കുടുംബ ജീവിത കലഹ പാത്രങ്ങള്‍
ഇഖ്ബാല്‍ പി കെ വയനാട്

അടുക്കളയില്‍ നിന്നും സംഗീതാത്മകമായ സരിഗമയുടെ പെരുമഴ കേട്ടു മക്കള്‍ രണ്ട് പേരും പുതപ്പിനുള്ളില്‍ നിന്നും തല പുറത്തേക്കിട്ടു…
ഉം.. അവധി ദിവസമായ ഇന്നത്തെ കച്ചേരി നേരത്തെ തുടങ്ങിയല്ലോ..
മമ്മിയാണല്ലോ മദ്ദളം കൊട്ടുന്നത്..
ഡാഡി പണ്ടേ ഗിത്താറാണല്ലോ വായിക്കാറ്..
മുറിച്ച് വാങ്ങാതെ കെട്ടിയെടുത്ത മീനാണ് ഇന്നത്തെ വിഷയമെന്ന് അടുക്കളയില്‍ നിന്നും കോളാമ്പി മൈക്കിനേക്കാള്‍ ഉച്ചത്തില്‍ പുറത്തു വന്ന സംസാരത്തില്‍ അവര്‍ക്ക് മനസ്സിലായി. ഇനി, രണ്ട് പേരും കച്ചേരി കഴിഞ്ഞ് വിശ്രമിക്കട്ടെ. എന്നിട്ട് എഴുന്നേല്‍ക്കാം. അവര്‍ പുതപ്പിനുള്ളിലേക്ക് വലിഞ്ഞു കൊണ്ട് മൊബൈലില്‍ യൂട്യൂബിലേക്ക് ചേക്കേറി.
മനസ്സില്‍ വിചാരിക്കുന്നത് മാനത്തു വരുന്നത് പോലെയാണല്ലോ ഇപ്പോഴത്തെ ടെക്നോളജി അത്ഭുതം.. അവരുടെ വിഷയം ദേ മുന്നില്‍ കിടന്നു മിന്നുന്നു. ‘കുടുംബ ജീവിതം ധന്യമാക്കുവാന്‍’ .. എന്ന ടൈറ്റില്‍ കണ്ട് അവര്‍ അവിടെ ക്ലിക്ക് ചെയ്തു. ഒരു ഗുരുവിന്റെ വാക്കുകളാണ്. അവര്‍ ശ്രദ്ധയോടെ കേട്ടു തുടങ്ങി.
‘.. കുടുംബ ജീവിതമെന്നാല്‍ ഒരു അടുക്കള പോലെയുള്ള ഊട്ടു പുരയാണ്. വിവിധ രൂപത്തിലും വര്‍ണ്ണത്തിലുമുള്ള ചട്ടിയും കലവും ചെമ്പും കുടുക്കയും പാന്‍ പാത്രങ്ങളുമെല്ലാം വിവിധ തരത്തിലുള്ള രുചിയൂറും വിഭവങ്ങള്‍ സമ്മാനിക്കുന്ന ഒന്നൊന്നര മുതലുകളാണ്.
ഇതൊക്കെയും തേച്ചു മിനുക്കി അടുപ്പത്ത് വെച്ച് പാകം ചെയ്യുന്ന പാചകക്കാരുടെ കൈപ്പുണ്യങ്ങള്‍ കൂടി ഒത്തു ചേരുകയും ഒപ്പം ചേര്‍ക്കുന്ന മസാലകളും കൂടി കനിഞ്ഞാല്‍ മാത്രമേ നല്ലൊരു വിഭവം തീന്മേശയില് വിളമ്പുവാന്‍ സാധിക്കൂ എന്നതാണ് അതിന്റെ ഒരിത്.
ചപ്പാത്തിക്കോലു പോലെ തലങ്ങും വിലങ്ങും ഉരുണ്ടു കൊണ്ട്, ഭാരം പേറുന്ന കഞ്ഞിക്കലത്തിന്റെ മനസ്സുമായി, ദോശക്കല്ല് പോലെ ക്ഷമയോടെ അനങ്ങാതെയിരുന്ന്, ഉരുളിചെമ്പ് പോലെ തിളങ്ങുന്ന മുഖവുമായി സഹധര്‍മ്മിണി വെച്ചു വിളമ്പുന്ന വിഭവങ്ങള്‍ക്ക് രുചി പോരാ എന്ന് തോന്നിയാല്‍ ആ വാക്ക് കൂടി ഭക്ഷണത്തോടൊപ്പം അങ്ങ് വിഴുങ്ങുന്നതാണ് ഒരു സന്തുഷ്ട കുടുംബാന്തരീക്ഷത്തിന് അഭികാമ്യമെന്ന് മനസ്സിലാക്കുക.
വളയിട്ട കൈകളില്‍ കരിയുടെ ചായം പൂശി കരിവളയിട്ട പെണ്ണിന്റെ കരവിരുതില്‍ ഉരിയുന്ന രുചി വൈഭവം നിറഞ്ഞു തുളുമ്പുന്ന പാചകപ്പുര പണ്ട് കാലം മുതലേ അടുക്കളക്കാരികളുടെ കുത്തകയാണെന്ന് ഓര്‍ക്കുക.
ആയുഷ്കാലം മുഴുവന്‍ കരി പുരണ്ട എഞ്ചിന് പോലെ അടുക്കളയില്‍ ചെലവഴിച്ചു അവസാനം ചുക്കിച്ചുളിഞ്ഞ അലൂമിനിയം പാത്രം പോലെ ആയി മാറുന്ന പഴയ അടുക്കളക്കാരികളല്ല ഇന്ന് എന്നറിയുക. വിശപ്പിന്റെ വിളികള്ക്കറുതി വരുത്താന്‍ കൈ കഴുകി തീന് മേശക്കരികെ ഇരിക്കുമ്പോള്‍ ഓര്‍ക്കുക. മേശപ്പുറത്ത് കാണുന്ന വിഭവങ്ങളൊന്നും താനേ ഉണ്ടാവുന്നതല്ല. അതിനു പിന്നില്‍ ഒത്തിരി കഷ്ടപ്പാടുകളും പ്രയാസങ്ങളുമുണ്ട്. അതിനാല്‍ ക്ഷമ കൈവരിക്കുക. പ്രശംസിക്കുക. അടുക്കള കാര്യങ്ങള്‍ അടുക്കളക്കാരികള്‍ക്ക് വിട്ടു കൊടുക്കുക.
ആഹാര കാര്യത്തിലെ എഞ്ചിനീയര്‍മാരായ സഹധര്‍മ്മിണികള്‍ പറയുന്നത് അനുസരിച്ചാല്‍ തത്കാലം പട്ടിണിയില്ലാതെ സന്തുഷ്ട കുടുംബം നയിക്കുവാന്‍ സാധിക്കും. അല്ലെങ്കില്‍ ജീവിതം അടുക്കളയില്‍ കലഹിക്കുന്ന പാത്രങ്ങള്‍ പോലെയാവും.
കുട്ടികള്‍ രണ്ട് പേരും പരസ്പരം നോക്കി. നമുക്കിത് ഡാഡിയെയും മമ്മിയെയും കേള്‍പ്പിച്ചാലോ.. ഗുഡ് ഐഡിയ.. രണ്ടാമന് തമ്പ് അടിച്ചു.
വീണ്ടും മൊബൈലില്‍ താഴോട്ട് സ്ക്രോള്‍ ചെയ്തു കൊണ്ടിരിക്കെ.. മറ്റൊരു ടൈറ്റില്‍. ഒരു സൈക്കോളജിസ്റ്റ്ന്റെ കുടുംബ പുരാണ നിരൂപണങ്ങള്‍..
അവര്‍ അവിടെ ക്ലിക്ക് ചെയ്തു..
‘.. കുടുംബ ജീവിതമെന്ന് പറഞ്ഞാല്‍ ഏച്ചു കൂട്ടിയാല്‍ മുഴച്ചു നില്ക്കുന്ന വളഞ്ഞ മുളക്കൊമ്പ് പോലെയാണ്. അണ്ടിയോ മാങ്ങയോ മൂത്തതെന്ന തര്‍ക്കം കുടുംബ ജീവിതത്തില്‍ സര്‍വ്വസാധാരണമാണ്.
പുതിയ ഗവേഷണത്തില്‍ പുരുഷന്മാരേക്കാള് 3000 വാക്കുകളാണ് സ്ത്രീകള്‍ സംസാരിക്കുന്നത്. എന്ന് വെച്ചാല്‍ പുരുഷന്മാര് മുന്പത്തെക്കാള് കൂടുതല്‍ സംസാരിക്കുന്നു എന്ന് പഠനം. എന്നാല്‍ സ്ത്രീകളെ തോല്പ്പിക്കുവാന് സാധ്യമായിട്ടില്ല താനും.
കെട്ടിക്കിടക്കുന്ന സ്ത്രീ പുരുഷ സംസാരം പുറം തള്ളുവാന്‍ ചെറിയ രീതിയിലുള്ള വഴക്ക് വര്‍ത്തമാനങ്ങള്‍ വലിയ ഗുണങ്ങള്‍ ഉണ്ടാക്കുന്നു. ഉദാഹരണത്തിന്, എലിയുടെ പല്ല് ആയുഷ്കാലം മുഴുവന്‍ വളര്‍ന്നു കൊണ്ടിരിക്കുന്നതിനാലാണ് അത് എപ്പോഴും കരണ്ട് തിന്നുന്നത്. അതായത് എലി കരണ്ട് തിന്നല് അവസാനിപ്പിച്ചാല്‍ അതിന്റെ ജീവിതം താളം തെറ്റും എന്നര്‍ത്ഥം.
ഒരു ദിവസം സംസാരിക്കേണ്ടത് മുഴുവന്‍ സംസാരിച്ചു തീര്‍ക്കാതെ അടക്കിപ്പൂട്ടി വെച്ചാല്‍ അതിന്റേതായ തകരാറുകള്‍ ഉണ്ടാവും എന്നാണ് നിരീക്ഷിക്കുന്നത്..
കുട്ടികള്‍ വീഡിയോ പോസ് ചെയ്തു. രണ്ട് പേരും മുഖാമുഖം നോക്കി. ഈ കുടുംബ ജീവിതം എന്ന് പറഞ്ഞാല്‍ അതിനൊരു വ്യക്തമായ നിര്‍വചനം വല്ലതുമുണ്ടോ എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു നോക്കി. (പരസ്പര പൂര്‍ണ്ണതയും ബന്ധവും, ആത്മീയവും ധാര്‍മ്മികവുമായ കൂട്ടായ്മ, സാമൂഹികവും വൈകാരികവുമായ സുരക്ഷ., മൂല്യാധിഷ്ഠിത ജീവിതം)
എന്ത് മാങ്ങാത്തൊലിയാണ് ഈ പറയുന്നത്. ഈ കടിച്ചാല്‍ പൊട്ടാത്ത നിര്‍വചനത്തേക്കാള്‍ അടുക്കള കലഹ പാത്രങ്ങള്‍ തന്നെയല്ലേ മെച്ചം. അവര്‍ അടക്കം പറഞ്ഞു പുറത്തേക്കിറങ്ങി. കാറ്റും മഴയും മിന്നലും ഇടിയുമെല്ലാം ശാന്തമായിരിക്കുന്നു. ഡാഡിയും മമ്മിയും ഒരു സംഭവവും നടന്നിട്ടില്ലാത്ത മട്ടില്‍ സാധാരണ പോലെ ഇരുന്ന് ഭക്ഷണം കഴിക്കുന്നു.
അധികം നിര്‍വചനമൊന്നും വേണ്ട. കൂടുമ്പോള്‍ ഈമ്പവും കൂടുമ്പോള്‍ ഭൂകമ്പവും ആണ് കുടുംബജീവിതം അത്ര മതി എന്ന് കുട്ടികള്‍ക്ക് മനസ്സിലായി.
