ഐസിസിയുടെ നൂറാമത് വെനസ്ഡേ ഫിയസ്റ്റ സെപ്റ്റംബര്‍ 30ന്

അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ (ഐസിസി) പ്രതിവാര കലാ-സാംസ്കാരിക പരിപാടിയായ വെനസ്ഡേ ഫിയസ്റ്റയുടെ നൂറാമത് എപ്പിസോഡ് സെപ്റ്റംബര്‍ 30ന് ഐസിസി അശോക ഹാളില്‍ നടക്കും. പ്രശസ്ത ഹിന്ദുസ്ഥാനി, ഗസല്‍ ഗായകന് പത്മകുമാറിന്റെ സംഗീതവിരുന്നാണ് നൂറാമത് എപ്പിസോഡിലെ പ്രധാന ആകര്‍ഷണം. വിവിധ നൃത്താവതരണങ്ങളും പരിപാടിയുടെ ഭാഗമായി അരങ്ങേറും.
ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിലെ കലാകാരന്മാര്ക്ക് അവരുടെ സര്‍ഗാത്മക കഴിവുകള്‍ അവതരിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ 2019ലാണ് വെനസ്ഡേ ഫിയസ്റ്റയ്ക്ക് തുടക്കമിട്ടത്. കോവിഡ് കാലത്ത് പരിപാടി താല്‍ക്കാലികമായി നിര്‍ത്തിവെക്കേണ്ടി വന്നെങ്കിലും പിന്നീട് കൂടുതല്‍ ഊര്‍ജത്തോടെയും പുതുമയോടെയും ഫിയസ്റ്റ പുനരാരംഭിക്കുകയായിരുന്നുവെന്ന് ഐസിസി പ്രസിഡന്റ് എ. പി. മണികണ്ഠന് പറഞ്ഞു.
ഐസിസി അശോക ഹാളില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ വെനസ്ഡേ ഫിയസ്റ്റയിലും ശരാശരി നൂറോളം കലാകാരന്മാര് വിവിധ കലാരൂപങ്ങളുമായി വേദിയിലെത്തിയിട്ടുണ്ടെന്ന് എ. പി. മണികണ്ഠന് പറഞ്ഞു. ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിലെ കലാകാരന്മാര്ക്ക് തങ്ങളുടെ കഴിവുകള്‍ അവതരിപ്പിക്കാനുള്ള മികച്ച വേദിയായി മാറിയ വെനസ്ഡേ ഫിയസ്റ്റ, സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയ ഒരു സാംസ്കാരിക സംരംഭമായി വളര്‍ന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വിവിധ കലാരൂപങ്ങളെയും സാംസ്കാരിക വൈവിധ്യങ്ങളെയും ഒരേ വേദിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതാണ് വെനസ്ഡേ ഫിയസ്റ്റയുടെ പ്രധാന പ്രത്യേകതകളിലൊന്നെന്നും അദ്ദേഹം പറഞ്ഞു.
നൂറാമത് എപ്പിസോഡ് ആഘോഷപരിപാടി കൂടുതല്‍ ശ്രദ്ധേയമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ഐസിസി പ്രസിഡന്റ് എ. പി. മണികണ്ഠന്, ജനറല്‍ സെക്രട്ടറി എബ്രഹാം ജോസഫ്, ഉപദേശക സമിതി ചെയര്മാന് പി. എന്‍. ബാബുരാജന്, വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ, കള്‍ച്ചറല്‍ സെക്രട്ടറി നന്ദിനി അബ്ബഗൗണി, ഹെഡ് ഓഫ് അഫിലിയേഷന് രവീന്ദ്ര പ്രസാദ്, ഹെഡ് ഓഫ് എച്ച്.ആര്. രാഗേഷ് വാഗ്, ഹെഡ് ഓഫ് എക്സ്റ്റേണല്‍ ആക്റ്റിവിറ്റീസ് പൂര്‍വി ഷ്രോഫ് എന്നിവര്‍ പങ്കെടുത്തു.
നൂറ് എപ്പിസോഡുകള്‍ പിന്നിടുന്ന വെനസ്ഡേ ഫിയസ്റ്റ, ഖത്തറിലെ ഇന്ത്യന്‍ കലാ-സാംസ്കാരിക രംഗത്തെ ശ്രദ്ധേയമായൊരു വേദിയായി മാറിയതിന്റെ ആഘോഷം കൂടിയാണ്.
