ഓണം: മലയാളിയുടെ സമത്വസുന്ദരമായ കൂട്ടായ്മയുടെ ആഘോഷം

ഷാനവാസ് ബാവ, പ്രസിഡണ്ട്, ഐസിബിഎഫ്
മലയാളിയുടെ മനസ്സിന് എന്നും കുളിര്‍മയേകുന്ന ഒരോര്‍മ്മയാണ് ഓണം. പൂവിളികളുടെയും, തുമ്പപ്പൂക്കളുടെയും, നന്മയുടെയും ഓര്‍മ്മ പുതുക്കലായി ചിങ്ങമാസത്തിലെ തിരുവോണം വീണ്ടുമെത്തുന്നു. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ ഓണം കേവലം ഒരു പ്രാദേശിക ഉത്സവമല്ല, മറിച്ച് ജാതിമത ഭേദമന്യേ സര്‍വ്വ മലയാളികളും ഒന്നിച്ചു ആഘോഷിക്കുന്ന സാഹോദര്യത്തിന്റെ മഹനീയ ഉത്സവമാണ്.
ഒരുകാലത്ത് അത്തം നാള്‍ മുതല്‍ നാട്ടിന്‍പുറങ്ങളിലെ തൊടികളിലും വഴിയോരങ്ങളിലും നടന്ന് തുമ്പ, മുക്കുറ്റി, കാക്കപ്പൂ, തെച്ചി, മന്ദാരം, ചെമ്പരത്തി തുടങ്ങി പ്രകൃതി നല്‍കിയ നാടന്‍ പൂക്കള്‍ ശേഖരിച്ചായിരുന്നു കുട്ടികളും മുതിര്‍ന്നവരും പൂക്കളമൊരുക്കിയിരുന്നത്. എന്നാല്‍ ഇന്ന് നാട്ടിന്‍പുറങ്ങളില്‍ പോലും ഈ നാടന്‍ പൂക്കള്‍ അപൂര്‍വ്വമായി മാറിയിരിക്കുന്നു. ഗ്രാമങ്ങളിലെ പച്ചപ്പും തൊടികളും കുറഞ്ഞതോടെ, തമിഴ്നാട്, കര്‍ണാടക തുടങ്ങിയ അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് ലോറികളിലെത്തുന്ന ജണ്ടുമല്ലി, വാടാമുല്ല, അരളി, ജര്‍ബറ തുടങ്ങിയ പൂക്കളെയാണ് നാം ഇന്ന് പൂക്കളമിടാന്‍ പ്രധാനമായും ആശ്രയിക്കുന്നത്. അത്തപ്പുലരികളില്‍ പൂ വിപണിയിലെത്തുന്ന ഈ അന്യസംസ്ഥാന പൂക്കള്‍ പൂക്കളങ്ങള്‍ക്ക് നിറപ്പകിട്ട് കൂട്ടുന്നുണ്ടെങ്കിലും, പണ്ടത്തെ നാടന്‍ പൂക്കളുടെ സുഗന്ധവും പൂക്കള്‍ ശേഖരിക്കാന്‍ പോകുന്ന ആ സന്തോഷവും പുതിയ തലമുറയ്ക്ക് നഷ്ടമാകുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.
‘ഉണ്ണാന്‍ ഓണം വേണം’ എന്നൊരു ചൊല്ലുതന്നെയുണ്ട്. ഓണാഘോഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് നാക്കിലയില്‍ വിളമ്പുന്ന ഓണസദ്യ.
ഉപ്പേരി, ശര്‍ക്കരവരട്ടി, ഇഞ്ചിപ്പുളി, നാരങ്ങ അച്ചാര്‍, കാളന്‍, ഓലന്‍, അവിയല്‍, തോരന്‍, കൂട്ടുകറി, സാമ്പാര്‍, പരിപ്പുകറി, മോര്, നെയ്യ് എന്നിവയോടൊപ്പം പലതരം പായസങ്ങളും (അടപ്രഥമന്‍, പാലട, പരിപ്പ് പായസം) ചേരുമ്പോഴാണ് സദ്യ പൂര്‍ണ്ണമാകുന്നത്. ഓരോ വിഭവത്തിനും കൃത്യമായ സ്ഥാനവും വിളമ്പല്‍ രീതിയുമുണ്ടെന്നത് മലയാളിയുടെ ഭക്ഷണസംസ്‌കാരത്തിന്റെ പ്രത്യേകതയാണ്.
ആഘോഷ രീതികളില്‍ മാറ്റങ്ങള്‍ വന്നുവെങ്കിലും നാട്ടിന്‍പുറങ്ങളിലെ ഓണാഘോഷങ്ങള്‍ ഒട്ടും മാറ്റുകൂടാതെ തുടരുന്നു. ക്ലബ്ബുകളുടെയും ഗ്രന്ഥശാലകളുടെയും നേതൃത്വത്തില്‍ നടക്കുന്ന മത്സരങ്ങള്‍ ഗ്രാമങ്ങളെ ഉത്സവ ലഹരിയിലാക്കുന്നു. വള്ളംകളികള്‍ കേരളത്തിന്റെ മാത്രം സവിശേഷതയാണ്. വഞ്ചി പാട്ടിന്റെ താളത്തിനൊത്ത് ചുണ്ടന്‍വള്ളങ്ങള്‍ നീന്തിത്തുഴയുന്നത് കാണാന്‍ ആയിരക്കണക്കിന് ആളുകളാണ് എത്തിച്ചേരുന്നത്. നാടന്‍ കളികള്‍ ആയ വടംവലി, കസേരകളി, ഉറിയടി, സുന്ദരിക്ക് പൊട്ടുകുത്തല്‍ എന്നിവ ആഘോഷത്തിന് ആവേശം കൂട്ടുന്നു. മറ്റു കലാരൂപങ്ങളായ പുലിക്കളി, ഓണത്തപ്പന്‍ എഴുന്നള്ളത്ത്, തുമ്പിതുള്ളല്‍, കൈകൊട്ടിക്കളി, തിരുവാതിരക്കളി എന്നിവ ഗ്രാമാന്തരീക്ഷത്തിന് വസന്തം പകരുന്നു.
പഴമയുടെ ഓര്‍മ്മപ്പെടുത്തലുകള്‍ക്കൊപ്പം, ഐക്യത്തിന്റെയും പങ്കുവെക്കലിന്റെയും സന്ദേശമാണ് ഓണം നമ്മിലേക്ക് എത്തിക്കുന്നത്. കാലഘട്ടത്തിനനുസരിച്ച് ആഘോഷങ്ങളില്‍ മാറ്റങ്ങള്‍ വന്നാലും, മനുഷ്യരെല്ലാം ഒന്നുപോലെ വാണിരുന്ന ആ നല്ല നാളുകളെക്കുറിച്ചുള്ള സങ്കല്‍പ്പം ഇന്നും മലയാളിയുടെ മനസ്സിന് പ്രചോദനം നല്‍കുന്നു. ഈ ശുഭവേളയില്‍ ഏവര്‍ക്കും സ്‌നേഹവും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഐശ്വര്യപൂര്‍ണ്ണമായ ഓണാശംസകള്‍
