ഐ.സി.ബി.എഫ് ഡേ 2026 പ്രൗഢ ഗംഭീരമായി ആഘോഷിച്ചു

ദോഹ: ഖത്തറിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനും സാമൂഹിക ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെ ദ്വൈവാര്‍ഷിക ആഘോഷമായ ‘ഐസിബിഎഫ് ഡേ 2026’ അല്‍ വക്‌റയിലെ ഡി.പി.എസ്. മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളില്‍ പ്രൗഢ ഗംഭീരമായി ആഘോഷിച്ചു.
പ്രശസ്ത ദക്ഷിണേന്ത്യന്‍ ഗായകരായ അജയ് വാര്യരും ദിവ്യ രാമചന്ദ്രയും അണിനിരന്ന സംഗീതവിരുന്നോടെ വൈകുന്നേരം ആറു മണിക്ക് പരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. കെ. ശ്രീകര്‍ റെഡ്ഡി ഔദ്യോഗിക ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഖത്തറിലെ ശ്രീലങ്കന്‍ അംബാസഡര്‍ റോഷന്‍ സിത്താര ഖാന്‍, അഫ്ഗാനിസ്ഥാന്‍ എംബസി ഫസ്റ്റ് സെക്രട്ടറി റൂഹാനി ഗയാസി, ഖത്തര്‍ തൊഴില്‍ മന്ത്രാലയ പ്രതിനിധി ഖാലിദ് അല്‍ ഫഖ്‌റു എന്നിവര്‍ വിശിഷ്ടാതിഥികളായി ചടങ്ങില്‍ പങ്കെടുത്തു.
ഐസിബിഎഫിന്റെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍, നേട്ടങ്ങള്‍, സാമൂഹിക ക്ഷേമ പദ്ധതികള്‍ എന്നിവ സമഗ്രമായി പ്രതിപാദിക്കുന്ന സ്മരണികയായ ‘സമര്‍പ്പണം 2026’ ചടങ്ങിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്നു. ഇന്ത്യന്‍ അംബാസഡര്‍ ഡോ. കെ. ശ്രീകര്‍ റെഡ്ഡി സുവനീര്‍ ഔദ്യോഗികമായി പ്രകാശനം ചെയ്തു.
ചടങ്ങിനോടനുബന്ധിച്ച് ഇന്ത്യന്‍ അംബാസഡര്‍ ഐസിബിഎഫിന്റെ രണ്ട് സുപ്രധാന ക്ഷേമപദ്ധതികള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികള്‍ക്കായി നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികളുടെ ഹെല്‍പ് ഡെസ്‌ക് പ്രവാസി സാഥി അംബാസഡര്‍ ഉത്ഘാടനം ചെയ്തു – വിവിധ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ആവശ്യമായ സേവനസഹായവും ഇതിലൂടെ ലഭ്യമാക്കുകയാണ് ലക്ഷ്യം.
ഖത്തറില്‍ താമസിക്കുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ പഠനമികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായം നല്‍കുന്നതിനായി രൂപകല്‍പ്പന ചെയ്ത പദ്ധതിയാണ് വിദ്യാജ്യോതി. സാമ്പത്തിക പരിമിതികള്‍ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് തടസ്സമാകാതിരിക്കാന്‍ സഹായിക്കുകയും അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ പഠനമികവിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഇന്ത്യന്‍ എംബസിയിലെ ഐ സി ബി എഫ് കോര്‍ഡിനേറ്റിംഗ് ഓഫീസറും ഫസ്റ്റ് സെക്രട്ടറിയുമായ ഹരീഷ് പാണ്ഡെ, ഫസ്റ്റ് സെക്രട്ടറി അശ്വനി കുമാര്‍, പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാര ജേതാവ് ഡോ. മോഹന്‍ തോമസ്, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് എ. പി. മണികണ്ഠന്‍, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഇ. പി. അബ്ദുല്‍ റഹ്‌മാന്‍, ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് അബ്ദുല്‍ സത്താര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഐസിബിഎഫ് അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാന്‍ കെ. എസ്. പ്രസാദ്, മുന്‍ ഐസിബിഎഫ് പ്രസിഡന്റുമാരായ പി. എന്‍. ബാബുരാജന്‍, നീലാംഗ്ഷു ഡേ, എന്‍. വി. ഖാദര്‍, ഡേവിസ് എടക്കളത്തൂര്‍, സിയാദ് ഉസ്മാന്‍ എന്നിവരും സന്നിഹിതരായിരുന്നു. മുന്‍ ഐസിബിഎഫ് ജനറല്‍ സെക്രട്ടറിയും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനുമായ കെ. വി. ബോബന്‍, വിവിധ കമ്മ്യൂണിറ്റി സംഘടനകളുടെ പ്രതിനിധികള്‍, സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍, മറ്റ് നിരവധി കമ്മ്യൂണിറ്റി നേതാക്കള്‍ എന്നിവരും ആഘോഷത്തില്‍ പങ്കുചേര്‍ന്നു.
ഐസിബിഎഫ് ഡേ 2026-ലെ ഏറ്റവും ശ്രദ്ധേയമായ ചടങ്ങുകളിലൊന്ന് സമൂഹക്ഷേമത്തിനും മാനവിക സേവനത്തിനും വിവിധ മേഖലകളില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ 19 വ്യക്തികളെ ആദരിച്ച ചടങ്ങായിരുന്നു. പ്രശസ്തമായ കാഞ്ചാനി പുരസ്‌കാരം ഐസിബിഎഫ് അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാന്‍ കെ. എസ്. പ്രസാദ്, കെ. പി. അബ്ദുല്‍ ഹമീദ് മെമ്മോറിയല്‍ അവാര്‍ഡ്: മുന്‍ ഐസിബിഎഫ് പ്രസിഡന്റ് എന്‍. വി. ഖാദര്‍. സി. കെ. മേനോന്‍ മെമ്മോറിയല്‍ അവാര്‍ഡ് ഏറ്റവും സാമൂഹിക പ്രതിബദ്ധതയുള്ള വ്യവസായി: മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ് സ്ഥാപകന്‍ ഡോ. സി. കെ. നൗഷാദ്. ഐസിബിഎഫ് ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് ജയതി ബി. മൈത്ര.എന്നിവര്‍ ഏറ്റു വാങ്ങി.
അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, മുഹമ്മദ് ഹുസൈന്‍ എച്ച്., ശിവരാമന്‍ രാമസാമി, വിരല്‍ ടി. ഭട്ട്, മധുകര്‍ മൈദം, കിരണ്‍ ആനന്ദ്, ഗരിമ മെഹ്ദിരത്ത, ഒസാമ ഷംസീ, അഞ്ജന മേനോന്‍, ജയപാല്‍ മാധവന്‍, മുഹമ്മദ് അബ്ദുല്‍ റഊഫ്, സന്ധ്യ കുമാരി, വി. എസ്. അബ്ദുല്‍ റഹ്‌മാന്‍, മന്‍സൂര്‍ അലി സി., സാദിഖലി ചെന്നാടന്‍ എന്നിവര്‍ ഐ.സി.ബി.എഫ് ദിന അവാര്‍ഡ് സ്വീകരിച്ചു.
ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി ദീപക് ഷെട്ടി സ്വാഗതവും സെക്രട്ടറി ജാഫര്‍ തയ്യില്‍ നന്ദിയും പറഞ്ഞു. ആര്‍.ജെ. അന്‍ഷു പരിപാടിയുടെ അവതാരകയായിരുന്നു.
