Local News

നാടിന്റെ നന്മക്ക് നമ്മള്‍ ഒന്നാകണം : പ്രവാസി വെല്‍ഫെയര്‍ സാഹോദര്യയാത്രക്ക് സ്വീകരണം


ദോഹ. ‘നാടിന്റെ നന്മക്ക് നമ്മള്‍ ഒന്നാവണം’ പ്രവാസി വെല്‍ഫെയര്‍ സാഹോദര്യ കാലത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാഹോദര്യ യാത്രക്ക് മലപ്പുറം ജില്ലയിലെ വിവിധ മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി.

മലപ്പുറം മണ്ഡലം നല്‍കിയ സ്വീകരണത്തില്‍ വിവിധ പഞ്ചായത്തുകളും, മുനിസിപ്പാലിറ്റി കമ്മറ്റിയും ജാഥാ ക്യാപ്റ്റന്‍ പ്രവാസി വെല്‍ഫയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹനെ ഹാരാര്‍പ്പനം നടത്തി. സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അംഗം സൈനുദ്ധീന്‍ ചെറുവണ്ണൂര്‍ മുഖ്യ പ്രഭാഷണം നടത്തി. പരിപാടിയോടനുബന്ധിച്ച് നടത്തിയ പായസ മല്‍സരം വളരെ ശ്രദ്ധേയമായി. വിജയികള്‍ക്കും വിവിധ മത്സരപരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കും പ്രസിഡന്റ് ചന്ദ്രമോഹന്‍ ഉപഹാരങ്ങള്‍ കൈമാറി. പ്രവാസി വെല്‍ഫെയര്‍ മലപ്പുറം ജില്ലാ പ്രസിഡണ്ട് അമീന്‍ അന്നാര, ജില്ലാ ജന. സെക്രട്ടറി ഫഹദ് മലപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു. മലപ്പുറം മണ്ഡലം പ്രസിഡന്റ് സയ്യിദ് അക്ബറലി അധ്യക്ഷത വഹിച്ച പരിപാടിക്ക് മണ്ഡലം സെക്രട്ടറി മുഹമ്മദ് ഷമീം സ്വാഗതവും, ഷബീബ് നന്ദിയും പറഞ്ഞു. നസീഫ്, അസ്ഹര്‍, അന്‍വര്‍ സാദത്ത്, നിസാം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. കുട്ടികളുടെ ഒപ്പന, ഗാനവിരുന്ന് എന്നിവയും അരങ്ങേറി.

തിരൂരങ്ങാടി-വേങ്ങര മണ്ഡലങ്ങള്‍ നല്‍കിയ സംയുക്ത സ്വീകരണത്തില്‍ കൂരിയാട് ദേശീയപാത വിഷയത്തില്‍ സര്‍ക്കാറിന്റെ നടപടിക്കായി യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കി. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അംഗം ഷംസീര്‍ ഹസന്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ധീരോജ്വല പോരാട്ടം നടത്തിയ പാരമ്പര്യമുള്ള നമ്മുടെ നാട് വെറുപ്പിന്റെ രാഷ്ട്രീയത്തെ അതിജീവിക്കുമെന്ന് മറുപടി പ്രസംഗത്തില്‍ പ്രവാസി വെല്‍ഫെയര്‍ പ്രസിഡണ്ട് ചന്ദ്രമോഹന്‍ അഭിപ്രായപ്പെട്ടു. ദീര്‍ഘകാല പ്രവാസികളായ ബീരാന്‍ മുഹമ്മദ് എം.പി കൊടിഞ്ഞി, സൈതലവി പറങ്ങോടത്ത് വലിയോറ എന്നിവര്‍ക്ക് പ്രസിഡന്റ് മെമെന്റോ സമ്മാനിച്ചു. ദോഹയിലെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് വേങ്ങരയെ ആദരിച്ചു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ മണ്ഡലത്തിലെ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. പ്രവാസി കണക്ട് മൊബൈല്‍ ആപ്പിനെ കുറിച്ച് മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് ഷാനവാസ് വേങ്ങര പരിചയപ്പെടുത്തി. വേങ്ങര മണ്ഡലം സെക്രട്ടറി നജീബ് ടി സ്വാഗതവും തിരൂരങ്ങാടി സെക്രട്ടറി അബ്ദുസ്സമദ് എ.എം നന്ദിയും പറഞ്ഞു. തിരൂരങ്ങാടി വൈസ് പ്രസിഡണ്ട് സുഹൈല്‍ സി പരിപാടി നിയന്ത്രിച്ചു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അനീസ് മാള, റഷീദലി, നജ്ല നജീബ്, ജനറല്‍ സെക്രട്ടറി ഇദ്രീസ് ഷാഫി, സെക്രട്ടറിമാരായ റഹീം വേങ്ങേരി, റബീഅ് സമാന്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ലത കൃഷ്ണ, സജ്‌ന സാക്കി, മഖ്ബൂല്‍ അഹമ്മദ് തുടങ്ങിയവര്‍ വിവിധയിടങ്ങളിലെ സ്വീകരണ പരിപാടിയില്‍ സംബന്ധിച്ചു.