Breaking News

പെരുന്നാളാഘോഷം സവിശേഷമാക്കി ഖത്തറിലെ പ്രവാസി സമൂഹം

അമാനുല്ല വടക്കാങ്ങര

ദോഹ. കോവിഡ് മഹാമാരിയുടെ ഭീഷണിയും നിയന്ത്രണങ്ങളുമില്ലാതെ പെരുന്നാളാഘോഷം സവിശേഷമാക്കി ഖത്തറിലെ പ്രവാസി സമൂഹം.

രാവിലെ മുതല്‍ തന്നെ വിവിധ ഈദുഗാഹുകളിലും പള്ളികളിലുമൊക്കെ പെരുന്നാള്‍ നമസ്‌കാരത്തിന് ഒത്തുചേര്‍ന്ന മലയാളികള്‍ കൂട്ടം ചേര്‍ന്നും ഫോട്ടോ പിടിച്ചുമൊക്കെ സ്‌നേഹ സൗഹൃദങ്ങള്‍ പങ്ക് വെക്കുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെ സ്‌നേഹത്തിന്റെ പൂഞ്ചോല ഒഴുക്കുകയും ചെയ്തു. പ്രാദേശിക കൂട്ടായ്മകളും സഹപ്രവര്‍ത്തകരും കൂട്ടുകാരുമൊക്കെ ആഘോഷത്തിന്റെ ഭാഗമായപ്പോള്‍ പെരുന്നാളിന്റെ സന്ദേശം കൂടുതല്‍ സാര്‍ഥകമായി. സൗഹൃദ സന്ദര്‍ശനങ്ങളും വിരുന്നുകളും പെരുന്നാളാഘോഷത്തിന് നിറം പകര്‍ന്നു.

പ്രമുഖ വ്യവസായിയും സഫാരി ഗ്രൂപ്പ് ചെയര്‍മാനുമായ അബൂബക്കര്‍ മാടപ്പാട്ട് തന്റെ കുടുംബത്തോടൊപ്പമുള്ള ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ സ്വന്തക്കാരോടും ബന്ധുക്കളോടുമൊപ്പമുള്ള ഫോട്ടോകളുടെ ഒഴുക്കായിരുന്നു.


പാര്‍ക്കുകളിലും കോര്‍ണിഷിലും കൂട്ടം ചേര്‍ന്നും ഒരുമിച്ച് ഭക്ഷണം കഴിച്ചുമൊക്കെയാണ് പലരും പെരുന്നാളാഘോഷം സവിശേഷമാക്കിയത്.

ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യമായ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ഫാമുകള്‍ സന്ദര്‍ശിച്ച് അവിടങ്ങളിലെ ജീവനക്കാര്‍ക്ക് പെരുന്നാള്‍ വിഭവങ്ങള്‍ നല്‍കിയാണ് ആഘോഷം വ്യതിരിക്തമാക്കിയത്.

ഖത്തറിലെ പല കലാകാരന്മാരും പെരുന്നാള്‍ മധുരം പങ്കുവെക്കുന്ന സംഗീത ആല്‍ബങ്ങളുടെ ഭാഗമായതും സന്തോഷത്തിന്റെ പൂത്തിരി കത്തിച്ചു.

സംഗീത സദസ്സുകളും കലാവിരുന്നുമൊരുക്കിയും പെരുന്നാളാഘോഷം കമനീയമാക്കാനൊരുങ്ങുകയാണ് ഖത്തറിലെ ചെറുതും വലുതുമായ പല കൂട്ടായ്മകളും .

മെയ് -2 :കള്‍ച്ചറല്‍ ഫോറം സ്ഥാപക ദിനം കൂടിയായതിനാല്‍ കള്‍ചറല്‍ ഫോറം പ്രവര്‍ത്തകര്‍ക്ക് ഇരട്ടി മധുരമായിരുന്നു.സഹജീവികളെ ചേര്‍ത്തു പിടിക്കുന്നതില്‍ ആഘോഷത്തിന്റെ ആനന്ദം കണ്ടെത്തുന്നതിന്റെ പേര് തന്നെയാണ് കള്‍ച്ചറല്‍ ഫോറം എന്ന് തെളിയിച്ചാണ് കള്‍ചറല്‍ ഫോറം പ്രവര്‍ത്തകര്‍ ഈദുല്‍ ഫിത്വര്‍ ആഘോഷം അവിസ്മരണീയമാക്കിയത്.

ഖത്തര്‍ റീഹാബിലിറ്റേഷന്‍ ഇന്‍സ്റ്റിട്യൂട്ടില്‍ ദീര്‍ഘകാല കിടപ്പു രോഗികളോടൊപ്പം ഈദും സ്ഥാപകദിനവും ആഘോഷിച്ചാണ് കള്‍ചറല്‍ ഫോറം പ്രവര്‍ത്തകര്‍ മാതൃക സൃഷ്ടിച്ചത്.

സലൂണുകള്‍ , ഗ്രോസറികള്‍ , ലേബര്‍ ക്യാമ്പുകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ , ഒറ്റക്ക് താമസിക്കുന്നവര്‍ തുടങ്ങി പെരുന്നാള്‍ നിറം മങ്ങാന്‍ സാധ്യതയുള്ളവര്‍ക്ക് നടുമുറ്റം പ്രവര്‍ത്തകര്‍ വീട്ടില്‍ പാകം ചെയ്ത ഭക്ഷണം വിതരണമായിരുന്നു പിന്നീട് . 1250 പേരെ സുമനസ്സുകളുടെ സഹകരണത്തോടെ പെരുന്നാള്‍ ചിരിയുടെ ഭാഗമാക്കാന്‍ കഴിഞ്ഞു .

പ്രവാസത്തെ അടയാളപ്പെടുത്തിയും പ്രവാസിയുടെ സ്പന്ദനമായും ധീരമായി പുതിയ വഴികളിലൂടെ പുതു വര്‍ഷത്തിലേക്ക് കാലെടുത്തുവെക്കുമ്പോള്‍ പ്രവാസ ലോകത്തിന്റെ പ്രതീക്ഷയായി മാറുകയാണ് കള്‍ചറല്‍ ഫോറം .

വിനോദപരിപാടികളും ടൂറും ഈദുല്‍ ഫിത്വറിന്റെ സന്തോഷങ്ങളായിരുന്നു. ഖത്തറിനകത്തും പുറത്തും വൈവിധ്യമാര്‍ന്ന ടൂര്‍ പരിപാടികളിലേര്‍പ്പെട്ടാണ് പലരും പെരുന്നാളാഘോഷിച്ചത്. ജോര്‍ജിയ, തുര്‍ക്കി, അര്‍മേനിയ തുടങ്ങിയ വിവിധ സ്ഥലങ്ങളിലേക്കാണ് വിവിധ സംഘങ്ങള്‍ ടൂര്‍ പുറപ്പെട്ടത്.


ഖത്തറിലെ പേരാമ്പ്രക്കാരുടെ പ്രവാസി വാട്‌സ്അപ്പ് കൂട്ടായ്മയായ പി.എം.സി.സി ദോഹ അല്‍ ബിദ പാര്‍ക്കില്‍ സംഘടിപ്പിച്ച ‘ഈദ് സംഗമം’ പ്രദേശ വാസികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു ഈദ് അനുഭവമായിരുന്നു. സാഹോദര്യത്തെ ഉയര്‍ത്തി, സൗഹൃദത്തെ പുതുക്കി, ഹൃദയത്തില്‍ സന്തോഷത്തിന്റെ കുളിര്‍ മഴ പെയ്യിച്ച് ഒരു നാടിന്റെ ഗൃഹാതുര ഓര്‍മ്മകളെ തൊട്ടുണര്‍ത്തിയ വര്‍ണ്ണാഭമായ ഒരു സ്‌നേഹ സംഗമം മറുനാട്ടില്‍ ആദ്യമായി സംഘടിപ്പിക്കാന്‍ സാധിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തിലായിരുന്നു സംഘാടകര്‍.

വരും ദിവസങ്ങളിലും ബീച്ചുകളിലും പാര്‍ക്കുകളിലുമൊക്കെ വിവിധ കൂട്ടായ്മകളുടെ പെരുന്നാഘോഷ പരിപാടികള്‍ അരങ്ങേറും. കതാറ കള്‍ചറല്‍ വില്ലേജിലും കോര്‍ണിഷിലുമൊക്കെ വൈവിധ്യമാര്‍ന്ന പരിപാടികളാണ് വരും ദിവസങ്ങളില്‍ അരങ്ങേറുക.

Related Articles

Back to top button
error: Content is protected !!