Breaking News

വൈദ്യുതി സബ്സ്റ്റേഷനുകള്‍ക്ക് മുന്നില്‍ ഒരു കാരണവശാലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത് – കഹ്റാമ

ദോഹ: ഖത്തറില്‍ വൈദ്യുതി സബ്സ്റ്റേഷനുകള്‍ക്ക് മുന്നില്‍ ഒരു കാരണവശാലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്ന് ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്‍, കഹ്റാമ മുന്നറിയിപ്പ് നല്‍കി. വൈദ്യുതി സബ്സ്റ്റേഷനുകള്‍ക്ക് നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ നേരത്തെ തന്നെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലരും അത് ഗൗനിക്കാറില്ല.

അടിയന്തര, ഷെഡ്യൂള്‍ ചെയ്ത അറ്റകുറ്റപ്പണികള്‍ക്ക് നേരിട്ട് തടസ്സമാകുന്നതിനാല്‍ ഈ രീതി കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്ന് എക്സിലെ ഒരു പോസ്റ്റില്‍ കഹ്റാമ പറഞ്ഞു.

രാജ്യത്തെ വൈദ്യുതി ശൃംഖലയുടെ കാര്യക്ഷമത, വിശ്വാസ്യത, തുടര്‍ച്ച എന്നിവ ഉറപ്പാക്കാന്‍ ഡ്രൈവര്‍മാര്‍ ഈ നിര്‍ദ്ദേശം പാലിക്കണമെന്നും ഈ പ്രദേശങ്ങളില്‍ പാര്‍ക്കിംഗ് ഒഴിവാക്കണമെന്നും കോര്‍പ്പറേഷന്‍ അഭ്യര്‍ത്ഥിച്ചു.

ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുന്നത് നിയമനടപടികള്‍ക്കും പിഴകള്‍ക്കും കാരണമാകുമെന്ന് അത് മുന്നറിയിപ്പ് നല്‍കി.