Local News

പ്രഥമ ‘ഖിഫ് ഈസക്ക സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്’ നവംബര്‍ 12 മുതല്‍

ദോഹ: പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും ഖത്തര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം (ഖിഫ്) ദീര്‍ഘകാല പ്രസിഡന്റുമായിരുന്ന കെ മുഹമ്മദ് ഈസയുടെ സ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന പ്രഥമ ഈസക്ക സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് നവംബര്‍ 12ന് തുടക്കമാകും. നാലു ഗ്രൂപ്പുകളിലായി 16 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് ഡിസംബര്‍ 4 വരെ നീണ്ടുനില്‍ക്കും.

മേറ്റ്‌സ് ഖത്തര്‍, ഓര്‍ബിറ്റ് എഫ്‌സി, ഫ്രൈഡേ ഫിഫ മഞ്ചേരി, എഫ് സി ഖത്തര്‍ മഞ്ഞപ്പട, ഹിലാല്‍ എഫ് സി, ഇന്‍ഫിനിറ്റി എഫ്‌സി, ഫ്രണ്ട്‌സ് എഫ്‌സി, ഈഗിള്‍സ് ഖത്തര്‍, എമര്‍ജന്‍സ് എഫ്‌സി, മില്ലേനിയം എഫ് സി, ബൈസന്റയ്ന്‍ എഫ് സി, മാവേറിക്‌സ് എഫ് സി, ഒറിക്‌സ് എഫ് സി കാസര്‍ഗോഡ്, ഡെസ്‌പെറോഡോസ് എഫ് സി, ഖത്തര്‍ മാസ്റ്റേഴ്‌സ്, നാസ്ഗാര്‍ഡ് എഫ് സി എന്നിവയാണ് പങ്കെടുക്കുന്ന ടീമുകള്‍.

ബര്‍വ വില്ലേജില്‍ നടന്ന ഖത്തര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും ടീം മാനേജര്‍മാരുടെയും യോഗം പ്രസിഡന്റ് ഷറഫ് പി ഹമീദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സുഹൈല്‍ ശാന്തപുരം ഈസക്ക അനുസ്മരണ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷമീന്‍ യോഗം നിയന്ത്രിച്ചു. തുടര്‍ന്ന് നടന്ന നറുക്കെടുപ്പ് വഴി മത്സര ഷെഡ്യൂള്‍ തീരുമാനിച്ചു. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ആഷിഖ് അഹ്‌മദ് (വൈസ് പ്രസിഡന്റ്), ഹംസ പി കെ (ടീം കോര്‍ഡിനേറ്റര്‍), നസീര്‍ (ടെക്‌നിക്കല്‍ ഹെഡ്) തുടങ്ങിയവര്‍ ടൂര്‍ണമെന്റിന്റെ സാങ്കേതിക വശങ്ങള്‍ വിശദീകരിച്ച് സംസാരിച്ചു. ട്രഷറര്‍ അഡ്വ. മുഹമ്മദ് ഇഖ്ബാല്‍ നന്ദി പറഞ്ഞു.