ആയിരങ്ങള്‍ക്ക് തുണയായി ഇരുപതാമത് ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പിന് പ്രൗഢ സമാപ്തി

ദോഹ: ഖത്തറിന്റെ വിവിധപ്രദേശങ്ങളില്‍ നിന്ന് അതിരാവിലെ മുതല്‍ ഒഴുകിയെത്തിയ സാധാരണക്കാരായ തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, ഡ്രൈവര്‍മാര്‍ തുടങ്ങി വിവിധ ഏഷ്യന്‍രാജ്യങ്ങളിലെ ആയിരങ്ങള്‍ക്ക് ആശ്വാസത്തിന്റെ ആശ്രയമൊരുക്കിയ ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പിന് ദോഹ ഉം അല്‍ സനീന്‍ ഹെല്‍ത്ത് സെന്ററില്‍ പ്രൗഢസമാപ്തി.
ഇന്ത്യന്‍ അംബാസഡര്‍ ഡോ. കെ. ശ്രീകര്‍ റെഢിയാണ് ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചത്.
സിഐസി പ്രസിഡന്റ് ആര്.എസ്. അബ്ദുല്‍ ജലീല്‍, ഐഡിസി പ്രസിഡന്റ് ഡോ. റിനി കെ. ഷൗക്കത്ത്, അഹ്മദ് അല്‍മാലികി (അസി. എക്സിക്യൂട്ടീവ് ഡയറക്ടര്‍, പബ്ലിക് റിലേഷന്‍സ്, എച്ച്എംസി), സിതാര ഖാന് അസര്ദ് (അംബാസഡര്‍, ശ്രീലങ്കന്‍ എംബസി), ജിതേന്ദ്ര ഗിരി (ഫസ്റ്റ് സെക്രട്ടറി, നേപ്പാള്‍ എംബസി), മശ്ഹൂദുല് കബീര്‍ (സീനിയര്‍ കൗണ്‍സിലര്‍, ബംഗ്ലാദേശ് എംബസി), ഡോ. ദിനേശ് കുമാര്‍ കൗള്‍ (അറ്റാഷെ കൊമേഴ്സ്, ഇന്ത്യന്‍ എംബസി), ഡോ. മോഹന്‍ തോമസ് (പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ്, ഐഡിസി മുന്‍ പ്രസിഡന്റ്), ഡോ. ഹയാം അല്‍സാദ (റീജ്യണല്‍ ഡയറക്ടര്‍, പിഎച്ച്സിസി), ഡോ. യൂസുഫ് അല്‍ റബീഅ (ആക്ടിംഗ് ഡയറക്ടര്‍, ഉം അല്‍ സനീം ഹെല്‍ത്ത് സെന്റര്‍), ഡോ. അബ്ദുല്‍ വാഹിദ് അല്‍മുല്ല (ചെയര്മാന്, കാര്‍ഡിയാക് സര്‍ജറി, ഹാര്‍ട്ട് ഹോസ്പിറ്റല്‍), ഡോ. ഹിബ അദ്നാന് അബൂ ഹലാവ (ഹെഡ് ഓഫ് ഹെല്‍ത്ത് അവയര്‍നെസ്, പിഎച്ച്സിസി), ഡോ. അബ്ദുല്‍ റഷീദ് (ഹെഡ് ഓഫ് കാര്‍ഡിയാക് അനസ്തേഷ്യ ആന്‍ഡ് ഐസിയു, ഹാര്‍ട്ട് ഹോസ്പിറ്റല്‍), കെ.പി. അഷ്റഫ് (എം.ഡി., വെല്‍കെയര്‍ ഫാര്‍മസി), എപി മണികണ്ഠന് (ഐസിസി പ്രസിഡന്റ് ഷാനവാസ് ബാവ (പ്രസിഡന്റ്, ഐസിബിഎഫ്) താഹ മുഹമ്മദ് (ഐബിപിസി പ്രസിഡന്റ് ), പി.എം ബാബുരാജ്, കെ.എസ് പ്രസാദ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. വിശിഷ്ടാതിഥികള്‍ക്ക് സിഐസി പ്രസിഡന്റ് ആര്.എസ്. അബ്ദുല്‍ ജലീല്‍ മെമന്റോകള്‍ നല്കി ആദരിച്ചു.
ഖത്തര്‍ ആരോഗ്യമന്ത്രാലയം, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്പറേഷന്, ഹമദ് മെഡിക്കല്‍ കോര്പറേഷന് എന്നിവയുടെ മേല്‍ നോട്ടത്തില്‍ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സിഐസി ഖത്തര്‍) ഇന്ത്യന്‍ ഡോക്ടേഴ്സ് ക്ലബ്ബു (ഐഡിസി) മായി സഹകരിച്ച് സംഘടിപ്പിച്ച മെഗാ മെഡിക്കല്‍ ക്യാമ്പ് വിവിധ വൈദ്യ സേവനങ്ങള്‍, മികച്ച സംഘാടനം, ആരോഗ്യരംഗത്തെ വിവിധ കൂട്ടായ്മകളുടെ പങ്കാളിത്തം, പ്രതിബദ്ധരായ സന്നദ്ധപ്രവര്‍ത്തകരുടെ നിസ്വാര്‍ഥ സേവനം തുടങ്ങി വേറിട്ട അനുഭവങ്ങളുടെ സംഗമവേദിയായി.
യുനൈറ്റഡ് നഴ്സസ് ഓഫ് ഇന്ത്യാ ഖത്തര്‍ (യൂനിഖ്), വെല്‍കെയര്‍ ഫാര്‍മസി, ഇന്ത്യന്‍ ഫാര്‍മസിസ്റ്റ് അസോസിയേഷന് ഖത്തര്‍, ഇന്ത്യന്‍ ഫിസിയോ തെറാപ്പി ഫോറം എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഖത്തര്‍ റെഡ് ക്രസന്റ്, ഖത്തര്‍ ഡയബറ്റിക് അസോസിയേഷന്, ശൈഖ് ജാസിം ഫൗണ്ടേഷന് എന്നീ എന്‍ ജി ഒകളും ക്യാമ്പുമായി സഹകരിച്ചു.
കഴിഞ്ഞ ഇരുപത് വര്‍ഷമായി വ്യവസ്ഥാപിതമായി സംഘടിപ്പിച്ചു വരുന്ന ക്യാമ്പ് പ്രവാസികളില്‍ ജിസിസിയിലെ തന്നെ ഏറ്റവും വലുതും വൈദ്യസേവന രംഗത്ത് ഇതിനകം പതിനായിരങ്ങള്‍ക്ക് അത്താണിയുമായി മാറിയിട്ടുണ്ട്. തൊഴില്‍ രഹിതര്‍, ചെറിയ വേതനത്തിത് ജോലിചെയ്യുന്നവര്‍, യഥാസമയം ആരോഗ്യ പരിരക്ഷ കിട്ടാത്തവര്‍ തുടങ്ങിയ വിഭാഗങ്ങളെ കണ്ടെത്തി നേരത്തെ തന്നെ രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയ 3400 ല്‍ പരം പേര്‍ക്കാണ് ഇത്തവണ ക്യാമ്പില്‍ മരുന്നടക്കമുള്ള സൗജന്യസേവനങ്ങള്‍ ലഭ്യമാക്കിയത്. ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്, പാകിസ്ഥാന്, ശ്രീലങ്ക അടക്കം പത്ത് രാജ്യങ്ങളില്‍ നിന്നായി 381 സ്ത്രീകളടക്കം നാലായിരത്തോളം പേരാണ് ഇത്തവണ രജിസ്റ്റര്‍ ചെയ്തത്. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് നേരത്തെ ഡിജിറ്റല്‍ രജിസ്ട്രേഷന് കാര്‍ഡുകള്‍ അയച്ചിരുന്നു. പരിശോധനക്ക് മൂന്ന് ഷിഫ്റ്റുകളിലായാണ് അവസരമൊരുക്കിയത്.
പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ തുടങ്ങിയ ജീവിതശൈലിരോഗങ്ങള്‍, ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍, പുകയില ഉപയോഗത്തിന്റെ അപകടസാധ്യതകള്‍, തൊഴില്‍മേഖലയിലെ ആരോഗ്യവും സുരക്ഷയും,
വ്യക്തിഗത ശുചിത്വം, പ്രാഥമിക ജീവന്രക്ഷാപരിശീലനവും പ്രഥമശുശ്രൂഷയും തുടങ്ങിയ വിഷയങ്ങളില്‍ സംഘടിപ്പിച്ച ആരോഗ്യബോധവത്കരണ ക്ലാസുകളില്‍ നിരവധി പേര് പങ്കാളികളായി.
ഡോ.സോണി സി ദാസ് (ചര്മരോഗവിദഗ്ധന്), ഡോ. കൃഷ്ണകുമാര്‍ കെ (നെഫ്രോളജി സ്പെഷലിസ്റ്റ്, ഹമദ് ഹോസ്പിറ്റല്‍), ഡോ. ഹേമ കെ.പി (ഗൈനക്കോളജിസ്റ്റ്, ആസ്റ്റര്‍ മിംസ്) തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്കി.
വെള്ളിയാഴ്ച രാവിലെ 6.30 മുതല്‍ വൈകിട്ട് 4.30 വരെ നടന്ന ക്യാമ്പില്‍ നൂറ്റിനാല്‍പതില്‍പരം വിഗദ്ധ ഡോക്ടര്‍മാര്‍, 150 ല്‍ അധികം നഴ്സുമാര്‍ 40 ലധികം ഫാര്‍മസിസ്റ്റുകള്‍ എന്നിവര്‍ക്ക് പുറമെ സിഐസി ഖത്തറിന്റെ പ്രവര്‍ത്തകരായ സ്ത്രീകളും പുരുഷന്മാരും വിദ്യാര്ഥികളുമടങ്ങിയ അഞ്ഞൂറില്പരം വളണ്ടിയര്‍മാരും ക്യാമ്പില്‍ സേവനമനുഷ്ഠിച്ചു.
ക്യാമ്പ് ജനറല്‍ കണ്‍വീനര്‍ നൗഫല്‍ പാലേരി, കണ്‍വീനര്‍ മുഷ്ത്താക് ഹുസൈന്, ക്യാമ്പ് ഇന്‍ ചാര്‍ജ് ഡോ ഷഫീഖ് താപ്പി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.
