Breaking News

ഐ.എം.എഫ്- ഐ.എം.എ റഫീഖ് അനുസ്മരണ പ്രസംഗ മത്സരം: മുഹമ്മദ് റിസാന്‍, ആയിഷ ഫാത്തിമ വിജയികള്‍

ദോഹ: പ്രവാസ മണ്ണിലെ പുതുതലമുറയിലും കരുത്തുറ്റ ചിന്തകളും ആശയങ്ങളും പകര്‍ന്ന് മലയാളം ജ്വലിക്കുന്നുവെന്ന ഓര്‍മപ്പെടുത്തലുമായി ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച പ്രഥമ ഐ.എം.എ റഫീഖ് അനുസ്മരണ മലയാള പ്രസംഗ മത്സരത്തിന് ഉജ്ജ്വല സമാപനം. ഐ.സി.സി അശോക ഹാളിളിലെ സദസ്സിനെ സാക്ഷിയാക്കി വിഷയ വൈവിധ്യങ്ങളുമായി പ്രതിഭകള്‍ മാറ്റുരച്ചപ്പോള്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ ഏറെയും തൂത്തുവാരിയത് എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ അബൂ ഹമൂര്‍ ബ്രാഞ്ചിലെ മുഹമ്മദ് റിസാന്‍ ഒന്നാമതായി. ലക്ഷ്മി സുരേഷ് കുമാര്‍ (എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍), അയാന മുഹമ്മദ് ഹാഷിഖ് (ഒലീവ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനക്കാര്‍.

ശക്തമായ മത്സരം നടന്ന ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി ആയിഷ ഫാത്തിമ ബഷീര്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹയായി. അഫിന ഫൈസല്‍ (എം.ഇ.എസ്), മുഹമ്മദ് നസാന്‍ അന്‍വര്‍ (എം.ഇ.എസ്) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനം നേടി.

ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ (ഐ.സി.സി) അശോക ഹാളില്‍ ശനിയാഴ്ച വൈകുന്നേരം അഞ്ച് മുതലായിരുന്നു ഫൈനല്‍ മത്സരങ്ങള്‍. നൂറിലേറെ പേര്‍ പങ്കെടുത്ത പ്രാഥമിക റൗണ്ടില്‍ നിന്നായിരുന്നു ഫൈനല്‍ റൗണ്ടിലേക്ക് 17 പേര്‍ യോഗ്യത നേടിയത്. ഹൈസ്‌കൂള്‍ വിഭാഗം ഫൈനലില്‍ പത്തും. ഹയര്‍ സെക്കന്‍ഡറിയില്‍ ഏഴും പേര്‍ മത്സരിച്ചു. നേരത്തെ നല്‍കിയ വിഷയങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിഷയം ആസ്പദമാക്കിയായിരുന്നു ഓരോരുത്തരും വേദിയിലെത്തിയത്.

റേഡിയോ മലയാളം 98.6 എഫ്.എം സി.ഇ.ഒ അന്‍വര്‍ ഹുസൈന്‍, എഴുത്തുകാരനും പ്രഭാഷകനുമായ ശ്രീനാഥ് ശങ്കരന്‍കുട്ടി, ഡോ. പ്രതിഭ രതീഷ് എന്നിവര്‍ വിധികര്‍ത്താക്കളായി. മാതൃഭാഷയായ മലയാളത്തില്‍ വിഷയങ്ങളെ അപഗ്രഥിക്കാനും അവതരിപ്പിക്കാനുമുള്ള പ്രവാസി മലയാളി വിദ്യാര്‍ഥികളുടെ മികവിനെ വിധികര്‍ത്താക്കള്‍ പ്രശംസിച്ചു.

വൈകീട്ട് നടന്ന സമാപന ചടങ്ങില്‍ ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി ബിന്ദു എന്‍ നായര്‍ സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. ഐ.എം.എഫ് പ്രസിഡന്റ് ഒകെ പരുമല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷഫീഖ് അറക്കല്‍ സ്വാഗതം പറഞ്ഞു. ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠന്‍, ജനറല്‍ സെക്രട്ടറി എബ്രഹാം ജോസഫ്, സെക്രട്ടറി പ്രദീപ് പിള്ള, പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ഇ.എം സുധീര്‍, ഐ.എം.എഫ് സെക്രട്ടറി അന്‍വര്‍ പാലേരി, മുതിര്‍ന്ന അംഗം അര്‍ളയില്‍ അഹമ്മദ് കുട്ടി എന്നിവര്‍ പങ്കെടുത്തു.

ബിന്ദു എന്‍ നായര്‍ക്കുള്ള ഉപഹാരം ഭാരവാഹികള്‍ കൈമാറി. വിധികര്‍ത്താക്കള്‍ക്കുള്ള ഉപഹാരങ്ങള്‍ വൈസ് പ്രസിഡന്റ് സാദിഖ് ചെന്നാടന്‍, പ്രോഗ്രം കമ്മിറ്റി കണ്‍വീനര്‍ കെ.ഹുബൈബ്, ഫൈസല്‍ ഹംസ എന്നിവര്‍ നല്‍കി. ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് വായനാ ഉപഹാരമായി ‘ഗള്‍ഫ് മാധ്യമം’ വാര്‍ഷിക സ്‌കീം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഹാരിസ് വള്ളില്‍ സമ്മാനിച്ചു. സാദിഖ് ചെന്നാടന്‍ ചടങ്ങിന് നന്ദി പറഞ്ഞു. ആര്‍.ജെ നിസ പരിപാടികള്‍ നിയന്ത്രിച്ചു.