Local News

സി.ഐ.സിയും ഹാര്‍ട്ട് ഹോസ്പിറ്റലും ചേര്‍ന്ന് നടത്തിയ ഹാര്‍ട്ട് മെഡിക്കല്‍ ക്യാമ്പ് നൂറുകണക്കിനാളുകള്‍ക്ക് തുണയായി

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷനു കീഴിലുള്ള ഹമദ് ഹാര്‍ട്ട് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി.ഐ.സി) സംഘടിപ്പിച്ച അഞ്ചാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നൂറുകണക്കിന് പേര്‍ക്ക് തുണയായി. പ്രവാസി സമൂഹത്തില്‍ ഹൃദയാരോഗ്യത്തെ സംബന്ധിച്ച് അവബോധം വളര്‍ത്തുക, നേരത്തെയുള്ള രോഗനിര്‍ണയ-കണ്‍സള്‍ട്ടേഷന്‍ സേവനങ്ങള്‍ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു ക്യാമ്പ്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവരാണ് ക്യാമ്പിന്റെ ഗുണഭോക്താക്കളായത്.

ഹാര്‍ട്ട് ഹോസ്പിറ്റലില്‍ നടന്ന ക്യാമ്പിന്റെ ഭാഗമായി ആരോഗ്യ ബോധവല്‍ക്കരണ പരിപാടികളും നടന്നു. ഹാര്‍ട്ട് ആശുപത്രിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും മെഡിക്കല്‍ പ്രൊഫഷണലുകളും ക്യാമ്പില്‍ സേവനനിരതരായി. ഹാര്‍ട്ട് ഹോസ്പിറ്റലിനെ പ്രതിനിധീകരിച്ച് മുഹമ്മദ് അല്‍നിഅമ, ലമാ സുഹ്ദി അബുഖലീല്‍, റഗ്ദ ഹമദ്, മുഹമ്മദ് അല്‍അസ്മര്‍, അഹമദ് അല്‍മാലികി , അബ്ദുറഹ്‌മാന്‍ അല്‍ഇമാദി, ഡോ. ഷെയ്ഖ് അഹമദ് അബുല്‍ മാലി, ഡോ. ബാസിം അല്‍ബിസ്ര, ഡോ. ഉമര്‍ ഇബ്രാഹിം, ഡോ. ഫാദി ഖസാല്‍, ഡോ. ഫത്ഹി അഹമദ്, ഡോ. സ്മിത അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

സി.ഐ.സി വൈസ് പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍ കീഴിശ്ശേരി, ബിലാല്‍ ഹരിപ്പാട് (ജനറല്‍ സെക്രട്ടറി), നൗഫല്‍ പാലേരി (കേന്ദ്ര സമിതിയംഗം ), അബ്ദുള്‍ ജലീല്‍ എം.എം (മെഡിക്കല്‍ ക്യാമ്പ് കണ്‍വീനര്‍) തുടങ്ങിയവര്‍ സംബന്ധിച്ചു.

ഹമദ് മെഡിക്കല്‍ കോര്‍പറേഷനും സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയും തമ്മിലുള്ള ശക്തമായ പങ്കാളിത്തം പൊതുജനാരോഗ്യവും രോഗപ്രതിരോധ അവബോധവും വളര്‍ത്തിയെടുക്കുന്നതില്‍ ഏറെ ഫലം ചെയ്യുമെന്ന് ഹാര്‍ട്ട് ഹോസ്പിറ്റല്‍ പ്രതിനിധികള്‍ സൂചിപ്പിച്ചു. പരിപാടി വിജയകരമാക്കാന്‍ സജീവമായി പങ്കെടുത്ത എല്ലാ മെഡിക്കല്‍ സ്റ്റാഫുകള്‍ക്കും വളന്റിയര്‍മാര്‍ക്കും സംഘാടകര്‍ നന്ദി അറിയിച്ചു.