Breaking News

ഖത്തര്‍ ലോക കപ്പില്‍ വനിത റഫറിമാരും

അമാനുല്ല വടക്കാങ്ങര

ദോഹ. അറബ് ലോകത്താദ്യമായി ഈ വര്‍ഷം അവസാനം ഖത്തറില്‍ നടക്കുന്ന ഫിഫ 2022 പുരുഷ ലോക കപ്പില്‍ വനിതാ റഫറിമാരും മത്സരങ്ങള്‍ നിയന്ത്രിക്കുമെന്ന് ഫിഫയെ ഉദ്ധരിച്ച് പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്തു.

നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറില്‍ നടക്കുന്ന ഫിഫ 2022 ലോക കപ്പില്‍ മൂന്ന് വനിതാ റഫറിമാരും മൂന്ന് വനിതാ അസിസ്റ്റന്റ് റഫറിമാരും ഭാഗമാകും.

റഫറിമാരായ ഫ്രാന്‍സില്‍ നിന്നുള്ള സ്റ്റെഫാനി ഫ്രാപ്പാര്‍ട്ട്, റുവാണ്ടയില്‍ നിന്നുള്ള സലിമ മുകന്‍സംഗ, ജപ്പാന്റെ യോഷിമി യമഷിത, ബ്രസീലില്‍ നിന്നുള്ള അസിസ്റ്റന്റ് റഫറിമാരായ ന്യൂസ ബാക്ക്, മെക്‌സിക്കോയില്‍ നിന്നുള്ള കാരെന്‍ ഡയസ് മദീന, അമേരിക്കക്കാരനായ കാതറിന്‍ നെസ്ബിറ്റ് എന്നിവരെയാണ് മല്‍സരം നിയന്ത്രിക്കുവാന്‍ ഫിഫ ക്ഷണിച്ചിരിക്കുന്നത്.

മൊത്തം 36 റഫറിമാരെയും 69 അസിസ്റ്റന്റ് റഫറിമാരെയും 24 വീഡിയോ മാച്ച് ഒഫീഷ്യലുകളെയും ടൂര്‍ണമെന്റിനായി ഫിഫ തിരഞ്ഞെടുത്തിട്ടുണ്ട്.

‘ഫിഫ പുരുഷന്മാരുടെ ജൂനിയര്‍, സീനിയര്‍ ടൂര്‍ണമെന്റുകളില്‍ വനിതാ റഫറിമാരെ വിന്യസിച്ചുകൊണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ഒരു നീണ്ട പ്രക്രിയയുടെ ഭാഗമായാണ് ഫിഫ 2022 ലെ വനിത റഫറിമാരെന്ന് ഫിഫ റഫറി കമ്മിറ്റി ചെയര്‍മാന്‍ പിയര്‍ലൂജി കോളിന പറഞ്ഞു.