Local News

ഇന്‍കാസ് തൃശ്ശൂര്‍ ജില്ല കമ്മറ്റി പ്രസിദ്ധീകരണമായ ദ ഇന്‍സൈറ്റ് ബുള്ളറ്റിന്‍ വി. ടി. ബല്‍റാം പ്രകാശനം ചെയ്തു

ദോഹ. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചരിത്രം വളച്ചൊടിക്കുന്ന കാര്യത്തില്‍ ദേശീയതലത്തിലും, സംസ്ഥാന തലത്തിലും ഉള്ള പ്രമുഖ ഭരണകക്ഷി അംഗങ്ങള്‍ ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് എഐസിസി അംഗവും കോണ്‍ഗ്രസ് നേതാവുമായ വി. ടി. ബല്‍റാം ആരോപിച്ചു. ഖത്തറില്‍ ഇന്‍കാസ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന ന്യൂസ് ബുള്ളറ്റിന്‍ ദ ഇന്‍സൈറ്റിന്റെ ജൂണ്‍ മാസത്തിലെ പതിപ്പിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

ഐക്യ കേരളത്തിലെ ആദ്യത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ആയിരുന്ന ആര്‍. ശങ്കറാണ് ക്ഷേമ പെന്‍ഷന്‍, വിധവ പെന്‍ഷന്‍ തുടങ്ങിയ സമ്പ്രദായങ്ങള്‍ അവതരിപ്പിച്ചതെന്നും, ഇന്ന് ഭരണത്തിലിരിക്കുന്ന പ്രമുഖ പാര്‍ട്ടികള്‍ അവയെ അവരുടെ നയങ്ങളായാണ് ജനങ്ങള്‍ക്കിടയില്‍ അവതരിപ്പിക്കുന്നതെന്നും ബല്‍റാം കുറ്റപ്പെടുത്തി. ദേശിയ തലത്തില്‍ നരസിംഹറാവു സര്‍ക്കാരാണ് ആദ്യമായി ദേശീയ പെന്‍ഷന്‍ സംവിധാനം നടപ്പാക്കിയത്. എന്നാല്‍ ഭരണത്തിലിരിക്കുന്ന പ്രമുഖ കക്ഷി ഈ പദ്ധതിയെ അവരുടെ പേരില്‍ നിന്നുള്ളതായി ജനങ്ങളെ വിശ്വസിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പെന്‍ഷന്‍ സ്‌കീമുകള്‍ക്ക് പുറമേ, തൊഴിലുറപ്പ് പദ്ധതിയെയും കോണ്‍ഗ്രസ്സിന്റെ ചരിത്രത്തില്‍ നിന്ന് അകറ്റാനുള്ള ശ്രമത്തിലാണ് രാജ്യത്തെ പ്രമുഖ ഭരണപക്ഷ കക്ഷികള്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും ബല്‍റാം ആരോപിച്ചു.

ഇത്തരം സാഹചര്യങ്ങള്‍ പ്രതിരോധിക്കാന്‍ ജനാധിപത്യ മതേതരത്വ പ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ ചരിത്രം അറിയുന്നതും അതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതും അത്യന്താപേക്ഷിതമാണ്. ഇതിനായി നമ്മുടെ റിസര്‍ച്ച് വിഭാഗം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദ ഇന്‍സൈറ്റ് പോലുള്ള മാഗസിനുകള്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തിന് ശക്തിയേകട്ടെ എന്നും ബല്‍റാം ആശംസിച്ചു.
ചടങ്ങില്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ, ഐസിസി പ്രസിഡന്റ് എ.പി മണികണ്ഠന്‍, ഇന്‍കാസ് സീനിയര്‍ നേതാക്കളായ, ബഷീര്‍ തുവാരിക്കല്‍, പ്രതീപ് പിള്ള, എബ്രഹാം ജോസഫ്, ഗ. ഗ. ഉസ്മാന്‍, താജുദ്ദീന്‍, ഈപ്പന്‍ തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു.