ദോഹ ഫിലിം ഫെസ്റ്റിവല്‍ ഇന്ന് മുതല്‍, ഇന്ത്യന്‍ സംവിധായിക നന്ദിത ദാസിനെ ആദരിക്കും

ദോഹ: കഥ പറയുന്നതിന്റെ കരുത്ത്, സാംസ്കാരിക വിനിമയം, കലാപരമായ ധൈര്യം എന്നിവ അടയാളപ്പെടുത്തുന്ന 9 ദിവസം നീണ്ടുനില്‍ക്കുന്ന ദോഹ ഫിലിം ഫെസ്റ്റിവലിന് ഇന്ന് തിരിതെളിയും. യമനി-സ്കോട്ടിഷ് ചലച്ചിത്ര പ്രവര്‍ത്തകയായ സാറ ഇഷാഖിന്റെ ആദ്യ ഫീച്ചര്‍ ചിത്രമായ ‘ദി സ്റ്റേഷന്’ -ന്റെ മിഡില്‍ ഈസ്റ്റ് – നോര്‍ത്ത് ആഫ്രിക്ക പ്രീമിയറോടെയാണ് ഈ വര്‍ഷത്തെ മേളയ്ക്ക് തുടക്കമാകുന്നത്.
ലോകമെമ്പാടുമുള്ള സംവിധായകര്‍, പ്രശസ്തരായ അഭിനേതാക്കള്‍, ചലച്ചിത്ര മേഖലയിലെ വിദഗ്ധര്‍, സിനിമാ പ്രേമികള്‍ എന്നിവര്‍ പങ്കെടുക്കുന്ന മേള നവംബര്‍ 27 വരെ നീണ്ടുനില്‍ക്കും.
ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങില്‍, പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര പ്രവര്‍ത്തകയും നടിയുമായ നന്ദിത ദാസിനെയും പ്രമുഖ സിറിയന്‍ നടന് തൈം ഹസനെയും ‘ക്രിയേറ്റീവ് എക്സലന്‍സ് അവാര്‍ഡ്’ നല്കി ആദരിക്കും.
വിവിധ സംസ്കാരങ്ങളെ സ്പര്‍ശിക്കുന്ന ശക്തമായ മാനുഷിക കഥകളിലൂടെയും, കാലാതിവര്‍ത്തിയായ കലാപരമായ സ്വാധീനത്തിലൂടെയും സിനിമയ്ക്ക് നല്കിയ അസാധാരണമായ സംഭാവനകളെയാണ് ഈ പുരസ്കാരം അംഗീകരിക്കുന്നത്.
60 രാജ്യങ്ങളില്‍ നിന്നുള്ള 104 സിനിമകള്‍ ഈ മേളയില്‍ പ്രദര്‍ശിപ്പിക്കും; ഇതില്‍ 17 എണ്ണം വേള്‍ഡ് പ്രീമിയറുകളും (ആദ്യ പ്രദര്‍ശനങ്ങള്‍), 48 എണ്ണം മിഡില്‍ ഈസ്റ്റ് – നോര്‍ത്ത് ആഫ്രിക്ക പ്രീമിയറുകളുമാണ്.
ഡി.എഫ്.ഐ പിന്തുണ നല്കിയ 11 സിനിമകളും, വനിതാ ചലച്ചിത്ര പ്രവര്‍ത്തകര്‍ സംവിധാനം ചെയ്ത 7 സിനിമകളും ഈ മേളയുടെ ഭാഗമാണ്.
