Breaking News

പ്രവാസികള്‍ കേരളത്തിന്റെ സാമ്പത്തിക നട്ടെല്ല്: അഡ്വ. വര്‍ഗീസ് മാമ്മന്‍ എം.എല്‍.എ

ദോഹ: കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന പ്രവാസികള്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക നട്ടെല്ലാണെന്നും അവരുടെ ന്യായമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും തിരുവല്ല എം.എല്‍.എ അഡ്വ. വര്‍ഗീസ് മാമ്മന്‍ പറഞ്ഞു.

ദോഹയില്‍ സെപ്രോടെക്കും അംവാജും സംയുക്തമായി സംഘടിപ്പിച്ച സ്വീകരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും കുടുംബങ്ങളുടെയും സമൂഹത്തിന്റെയും സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിലും പ്രവാസി സമൂഹം വഹിക്കുന്ന പങ്ക് വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.

വിദേശരാജ്യങ്ങളില്‍ വര്‍ഷങ്ങളോളം സേവനം അനുഷ്ഠിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ പുനരധിവാസം, പുനരധിവാസ പദ്ധതികള്‍, പ്രവാസി വിദ്യാര്‍ഥികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ഇവയില്‍ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്നും എം.എല്‍.എ വ്യക്തമാക്കി. പ്രവാസികളുടെ ക്ഷേമവും അവകാശങ്ങളും ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെപ്രോടെക്, അംവാജ് ഗ്രൂപ്പ് എം.ഡി ജോസ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു. അംവാജ് വാട്ടര്‍ ഫാക്ടറി സി.എഫ്.ഒ ജോര്‍ജ് കോശി അഡ്വ. വര്‍ഗീസ് മാമ്മന്‍ എം.എല്‍.എയെ പൊന്നാടയണിയിച്ച് ആദരിച്ചു. സെപ്രോടെക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ അനൂജ് എം. ജോസ് ഗ്രൂപ്പിന്റെ ഉപഹാരം സമര്‍പ്പിച്ചു.

ഗ്രൂപ്പ് ഫെസിലിറ്റി മാനേജര്‍ ജോണ്‍സണ്‍ രാജു, പര്‍ച്ചേസ് മാനേജര്‍ കിരണ്‍ സേവ്യര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ ജേക്കബ് രാജു, ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ സുജിത് ഗോപിനാഥ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. സീനിയര്‍ പ്രോജക്ട് സൂപ്പര്‍വൈസര്‍ ബിനു ടി. ഡാനിയല്‍ സ്വാഗതം പറഞ്ഞു. ജെറ്റ്സി അബ്രഹാം പരിപാടിയുടെ അവതാരകയായി.

ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് ഒ.കെ. പരുമല, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണ്‍, മീഡിയ പ്ലസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര എന്നിവര്‍ ചടങ്ങില്‍ അതിഥികളായി പങ്കെടുത്തു.