരിച്ചത്.