Local News

ഈസക്ക മെമ്മോറിയല്‍ വാഖ് റിയാദ കപ്പ് ഓര്‍ബിറ്റ് എഫ് സി ജേതാക്കള്‍

ദോഹ: വാഖ് സംഘടിപ്പിച്ച ഈസക്ക മെമ്മോറിയല്‍ വാഖ് റിയാദ കപ്പ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ മത്സരത്തില്‍ കരുത്തരായ മേറ്റ്‌സ് ഖത്തറിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഓര്‍ബിറ്റ് എഫ് സി ജേതാക്കളായി.
ദോഹയിലെ ജെംസ് സൂകൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ടൂര്‍ണമെന്റില്‍ 14 ടീമുകള്‍ മാറ്റുരച്ചു. കാണികളുടെ പങ്കാളിത്തം കൊണ്ടും, സംഘാടന മികവ് കൊണ്ടും ടൂര്‍ണ്ണമെന്റ് വളരെ ഗംഭീരമായി.

ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഇ.പി അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍ ദോഹയിലെ കായിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
വാഖ് പ്രസിഡന്റ് അക്ബര്‍ ടി.പി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐസിബിഎഫ് പ്രസിഡന്റ് ഷാന്‍വാസ് ബാവ, ഇന്‍കാസ് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സിദ്ധിഖ് പുറായില്‍, സെക്രട്ടറി കെ.വി ബോബന്‍, ഡോം ഖത്തര്‍ സ്ഥാപക പ്രസിഡന്റ് മഷ്ഹൂദ് തിരുത്തിയാട്, ചാലിയാര്‍ ദോഹ പ്രസിഡന്റ് സി.ടി സിദ്ധീഖ്, സെക്രട്ടറി സാബിഖ്, തുടങ്ങിയ പ്രമുഖര്‍ സന്നിഹിതരായിരുന്നു.

സെക്രട്ടറി ഷാജഹാന്‍ ടി.കെ സ്വാഗതവും , ഷമീര്‍ മണ്ണറോട്ട് നന്ദിയും പറഞ്ഞ ഉത്ഘാടന വേദിയില്‍ ദോഹയിലെ പ്രവാസി മലയാളി സമൂഹത്തിനിടയില്‍ കാല്‍പന്ത് കളിയുടെ ഉന്നമനത്തിനായി പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചുവരുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഫുട്‌ബോള്‍ പ്രൊമോട്ടര്‍മാരായ അബ്ബാസ് ഊട്ടി, നിസ്താര്‍ പട്ടേല്‍, ബഷീര്‍, ദോഹ അലി, അഷ്റഫ് ഫ്രൈഡേ, ഹസ്സന്‍ ചാലാട്, സലീം മേറ്റ്‌സ്, എന്നിവരെ അനുമോദിച്ചു.

ശിശു ദിനത്തിന്റെ ഭാഗമായി ഉദ്ഘാടന മത്സരത്തില്‍ കളിക്കാരുമായി പരിചയപ്പെടാന്‍ സ്‌നേഹത്തിന്റെയും നിഷ്‌കളങ്കതയുടെയും റോസാപ്പൂക്കളുമായി വാഖിന്റെ കുട്ടികള്‍ ഗ്രൗണ്ടിലേക്കെത്തിയത് വാത്സല്യവും കൗതുകവും നിറഞ്ഞ കാഴ്ചയായിരുന്നു.

വിവിധ മത്സരങ്ങളില്‍ മുന്‍ വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.എ റഹ്‌മാന്‍, റിയാദ മെഡിക്കല്‍ സെന്റര്‍ എക്്‌സിക്യൂട്ടീവ് ഷഫീഖ്, ഇസാക്കയുടെ മരുമകന്‍ ആസാദ്, മാത്യു തോമസ്,ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ സാരഥി മണി, കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് സവാദ് വെളിയങ്കോട്, ഡോം ഖത്തര്‍ സെക്രട്ടറി മൂസ താനൂര്‍ , അസീസ് പുറായില്‍ ഡോ:ലിയാക്കതലി എന്നിവര്‍ കളിക്കാരുമായി പരിചയപെട്ടു.

ഫൈനല്‍ മത്സരത്തിന് ശേഷം നടന്ന സമാപന ചടങ്ങില്‍ ടൂര്‍ണ്ണമന്റ് ജേതാക്കളായ ഓര്‍ബിറ്റ് എഫ് സിക്ക് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ജനറല്‍ സെക്രട്ടറി ഹംസ യൂസുഫ് ട്രോഫി കൈമാറി

ടൂര്‍ണ്ണമെന്റ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ റാഷില്‍ പി.വി, കണ്‍വീനര്‍ ആശിഖ് പി.സി, വളണ്ടിയര്‍ ക്യാപ്റ്റന്‍ അഷ്‌റഫ് കാമശേരി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഫുട്‌ബോള്‍ മേളക്ക് വാഖ് എക്‌സിക്യുട്ടീവ് മെമ്പര്‍മാരും വാഖ് വനിതാ വിഭാഗവും കായിക വിഭാഗവും സംഘാടനത്തിന്റെ ഭാഗമായി.
യൂസുഫ് മംദാനിയുടെ നേതൃത്വത്തിലുള്ള ഖ്യൂ എഫ്. എ അംഗീകൃത റഫറിമാരാണ് മത്സരങ്ങള്‍ നിയന്ത്രിച്ചത്.