Archived Articles

കതാറയുടെ മാനത്ത് വര്‍ണവിസ്മയം തീര്‍ത്ത് വെടിക്കെട്ടുകള്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഈദുല്‍ ഫിത്വര്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും അവിസ്മരണീയമാക്കുവാന്‍ കത്താറ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്‍ അണിയിച്ചൊരുക്കിയ വൈവിധ്യമാര്‍ന്ന ഈദാഘോഷ പരിപാടികളാസ്വദിക്കുവാന്‍ പതിനായിരങ്ങള്‍. ഇന്നലെ രാത്രി 8 മണിക്ക് കതാറയുടെ മാനത്ത് വര്‍ണവിസ്മയം തീര്‍ത്ത വെടിക്കെട്ടുകളായിരുന്ന പരിപാടിയിലെ ഏറ്റവും പ്രധാന ഇനം.

മഗ്രിബിന് ശേഷം വിവിധ ദേശക്കാരും ഭാഷക്കാരുമായ പതിനായിരങ്ങളാണ് കതാറയിലേക്കൊഴുകിയത്. മെട്രോ ട്രെയിനുകളിലും റോഡുകളിലും നല്ല തിരക്കായിരുന്നു.

കൃത്യം 8 മണിക്ക് കത്താറ സീ ഫ്രണ്ടില്‍ അതിമനോഹരമായ കരിമരുന്ന് പ്രയോഗവും നടന്നു. മാനത്ത് വര്‍ണവൈവിധ്യങ്ങള്‍ വാരിയെറിഞ്ഞ കരിമരുന്ന് പ്രയോഗങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയും ആസ്വദിച്ച് ആര്‍ത്തുവിളിച്ചും പൊതുജനം ആഘോഷത്തിമര്‍പ്പില്‍ ആര്‍മാന്തിച്ചു.

കത്താറ കോര്‍ണിഷിലെ അറബ് നാടോടി ഗ്രൂപ്പുകളുടെ പരിപാടികളും കുട്ടികള്‍ക്കുള്ള ഈദ് സമ്മാനങ്ങളുമായിരുന്നു ആഘോഷത്തിന്റെ മറ്റ്് പ്രത്യേകതകള്‍.

ഇന്ന് മുതല്‍ ബില്‍ഡിംഗ് 41 ലെ അല്‍ തുറയ്യ പ്ലാനറ്റോറിയം പ്രതിദിനം മൂന്ന് പ്രദര്‍ശനങ്ങളോടെ ആരംഭിക്കുന്ന നിരവധി വിനോദ, വിദ്യാഭ്യാസ സിനിമകള്‍ അവതരിപ്പിക്കും.