Local News

ഫിഫ 2022 ലോകകപ്പ് ദോഹ ഹോസ്പിറ്റാലിറ്റി നിസ്തുലം- ജോസ് ഫിലിപ്പ്


അമാനുല്ല വടക്കാങ്ങര

2022 ല്‍ ഖത്തര്‍ ആതിഥ്യം വഹിച്ച ഫിഫ 2022 ലോകകപ്പ് ദോഹയുടെ ഹോസ്പിറ്റാലിറ്റി നിസ്തുലമായിരുന്നുവെന്ന് പ്രമുഖ സംരംഭകനും സെപ്രോടെക്, അംവാജ് കമ്പനികളുടെ സിഇഒയുമായ ജോസ് ഫിലിപ്പ് അഭിപ്രായപ്പെട്ടു. ഫിഫ 2026 മല്‍സരങ്ങള്‍ കണ്ട് അമേരിക്കയില്‍ നിന്നും ദോഹയില്‍ തിരിച്ചെത്തിയ അദ്ദേഹം ഇന്റര്‍നാഷണല്‍ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സാധാരണക്കാര്‍ക്കും ചുരുങ്ങിയ നിരക്കില്‍ ടിക്കറ്റെടുക്കാനും കളി കാണാനും ഖത്തര്‍ സൗകര്യമൊരുക്കിയപ്പോള്‍ ഫിഫ 2026 സാധാരണക്കാര്‍ക്ക് അപ്രാപ്യമായിരുന്നു. ഉയര്‍ന്ന ടിക്കറ്റ് നിരക്കും മറ്റു ചിലവുകളുമാണ് കാല്‍പന്തുകളിയെ സാധാരക്കാര്‍ക്ക് അപ്രാപ്യമാക്കിയത്.

ഖത്തറിന്റെ ആതിഥ്യം, സംഘാടന മികവ്, കാല്‍പന്തുകളിയോടുള്ള പരിഗണന എന്നിവ കൂടുതല്‍ ബോധ്യപ്പെടുത്തുന്നതായിരുന്നു ഫിഫ 2026 അനുഭവങ്ങള്‍. വോളണ്ടിയര്‍മാരുടെ കുറവും ഹോസ്പിറ്റാലിറ്റി രംഗത്തെ പരിമിതമായ സേവനങ്ങളും 2026 ലോകകപ്പില്‍ കാല്‍പന്തുകളിയാരാധകര്‍ വിശിഷ്യാ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അഭിമുഖീകരിച്ചു.

ഖത്തറില്‍ ലോകകപ്പുമായി ബന്ധപ്പെട്ട വളണ്ടിയര്‍മാരുടെ സേവനം മികച്ചതായിരുന്നു. ലോകത്തിന്റെ ഏത് ഭാഗത്തുനിന്നുമെത്തിയവര്‍ക്കും വഴി കാണിക്കാനും ആവശ്യമായ വിവരങ്ങള്‍ നല്‍കാനും പരിശീലനം ലഭിച്ച വളണ്ടിയര്‍മാരുണ്ടായിരുന്നു. അമേരിക്കന്‍ രീതിയനുസരിച്ച് ഇത്തരം സേവനങ്ങള്‍ പരിമിതമായിരുന്നു.

സൗജന്യ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സൗകര്യം, മെട്രോ സേവനം എന്നിവ ഖത്തര്‍ ലോകകപ്പിനെ സവിശേഷമാക്കിയെങ്കില്‍ ഇതൊന്നും ഫിഫ 2026 ല്‍ ലഭ്യമായിരുന്നില്ല.

ഫിഫ ലോകകപ്പ് സമയത്ത് ഖത്തറില്‍ ഫുട്‌ബോള്‍ ആവേശം രാജ്യമൊട്ടുക്കും വ്യാപകമായിരുന്നു. എന്നാല്‍ അമേരിക്കയില്‍ ആവേശം സ്റ്റേഡിയങ്ങള്‍ക്കുള്ളില്‍ പരിമിതമായിരുന്നു.

ഫിഫ 2022 ലോകകപ്പിനെ ജനകീയമാക്കുകയും കാല്‍പന്തുകളിയെ സാധാരണക്കാരുടെ ആഘോഷമാക്കുകയും ചെയ്ത ഖത്തറിനേയും ഭരണാധികാരികളേയും എത്ര പ്രശംസിച്ചാലും മതിയാവില്ല.