Breaking News

ഖത്തറില്‍ പിടിയിലായ 24 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളുടെ മോചനത്തിന് സഹായം തേടി ഇന്റര്‍നാഷനല്‍ ഫിഷര്‍മെന്‍ ഡവലപ്‌മെന്റ് ട്രസ്റ്റ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഇറാനില്‍ നിന്നും രണ്ട് ബോട്ടുകളിലായി മല്‍സ്യ ബന്ധനത്തിനിറങ്ങുകയും അബദ്ധത്തില്‍ ഖത്തര്‍ ജലാതിര്‍ത്തി ഭേദിച്ച് പിടിക്കപ്പെടുകയും ചെയ്ത 24 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളുടെ മോചനത്തിന് സഹായം തേടി ഇന്റര്‍നാഷനല്‍ ഫിഷര്‍മെന്‍ ഡവലപ്‌മെന്റ് ട്രസ്റ്റ് ഖത്തറിലെ ഇന്ത്യന്‍ എംബസിയെ സമീപിച്ചു. തമിഴ് നാട്ടില്‍ നിന്നുള്ള 20 പേരും കേരളത്തില്‍ നിന്നുള്ള 4 പേരുമാണ് ഖത്തറില്‍ പിടിയിലായത്.

24 ഇന്ത്യക്കാരും നാലു ഇറാനികളുമടങ്ങുന്ന സംഘം 2 ബോട്ടുകളിലായി മാര്‍ച്ച് 22നാണ് ഇറാനില്‍ നിന്ന് പുറപ്പെട്ടത്. ഒരു ബോട്ടില്‍ 10 ഇന്ത്യക്കാരും രണ്ട് ഇറാനികളും രണ്ടാമത്തെ ബോട്ടില്‍ 14 ഇന്ത്യക്കാരും രണ്ട് ഇറാനികളുമാണുണ്ടായിരുന്നത്. അസിന്‍, യാഖൂബ് എന്നീ പേരുകളിലുള്ള ബോട്ടുകള്‍ ഹസന്‍ എന്ന ഇറാനിയുടെ ഉടമസ്ഥതയിലുള്ളതാണ്.

തിരുവനന്തപുരം അടിമന്തുറ സ്വദേശി സില്‍വദാസന്‍(33), കൊല്ലം മൂത്തകര സ്വദേശി ലോപ്പസ്(42), തിരുവനന്തപുരം പൂവാര്‍ സ്വദേശി ക്രിസ്തു ദാസന്‍(20), കൊല്ലം പള്ളിത്തോട്ടം സ്വദേശി സ്റ്റീഫന്‍(42) എന്നിവരാണ് ബോട്ടിലുള്ള മലയാളികള്‍.

റാസ്‌ലഫാന്‍ പോലിസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത ഇവരെ പിന്നീട് ജയിലില്‍ അടക്കുകയായിരുന്നുവെന്ന് എംബസിക്ക് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. ഏപ്രില്‍ 29 ന് കോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഓരോരുത്തര്‍ക്കും 40 ദിവസത്തെ തടവ് ശിക്ഷയുണ്ട്. ബോട്ട് കാപ്റ്റന്‍ നൂര്‍ദോ താസൂന് 50000 റിയാലിന്റെ പിഴയുമടക്കണം. ബോട്ടുകളും അനുബന്ധ സാധനങ്ങളും ഉടമക്ക് തിരിച്ചേല്‍പ്പിക്കുക, മല്‍സ്യവും വലകളും കണ്ടുകെട്ടുക എന്നിവയാണ് കോടതി വിധിയിലെ മറ്റു വ്യവസ്ഥകള്‍.

ബോട്ടുടമ വിഷയത്തില്‍ ഇടപെടാത്തതിനാല്‍ മല്‍സ്യത്തൊഴിലാളികളുടെ ഭാവി അനിശ്ചിതത്വത്തിലാണെന്നും മാനുഷികമായ പരിഗണനവെച്ച് സാധ്യമാകുന്ന സഹായങ്ങള്‍ നല്‍കണമെന്നും ഇന്റര്‍നാഷനല്‍ ഫിഷര്‍മെന്‍ ഡവലപ്‌മെന്റ് ട്രസ്റ്റ് പ്രസിഡണ്ട് ഡോ. പി. ജസ്റ്റിന്‍ ആന്റണി ആവശ്യപ്പെട്ടു.

ഇന്ത്യയിലെ ബന്ധപ്പെട്ട എല്ലാവര്‍ക്കും അപേക്ഷയുടെ പകര്‍പ്പ് സമര്‍പ്പിച്ചിട്ടുണ്ടെന്നും എത്രയും വേഗം പാവപ്പെട്ട മല്‍സ്യതൊഴിലാളികളുടെ മോചനം സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും ഡോ. ജസ്റ്റിന്‍ ആന്റണി ഇന്റര്‍നാഷണല്‍ മലയാളിയോട് പറഞ്ഞു.