മുഹമ്മദ് റഫിയുടെ ഗാനങ്ങളും ഉദിത് നാരായന്റെ ശബ്ദ സാമ്യവുമായി ഖത്തര്‍ വേദികളില്‍ ശ്രദ്ധേയനായി അസീം കോഴിക്കോടിന്റെ സംഗീത യാത്ര

ഡോ.അമാനുല്ല വടക്കാങ്ങര
കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി അനശ്വര ഗായകന് മുഹമ്മദ് റഫിയുടെ ഗാനങ്ങളും ഉദിത് നാരായന്റെ ശബ്ദ സാമ്യവുമായി ഖത്തര്‍ വേദികളില്‍ ശ്രദ്ധേയനായി അസീം കോഴിക്കോടിന്റെ സംഗീത യാത്ര തുടരുന്നു. ചെറുതും വലുതുമായ നിരവധിവേദികളിലൂടെ ഖത്തറിലെ സംഗീത പ്രേമികളുടെ മനം കവര്‍ന്ന ഗായകനാണ് അസീം. മുംതാസ് അഹ് മദ് നേതൃത്വം കൊടുക്കുന്ന മേഘമല്‍ഹാര്‍ വേദിയില്‍വെച്ചാണ് ആദ്യമായി അസീമിനെ കേള്‍ക്കുന്നത്. സുഹൃത്തുക്കളായ റഊഫ് മലയിലും റാഫി പാറക്കാട്ടിലുമാണ് അസീമിനെ കൂടുതലറിയാന്‍ സഹായിച്ചത്.
പന്ത്രണ്ടാം വയസ്സില്‍ സ്വന്തം നാടായ കോഴിക്കോട് കുറ്റിച്ചിറയിലെ ഓപ്പണ്‍ സ്റ്റേജില്‍ ആരംഭിച്ച ആദ്യകാല ഗ്രൂപ്പുകളിലൊന്നായ ”മെലോഡിയസ് ഓഫ് കാലിക്കറ്റിലൂടെയാണ് അസീം പാടിതുടങ്ങിയത്. സഹോദരന് അലീം അടക്കം സ്വന്തം കുടുംബത്തിലെ സമപ്രായക്കാരായ ആര്‍ട്ടിസ്റ്റുകള്‍ ചേര്‍ന്ന് അമ്മാവന് മുഹമ്മദലിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ട്രൂപ്പ് അസീമിലെ പാട്ടുകാരനെ തിരിച്ചറിയുകയായിരുന്നു .
നാട്ടിന്‍പുറത്തെ പാട്ടുപരിപാടികളിലും കല്യാണങ്ങളിലുമൊക്കെ വളരെ പെട്ടെന്ന് സജീവമായി. സംഗീതോപകരണങ്ങള്‍ വായിക്കാനുമറിയുന്ന അസീം വിവിധ രംഗങ്ങളില്‍ വളരെ വേഗം ജനപ്രിയനായി.
മേഘമല്‍ഹാറിലെ മഷൂദ് സുല്‍ത്താന്റെ തുടര്‍ച്ചയായ പ്രേരണയാണ് അസീമിനെ ഖത്തറിലെ വേദിയില്‍ പാടാന്‍ നിര്‍ബന്ധിച്ചത്. ഏത് സമയത്തും തന്നെ നെഞ്ചിലേറ്റി സപ്പോര്‍ട്ട് ചെയ്യുന്നവരായ അവതാരകന് റാഫി പറക്കാട്ടില്‍,മമിത മേഘ മല്‍ഹാര്‍,റൗഫ് മലയില്‍,സക്കീര്‍ സരിഗ,മുസ്തഫ ഈണം,അനുരേഷ്മ,വാഹിദ് ഗിറ്റാറിസ്റ്റ് എന്നിവരുടെയൊക്കെ പിന്തുണയും പ്രോല്‍സാഹനവും തന്റെ സംഗീത യാത്രയെ ധന്യമാക്കിയതായി അസീം നന്ദിയോടെ ഓര്‍ക്കുന്നു.
നിലവില്‍ ഖത്തറിലെ തന്നെ മ്യൂസിക്ക് ഗ്രൂപ്പുകളായ മേഘമല്‍ഹാര്‍ , ഖ്യു മെലോഡിയ, ഡി ഫോര്‍ ഡി ഈവന്റ്സ് ഈണം ദോഹ, ഖ്യൂ ഫ്രണ്ട്സ് എന്റര്ടെയിന്മെന്റ്സ് തുടങ്ങി പതിനഞ്ചോളം ഗ്രൂപ്പുകളില്‍ അസീം പാടാറുണ്ട്.
ഉദിത് നാരായണന് പാടി അനശ്വരമാക്കിയ ചിലമ്പൊലിക്കാറ്റേ എന്ന് തുടങ്ങുന്ന മലയാള ഗാനം അസീമിന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ടുകളിലൊന്നാണ് . മുഹമ്മദ് റാഫി, ഉദിത് നാരായണന്, സോനു നിഘം, കുമാര്‍ സാനു എന്നിവരുടെ ഹിറ്റ് പാട്ടുകളും വളരെ തന്മയത്തത്തോടെ അവതരിപ്പിക്കുന്ന അസീം സംഗീതാസ്വാദകരുടെ പ്രിയഗായകനായി മാറുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം മേഘ മല്‍ഹാര്‍ പുറത്തിറക്കിയ നാഷണല്‍ ഡേ ആല്‍ബത്തില്‍ പാടാനുള്ള അവസരവും അസീമിനെ തേടിയെത്തി. കൂടാതെ നിരവധി സിനിമാ ലോഞ്ചിംഗ് സെറിമണികളില്‍ പാടി തന്റേതായ മികവ് തെളിയിക്കാനും ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് .
ഹംനയാണ് ഭാര്യ. സയാന്, അസാന് എന്നിവരാണ് മക്കള്‍. പാട്ടിലും സംഗീത ഉപകരണങ്ങളിലും തല്പരരായ മക്കളും അസീമിന്റെ സംഗീത യാത്രയെ മനോഹരമാക്കുന്നു

