Local News

നോര്‍ക്കാ കെയര്‍ പ്ലസ് ഇന്‍ഷുറന്‍സ്; പ്രവാസികള്‍ അറിയേണ്ടത്


അബ്ദുല്‍ റഊഫ് കൊണ്ടോട്ടി

പ്രവാസികള്‍ക്കായി കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന നോര്‍ക്കാ കെയര്‍ ഇന്‍ഷുറന്‍സ് രണ്ടാം ഘട്ട ചേര്‍ക്കല്‍ ആരംഭിച്ചിരിക്കുകയാണല്ലോ.

താരതമ്യേന കുറഞ്ഞ നിരക്കില്‍ ഉള്ള ഈ പദ്ധതിയുടെ പ്രധാന പ്രത്യേകത നിലവിലുള്ള അസുഖങ്ങളും കവര്‍ ചെയ്യുന്നുവെന്നതാണ്.
നിലവില്‍ വിദേശത്തുള്ള പ്രവാസികള്‍, കേരളത്തിന് പുറത്ത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍, സ്റ്റുഡന്റ് ഐഡി ഉള്ളവര്‍ അവരുടെ പങ്കാളികള്‍, 25 വയസ്സിന് താഴെയുള്ള കുട്ടികള്‍, 80 വയസ്സിന് താഴെയുള്ള മാതാപിതാക്കള്‍ അല്ലെങ്കില്‍ പങ്കാളിയുടെ മാതാപിതാക്കള്‍ എന്നിവരെയും പ്രവാസി പ്രാഥമിക അംഗമായി ചേര്‍ക്കാവുന്നതാണ്.
ഒരിക്കല്‍ അംഗമായി ചേര്‍ന്നാല്‍ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോയാലും ഈ പോളിസി തുടരാവുന്നതാണ് എന്ന പുതിയ സര്‍ക്കാര്‍ തീരുമാനം ഏറെ ആശ്വാസകരമാണ്.
പ്രവാസം നിര്‍ത്തി നാട്ടിലേക്ക് തിരിച്ചുപോയവര്‍ക്ക് ഇപ്പോള്‍ പ്രാഥമിക അംഗമായി ചേരാനുള്ള അവസരം ഇല്ല.
ഇത്തരം ആളുകള്‍ക്ക് തങ്ങളുടെ മക്കളോ മരുമക്കളോ വിദേശത്തോ കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലോ ജോലി ചെയ്യുന്നവരുണ്ടെങ്കില്‍ അവരുടെ പോളിസിയുടെ കൂടെ ചേരാവുന്നതാണ്.
രണ്ടാംഘട്ട ചേര്‍ക്കല്‍ ആയതിനാല്‍ ഇപ്പോള്‍ എട്ടു മാസത്തേക്കാണ്‌പോളിസി എടുക്കാന്‍ സാധിക്കുക. പോളിസി എടുത്ത് ഒരു മാസം കാത്തിരിപ്പ് കാലാവധിയും ഉണ്ടായിരിക്കും.
പോളിസി തുക അടക്കേണ്ടത് ഈ എട്ടു മാസത്തേക്ക് ആനുപാതികമായി മാത്രമായിരിക്കും.
ഈ മെഡിക്കല്‍ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നത് മിനിമം 24 മണിക്കൂര്‍ ആവശ്യമുള്ള കിടത്തി ചികിത്സക്കാണ്.
അതുപോലെ, പല ചികിത്സകള്‍ക്കും പരമാവധി ലഭിക്കാവുന്ന പരിധികളും മറ്റു നിബന്ധനകളും ബാധകമാണ്.
പോളിസി എടുക്കുന്നതിന് മുമ്പ് മുഴുവന്‍ വ്യവസ്ഥകളും നിബന്ധനകളും അറിഞ്ഞിരിക്കുന്നത് അവ്യക്തതകള്‍ ദൂരീകരിക്കുന്നതിനും ചികിത്സകളും അനുബന്ധകാര്യങ്ങളും ആസൂത്രണം ചെയ്യുന്നതിന് ഏറെ സഹായകരവും ആവും.
അബ്ദുല്‍ റഊഫ് കൊണ്ടോട്ടി.