Breaking News

അഞ്ചാമത് മഹാസ്വീല്‍ ഫെസ്റ്റിവലിന് കതാറയില്‍ ഉജ്വല തുടക്കം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കതാറ കള്‍ചറല്‍ വില്ലേജ് മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന അഞ്ചാമത് മഹാസ്വീല്‍ ഫെസ്റ്റിവലിന് ഉജ്വല തുടക്കം. സ്വദേശികളും വിദേശികളുമടക്കം നിരവധി പേരാണ് ആദ്യ ദിവസം മേള സന്ദര്‍ശിച്ചത്. ഫ്രഷ് പച്ചക്കറികളും ചെടികളും പൂക്കളും അലങ്കരിച്ച മനോഹരമായ ഫെസ്റ്റിവല്‍ പ്രകൃതി സ്‌നേഹത്തിന്റേയും സൗന്ദര്യാസ്വാദനത്തിന്റേയും വേറിട്ട ഭൂമികയാണ് സമ്മാനിക്കുന്നത്. ഭൂമിയെ ഹരിത വല്‍ക്കരിക്കാനും മെച്ചപ്പെട്ട വാസ സ്ഥലം ഉറപ്പുവരുത്തുവാനും പരിശ്രമിക്കുന്നതോടൊപ്പം ഓര്‍ഗാനിക് കൃഷി പ്രോല്‍സാഹിപ്പിച്ച് സ്വയം പര്യാപ്തത കൈവരിക്കാനും ഈ മേള പ്രോല്‍സാഹനം നല്‍കും. ജനുവരി 2 വരെ നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവലില്‍ ഖത്തറി ഫാമുകള്‍ക്കും ഹരിതഗൃഹങ്ങള്‍ക്കും പുറമേ ഭക്ഷ്യ ഉല്‍പാദനം, കന്നുകാലികള്‍, കോഴി വളര്‍ത്തല്‍ എന്നിവയില്‍ വ്യാപൃതരായ ദേശീയ കമ്പനികളാണ് പങ്കെടുക്കുന്നത് .മേളയില്‍ 28 ഓളം ഖത്തറി ഫാമുകളെ പ്രതിനിധീകരിക്കുന്ന 45 സ്റ്റാളുകളും ഇറച്ചി, മുട്ട, കോഴി, പാല്‍, പാല്‍ ഉല്‍പന്നങ്ങള്‍ എന്നിവയുടെ ഉല്‍പാദനവുമായി ബന്ധപ്പെട്ട 9 ദേശീയ കമ്പനികളും പങ്കെടുക്കുന്നുണ്ട് . കൂടാതെ പുഷ്പം, റോസാപ്പൂക്കള്‍, അലങ്കാര പൂക്കള്‍ എന്നിവ ഉല്‍പാദിപ്പിക്കുന്ന 8 നഴ്സറികളും മേളയുടെ ഭാഗമാണ്.രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെയാണ് ഫെസ്റ്റിവല്‍ . കണിശമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് സന്ദര്‍ശകരെ അനുവദിക്കുക. എല്ലാവരും നിര്‍ബന്ധമായും ഫേസ് മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.

Comments are closed.