Breaking News

ഖത്തര്‍ രാജ്യാന്തര ഭക്ഷ്യമേള മാര്‍ച്ച് 11 മുതല്‍

അമാനുല്ല വടക്കാങ്ങര

ദോഹ. പന്ത്രണ്ടാമത് ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവല്‍ മാര്‍ച്ച് 11 മുതല്‍ 21 വരെ ലുസൈല്‍ ബൊളിവാര്‍ഡില്‍ നടക്കും. ഫൈന്‍ ഡൈനിംഗ് മുതല്‍ സ്ട്രീറ്റ് ഫുഡ് വരെ പാചക മഹത്വം അനുഭവിക്കാനുള്ള സവിശേഷമായ സാഹചര്യമാണ് രാജ്യാന്തര ഭക്ഷ്യമേളയൊരുക്കുകയെന്ന് സംഘാടകരായ ഖത്തര്‍ ടൂറിസം വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും മികച്ച പാചകരീതികളുടെ ആഘോഷം പ്രാദേശിക ഷവര്‍മ മുതല്‍ മെക്‌സിക്കന്‍ ടാക്കോസ്, ലൈബീരിയന്‍ റൈസ് ബ്രെഡ് എന്നിവയുടെ രുചിവരെ ഭക്ഷ്യമേളയിലുണ്ടാകും.

അന്താരാഷ്ട്ര പാചകരീതികള്‍ കൂടാതെ, മജ്ബൂസ്, ലൂയിഖാമത്ത്, കരക് ടീ എന്നിവയുള്‍പ്പെടെയുള്ള ഖത്തറി സ്വാദിഷ്ടമായ വിഭവങ്ങള്‍ ലുസൈല്‍ ബൊളിവാര്‍ഡില്‍ കാണാനാകും.

സ്വാദിഷ്ടമായ ഭക്ഷണവിഭവങ്ങള്‍ക്കൊപ്പം, എല്ലാ രാത്രിയിലും രാത്രി 9 മണിക്ക് വെടിക്കെട്ട്, വിനോദ പരിപാടികള്‍ എന്നിവയുമുണ്ടാകും.

ഭക്ഷ്യമേള സാധാരണ ദിവസങ്ങളില്‍ ഉച്ചക്ക് 2 മണി മുതല്‍ രാത്രി 11 മണി വരെയും വാരാന്ത്യങ്ങളില്‍ ഉച്ചക്ക് 2 മണി മുതല്‍ പുലര്‍ച്ചെ 1 മണി വരെയുമായിരിക്കും.