Breaking News

ഖത്തര്‍ കപ്പ് കിരീടം അല്‍ സദ്ദിന്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഖത്തര്‍ കപ്പ് കിരീടം സ്വന്തമാക്കി അല്‍ സദ്ദ്. ഇന്നലെ വൈകുന്നേരം ദുഹൈലിലെ അബ്ദുല്ല ബിന്‍ ഖലീഫ സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ മല്‍സരത്തില്‍ അല്‍ ദുഹൈലിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അല്‍ സദ്ദ് കിരീടം നിലനിര്‍ത്തിയത്.

അല്‍ ദുഹൈലും അല്‍ സദ്ദും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ തീ പാറിയ പോരാട്ടമാണ് നടന്നത്. തുടക്കം മുതല്‍ തന്നെ ഇരു ടീമുകളും പൊരുതി കളിച്ചെങ്കിലും കളിയുടെ ഒമ്പതാം മിനിറ്റില്‍ അല്‍ സദ്ദിന്റെ ബഗ്ദാദ് ബുഞ്ച അല്‍ ദുഹൈലിന്റെ വല കുലുക്കിയതോടെ അല്‍ സദ്ദിന് അല്‍പം മേല്‍കോയ്മ ലഭിച്ചെങ്കിലും ദുഹൈല്‍ വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. കളിയുടെ ആദ്യ പകുതിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നതെങ്കിലും അല്‍ സദ്ദിന്റെ ശക്തമായ പ്രതിരോധവലയം ഭേദിക്കുവാന്‍ ദുഹൈലിനായില്ല.

രണ്ടാം പകുതിയില്‍ ഗ്രൗണ്ട് നിറഞ്ഞ് കളിച്ച ദുഹൈല്‍ ടീം പല അവസരങ്ങളും പാഴാക്കി. കളിയുടെ എഴുപത്തിയേഴാം മിനിറ്റില്‍ ബഗ്ദാദ് ബുഞ്ച രണ്ടാമത് ഗോള്‍ കൂടി നേടിയതോടെ സാവിയുടെ വിദഗ്ധ പരിശീലനം നേടിയ അല്‍ സദ്ദ് ഖത്തര്‍ കപ്പ് ഉറപ്പിക്കുകയായിരുന്നു.

ഖത്തര്‍ ഒളിംപിക് കമ്മറ്റി ചെയര്‍മാന്‍ ശൈഖ് ജൗആന്‍ ബിന്‍ ഹമദ് അല്‍ഥാനി അല്‍ സദ്ദിന് കിരീടം സമ്മാനിച്ചു.