ഖത്തര്‍ അമീറിന് റിയാദില്‍ ഊഷ്മളമായ വരവേല്‍പ്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. സൗദി തലസ്ഥാനമായ റിയാദിലെ പൈതൃക ഭൂമിയായ അല്‍ ഉലയില്‍ ഇന്ന് നടക്കുന്ന ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ (ജി.സി.സി) നാല്‍പത്തൊന്നാം ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിക്ക് ഊഷ്മളമായ വരവേല്‍പ്
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നേരിട്ടെത്തിയാണ് ഖത്തര്‍ അമീറിനെ സ്വീകരിച്ചത്. കോവിഡ് നിയന്ത്രണങ്ങളൊന്നും നോക്കാതെ പാരമ്പര്യ അറബ് രീതിയില്‍ ആലിംഗനം ചെയ്താണ് ഇരുനേതാക്കളും സ്‌നേഹം പങ്കിട്ടത്. ഒരു പക്ഷേ ലോകം ഏറ്റവും കൂടുതല്‍ കാണാന്‍ കാത്തിരുന്ന നിമിഷങ്ങളായിരുന്നു അവ
ഖത്തറും സൗദിയും തമ്മിലുള്ള ഉപരോധം അവസാനിപ്പിച്ച്് ഇന്നലെ രാത്രി തന്നെ അതിര്‍ത്തികള്‍ തുറന്നിരുന്നു. വിശദമായ ധാരണ ഉച്ചകേടിയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഓരോ രാജ്യങ്ങളുടേയും പരമാധികാരം അംഗീകരിക്കുകയും പരസ്പരമുള്ള അഭിപ്രായ വ്യത്യാസങ്ങളും പ്രശ്നങ്ങളും സമാധാനപരമായ സംവാദങ്ങളിലൂടെ പരിഹരിക്കണമെന്നുമുള്ള നിലപാടാണ് ഖത്തര്‍ ആദ്യം മുതലേ സ്വീകരിച്ചത്. എന്റെ സഹോദരന്മാര്‍ ഒരു മീറ്റര്‍ അടുക്കാന്‍ തയ്യാറായാല്‍ അവരിലേക്ക് പതിനായിരം മൈല്‍ അടുക്കാന്‍ തയ്യാറാണെന്ന ഖത്തര്‍ അമീറിന്റെ വാക്കുകളെ ഏറെ പ്രാധാന്യത്തോടെയാണ് ലോകം സ്വീകരിച്ചത്. ഗള്‍ഫ് പ്രതിസന്ധി നല്ല നിലയില്‍ പര്യവസാനിക്കുന്നുവെന്നത് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ്.
മൂന്നര വര്‍ഷത്തിലേറെ നീണ്ട ഗള്‍ഫ് പ്രതിസന്ധി അവസാനിക്കുമ്പോള്‍ ഗള്‍ഫ് ഐക്യം പുനസ്ഥാപിക്കുന്നതിനായി അഹോരാത്രം പണിപ്പെട്ട് ഓടി നടന്ന യശശരീരനായ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദിനെ പ്രാര്‍ഥനനാപൂര്‍വം ഓര്‍ക്കാം.
ഇന്നത്തെ ഉച്ചകോടിയില്‍ മധ്യപൗരസ്ത്യ ദേശത്തെ രാഷ്ട്രീയ, വിദേശ കാര്യങ്ങളില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകുമെന്നും പ്രതീക്ഷിക്കാം.
സഹോദര രാജ്യങ്ങള്‍ തമ്മിലുള്ള ഉപരോധം അവസാനിച്ച് ഐക്യത്തിന്റേയും സൗഹൃദത്തിന്റേയും പൂക്കള്‍ വിരിയുന്നതും കാതോര്‍ത്തിരിക്കുകയാണ് ലോകം. കാരണം ഗള്‍ഫ് ലോകത്തിന്റെ പ്രതീക്ഷയാണ്. കാരുണ്യത്തിന്റെ, മാനവികതയുടെ, കരുതലിന്റെ സ്നേഹസപര്‍ശമാണ്.
പുതിയ ലോകത്ത് നന്മയുടെയും സന്തോഷത്തിന്റേയും വസന്തം വിരിയിക്കുന്ന ഗള്‍ഫ് ഐക്യത്തിന്റെ പ്രഖ്യാപന വേദിയായി അല്‍ ഉല ഉച്ചകോടി മാറട്ടെ എന്ന പ്രാര്‍ഥനയോടെയാണ് ലോകം കാതോര്‍ത്തിരിക്കുന്നത്.

Comments are closed.