ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ‘ഖിഫ്’ പ്രതിനിധി സംഘം

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഫോറം പ്രസിഡന്റ് ഷറഫ് പി. ഹമീദിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇന്ത്യന്‍ അംബാസഡര്‍ ഡോ. കെ. ശ്രീകര്‍ റെഡ്ഡിയുമായി ദോഹയിലെ ഇന്ത്യന്‍ എംബസിയില്‍ കൂടിക്കാഴ്ച നടത്തി.
ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കിടയില്‍ ഫുട്ബോള്‍ പ്രോത്സാഹിപ്പിക്കുന്നതിനും കായിക പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹിക പങ്കാളിത്തവും കൂട്ടായ്മയും ശക്തിപ്പെടുത്തുന്നതിനുമായി ഖത്തര്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഫോറം നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളും സംരംഭങ്ങളും പ്രതിനിധി സംഘം അംബാസഡറെ ധരിപ്പിച്ചു.
പ്രവാസികള്‍ക്കിടയില്‍ സജീവമായ പങ്കാളിത്തം വളര്‍ത്തുന്നതിനും യുവപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക ഐക്യവും കൂട്ടായ്മയും ശക്തിപ്പെടുത്തുന്നതിനും ഫുട്ബോള്‍ ഉള്‍പ്പെടെയുള്ള കായിക പ്രവര്‍ത്തനങ്ങള്‍ വഹിക്കുന്ന പങ്ക് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഗ്രാസ്റൂട്ട് തലത്തിലുള്ള ഫുട്ബോള്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്തുന്നതിനും ഇന്ത്യന്‍ സമൂഹത്തിലെ വളര്‍ന്നുവരുന്ന കായിക പ്രതിഭകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതിനുമായി ഭാവിയില്‍ സഹകരണത്തിനും പിന്തുണയ്ക്കുമുള്ള സാധ്യതകളും ചര്‍ച്ച ചെയ്തു.
ഖത്തര്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഫോറം നടത്തുന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച അംബാസഡര്‍, ഇന്ത്യന്‍ സമൂഹത്തില്‍ കായികരംഗം പ്രോത്സാഹിപ്പിക്കുന്നതിനും ഐക്യവും സഹവര്‍ത്തിത്വവും ശക്തിപ്പെടുത്തുന്നതിനുമുള്ള ഫോറത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്കി.
സമയവും വിലപ്പെട്ട നിര്‍ദേശങ്ങളും പ്രോത്സാഹനവും നല്കിയ അംബാസഡറോട് പ്രതിനിധി സംഘം നന്ദി രേഖപ്പെടുത്തി. ഫുട്ബോള്‍ വികസനം, യുവപ്രതിഭകളുടെ പരിപോഷണം, കായിക പ്രവര്‍ത്തനങ്ങളിലൂടെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ ഐക്യവും സൗഹാര്‍ദവും ശക്തിപ്പെടുത്തല്‍ എന്നിവയ്ക്കായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് ഫോറം അറിയിച്ചു.
ചീഫ് അഡൈ്വസര്‍ ഷാനവാസ്, വൈസ് പ്രസിഡന്റ് സുഹൈല്‍ ശാന്തപുരം, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷമീന്‍, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുഹ്സിന്, ഹംസ, അജ്മല്‍, ഷാനിബ്, നിസ്താര്‍ പട്ടേല്‍, അന്‍വര്‍ ഹുസൈന് എന്നിവരാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.
അംബാസഡറോടൊപ്പം കോണ്‍സുലര്‍ (ഹെഡ് ഓഫ് ചാന്‍സറി ആന്‍ഡ് കോണ്‍സുലാര്‍) ഡോ. വൈഭവ് എ. തണ്ടാലെയും സംബന്ധിച്ചു.
